- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തക്ക സമയത്ത് ബജറ്റ് അവതരിപ്പിച്ചില്ല; രണ്ടാമത് അവതരിപ്പിച്ചത് വ്യാജ ബജറ്റ്; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി തദ്ദേശഭരണ വകുപ്പിന് കത്തയച്ചു; മരട് ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ട ജയകുമാർ പന്തളത്തും അതേ മൂഡിൽ
പന്തളം: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം. 18 വനിതാ കൗൺസിലർമാർ ബിജെപിക്ക് ഉണ്ട്. ജനറൽ സീറ്റിൽ ചെയർപേഴ്സൺ സ്ഥാനം പട്ടികജാതി വനിതയ്ക്ക് നൽകി ബിജെപി നാട്ടുകാരെ ഞെട്ടിക്കുകയും ചെയ്തു. എന്നാൽ, ഭരണത്തിലേറി മാസങ്ങൾക്കുള്ളിൽ തന്നെ നാട്ടുകാർ ഞെട്ടിത്തുടങ്ങി. ഇതെന്ത് ഭരണം എന്ന് അവർ മുക്കത്തു വിരൽ വയ്ക്കുന്നു. 18 വനിതാ കൗൺസിലർമാർ. അവരിലാർക്കും ഭരണ പരിചയമില്ല. ഭരണ പരിചയമുള്ള സീനിയർ കൗൺസിലർ കെവി പ്രഭ വെറും കൗൺസിലറായി തന്നെ ഇരിക്കുന്നു. അബദ്ധജഡിലമായ ഭരണവുമായി കൗൺസിൽ മുന്നോട്ടു പോകുന്നു. ഈ ഭരണം ഇനി നഗരസഭയിൽ വേണ്ടെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ് സെക്രട്ടറി ജയകുമാർ.
നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് നഗരകാര്യ ഡയറക്ടർ മുഖേനെയാണ് നഗരസഭ സെക്രട്ടറി എസ്.ജയകുമാർ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. കൗൺസിലിൽ അവതരിപ്പിച്ച ബജറ്റ് വ്യാജമാണെന്നും മുൻസിപ്പാലിറ്റീസ് ആക്ട് പ്രകാരം നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. നഗരകാര്യ ഡയറക്ടർ, റീജിയണൽ ജോയിന്റ് ഡയറക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ബജറ്റിന്റെ പകർപ്പും പരാതിക്ക് ഒപ്പം നൽകി.
ദൈനംദിന പ്രവർത്തന നിലവാരവുമായി യാതൊരു ബന്ധവും പുലർത്താതെയാണ് നഗരസഭ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ ഉണ്ട്. നഗരസഭയുടെ വിശദമായ രേഖകൾ പരിശോധിച്ച സെക്രട്ടറി മിച്ച ബജറ്റായി നിയമാനുസരണം പാസാക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആറുമാസമായി സെക്രട്ടറി ഇല്ലാതിരുന്ന നഗരസഭയിൽ എസ്. ജയകുമാർ ജൂൺ 30 ന ്‌ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് ചുമതലയേറ്റത്. ഒന്നാം വാർഡ് കൗൺസിലർ ബിജെപിയിലെ സൗമ്യ സന്തോഷിനെതിരെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് നടപടിക്ക് സെക്രട്ടറി ശുപാർശ ചെയ്തു.
മരട് ഫളാറ്റ് പൊളിക്കണമെന്ന് റിപ്പോർട്ട് നൽകിയ സെക്രട്ടറിയാണ് ജയകുമാർ. ചലച്ചിത്ര നടൻ കീരിക്കാടൻ ജോസി(മോഹൻരാജ്)ന്റെ ഇളയ സഹോദരനുമാണ്. തദ്ദേശ സ്വയംഭരണം സംബന്ധിച്ച് നിയമങ്ങൾ എല്ലാം അരച്ചു കലക്കി കുടിച്ച ജയകുമാറിന്റെ ഉത്തരവുകൾ കൃത്യമാണ്. മരട് മോഡലിൽ നിർമ്മിച്ചിരിക്കുന്ന നിരവധി കെട്ടിടങ്ങൾ പന്തളം നഗരസഭയിലുണ്ട്. അവയ്ക്കെല്ലാം സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്.
നഗരസഭയിൽ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്ന അർച്ചന ആശുപത്രി അടച്ചു പൂട്ടാൻ സെക്രട്ടറി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഫയർ ആൻഡ് സേഫ്ടി സംവിധാനമില്ലെന്ന് പറഞ്ഞായിരുന്നു നോട്ടീസ്. ഇതിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും സിപിഎമ്മും രംഗത്ത് വന്നു.
ഡിവൈഎഫ്ഐക്കാർ മണിക്കൂറുകളോളം അദ്ദേഹത്തെ തടഞ്ഞു വച്ചു. എന്നിട്ടും തന്റെ നിലപാടിൽ നിന്ന് അണുവിട പിന്നാക്കം പോകാൻ അദ്ദേഹം തയാറായില്ല. ഉപരോധത്തിനിടെ നഗരസഭയിൽ വന്ന അർച്ചന ആശുപത്രി കെട്ടിടം ഉടമയോട് അഗ്‌നിരക്ഷാ സംവിധാനമില്ലാതെ രജിസ്ട്രേഷൻ നൽകാൻ സാധ്യമല്ലെന്ന് സെക്രട്ടറി അറിയിച്ചു. അവസാനം ഒരു വിധത്തിൽ സമരം നിർത്തി തലയൂരുകയായിരുന്നു ഡിവൈഎഫ്ഐക്കാർ.
പന്തളം നഗരസഭയിൽ ബജറ്റ് അവതരണം അവതാളത്തിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്് മുന്നിൽ കണ്ട് മറ്റ് തദ്ദേശ സ്ഥാപനങ്ങൾ എല്ലാം ബജറ്റ് നേരത്തേ അവതരിപ്പിച്ചപ്പോൾ പന്തളത്ത് അതുണ്ടായില്ല. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിന്റെ പിറ്റേന്ന് ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തെരഞ്ഞെടുപ്പ് ചട്ടം പിൻവലിച്ചിട്ടും ബജറ്റ് അവതരിപ്പിക്കാൻ ഭരണ സമിതി തയാറായിരുന്നില്ല. ഒടുവിൽ ജൂൺ 30 ന് തട്ടിക്കൂട്ടി അവതരിപ്പിച്ച ബജറ്റാണ് വ്യാജമാണെന്ന് സെക്രട്ടറി വിധി എഴുതിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്