കോഴിക്കോട്: സർക്കാർ സംവിധാനങ്ങൾ തകർന്നാലും സർക്കാരിന് വലുത് രാഷ്ട്രീയം തന്നെ. അതിന്റെ ഉദാഹരണമാണ് മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളോടുള്ള സർക്കാർ സമീപനം. പൊലീസിന്റെ നിസ്സഹകരണം കാരണം ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടെന്ന റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ സർക്കാരിന് സമർപ്പിച്ചിട്ടും നപടിയൊന്നും ആയിട്ടില്ല. നടപടി എടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന മുന്നറിയിപ്പു നൽകിയിട്ടും സർക്കാരിന് കുലുക്കമൊന്നും ഇല്ല. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സി.പി.എം പ്രാദേശിക നേതാക്കളും പൊലീസും നിലകൊണ്ടു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജില്ലാ കളക്ടർ ആഭ്യന്തര വകുപ്പ് അഡീഷൺ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്ന മണി ദേവികുളം താലൂക്കിൽ നടത്തിയ ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം തടഞ്ഞതും തുടർന്നുണ്ടായ സംഭവങ്ങളും ആണ് കളക്ടറുടെ റിപ്പോർട്ടിന്റ ആധാരം. ക്രമസമാധാന പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ നിസഹകരണം മൂലം സർക്കാർ സംവിധാനം പരാജയപ്പെട്ടെന്ന ഗുരുതരമായ റിപ്പോർട്ടാണ് ഇടുക്കി ജില്ലാ കളക്ടർ ജിആർ ഗോകുൽ സർക്കാരിന് നൽകിയത്. ക്രമസമാധാന പരിപാലനത്തിൽ പൊലീസിന്റെ ശരിയായ പ്രവർത്തനം അനിവാര്യമാണ്. ഭാവിയിൽ സമാന രീതീയിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിലവിലുള്ള നിയമങ്ങളേയും വ്യവസ്ഥകളേയും സംരംക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ സാഹചര്യത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് അനുസരിക്കാത്ത ദേവികുളം സബ് ഇൻസ്പെക്ടർ ജോൺസൺ, അഡീഷണൽ സബ് ഇൻസ്പെക്ടർ പുണ്യ ദാസ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ജൂലൈ 17ന് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇതുവരെ സർക്കാർ ഇതിന്റെമേൽ നടപടി സ്വീകരിച്ചിട്ടില്ല.

റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടും നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു പേരും ഹാജരായില്ല. ന്യായമല്ലാത്ത കാര്യങ്ങൾ പറഞ്ഞ് രണ്ടു പേർക്കുമായി ജോൺസൺ അവധി അപേക്ഷ സമർപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജോൺസന്റേയും പുണ്യദാസിന്റേയും പ്രവൃത്തി ക്രിമിനൽ നടപടി നിയമ സെക്ഷൻ 44, 129(ആ)എന്നിവയുടെ ലംഘനവും ഗുരുതരമായ കൃത്യവിലോപവുമണ്.

കഴിഞ്ഞ ഏപ്രിൽ 12നാണ് റിപ്പോർട്ടിനാസ്പദമായ സംഭവം നടക്കുന്നത്. മണി സർക്കാർ ഭൂമി കൈയേറി കെട്ടിയ ഷെഡ് ഒഴിപ്പിക്കാൻ ദേവികുളം അഡീഷണൽ താഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. രണ്ട് റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരംക്ഷണ സേനയിലെ രണ്ട് ഉദ്യോഗസ്ഥരും കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ദേവികുളം പഞ്ചായത്ത് അംഗം സുരേഷ്, സി.പി.എം ദേവികുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോബി എന്നിവരുടെ നേതൃത്വത്തിൽ 30ഓളം പേർ ഒഴിപ്പിക്കാനെത്തിയവരെ ഭീഷണിപ്പെടുത്തി എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവരമറിഞ്ഞ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം, മൂന്നാർ സർക്കിൾ ഇൻസ്പെക്ടർമാരോട് പൊലീസ് സംഘത്തെ സ്ഥലത്തേക്ക് അയക്കാൻ നിർദ്ദേശിച്ചു.

ഭൂ സംരംക്ഷണ സേനയിലെ ലിസൺ എന്ന ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്തെന്ന വിവരം അറിഞ്ഞതോടെ ശ്രീ റാം വെങ്കിട്ടരാമൻ സ്ഥലത്തെത്തി. ഈ സമയത്ത് സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കാതെ പൊലീസ് ഒരു മൂലയ്ക്ക് മാറി നിൽക്കുകയായിരുന്നെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ സബ് കലക്ടർ വാക്കാൻ നിർദ്ദേശം നൽകി. സംഭവം നടന്നത് താൻ വരുന്നതിന് മുമ്പാണെന്നും അതിനാൽ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു എസ്ഐ ജോൺസന്റെ മറുപടി. പരാതി എഴുതി നൽകിയാൽ നടപടി എടുക്കാം എന്നായിരുന്നു എസ്ഐ പുണ്യദാസിന്റെ മറുപടി.

തുടർന്ന് പരാതി എഴുതി നൽകിയതിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്. എന്നാൽ എഴുതി നൽകിയിട്ടും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് കിട്ടിയിട്ടും സർക്കാർ അതിന്മേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മൂന്നാർ കൈയേറ്റക്കാരും രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മയും എത്രത്തോളം അുപ്പമുള്ളവരാണെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്.