തൃശൂർ: ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ് തൃശൂർ മുപ്ലിയത്തിന് സമീപമുള്ള വരന്തരപ്പള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്ന്, പരന്തുപ്പാറ എന്നിവിടങ്ങളിൽ കാണപ്പെടുന്ന മുനിയറകൾ. രണ്ടായിരത്തോളം വർഷം മുമ്പ് തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നതിന് തെളിവുകളാണ് ഇവ. ഇത്രയധികം മുനിയറകൾ ഒന്നിച്ചുകാണുന്ന പ്രദേശങ്ങൾ അത്യപൂർവമാണ്. എന്നാൽ നമ്മുടെ പൂർവകാല ചരിത്രങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഈ ചരിത്രസ്മാരകങ്ങൾ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഒപ്പം അവയ്ക്ക് മണ്ണൊരുക്കിയ മുനിയാട്ട് കുന്നും.

കുടിയേറ്റകർഷകർ കൃഷിക്ക് കാടുവെട്ടിത്തെളിച്ചപ്പോഴാണ് മുനിയറകളുടെ നാശത്തിന്റെ ചരിത്രമാരംഭിക്കുന്നത്. 1936ൽ കൊച്ചി സർക്കാർ സംരക്ഷിത സ്ഥലമായി പ്രഖ്യാപിച്ച സ്ഥലത്ത് സ്വാതന്ത്ര്യത്തിനു ശേഷം കൃഷിക്കെന്ന പേരിൽ പട്ടയം നൽകിയതാണ് വിനയായത്. കുന്നിൽ സമൃദ്ധമായുള്ള കരിങ്കല്ല് സ്വന്തമാക്കാൻ മോഹവില നൽകി ക്വാറി മാഫിയകൾ പട്ടയഭൂമി സ്വന്തമാക്കി. അനധികൃതമായി ക്രഷർ നിർമ്മാണം ആരംഭിച്ചു. മാധ്യമങ്ങളിൽ വാർത്തയായതോടെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി എത്തി. അന്നത്തെ വരന്തരപ്പിള്ളി പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ക്വാറി മാഫിയക്കായി ഒത്തുകളിച്ചു. ക്വാറികളും ക്രഷറും മുനിയാട്ടുകുന്നിന്റെ രൂപം മാറ്റി. വൻതോതിൽ മേൽമണ്ണ് മാറ്റി കരിങ്കൽ ഖനനം തുടർന്നു. ജനജീവിതത്തിന് വീണ്ടും ഭീഷണി ഉയർന്നതോടെ മാധ്യമങ്ങളിൽ മുനിയാട്ടുകുന്നും പരിസരപ്രദേശങ്ങളും വീണ്ടും ഇടംപിടിച്ചു. ഇതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. മുനിയാട്ടുകുന്നിലെ അനധികൃത പ്രവൃത്തികൾ നിരോധിച്ചു.

എന്നാൽ ഖനനം നിരോധിച്ചതോടെ സംഘടിത ട്രേഡ് യൂണിയനുകളും രാഷ്ട്രീയ നേതൃത്വവും വൈരാഗ്യം മറന്ന് ഒന്നിച്ചു. തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായെന്നും പട്ടിണിയാണെന്നുമായിരുന്നു വാദം. ഇവിടെയും ക്വാറി മാഫിയ വിജയിച്ചു. ഖനനം വീണ്ടും തുടർന്നു. ഏകദേശം മുപ്പതോളം ക്വാറികളും രണ്ട് ക്രഷറുകളും മുനിയാട്ടുകുന്നിനെ കാർന്നുതിന്നു. കൂട്ടത്തിൽ മുനിയാട്ടുകുന്നിന്റെ ചരിത്രപ്രാധാന്യം ഇല്ലാതാക്കാൻ മുനിയറകൾ ഒന്നൊന്നായി തകർത്തു. 2016 വരെ വ്യാപകമായിരുന്ന ഖനനത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നിരന്തര ഇടപെടലോടെ അധികൃതർ ചില നിയന്ത്രണങ്ങൾ എർപ്പെടുത്തി.

