- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനകൾക്ക് റോഡ് കടക്കനാായി 48 റാംപുകൾ; അടിപ്പാലം ആനയ്ക്കെങ്കിൽ വരയാടിന് മേൽപാലം; അടിമുടി മാറാനൊരുങ്ങി കൊച്ചി ധനുഷ്കോടി ദേശീയ പാത; മൂന്നാർ - ബോഡിനായ്ക്കന്നൂർ പാത നവീകരണം അവസാനഘട്ടത്തിൽ
കൊച്ചി: സഞ്ചാരികൾക്ക് വിസ്മയക്കാഴ്ച്ചയൊരുക്കാൻ കൊച്ചി ധനുഷ്കോടി ദേശീയ പാത.പാതയിൽ മൂന്നാർ മുതൽ തമിഴ്നാട്ടിലെ അതിർത്തി പട്ടണമായ ബോഡിനായ്ക്കന്നൂർ വരെയുള്ള കാഴ്ചകളാണ് ഇതുവഴിയുള്ള യാത്രക്കാരുടെ മനം വരുന്നത്.തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ആനയിറങ്കൽ ജലാശയത്തിന്റെ വിദൂര കാഴ്ചകളും ബോഡിമെട്ട് ചുരവുമെല്ലാം ഈ റോഡിനെ സഞ്ചാരികളുടെ ഇഷ്ടപാതയാക്കുന്നു.
ഇതിനുപുറമെ റോഡിന്റെ നവീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ അദ്ഭുതം പകരുന്ന കാഴ്ചകളായിരിക്കും മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റർ ഭാഗത്ത് ഉണ്ടാവുക.അടുത്ത മാർച്ചിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായതിനു ശേഷം കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കാൻ റോഡിനു താഴ്ഭാഗത്തു കൂടി ഒരു ഇടനാഴിയും വരയാടിനു സഞ്ചരിക്കാൻ കോൺക്രീറ്റ് മേൽപാലവും നിർമ്മിക്കും. വനം വകുപ്പാണ് മൃഗ പാലങ്ങൾ നിർമ്മിക്കുകയെന്നാണു ദേശീയ പാത വിഭാഗം പറയുന്നത്.
ഏകദേശം 2.95 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്യാപ് റോഡിനു സമീപമാണ് വരയാടിനു വേണ്ടി 4 മീറ്റർ വീതിയിൽ 2 മലകളെ തമ്മിൽ ബന്ധിപ്പിച്ച് മേൽപാലം നിർമ്മിക്കുന്നത്. പൂപ്പാറ തോണ്ടിമലയ്ക്ക് സമീപമാണ് കാട്ടാനകൾക്കു വേണ്ടി അണ്ടർ പാസേജ് നിർമ്മിക്കുന്നത്.
പദ്ധതിക്ക് ദേശീയ പാത വിഭാഗം അനുമതി നൽകിയിട്ടുണ്ട്. നേരത്തെ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ ചാമ്പൽ മലയണ്ണാനും ഹനുമാൻ കുരങ്ങുകൾക്കും മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാത മുറിച്ചു കടക്കുന്നതിന് മുളകൊണ്ടുള്ള മേൽപാലങ്ങൾ വനം വകുപ്പ് നിർമ്മിച്ചിരുന്നു.
എന്നാൽ വന്യ മൃഗങ്ങൾക്കായി കോൺക്രീറ്റ് പാലങ്ങൾ നിർമ്മിക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. ഇതു കൂടാതെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി 48 റാംപുകളും (ചെരിഞ്ഞ പ്രതലത്തോടു കൂടിയ വഴി) നിർമ്മിക്കണമെന്ന് ദേശീയ പാത വിഭാഗം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