മുണ്ടക്കയം: കുമളി ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു യുവതികൾ ഉൾപ്പെട്ട നാലംഗ സംഘത്തെ പീരുമേട് എക്‌സൈസ് സാഹസികമായി പിടികൂടി. ചെക്ക്‌പോസ്റ്റിൽ വാഹനം നിർത്താതെ പോയ സംഘത്തെ എക്‌സൈസ് പിന്തുടരുകയായിരുന്നു.

കുമളിയിൽ നിന്നും രക്ഷപെട്ട സംഘത്തിലെ രണ്ടു സ്ത്രീകൾ വഴിക്കിറങ്ങി ബസിൽ കയറി. രണ്ടു പേർ കാറിൽ യാത്ര തുടർന്നെങ്കിലും മുണ്ടക്കയത്ത് വച്ച് സംഘത്തെ എക്‌സൈസ് കുടുക്കി. അപ്പോൾ വണ്ടിയിൽ സ്ത്രീകൾ ഇല്ലായിരുന്നു. എക്‌സൈസ് കൈകാണിച്ചിട്ടും കാർ നിർത്താത്തതു കൊണ്ട് പിടിക്കപ്പെടുമെന്ന് ഉറപ്പായി. ഇതോടെ കഞ്ചാവുമായി സ്ത്രീകളെ ബസിൽ കയറ്റി വിടുകയായിരുന്നു. പിടിച്ചാലും കഞ്ചാവ് കണ്ടെത്താതിരിക്കാനായിരുന്നു ഇത്. പീരുമേടിൽ വച്ചാണ് കാറിലുണ്ടായിരുന്നവരെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ ബസിൽ യുവതികൾ പോയത് മനസ്സിലാക്കി. അവരേയും പിടികൂടി. ദമ്പതികൾ ചമഞ്ഞാണ് നാലംഗ സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ഷെഫീഖ്, അനൂപ്, കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി ജംസിയ, കോഴിക്കോട് സ്വദേശിനി ഷീബ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സംഘത്തിൽ നിന്നും മൂന്നരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്വിഫ്റ്റ് കാറിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

മുണ്ടക്കയം ഓഫീസിലെ പൊലീസുകാരുടൈ സഹായവും ഇവരെ പിടിക്കാൻ എക്‌സൈസിന് കിട്ടി. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് കടത്ത് പിടികൂടിയത്. സംശയം തോന്നാതിരിക്കാനാണ് സുന്ദരികളായ യുവതികളെ വാഹനത്തിൽ കൊണ്ടുവന്നതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.