ടുക്കിയിലെ പ്രദേശങ്ങൾ തിരിച്ചുള്ള പ്രശ്‌നപരിഹാരമാർഗ്ഗങ്ങളുടെ അന്വേഷണം തുടരുകയാണ്. ഏലപ്പട്ടയയിടമായ CHRനും തോട്ടംതൊഴിലാളി മേഖലയ്ക്കുമുള്ള നിർദ്ദേശങ്ങൾ വെച്ചുകഴിഞ്ഞു. ശേഷം വരുന്ന പ്രദേശങ്ങളെയാണ് ഈ ഖണ്ഡത്തിൽ പരാമർശിക്കുന്നത്. കൂടാതെ പശ്ചിമഘട്ടത്തിൽ നിന്ന് സത്വരമായി കയ്യേറ്റം കുടിയൊഴിപ്പിക്കേണ്ടവരുടെ പട്ടികകൂടി അവതരിപ്പിക്കുന്നു. ഇടുക്കിയുടെ കർഷക ജനതയ്ക്ക് കിട്ടേണ്ട സംരക്ഷണ ഉറപ്പും വൻകയ്യേറ്റങ്ങളുടെ ഒഴിപ്പിക്കലും തോളോടുതോൾ ചേർന്ന് പോകേണ്ട നടപടികൾ ആണ്.

വനഭൂമി കയ്യേറി താമസിക്കുന്ന കർഷക ജനത

1977 ന് ശേഷം നടന്ന കയ്യേറ്റങ്ങളിൽ എന്തുതീരുമാനം കൈക്കൊള്ളും എന്നതാണ് പ്രധാന പ്രശ്‌നം. വ്യാപകമായ ഒരു കുടിയൊഴിപ്പിക്കൽ ഇവിടെ സാധ്യമാകുമോ? സംരക്ഷിതവനം കയ്യേറ്റംനടത്തിയിരിക്കുന്നവർ ആരൊക്കെ? CHRൽ വൻഏലംകർഷകരും റിസോർട്ട് മാഫിയകളും പാറമടലോബികളും ചെറുകിടകർഷകരും, മൂന്നാർ മേഖലയിൽ റിസോർട്ട് മാഫിയകളും കണ്ണൻ ദേവൻ ഹിൽപ്ലാന്റ്‌റേൻ കമ്പനിയും, ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് (ഇടുക്കിയുടെ കവാടങ്ങൾ) സാധാരണയിൽ താഴ്ന്ന ജീവിതനിലവാരമുള്ള കർഷകരും തൊഴിലാളികളുമാണ് സംരക്ഷിതവനം കയ്യേറിയിട്ടുള്ളവർ.

ഇടുക്കിയിൽ അഞ്ച് മുതൽ പത്ത് ഏക്കർ വരെ കൃഷിസ്ഥലമുള്ള കർഷകനെ അപ്പർ മിഡിൽ ക്ലാസ്സിൽപ്പെടുത്താനാവില്ല. കാരണം തോട്ടവിളകൃഷിയിൽ ഉപയോഗപ്പെടുത്തുന്ന ഭൂമിയുടെ മൂല്യത്തെ പട്ടണത്തിലെ ഭൂമിയുടെ മൂല്യവുമായി ഒരുരീതിയിലും തട്ടിച്ച് കാണാനാവില്ല എന്നതുതന്നെ. ഉദാഹരണത്തിന്ന് നല്ല രീതിയിൽ കൃഷിചെയ്യുന്ന ഒരേക്കർ കാപ്പിത്തോട്ടമുള്ള ഒരു കർഷകന് പണിക്കൂലിയെല്ലാം കിഴിച്ച് വർഷത്തിൽ ആകെ 20,000രൂപയോ മറ്റോ കിട്ടുമായിരിക്കും. കുറച്ചെങ്കിലും വിലകിട്ടുന്ന വിള ഏലം മാത്രമാണ്. പക്ഷേ, അതിന് ആവശ്യമായി വരുന്ന മുതൽമുടക്ക് ഒരു സാധാരണ കർഷകന് താങ്ങാൻ കഴിയുന്നതുമല്ല. കുരുമുളക് ചെടികൾ മുഴുവനും രോഗാക്രമണത്തിൽ ഹൈറേഞ്ചിൽ നിന്ന് അന്യം വരുമോ എന്ന ഭീതിയിലാണ്. തേയിലത്തോട്ടങ്ങൾ മുഴുവൻ നഷ്ടത്തിലാണ്. ഭൂരഹിതരായ പെമ്പിളഒരുമൈ സമരക്കാർപോലും വീടുവെച്ച് അല്പം കൃഷിചെയ്ത് താമസിക്കാൻ ചോദിക്കുന്നത് ഒരേക്കർ ഭൂമിയാണ്. ഒരു സാധാരണ കർഷകനോ (കൃഷിയുടെ നടത്തിപ്പുകാരൻ അല്ല) തൊഴിലാളിയോ ജീവനആവശ്യത്തിന് വെച്ചിരിക്കുന്ന ഭൂമിയിൽ കൂടുതൽ ഉള്ളത് മുഴുവൻ പിടിച്ചെടുത്തേ മതിയാകൂ. എന്നാൽ സാധാരക്കാരൻ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അവന്റെ കൃഷിഭൂമികൂടി ഇല്ലാതായാൽ ജീവിതം തന്നെയാണ് ഇല്ലാതാകുന്നത്. കൃഷിയല്ലാതെ അവൻ ഈ മലമുകളിൽ എന്തുചെയ്യും! സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെട്ട വയനാട്ടിലെ ആദിവാസികളുടെ ദുർഗതിയാവും ഈ കർഷകരേയും കാത്തിരിക്കുക.

