- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎം മനോജിനെ ഉത്തരം മുട്ടിച്ച് നിഷാ ജെബി; മുഷ്ടി ചുരുട്ടി അഭിവാദ്യമർപ്പിച്ച് നികേഷ് കുമാർ; റിപ്പോർട്ടർമാരെ എടുത്തുപൊക്കി ആഹ്ലാദപ്രകടനം നടത്തി തൊഴിലാളികൾ; എങ്ങും തൊടാതെ പീപ്പിൾ ടിവി; മൂന്നാർ തീപ്പന്തമായപ്പോൾ ടെലിവിഷൻ ചാനലുകളിൽ കണ്ട അസാധാരണ കാഴ്ചകൾ
മൂന്നാറിൽ സമരത്തിനിറങ്ങിയ പെൺകൂട്ടത്തിലാരുടെയെങ്കിലും കൈയിൽ ഒരു ചാനൽറിപ്പോർട്ടറുടെ പോലും ഫോൺനമ്പറുണ്ടാകില്ല. അത്രയ്ക്ക സാധാരണക്കാരായ സ്ത്രീകളാണ് അസഹനീയ ദുരിതത്തിന്റെ കയത്തിൽ നിന്ന് വിജയം അല്ലെങ്കിൽ മരണം എന്ന നിലപാടെടുത്ത് സമരത്തിനിറങ്ങിയത്. ആദ്യ മൂന്ന് ദിവസങ്ങളിൽ സമരത്തെ രാഷ്ട്രീയ നേതാക്കൾ പോയിട്ട് ചാനലുകൾ പോലും കണ്ടതേയ
മൂന്നാറിൽ സമരത്തിനിറങ്ങിയ പെൺകൂട്ടത്തിലാരുടെയെങ്കിലും കൈയിൽ ഒരു ചാനൽറിപ്പോർട്ടറുടെ പോലും ഫോൺനമ്പറുണ്ടാകില്ല. അത്രയ്ക്ക സാധാരണക്കാരായ സ്ത്രീകളാണ് അസഹനീയ ദുരിതത്തിന്റെ കയത്തിൽ നിന്ന് വിജയം അല്ലെങ്കിൽ മരണം എന്ന നിലപാടെടുത്ത് സമരത്തിനിറങ്ങിയത്. ആദ്യ മൂന്ന് ദിവസങ്ങളിൽ സമരത്തെ രാഷ്ട്രീയ നേതാക്കൾ പോയിട്ട് ചാനലുകൾ പോലും കണ്ടതേയില്ല. അവർക്ക് ഈ സമരം ഇത്രകണ്ട് വളരുമെന്ന തിരിച്ചറിവുണ്ടായില്ല എന്ന് പറയുന്നതാകും ശരി. എന്നാൽ മൂന്നാംദിവസം മുതൽ ചാനലുകൾ അതേറ്റെടുക്കാൻ തീരുമാനിക്കുകയും ഒബി വാനുകൾ അട്ടമുള്ള സാങ്കേതിക സൗകര്യങ്ങളും ഒന്നിലധികം റിപ്പോർട്ടർമാരും ക്യാമറാക്രൂവും മൂന്നാറിലേക്ക് മലകയറി. വാർത്തകളിലെ തൽസമയ റിപ്പോർട്ടിംഗിനിപ്പുറത്ത് റിപ്പോർട്ടർ ചാനൽ ഉച്ചനേരങ്ങളിൽ അരമണിക്കൂർ പ്രത്യേക ചർച്ചകളും സംഘടിപ്പിച്ചു. ചില റിപ്പോർട്ടർമാർ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താതെ സമരക്കാരിലൊരാൾ എന്ന പോലെ റിപ്പോർട്ടിംഗിലും ആവേശം കലർത്തി.