2018 ൽ മുനിയാട്ടുകുന്നിനെ പുരാവസ്തുവകുപ്പ് സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള മുനിയറകളെ കുറിച്ച് പഠനം നടത്തുമെന്നും മുനിയറകൾ പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു. ആ വർഷം തന്നെ മുനിയാട്ടുകുന്നിന്റെ സംരക്ഷണത്തിന് ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായി. സംരക്ഷിത വനപ്രദേശങ്ങളിൽ ഇടപെടലുകൾ സാധ്യമല്ലെന്നും ഇവിടുത്തെ പട്ടയങ്ങൾ കൃഷിക്കും താമസത്തിനും മാത്രമായി നല്കിയിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ പാറ ഖനനം പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ കോടതി, അനിയന്ത്രിതമായ ക്വാറി പ്രവർത്തനം വനമേഖലയുടെ നാശത്തിനും, അതുവഴി മണ്ണൊലിപ്പിനും, ഉരുൾപൊട്ടലിനും ഇടയാക്കുമെന്നും നിരീക്ഷിച്ചു. ക്വാറികൾ സംരക്ഷിത പുരാവസ്തു ശേഷിപ്പുകളായ മുനിയറകൾക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. വനം, റവന്യൂ, പുരാവസ്തു വകുപ്പുകൾ സംയുക്തമായി വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സർവ്വേ നടത്തി, അതിർത്തി നിർണ്ണയിക്കാനാണ് കോടതി നിർദ്ദേശം. ഭൂപ്രകൃതിയുടെ അവസ്ഥ കൃത്യമായി വിലയിരുത്തി മാത്രമേ പാട്ടം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാവൂ എന്നും കോടതി ഉത്തരവിൽ പറയുന്നു.

എന്നാൽ പുരാവസ്തുവകുപ്പിന്റെ ഇടപെടലുകൾ കടലാസിൽ മാത്രമാകുന്ന കാഴ്‌ച്ചകളാണ് ഇന്ന് മുനിയാട്ടുകുന്നിൽ കാണുന്നത്. ശിലായുഗത്തിന്റെ അവശേഷിപ്പുകളായ 12 മുനിയറകളുടെ സമുച്ചയമാണു മുനിയാട്ടുകുന്നിലെന്നാണു പുരാവസ്തു വകുപ്പിന്റെ രേഖകളിൽ പറയുന്നത്. ഇതിൽ കണ്ടെത്തിയിട്ടുള്ള ഒരു സമുച്ചയത്തിലെ ഒരു മുനിയറ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. മറ്റ് മുനിയറകളെല്ലാം ഇതിനകം നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. മുനിയാട്ടുക്കുന്നിന്റെ ഒരുഭാഗവും ക്വാറിമാഫിയ ഇതിനകം കാർന്നുതിന്നു.

വ്യാപകമായ പ്രകൃതിനാശത്തിനൊടുവിൽ 2019 ൽ 25 മീറ്റർ നീളത്തിൽ നാല് അടിയിലേറെ ആഴത്തിൽ ഭൂമി വിണ്ടു കീറിയത് വരാൻ പോകുന്ന വിപത്തിന്റെ സൂചനയായാണ് നാട്ടുകാർ കാണുന്നത് 2014ൽ ഉരുൾപൊട്ടലുണ്ടായതിന്റെ നൂറ് മീറ്റർ മാറിയാണ് ഭൂമി വിണ്ടു കീറിയത്. വിള്ളൽ കണ്ടെത്തിയതിന് 500 മീറ്റർ മാത്രം താഴെ ഒരു വീടും ഒരു കിലോ മീറ്റർ മാറി പൊട്ടൻപാടത്ത് 15 വീടുകളും ഉണ്ട്. അശാസ്ത്രീയമായ ക്വാറികളുടെ പ്രവർത്തനമാണ് വിള്ളലിന് കാരണമായതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മലയാളികളുടെ രണ്ട് സഹസ്രാബ്ദത്തിലേറെയായുള്ള പൈതൃകത്തിന്റെ ചരിത്രം പേറുന്ന ഈ ജൈവഭൂമി ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.