ഇവർ അധിവസിക്കുന്നത് പ്രകൃതിലോലപ്രദേശത്തിൽ ആണെങ്കിൽ, KSEBപദ്ധതികളുടെ കാലത്ത് ഇടുക്കിയുടെ പലയിടങ്ങളിൽ നിന്നും കുടിയൊഴിപ്പിച്ചതുപോലെ, അവിടെ നിന്ന് കുടിയൊഴിപ്പിച്ച് അവർക്ക് പകരം സ്ഥലം കണ്ടെത്തിക്കൊടുക്കാൻ കഴിയണം. ഇവിടെ സ്ഥലത്തിന്റെ ദൗർലഭ്യതയില്ല. പാട്ടക്കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങൾ ആണ് വന്മുതലാളിമാരുടെ കൈകളിൽ ഇപ്പോഴും ഇരിക്കുന്നത്. അവ എത്രയും നേരത്തെ തിരികെയെടുത്ത് ഈ മാറ്റിപാർപ്പിക്കൽ എത്രയും വേഗം പൂർത്തീകരിക്കാവുന്നതേയുള്ളൂ.

സെറ്റിൽമെന്റ് വാസികൾ

സെറ്റിൽമെന്റിലെ ജനറൽക്യാറ്റഗറിയും സാമൂഹ്യമായി മുന്നേറിയ ആദിവാസിസമൂഹവുമാണ് വിഷമവൃത്തത്തിൽ പെട്ടുപോയ ജനതകൾ. സമൂഹികമായി മുന്നോട്ട് എത്തിയ ഇടുക്കിയിലെ മലയരയ-ഊരാളി സമുദായങ്ങൾക്ക് പൊതുവിഭാഗവുമായി ഒന്നുചേർന്ന് ജീവിക്കാനുള്ള സാഹചര്യമാണ് വേണ്ടത്. അവരുടെ ഭൂമിക്ക് ക്രയവിക്രയ അവകാശം കിട്ടണം. ഇടുക്കിയെ എടുത്താൽ അറിയാം പൊതുവിഭാഗവുമായി ഒന്നുചേർന്ന ആദിവാസിസമൂഹങ്ങളാണ് വിദ്യാഭ്യാസം-ആരോഗ്യം-സാമ്പത്തികം എന്നീ മേഖലകളിൽ മുൻപന്തിയിൽ എത്തിയത്. അതേസമയം ഇനിയും പോതുസമൂഹത്തോട് ഒപ്പം നിൽകാൻ ആവത്ത മലമ്പണ്ടാരം-മുതുവാന്മാർ പോലുള്ള ആദിവാസികളെ കുറേകാലം കൂടി സെറ്റിൽമെന്റിൽ തന്നെ സംരക്ഷിക്കേണ്ടതുണ്ട്.

റിസർവേഷൻ വ്യവസ്ഥ ഇന്ത്യൻ ഭരണഘടനയിൽ എന്തായിരിക്കുന്നുവോ അങ്ങനെയാണ് സെറ്റിൽമെന്റ് വ്യവസ്ഥയും വേണ്ടത്. അതായത് ഏതു ദുർബലസമൂഹത്തിന്റെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി അത് ഏർപ്പെടുത്തിയോ അവർ പോതുസമൂഹത്തോട് ഒപ്പം നില്ക്കാൻ ശക്തിപ്പെടുമ്പോൾ ഈ വ്യവസ്ഥ മാറിപ്പോയില്ലെങ്കിൽ പിന്നീട് ഉണ്ടാകുന്നത് സാമൂഹ്യഅസമത്വവും സംരക്ഷിതർ ആകുന്ന ജനതയുടെ സാമൂഹ്യപുറംതള്ളലും (oscial exclusion) ആയിരിക്കും. അതുകൊണ്ട് പ്രശ്‌നങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുന്ന പക്ഷം ഈ ഇടകലർന്നുള്ള വാസം പ്രോത്സാഹിപ്പിക്കപ്പെടണം. ഈ വിഷയത്തിൽ നിയമത്തിന്റെ സാരാംശം പാലിക്കുന്നതിനപ്പുറം അക്ഷരാർത്ഥപാലനത്തിലേയ്ക്ക് നീങ്ങിയാൽ ഈ കാണായ ഭൂരഹിതരായി തീരുന്ന ജനത്തെ മുഴുവൻ എവിടെ പാർപ്പിക്കുമെന്നറിയാതെ ഗവണ്മെന്റ് നട്ടംതിരിയും. ഇപ്പോൾ നിലനിൽകുന്ന പ്രശ്‌നത്തെ ഗുരുതരമാക്കുകയും ഇല്ലാത്ത പ്രശ്‌നത്തെ ഉണ്ടാക്കിയെടുക്കുകയുമാവും ചെയ്യുക. കാരണം ആദിവാസിക്ക് കൊടുക്കാൻ ഭൂമിയില്ലാത്ത ജില്ലയല്ല ഇടുക്കി. 245സെറ്റിൽമെന്റുകളും വെറും 50,000 ആദിവാസികളും മാത്രമുള്ള ജില്ലയാണ് ഇടുക്കി.

