തിവുപോലെ നവംബർ ആദ്യവാരം തന്നെ പുതുവർഷ കലണ്ടർ വാങ്ങി . 2018 !. വലിയ അക്കങ്ങൾ കണ്ടപ്പോൾ തോന്നിയ ആഹ്ലാദം 2018 ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ എത്തിയപ്പോൾ ആഹ്ലാദം മങ്ങി ഇത്തിരി അമ്പരന്നു . കാരണം 2006 ജൂലൈ അവസാനത്തെ ആഴ്ചയോടെ രാജമലയിലെ കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞുതുടങ്ങിയിരുന്നു. അടുത്ത കുറിഞ്ഞിപ്പൂക്കാലത്തിന് ഇനി വെറും 250 ദിവസം . എന്റെ അമ്പരപ്പും ആശങ്കയും എങ്ങിനെയുണ്ടാകുന്നു എന്നത് കണക്കുകളുടെ വിവരണത്തോടെ പറയാം.

KDHP കമ്പനി കഴിഞ്ഞ സെപ്റ്റംബർ 30 ന് ( പൂജാവധി ) മൂന്നാറിലേക്കുള്ള 3 വഴികളിലൂടെ എത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ കണക്കെടുത്തു .രാവിലെ 6 മുതൽ വൈകിട്ട് 6 വരെ . പതിവുപോലെ ഏറ്റവും കൂടുതൽ വാഹനങ്ങൾ വന്നത് മൂന്നാർ - അടിമാലി വഴി തന്നെ . ടൂറിസ്റ്റു ബസ് 260 , ടെമ്പോ ട്രാവലർ 517, കാർ & ജീപ്പ് 4574 . മൂന്നാർ - മറയൂർ വഴിയിലൂടെ ടൂറിസ്റ്റു ബസ് 153 , ടെമ്പോ ട്രാവലർ 153 , കാർ & ജീപ്പ് 1229 . മൂന്നാർ - തേനി വഴിയിൽ ബസ് 26 , ടെമ്പോ ട്രാവലർ 126 , കാർ & ജീപ്പ് 871 . ഇരുചക്രവാഹനങ്ങൾ എണ്ണിയില്ല . ഇതിൽ പകുതി വാഹനങ്ങൾ മൂന്നാർ പട്ടണംവഴി എങ്ങോട്ടെങ്കിലും പോയെന്നു കരുതിയാൽ തന്നെ ബാക്കി പകുതി കുറഞ്ഞപക്ഷം ഒരു പകലെങ്കിലും മൂന്നാർ പരിസരത്തു ചിലവഴിച്ചിട്ടുണ്ടാവും.

ശനിയാഴ്ച ദിവസം ആഴ്ചക്കൂലി വാങ്ങി മൂന്നാർ പട്ടണത്തിൽ നിന്നും പലചരക്കും പച്ചക്കറിയുമൊക്കെ വാങ്ങുന്ന തോട്ടം തൊഴിലാളികളുടെ എണ്ണവും ഓർക്കേണ്ടതുണ്ട് . മേല്പറഞ്ഞ കണക്കുകൾ കൂട്ടിനോക്കിയാൽ എന്റെ അമ്പരപ്പിന്റെ കാരണം കണ്ടെത്താം . ഒപ്പം 2018 ഓഗസ്റ്റിലെ അവധിദിനങ്ങൾകൂടി കാണുക . ഉത്തരവാദ ടൂറിസത്തിന് ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ വാങ്ങുന്ന കേരളത്തിന് 2018 ലെ കുറിഞ്ഞിപ്പൂക്കാലം മാനേജ് ചെയ്യാൻ കഴിയണമല്ലോ . പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളായ ഊട്ടി , കൊടൈക്കനാൽ എന്നിങ്ങനെയുള്ള മലനിരകളിലും പരിസരങ്ങളിലും ഉണ്ടായിരുന്ന കുറിഞ്ഞിപ്പൂക്കാലം ഓർമ്മ മാത്രമായി എന്നതും പരിഗണിക്കുക .

ഈ കുറിപ്പ് വായിക്കുന്ന ഏവരും 2018 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുറിഞ്ഞിപ്പൂക്കാലം മാനേജ് ചെയ്യാനും ഒപ്പം പലകാര്യങ്ങളിലും നമ്പർ വൺ സ്ഥാനം കരസ്ഥമാക്കിയ കേരളീയർക്ക് അഭിമാനിക്കാവുന്ന ഈവന്റ് ആകുവാനും ഭരണകൂടത്തെ സഹായിക്കുവാനുള്ള കടമയുണ്ട്. നിയമ നിർമ്മാണ സഭകളിലും മറ്റും ഇക്കാര്യം ചർച്ച ചെയ്യാൻ ഒരു മണിക്കൂർ ചിലവഴിച്ചിരുന്നെങ്കിൽ.