ഒടുവിൽ സമരം അവസാനിക്കുമ്പോൾ സമരക്കാരുടെ ഏറ്റവും വലിയ നന്ദിപ്രകടനം ഏറ്റുവാങ്ങിയതും ചാനലുകളായിരുന്നു. സമരം വിജയിച്ചതായി പ്രഖ്യാപിച്ച് വിജയാഹ്ലാദത്തിന്റെ തൽസമയ റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർചാനൽ റിപ്പോർട്ടർ യദുനാരായണനെ സമരക്കാർ എടുത്തുയർത്തി മുദ്രാവാക്യം വിളിച്ചു. അസാധാരണമായ സാഹചര്യത്തിൽ സ്തംഭിച്ചുപോയ റിപ്പോർട്ടറുടെ അസാധാരണറിപ്പോർട്ടിംഗാണ് അപ്പോൾ അവിടെ കണ്ടത്. സാധാരണ സമരക്കാരുടെ സമീപനത്തിനപ്പുറത്ത് പ്രാദേശിക ട്രേഡ് യൂണിയൻ നേതാക്കളൊഴികെ സകലരെയും സ്‌നേഹിക്കുന്ന സമരക്കാരുടെ കാഴ്ചയാണ് മൂന്നാറിൽ കണ്ടത്. അതേസമയം സമരത്തെ കുറിച്ചുള്ള രാത്രിചർച്ചയും ആവേശഭരിതമായി.
മനോരമയിൽ വിജയോന്മാദത്തിൽ തൊഴിലാളികളുടെ നിഷ്‌കളങ്കമായ ചിരിക്കിടെ പിഎം മനോജും ജോസഫ് സി മാത്യുവും പങ്കെടുത്ത ചർച്ചയിൽ അവതാരക നിഷാജെബിയുമായുണ്ടായ തർക്കവും രസകരമായി. എസ് രാജേന്ദ്രന്റെ സമരത്തിനടുത്തേക്ക് പോകാതെ വി എസ് അച്യുതാനന്ദൻ എന്തുകൊണ്ട് സ്ത്രീതൊഴിലാളികളുടെ സമരമുഖത്ത് പോയി ഇരിപ്പുറപ്പിച്ചുവെന്നതായിരുന്നു നിഷയുടെ ചോദ്യം. എന്നാൽ അതിൽ അസ്വാഭാവികതയൊന്നും തോന്നാത്ത പിഎം മനോജ് മനോരമയെ പരിഹസിക്കുകയാണ് ചെയ്തത്.
വി എസ് ഞങ്ങളുടെ നേതാവാണ്, സിപിഐഎമ്മുകാരല്ലേ അങ്ങോട്ടേക്ക് പോയുള്ളൂ എന്നായി മനോജ്. എന്നാൽ അപ്പോഴും ഈ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒരു അസാധാരണത്വവും കാണുന്നില്ലേയെന്ന് നിഷ വീണ്ടും ചോദ്യമുതിർത്തു. മറുപടി പറയാൻ അനുവദിക്കാതെ ഉത്തരംമുടിച്ച് വിനോദിക്കുന്ന ഏർപ്പാട് ശരിയല്ലെന്ന് പിഎം മനോജ് ആവർത്തിച്ചു. എന്നാൽ ഉത്തരം മുട്ടിച്ചിട്ടില്ലല്ലോ നിങ്ങൾക്ക് പറയാമല്ലോയെന്നായി നിഷ. അപ്പോഴും ഉത്തരംമുട്ടിക്കലാണ് നിങ്ങളുടെ ലക്ഷ്യമെന്നും അതിവിടെ വേണ്ടെന്നും ഉള്ള വാശിയിലായി പിഎം മനോജ്. ഒടുവിൽ ഉത്തരം മുട്ടുന്നത് എന്റെ കുറ്റമല്ലെന്ന് പറഞ്ഞ് നിഷ ചർച്ച മറ്റൊരുവഴിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ചുരുക്കത്തിൽ വിഎസിന്റെ യാത്രയുമായി ബന്ധപ്പെട്ട് സിപിഎമ്മുകാർക്ക് പ്രത്യേകിച്ച വിശദീകരണങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല എന്നതാണ് ശരി.