അതായത് 20 ആദിവാസികൾക്ക് ഒരു സെറ്റിൽമെന്റ് എന്ന കണക്കിൽ ഇവിടെ സ്ഥലമുണ്ട്. അതുകൊണ്ട് ആദിവാസിസെറ്റിൽമെന്റ് പ്രശ്‌നം ഇവിടെ ഒരു പ്രശ്‌നമല്ല. അവരുടെ സാമൂഹ്യ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തങ്ങൾ ഇല്ലാതെ പോകുന്നതാണ് പ്രശ്‌നം. ഇടമലക്കുടിക്ക് ആദ്യആദിവാസി പഞ്ചായത്തിന് വൈദ്യുതി എത്തിച്ചുകൊടുക്കുന്നതിന് പോലും ഇവിടെ ഗവണ്മെന്റ് മുൻകൈ എടുത്തില്ല. അത് കഴിഞ്ഞ മാസം ചെയ്തുപൂർത്തീകരിച്ചു കൊടുത്തത് സ്വന്തം നിലയിൽ പണം ശേഖരിച്ച് പൊതുവിഭാഗത്തിലെ സന്നദ്ധപ്രവർത്തകർ ആണ്. അതുകൊണ്ട് ഇടുക്കിയിലെ പൊതുവിഭാഗം ആദിവാസി സെറ്റിൽമെന്റിൽ കടന്നുകയറി ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞാൽ ആദിവാസികൾ പോലും സമ്മതിച്ചുതരില്ല (ഒറ്റപ്പെട്ട കേസുകൾ ഉണ്ടെന്ന സത്യം മറച്ചുവെക്കുന്നില്ല).

KSEB ഭൂമിയിൽ വസിക്കുന്നവർ

KSEB ഭൂമിയിൽ വസിക്കുന്നവർക്ക് ഇന്നും പട്ടയം കിട്ടാതെ പോയത് വെറും സാങ്കേതിക തടസ്സമോ സർക്കാറിന്റെ തന്നെ വീഴ്ചയോ ആണ്. അതുകൊണ്ട് പദ്ധതി ഉപേഷിക്കപ്പെട്ട തത്വത്തിൽ മാത്രം KSEBഭൂമി ഏറ്റെടുത്ത മനുഷ്യർക്ക് എത്രയും നേരത്തെ അവരുടെ ഭൂമി പതിച്ചുകൊടുക്കാൻ ഗവണ്മെന്റ് നടപടി ഉണ്ടാകണം. ഇനിയുള്ള ഒരു ചെറുസമൂഹം KSEB ഡാമുകളുടെ ക്യാച്ച്‌മെന്റ് ഏരിയയിൽ കൃഷിചെയ്യുന്ന ദരിദ്ര-സാധാരണ കർഷകർ ആണ്. അവരാരും ആ ഭൂമി സ്വന്തമാക്കിയവർ അല്ല. വെറുതെ പുറംപോക്കുപോലെ അവിടെ കൃഷിചെയ്യുന്നുവെന്നേയുള്ളൂ.

തോട്ടംവിളകൾ കൃഷിചെയ്യുന്ന ഇടുക്കിയിൽ തന്നാണ്ട് വിളകൾ കൃഷിചെയ്യാൻ വെളിച്ചവും വർഷം മുഴുവൻ ജലവുമുള്ള പ്രദേശങ്ങൾ വളരെകുറച്ചേയുള്ളൂ. മാത്രമല്ല KSEB പത്തുചങ്ങല അകലത്തിൽ (100 മീറ്റർ ഉയരം) ഒരു പദ്ധതിപ്രദേശത്തും ഒരുകാലത്തും പകുതിയിൽ കൂടുതൽ വെള്ളം ഉയർന്നിട്ടില്ല. ഭക്ഷ്യവിള ഉത്പാദനത്തിൽ വളരെ പിന്നിലായ കേരളത്തിന്റെ വലിയ സാധ്യതയാണ് ജനവാസകേന്ദ്രത്തോട് ചേർന്ന പദ്ധതികളുടെ ക്യാച്ച്‌മെന്റ് പ്രദേശത്ത് (ഉദാഹരണം: ഇരട്ടയാർ) ഭക്ഷ്യവിളവളർത്തൽ (ജലം സമർദ്ധം, നല്ല വെളിച്ചം, വളക്കൂറുള്ള മണ്ണ്, ശേഷം ഇടുക്കിയുടെ മലമുകളിൽ തന്നാണ്ട് വിളകൃഷിചെയ്ത് മണ്ണൊലിപ്പ് ഉണ്ടാക്കാതിരിക്കാം). ഏക്കറിന് ഒരു തുച്ചമായ പാട്ടം കർഷകരിൽ നിന്ന് ഈടാക്കി, അത് സബ്‌സിഡിയായി തന്നെ അവരിൽ എത്തിച്ച്, ചുരുങ്ങിയത് മദ്ധ്യകേരളത്തിന് മൊത്തം വേണ്ട പച്ചക്കറികൾ വളർത്തിയെടുക്കാം.

