കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗിന്റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അർഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്ക് പ്രതീക്ഷയുണ്ടെന്നും മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.

വനിതാ സ്ഥാനാർത്ഥി വേണമെന്ന പൊതു വികാരമാണ് പൊതുവെ പാർട്ടിക്കുള്ളിലുള്ളത്. വിജയസാധ്യത കൂടി പരിഗണിച്ച് അക്കാര്യത്തിൽ പാർട്ടി തന്നെ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. എന്തായാലും പോസിറ്റീവായ ഒരു ചർച്ചയാണ് പാർട്ടിക്കുള്ളിൽനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃശ്ശൂർ ചേലക്കരയിൽ വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കാനാണ് ലീഗ് ഒരുങ്ങുന്നത് എന്നാണ് സൂചന.

ഇവിടെ വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷയുമായ ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്. ഇവരെ മത്സരിപ്പിക്കുകയാണെങ്കിൽ സ്ത്രീ-ദലിത്-മുസ്ലിം ഇതര പ്രാതിനിധ്യം ഉറപ്പിക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വയനാട് ഇരളം സ്വദേശിയാണ് ജയന്തി രാജൻ. പനമരം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്നു. 96 മുതൽ തുടർച്ചയായി അഞ്ചുതവണ ഇടത് വിജയം നേടിയ ചേലക്കരയെ ഇടതുകോട്ടയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് നൽകിയ ആത്മവിശ്വാസത്തിൽ ആഞ്ഞുപിടിച്ചാൽ വിജയിക്കാമെന്ന് തന്നെയാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.

അതിനിടെ സമൂഹത്തിന്റെ നല്ല പാതിയാണ് സ്ത്രീയെന്നും ജനാധിപത്യ സംവിധാനത്തിനകത്ത് അനിവാര്യ ഘട്ടങ്ങളിൽ പെണ്ണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ മത സംഘടനകളൊന്നും എതിർത്തിട്ടില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചുന്നു. വനിതകൾക്ക് സീറ്റ് നൽകാത്തതിന്റെ പാപഭാരം മതസംഘടനകളുടെമേൽ വെച്ചുകെട്ടേണ്ടെന്നും വനിതാ ദിനത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സത്താർ പന്തല്ലൂർ വ്യക്തമാക്കി.

രാഷ്ട്രീയക്കാർ സീറ്റു വീതം വെക്കുമ്പോൾ വനിതകൾക്ക് ഇടം നൽകാൻ സാധിക്കാതെ വരുന്നതിന്റെ പാപഭാരം മതസംഘടനകളുടെ മേൽ വെച്ചു കെട്ടുന്നതിൽ അർഥമില്ലെന്ന് മുസ്ലിം ലീഗിനെ പരോക്ഷമായി വിമർശിച്ച് എസ്.കെ.എസ്.എസ്.എഫ് നേതാവ് സൂചിപ്പിച്ചു. വനിതകൾക്ക് തങ്ങൾ ഇടം നൽകാത്തത് മത സംഘടനകളെ പരിഗണിച്ചുകൊണ്ട് മാത്രമാണെന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാൻ കഴിവുള്ളവരാണ് മതനേതൃത്വമെന്നും സത്താർ പന്തല്ലൂർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.