അതേ സമയം റിപ്പോർട്ടർ ടിവിയിൽ ചർച്ച നടന്നുകൊണ്ടിരിക്കെയാണ് സമരക്കാരുടെ പ്രതികരണങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടർ യദുനാരയണൻ റിപ്പോർട്ട് ചെയ്യുന്നതിനിടെ സമരക്കാരുടെ സ്‌നേഹപ്രകടനം അസാധാരണമായി. തൽസയമ റിപ്പോർട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെ യദുവിനെ എടുത്തുപൊക്കി മുദ്രാവാക്യം വിളിക്കുകയാണ് സമരക്കാർ ചെയ്തത്. ഏറെ നേരം നീണ്ടപ്പോഴും ചാനൽ അതുസംപ്രേഷണം ചെയ്തുവെന്ന് മാത്രമല്ല, തുടർവാർത്തകളിൽ റിപ്പോർട്ടറെ എടുത്തുപൊക്കി ആഹ്ലാദപ്രകടനം വിളിക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും ചെയ്തു.
സമരക്കാരിലൊരാളെന്നപോലെ റിപ്പോർട്ട് ചെയ്യാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നതിന് ചില സമരക്കാർ മൈക്കിലൂടെ നന്ദി പറയുന്നുമുണ്ടായിരുന്നു. അതേ സമയം തൽസമയ ചർച്ചയ്‌ക്കെത്തിയ നികേഷ്‌കുമാർ ചാനലിലിരുന്ന് കൊണ്ട് സമരക്കാർക്ക് മുഷ്ടിചുരുട്ടി അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ചർച്ച അവസാനിപ്പിച്ചത്. മാത്രമല്ല, ചർച്ചയിൽ പങ്കെടുത്ത എംഎൻ പിയേഴ്‌സണോട് നിങ്ങൾക്ക് തോന്നുന്നില്ലേ, ഒന്ന് അഭിവാദ്യമർപ്പിക്കാൻ എന്ന് ചോദിക്കുകയും ചെയ്തു. പിയേഴ്‌സണും നികേഷിനൊപ്പം വാക്കാൽ അഭിവാദ്യമർപ്പിക്കുകയായിരുന്നു.
എല്ലാ ചാനലുകളും സ്ത്രീതൊഴിലാളികളുടെ സമരത്തെ അങ്ങേയറ്റം പിന്തുണച്ചപ്പോൾ പിപ്പീൾ ടിവി ചർച്ചകളിൽ എസ് രാജേന്ദ്രൻ ശരിയെന്ന് വരുത്തിത്തീർക്കാനുള്ള ചില ചർച്ചകൾ നിരന്തരം ഉയർത്തിവിടുന്നത് കണ്ടു. സമരക്കാർ ഓടിച്ചുവിടുകയും മാനം രക്ഷിക്കാൻ സ്വന്തം നിലയിൽ നിരാഹാര സമരം ആരംഭിക്കുകയും ചെയ്ത രാജേന്ദ്രന്റെ സമരപ്പന്തലിൽ നിന്നുള്ള തൽസമയ ദൃശ്യങ്ങളും ചാനൽ കാണിച്ചുകൊണ്ടേയിരുന്നു. സമരം മാദ്ധ്യമശ്രദ്ധയിൽ വന്ന ആദ്യ ദിവസം തന്നെ ഈ സമരത്തിൽ തമിഴ് തീവ്രവാദിസംഘടനകളുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി രാജേന്ദ്രൻ നടത്തിയ പ്രസ്താവനയാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. ഈ പ്രസ്താവന ബൈറ്റ് സഹിതം ചാനലുകൾ സംപ്രേഷണം ചെയ്യുകയും ചെയ്തു. രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ചർച്ചകളും സംഘടിപ്പിച്ചു.