ജൈവകൃഷിയാകണം എന്ന ഒറ്റനിബന്ധ ഉണ്ടായാൽ മതി. ഡാം ജലം ഒരിക്കലും വിഷലിബ്ധമാവുകയുമില്ല. ആർക്കുമൊരു നഷ്ടവുമില്ലതാനും. ഇവിടെയൊക്കെയാണ് നിയമം അതിന്റെ അക്ഷരാർത്ഥ പാലനത്തിന് അപ്പുറത്തേയ്ക്ക് കടന്ന് ക്രിയാത്മകമാകേണ്ടത്.

ഗ്രോ മോർ ഫുഡ് കർഷകർ

അധിക ഭക്ഷ്യോൽപ്പാദനപദ്ധതി പ്രകാരം കർഷകരുടെ വികസനആവശ്യമാണ് വളരെ വേഗം തന്നെ അഭിസംബോധന ചെയ്യേണ്ട മറ്റൊരു സംഗതി. ഇങ്ങനെ കുടിയിരുത്തപ്പെട്ടവരിൽ നല്ലൊരു ശതമാനം ഇന്നും അധിവസിക്കുന്നത് കാടിനുള്ളിൽ ഒറ്റപ്പെട്ടരീതിയിൽ ആണ് (മക്കുവള്ളി, മണ്ണൂക്കാട്, കൈതപ്പാറ, ആനക്കുളം, മനേത്തടം...) പൊതുസഞ്ചാരമാർഗ്ഗമോ, ഹൈസ്‌കൂളോ, ആശുപത്രിയോ. വൈദ്യുതി-ഫോൺ ബന്ധമോ ഇല്ലാത്ത ഇവർക്ക് ഇതൊക്കെ കിട്ടണമെങ്കിൽ വനവകുപ്പ് മനസ്സുവെക്കണം. സർക്കാർ ഈ പ്രശ്‌നത്തിൽ ഇടപെട്ട് ഇന്ന് കേരളത്തിലെ ഇതു സാധാരണ പൗരനെപ്പോലെയും ജീവിക്കാനുള്ള അവരുടെ അവകാശം നേടിക്കൊടുകതന്നെ വേണം. കൃഷി കൂടാതെ ഫാം ടൂറിസം കൂടി നടത്താനുള്ള അനുവാദം അവർക്ക് കൊടുത്താൽ ചെറുഫാം കോട്ടേജുകളിൽ (ഒരിക്കലും റിസോർട്ട് ടൂറിസം പാടില്ല) അവർക്ക് അത് ലാഭകരമായി ചെയ്യാൻ ആവുന്നതേയുള്ളൂ.

എത്രയും വേഗം കുടിയൊഴിപ്പിക്കപ്പെടേണ്ട കുറ്റവാളികൾ

1. റിസോർട്ട് മാഫിയകൾ

ഏലമലക്കാടുകളിലും മൂന്നാറിലും എങ്ങനെ നിയമപരമായി റിസോർട്ടുകൾ ഉയർന്നു? ആദ്യചോദ്യം ചോദിക്കേണ്ടത് റിസോർട്ട് ഉടമകളോടാണ്. നിങ്ങൾക്ക് ഇവിടെ എങ്ങനെ റിസോർട്ട് നിർമ്മാണത്തിന് ഭൂമി കിട്ടി? 1964ലെ കേരള ലാന്റ് അസ്സൈന്മെന്റ് റൂൾസും 1993ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങളും വച്ചാണ് ഇടുക്കിയിൽ സർക്കാർ ഭൂമി പതിച്ചുകൊടുക്കുന്നത്. ഈ രണ്ട് ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശങ്ങൾ ഇവയാണ്: 1) വ്യക്തപരമായ കൃഷി ആവശ്യത്തിന്, 2) വീടുകളുടെ നിർമ്മാണത്തിന് (1993 ചട്ടത്തിൽ കടകളും ഉൾപ്പെടുത്തി), 3) പ്രയോജനപ്രദമായ അനുഭവ അവകാശങ്ങൾക്ക്.

എന്നാൽ ഈ നിയമങ്ങളിൽ ഒന്നും പെടാതെ 'കോമേഷ്യൽ' എന്ന വിഭാഗത്തിൽ നിങ്ങൾക്ക് എങ്ങനെയാണ് ഇവിടെ റിസോർട്ട് നിർമ്മാണത്തിന് അനുമതി കിട്ടിയത്? ഈ ചോദ്യത്തിന് മുന്നിലാണ് മുൻകാലങ്ങളിൽ ഇടുക്കിയിൽ ഉണ്ടായിരുന്ന പ്രദേശിക ഭൂരണകൂടവും റവന്യൂ ഡിപ്പാർട്ടെമെന്റും ഡിസ്ട്രിക് ടൗൺ പ്ലാനിങ് ഓഫീസർമാരും ഭൂമിയെ വെച്ച് രാഷ്ട്രീയം കളിക്കുന്നവരും ഒരു പോലെ പ്രതികളാവുന്നത്. അവരെ ഏകദേശം ഒരു ഡസൻ ചോദ്യങ്ങൾക്ക് മുന്നിലേയ്ക്ക് നിർത്തിയാൽ ഏലമലക്കാടുകളും മൂന്നാറും ഇന്നുകാണുന്ന രീതിയിൽ നശിപ്പിച്ചതിന് അവർ കണക്കു പറയേണ്ടി വരും. കഴിഞ്ഞയിടെയാണ് 19 കോടി നികുതി നഷ്ടം മൂന്നാറ്, പള്ളിവാസൽ, ചിന്നക്കനാൽ മേഖലയിലെ ടാക്സ് ഇനത്തിൽ തന്നെ ഉണ്ടായതായി ധനവകുപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.

