തൊടുപുഴ: മൂന്നാറിൽ വ്യാജപട്ടയം നിയമവിധേയമാക്കാൻ നടന്ന കൈക്കൂലി ഇടപാടിൽ ഉൾപ്പെട്ട 3 ഉദ്യോഗസ്ഥരെ വെവ്വേറെ ജില്ലകളിലേക്കു സ്ഥലംമാറ്റും. ഇതിന് മന്ത്രി കെ.രാജൻ ഉത്തരവിട്ടു. ഇടപാടു സംബന്ധിച്ച് അന്വേഷിക്കാൻ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജിനെ മന്ത്രി നിയോഗിച്ചു. വിജിലൻസ് അന്വേഷണവും നടത്തും. അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റം.

മൂന്നാറിൽ ഉദ്യോഗസ്ഥ- ഭൂമാഫിയ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തു വന്നിരുന്നു. ദേവികുളത്തെ റിസോർട്ടിന്റെ നിർമ്മാണ പ്രവൃത്തി തടയാൻ ഉദ്യോഗസ്ഥർ എത്തിയ ഉടൻ റിസോർട്ട് ജീവനക്കാരൻ തഹസീൽദാരെ ഫോണിൽ ബന്ധപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തെത്തി. താനല്ല പണി നിർത്തിക്കുന്നതിന് പിന്നിലെന്ന് തഹസീൽദാർ രാധാകൃഷ്ണൻ റിസോട്ട് ജീവനക്കാരനെ ബോധ്യപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നടപടി.

ദേവികുളം താലൂക്ക് ഓഫീസിന് സമീപമാണ് അനധികൃത നിർമ്മാണം നടന്നത്. സബ് കളക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉദ്യോഗസ്ഥരെ തനിക്ക് അയക്കേണ്ടി വന്നതെന്നാണ് റിസോർട്ട് ജീവനക്കാരനോട് തഹസീൽദാർ പറയുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയേണ്ട തഹസീൽദാരാണ് ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ നടത്തുന്നത്. ജോലി നിർത്തിവെപ്പിക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞത് താൻ ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും റിസോർട്ട് ജോലിക്കാരൻ ഭീഷണിയുടെ സ്വരത്തിൽ പറയുന്നുണ്ട്.

2008-ലും 2018-ലും മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് പേർ മരിച്ച പ്രദേശത്താണ് അനധികൃത നിർമ്മാണം നടക്കുന്നത്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളൊന്നും പാടില്ലെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവുണ്ട്. ആനവിരട്ടി വില്ലേജിലെ മൂന്നു പട്ടയ നമ്പറുകൾ ക്രമപ്പെടുത്താൻ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിൽ നടന്ന ചർച്ചകളുടെയും ഇടപാടിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദേവികുളം തഹസിൽദാർ, മൂന്നാർ സ്‌പെഷൽ തഹസിൽദാർ, ദേവികുളം താലൂക്ക് സർവേയർ തുടങ്ങിയവരാണു ദൃശ്യത്തിൽ ഉണ്ടായിരുന്നത്.

മൂന്നാറിലെ വ്യാജപട്ടയം നിയമവിധേയമാക്കാൻ ഉദ്യോഗസ്ഥ സഹായമുണ്ടെന്നതിന്റെ തെളിവുകൾ അടങ്ങിയ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഒരു ഡോക്ടർ വർഷങ്ങൾക്കു മുൻപ് ആനവിരട്ടി വില്ലേജിൽ വാങ്ങിയ ഒരു പട്ടയഭൂമിയുടെ സർവേ നമ്പർ തിരുത്തിക്കിട്ടുന്നതിനായി തഹസിൽദാർക്ക് അപേക്ഷ നൽകിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. സർവേ നമ്പർ തിരുത്തിക്കിട്ടുന്നതിനായി 4 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റുന്നുവെന്ന സൂചനകളാണ് ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും കാണാവുന്ന വിഡിയോയിലൂടെ വെളിച്ചത്തുവന്നത്.

ഇതിനിടയിൽ മറ്റൊരു റിസോർട്ടിന്റെ അനധികൃത നിർമ്മാണം നടക്കുന്നുവെന്ന പരാതിയിൽ സബ് കലക്ടറുടെ നിർദേശത്തെത്തുടർന്നു പണി നിർത്തിവയ്ക്കാനായി ഉദ്യോഗസ്ഥർ എത്തിയതിനെക്കുറിച്ചുള്ള വിവരം റിസോർട്ട് ജീവനക്കാരനുമായി പങ്കുവയ്ക്കുന്ന ദേവികുളം തഹസിൽദാരുടെ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. തന്റെ അറിവോടെയല്ല നടപടിയെന്നും നിർമ്മാണം തടഞ്ഞതു താനല്ലെന്നും മറ്റൊരു ഉദ്യോഗസ്ഥയാണു നടപടിക്കു പിന്നിലെന്നും തഹസിൽദാർ റിസോർട്ട് ജീവനക്കാരനോടു വിവരിക്കുന്നുണ്ട്.