എന്നാൽ നിരാഹാരം ആരംഭിച്ചതിന് ശേഷം പീപ്പിൾ ടിവിയിൽ ഡോ എസ് ലാൽ നടത്തിയ ചർച്ചയിലും രാജേന്ദ്രന്റെ സമരം സാമാധാനപരമാണെന്നും സ്ത്രീതൊഴിലാളികളുടെ സമരം ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്നും ആവർത്തിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. മാത്രമല്ല എസ് രാജേന്ദ്രൻ പീപ്പിൾ ടിവിയിൽ ചർച്ചയ്‌ക്കെത്തി റിപ്പോർട്ടർ ചാനൽ സമരക്കാരെ പ്രകോപിപ്പിക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു. താൻ നടത്താത്ത ഒരു പ്രസ്താവനയുടെ പേരിൽ റിപ്പോർട്ടർ ടിവി വേട്ടയാടുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അകറ്റി നിർത്തുന്ന സമരക്കാരുടെ തീരുമാനത്തെയും ചാനൽ ചോദ്യം ചെയ്തു. എന്നാൽ നേതാക്കൾ ടാറ്റുടെ കൈയിൽ നിന്ന് അച്ചാരം പറ്റുന്നുവെന്ന ആക്ഷേപത്തെ കുറിച്ച് മിണ്ടാതിരിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം പോലും ചർച്ചയെക്കെടുക്കാതിരിക്കുകയും ചെയ്യാൻ പീപ്പിൾ പ്രത്യേകം ശ്രദ്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ടാറ്റ പണിയിച്ചുകൊടുത്ത നേതാക്കളുടെ വീടുകളിൽ പോയി പ്രത്യേക വാർത്തയും നൽകിയിരുന്നു. സമരത്തിന്റെ അവസാന ദിനത്തിൽ എസ് രാജേന്ദ്രന്റെ പുതുക്കിപ്പണിയുന്ന വീടിന്റെ ദൃശ്യം സഹിതം ആ വാർത്ത സംപ്രേഷണം ചെയ്തിരുന്നു. ടാറ്റയുടെ കൈയിൽ നിന്ന് വാങ്ങിയ വീട് ആഴ്ചകൾക്ക് മുമ്പ് രാജന്ദ്രൻ ഒഴിഞ്ഞുവെന്ന് ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീടിനെ കുറിച്ചുള്ള വാർത്ത ഏഷ്യാനെറ്റ് നൽകിയത്. സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതിരുന്ന കോൺഗ്രസ് നേതാവ് എകെ മണിയുടെ വീടും സിപിഐ നേതാവ് സിഎ കുര്യന്റെ ഇടാപാടുകളും ചാനൽ വാർത്തയ്‌ക്കൊപ്പം നൽകി. ടാറ്റയുടെ കൈയിൽ നിന്ന് അച്ചാരം വാങ്ങി ബംഗ്ലാവുകൾ പണിയുന്ന ഇവർ എങ്ങനെയാണ് ലായങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുകയെന്ന് വിനുവി ജോൺ ചർച്ചയ്ക്കിടെ ചോദിക്കുകയും ചെയ്തു.
എന്തായാലും മൂന്നാർ സമരം അവസാനിക്കുമ്പോൾ ജനാധിപത്യത്തിന്റെ ഒരുമയുടെ വിജയം എന്നതിനൊപ്പം വൈകിയാണെങ്കിലും പിന്നീട് സജീവമാവുകയും സമൂഹത്തിന്റെയൊന്നാകെ ശ്രദ്ധയെ ആകർഷിക്കും വിധത്തിൽ വളരുകയും ചെയ്ത മാദ്ധ്യമവിവേകത്തിന്റെ പുത്തൻ അധ്യായം കൂടി എഴുതിച്ചേർക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല, മാദ്ധ്യമങ്ങൾക്കും ഇത്തരംസംഭവങ്ങളെ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാനുള്ള ഒരു ജാഗ്രതപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. ചുരുക്കത്തിൽ സമീപകാലത്തൊന്നും കാണാത്തത്രയും നീണ്ട സമയം തുടർച്ചയായ ചർച്ചകളും തൽസമയ സംപ്രേഷണവും ആയി ചാനലുകളും സമരക്കാർക്കൊപ്പം നിന്നുവെന്നത് ശ്രദ്ധേയം തന്നെ.