ഇപ്പോൾ ചെയ്യുന്നത് പോലെ നിർമ്മാണനിയമ ലംഘനവും റിസോർട്ടുകളുടെ നികുതി വെട്ടിപ്പും മലിനീകരണവും അന്വേഷിച്ച് നടക്കുകയല്ല ഡിപ്പാർട്ട്‌മെന്റുകൾ നടത്തേണ്ടത്. അത് കതിരിൽ ചികത്സിക്കുന്നതിന് തുല്യമാണ്. രോഗം കടക്കലാണ്, അനധികൃത ഭൂമികയ്യേറ്റത്തിലും പാട്ടവ്യവസ്ഥകളുടെ ലംഘനത്തിലും. ചികിത്സ അവിടെ തന്നെ തുടങ്ങണം. അപ്പോൾ ചോദ്യം മാറും- മൂന്നാറിന്റെ ചെങ്കുത്തായ മലമുകളിൽ ഫ്‌ലാറ്റ് സമാനമായ ഈ വൻസൗധങ്ങൾക്ക് നിലനിൽക്കാൻ അവകാശമുണ്ടോ? 'ഇല്ല'യെന്ന് വളരെ ലളിതമായ ഉത്തരം.

2. കമ്പനിയുടെ കയ്യേറ്റം

മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി അനധികൃത കൈയേറ്റം വെളിവാക്കുന്ന പ്രധാന റിപ്പോർട്ടാണ് സനൽകുമാർ കമ്മിഷൻ റിപ്പോർട്ട് (2012). നടത്തപ്പെട്ട റീ-സർവ്വേ പ്രകാരം കമ്പനി 49,46 ഹെക്ടർ സ്ഥലം അനധികൃതമായി കൈയേറിയതായി പറയുന്നു. ഇനിയും റീസർവ്വേ പൂർണ്ണമല്ല. മൂന്നാറിൽ പൂർണ്ണമായ ഒരു സർവ്വേ നടത്തപ്പെടാതിരിക്കാൻ എല്ലാ കൈയേറ്റക്കാരും നന്നായി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടം കമ്പനിക്ക് വേണ്ടി എല്ലാത്തിനും ഒത്താശ ചെയ്യുന്നുമുണ്ട്. അതിന്റെ തെളിവാണ് ടാറ്റായ്ക്ക് അതിന്റെ ബംഗ്ലാവുകൾ ടൂറിസത്തിന് ഉപയോഗിക്കാൻ മൂന്നാർ-ദേവികുളം പഞ്ചായത്തുകൾ അനുമതി കൊടുത്തത്. എന്നാൽ പ്രശ്നം കോടതിയിൽ എത്തുമ്പോഴാണ് സർക്കാർ നിർദ്ദേശപ്രകാരം ഈ അനുമതികൾ പഞ്ചായത്തുകൾക്ക് റദ്ദുചെയ്യേണ്ടി വന്നത്.

അന്തിമ വിശകലത്തിൽ മൂന്നാറിലെ ഏറ്റവും വലിയ അനധികൃത ഭൂമി കൈയേറ്റം കമ്പനിയുടേത് തന്നെയാണ്. തോട്ടത്തെ ടൂറിസം ആവശ്യത്തിനപ്പുറം ഒരു തോട്ടമായി നിലനിർത്താൻ അവർ ഉദ്ദേശിക്കുന്നുമില്ല. ആ നിലയ്ക്ക് ഈ തോട്ടത്തിന് ഇനി മുന്നോട്ടു പ്രവർത്തിക്കാൻ അനുമതി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് ആണ്.

3. വൻകിട ഭൂകയ്യേറ്റം

താമസിക്കാനും ഉപജീവനത്തിനുമായി കൃഷിയെ ആശ്രയിച്ച് കുടിയേറിയവരാണ് ഇടുക്കിയിലുള്ള കർഷകർ. എന്നാൽ അതിനിടയിൽ വൻഭൂകൈയേറ്റം നടത്തിയവർ ധാരാളം ഉണ്ട്. ആനയിറങ്കൽ ഡാമിനടുത്ത് MAS ഗ്രുപ്പ് കൈവശം വെച്ചിരിക്കുന്നത് ഏകദേശം 300ഏക്കർ റവന്യൂ ഭൂമിയാണ്. അനധികൃതമായി ടോം സക്കറിയാസ് നിർമ്മിച്ച ഇന്നലെ തകർത്ത കുരിശ് ഒരു മതചിഹ്നത്തെ നശിപ്പിച്ച സംഭവം മാത്രമായി കണക്കാക്കരുത്. ടോം സക്കറിയാസിന്റെ പിതാവ് കറിയാച്ചൻ മൊതലാളി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ആൾ 1000ത്തിൽപ്പരം ഏക്കർ ഭൂമിവെട്ടിപ്പിടിച്ച് കൈവശം വെച്ചിരിക്കുന്ന ആൾ ആണ്.

ആ പ്രദേശത്തെ തന്നെ ഒരു മുടിചൂടാമന്നൻ. മക്കൾക്കൊക്കെ 200 ഉം 300 ഏക്കറുകളായി ഇപ്പോൾ മുറിച്ചുകൊടുക്കുകയും ചെയ്തു. ലക്ഷ്മിഭാഗത്ത് പുളിമൂട്ടിൽ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന 300ഓളം ഏക്കറുകൾ കയ്യേറ്റത്തിൽ പട്ടികയിൽ വരും. ഇങ്ങനെ വൻപ്രമാണിമാർ കൈവശം വച്ചിരിക്കുന്നതുമായ വന-റവന്യൂഭൂമി ഇടുക്കിയിൽ ധാരാളമുണ്ട്.

4. ഗ്രാൻഡിസ് (യൂക്കാലി) എന്ന രാക്ഷസ മരങ്ങൾ

സമുദ്രനിരപ്പിൽ നിന്ന് 4000 അടിക്ക് മേലെ ഉയരമുള്ള മൂന്നാറിന്റെ മലകളിൽ യൂക്കാലി നട്ടു പിടിപ്പിക്കാൻ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അന്ന് ലോകം മുഴുവൻ കാർഷിക പരീക്ഷണങ്ങളുടെ കാലമായിരുന്നു. പ്ലാന്റേഷൻ മേഖലയിൽ വർദ്ധിച്ചു വന്ന വിറകിന്റെ ആവശ്യത്തിനായിരുന്നു യൂക്കാലി നട്ടു പിടിപ്പിച്ചത്. വളരെ വേഗത്തിൽ ഒരു ഒറ്റത്തടിയായി വളരുന്നു. മുറിച്ച് ശേഖരിക്കാൻ എളുപ്പം. വേഗത്തിൽ തീ പിടിക്കുന്നു- ഇവയൊക്കെയാണ് അതിന് അവർ കണ്ട ഗുണങ്ങൾ. വനസംരക്ഷണത്തെ നമ്മൾ ഗൗരവമായി എടുക്കുന്നത് എഴുപതുകളിലാണ്. പശ്ചിമഘട്ടത്തിന്റെ വനമേഖലയ്ക്ക് ഗണ്യമായി കുറവ് സംഭവിച്ചെന്നും ശേഷിക്കുന്ന വനഭൂമിയെങ്കിലും സംരക്ഷിക്കപ്പെടണമെങ്കിൽ ഇന്ധന ആവശ്യത്തിന് ജനങ്ങൾ സ്വാഭാവിക വനത്തെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടു വരണമെന്നുള്ള ചിന്തയിലാണ് സോഷ്യൽ ഫോറസ്ട്രി തന്നെ റവന്യൂ ഭൂമിയിൽ സ്റ്റേറ്റിന്റെ ഇന്ധന - തടി ആവശ്യത്തിനായി വേഗത്തിൽ വളരുന്ന വളർച്ചയ്ക്ക് അധികം സ്ഥലവിസ്തീർണ്ണമാവശ്യമില്ലാത്ത യൂക്കാലി നട്ടുപിടിപ്പിക്കുന്നത്. വേണ്ടത്ര പരിസ്ഥിതിക പഠനങ്ങളൊന്നും നടത്തി ആരംഭിച്ച ഒന്നായിരുന്നില്ല അത്. കുറഞ്ഞ സ്ഥലത്ത്. കുറഞ്ഞ സമയത്ത്, കൂടുതൽ ലാഭം- അതായിരുന്നു യൂക്കാലിയുടെ വ്യാവസായിക സാധ്യത.

എന്നാൽ യൂക്കാലിമരങ്ങൾ വട്ടവട പോലുള്ള ഇടുക്കിയുടെ ജൈവസമർദ്ധമായ ഗ്രാമങ്ങളുടെ കൃഷ്യയിടങ്ങളിലും ചെരിവുകളിലും മലമുകളിലും ചേക്കേറാൻ തുടങ്ങിയത് തൊണ്ണൂറുകളക്ക് ശേഷമാണ്. 1990ന് ശേഷം വട്ടവടപോലുള്ള പ്രദേശങ്ങളിലെ ഭൂമി കൈവശമാക്കാൻ മലയാളി സമൂഹം തന്ത്രപൂർവ്വം തമിഴ് സമൂഹത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലമുകളിലേക്ക് കാടുകൾ വെട്ടിപ്പിടിച്ചെടുത്താൽ വാങ്ങിക്കൊള്ളാമെന്നുള്ള ഉറപ്പ് കിട്ടിയപ്പോൾ തമിഴൻ ആ വഴി തിരഞ്ഞെടുത്തു. അവിടെ പണം കൊയ്യുന്ന യൂക്കാലി വ്യവസായത്തിന്റെ മാജിക്കും കാട്ടിത്തരാമെന്നായപ്പോൾ അവർ ഒട്ടും മടിച്ചില്ല. മലയാളി തമിഴനിൽ നിന്ന് ഭൂമി ചുളുവിലയ്ക്ക് വാങ്ങി, രേഖകൾ ഉള്ളതും ഇല്ലാത്തതുമായ ഭൂമി. എങ്ങനെ ചെങ്കുത്തായ താഴ്‌വാരങ്ങളിലും മലമുകളിലും ഭൂമിക്ക് രേഖകൾ ഉണ്ടായി എന്ന് ചോദിക്കരുത്. പിന്നെ അവിടെ വ്യാപകമായ യൂക്കാലി നടീൽ അരങ്ങേറുകയായിരുന്നു. മൂന്നാം വർഷം വെട്ടിപ്പോകുന്ന മരങ്ങൾ വീണ്ടും അതി ശക്തിയായി കുറ്റിയിൽ നിന്ന് മുളച്ചു വന്ന് തഴക്കും. വർഷം മുഴുവൻ തമിഴന് പണി, കൈ നിറയെ പണം. ആവേശം മൂത്ത് തമിഴർ തങ്ങളുടെ കൃഷിയിടത്തിലും നട്ടു പണം കായ്ക്കുന്ന ഈ മരം.

കെ.എൻ.പി. മരക്കച്ചവടക്കമ്പനിയുടെ ജീപ്പുകളും ലോറികളും മൂന്നാറിന്റെ ചെങ്കുത്തായ കുന്നിൻ മുകളിലൊക്കെ ചീറി നടന്നു. ഒരു അതിസാധാരണ അടിമാലിക്കാരൻ ലോറി ഡ്രൈവർ വെറും ഇരുപത് വർഷം കൊണ്ട് കോടികളുടെ അസ്തിയുള്ള കെ.എൻ.പി. കമ്പനിയുടെ ഉടമയായി. ആർക്കാണ് ആത്യന്തീകമായി നഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ ഇടുക്കിയിലെ കർഷകർക്കാണ്. അവരുടെ മണ്ണാണ് തരിശായത്. അവരുടെ കുടിവെള്ളവും നീർച്ചാലുകളുമാണ് വറ്റിയത്. ഇനിയും മണ്ണിനെ ഊഷരമാക്കുന്ന ഈ മരവ്യവസായത്തെ ഇടുക്കിക്ക് താങ്ങാൻ ആവില്ല. കുടിയൊഴിപ്പിക്കുന്ന കയ്യേറ്റങ്ങളിൽ ഈ മരവ്യവസായക്കാരനേയും ഉൾപ്പെടുത്തിയേ മതിയാകൂ.

5. പാറമടകൾ

ഏലകൃഷിക്ക് മാത്രമായി പട്ടയം കൊടുത്തിട്ടുള്ള CHRമേഖലയിൽ ഇന്ന് ചെറുതും വലുതുമായ 100ഓളം പാറമടകൾ ആണ് പ്രവർത്തിക്കുന്നത്. അതിൽ 'തൗഫീഖ്' പോലുള്ള വൻപറമാടകൾ മലകളെ പൊട്ടിച്ച് തമിഴ്‌നാട് വരെ എത്തി. കട്ടപ്പനയുടെ പരിസരങ്ങളിൽ ഓരോ വന്മലകൾ തന്നെയാണ് ഇല്ലാതാവുന്നത്. പ്രദേശവാസികളുടെ എതിർപ്പൊന്നും ആരും വകവെക്കുന്നില്ല. ആര് ഇതിനൊക്കെ അനുവാദം കൊടുത്തു എന്നചോദ്യം പോലും ഇവയുടെ കാര്യത്തിൽ അപ്രസക്തമാണ്. സത്വരമായി കുടിയൊഴിപ്പിച്ച് പൂട്ടിക്കെട്ടേണ്ടവയാണ് ഈ പറമടകൾ ഒക്കെയും. അവ നിയമവിരുദ്ധമായി നടത്തിയവർക്ക് എതിരെ ഉടൻ ശിക്ഷാനടപടികളും സ്വീകരിക്കേണ്ടതുണ്ട്.

ഇനിയെന്ത്?

റിസോർട്ട്-പാടമട-തോട്ടംമാഫിയകളെ കുടിയൊഴിപ്പിച്ചാൽ തീരുന്നതല്ല ഇടുക്കിയിലെ സാധാരക്കാരന്റെ ഭൂമി പ്രശ്‌നം. ഒറ്റവാക്കിൽ പരിഹാരമില്ലാത്ത വിധം കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളും നിയമത്തിന്റെ നൂലാമാലകളും കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥലമാണ് ഇടുക്കി. അതുകൊണ്ട് തന്നെ പ്രദേശങ്ങൾ തിരിഞ്ഞുള്ള പരിഹാരമാണ് ആവശ്യം. പരിഹാരവഴികൾ അന്വേഷിക്കുമ്പോൾ ഈ അടിസ്ഥാന കാര്യങ്ങൾ പരിഗണിച്ചേ മതിയാകൂ:

1. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിവൈവിധ്യമുള്ള ലോലമേഖലയാണ് ഇടുക്കി. വളരെ ജാഗ്രതാപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് കൃഷിയോഗ്യവും വാസയോഗ്യവുമല്ലാതായി മാറാവുന്ന 40 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലകളും, കാടുകളും പച്ചപ്പുൽകവചവും നിരന്തരം വെട്ടിമാറ്റപ്പെട്ടാൽ അതിവേഗം മണ്ണൊലിച്ച് ഊഷരമായി തീരാവുന്ന കൃഷിയിടങ്ങളും മരങ്ങളുടെ പച്ചപ്പുത മാറിയാൽ രൂക്ഷവരൾച്ചബാധിക്കാവുന്ന ജനവാസഇടങ്ങളും ചേർന്ന ദുർബലപ്രകൃതിയാണ് ഇടുക്കിയുടേത്.
2. ഇടുക്കിയുടെ പ്രകൃതി നശിച്ചാൽ പിന്നെ അവിടെ കർഷകൻ ഇല്ല, കൃഷിയില്ല, ടൂറിസം ഇല്ല. ഇടുക്കിയിൽ മനുഷ്യർ അതിജീവിക്കണമെങ്കിൽ അത് പ്രകൃതിയോട് ഒപ്പമേ സാധ്യമാകൂ.
3. ഇടുക്കിക്ക് വേണ്ടത് പരിസ്ഥിതിമൗലീകവാദമോ വികസനമൗലീകവാദമോ അല്ല, സമഗ്രമായ അതിജീവനനയങ്ങളും ഹരിതരാഷ്ട്രീയവുമാണ്.
4. നിലനിൽക്കുന്ന അവസ്ഥയിൽ കർഷകന് കൃഷികൊണ്ട് മാത്രം ജീവിക്കാൻ കഴിയുന്ന അവസ്ഥ ഇടുക്കിയിൽ ഇല്ല.
5. നിയന്ത്രിതമായ എക്കോടൂറിസമേ ഇടുക്കിക്ക് താങ്ങാൻ കഴിയൂ. വലിയ ജനകൂട്ടത്തെ കടത്തിവിടേണ്ട സാധാരണ വിനോദസഞ്ചാരമേഖലയല്ല ഇത്. ഇവിടെ ത്രീസ്റ്റാർ ഫൈവ്സ്റ്റാർ റിസോർട്ട്-വാസികളായ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. പ്രകൃതിയെ അറിയാനും അനുഭവിക്കാനും വരുന്ന ഉത്തരവാദിത്വബോധമുള്ള യാത്രികരെയാണ്. എക്കോ-ടൂറിസത്തിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടത് കുത്തകകൾ അല്ല, ഇടുക്കിയിലെ കർഷകജനത തന്നെയായിരിക്കണം
5. ഇടുക്കിയുടെ ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളും രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് വിവിധവകുപ്പുകളുടെ പ്രധിനിധികളോടൊപ്പമിരുന്ന് വിശദമായി പഠിച്ചും ജനങ്ങളെ കേട്ടും കാര്യങ്ങളിൽ ഒരു തീരുമാനത്തിൽ എത്തണം.
6. ചെറുകിടക്കാർക്കും സാധാരണകർഷകർക്കും പട്ടയവിതരണം ജനപക്ഷത്ത് നിന്ന് ചിന്തിച്ച് നിയമതടസ്സങ്ങളെ മാറ്റിവെച്ച് വേഗത്തിൽ ആക്കുക. വൻകിടകൃഷിക്കാർ പാട്ടവ്യവസ്ഥയിൽ ഉള്ള തോട്ടങ്ങൾ എന്നിവയുടെ പട്ടയം പാട്ടം എന്നിവ ഓരോന്നും വ്യക്തമായി പഠിച്ചുമാത്രം കൊടുക്കുക.
7. ഇടുക്കിയിൽ നിന്ന് റിസോർട്ട്-പാറമട-മരവ്യവസായ-വൻഭൂകൈയേറ്റമാഫിയകൾ നിശ്ചയമായും പുറത്താക്കപ്പെടണം. ഇടുക്കിക്ക് വേണ്ടത് പ്രകൃതിയോട് അനുരൂപപ്പെടുന്ന കൃഷിയും ടൂറിസവും വികസനപ്രവർത്തങ്ങളുമാണ്. ഇടുക്കിക്ക് വേണ്ടത് ഒരു ഹരിത രാഷ്ട്രീയമാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നത്തിന്റെ സങ്കീർണതകളെ ആകമാനം കണക്കിലെടുത്തുള്ള നടപടിയാണ്. അത്തരം നടപടികൾ സ്വീകരിക്കുമ്പോൾ പാവപ്പെട്ടവർക്കും സാധാരണ കൃഷിക്കാർക്കും ഈ ഭൂമിയിൽ ജീവിക്കാനും കൃഷിചെയ്യാനുമുള്ള അവകാശമുണ്ടെന്ന് അടിവരയിട്ട് പറയണം. എന്നാൽ ഒരാളുടേയും പണക്കൊതിക്കും ഭൂമിക്കൊതിക്കും വ്യവസായസ്വപ്നങ്ങൾക്കും ഈ മലമുകളിൽ നിലനിൽക്കുവാൻ അവകാശമില്ലെന്നരീതിയിൽ ഉള്ള നടപടികൾ ഉണ്ടാവണം. വൻകിട കൈയേറ്റക്കാരെ കർഷകന്റെയും പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും ആദിവാസിയുടെയും പ്രശ്‌നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇടുക്കിയുടെ കാർഷീക-ഭൂപ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് ഈ വഴിക്കാണ്.