- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ വരെ നേതാക്കൾ ആയിരുന്നവർ ഇന്ന് തൊഴിലാളികളുടെ കടുത്ത ശത്രുക്കൾ; സി എ കുര്യൻ, എസ് രാജേന്ദ്രൻ, എ കെ മണി, എം വി ശശികുമാർ, പി പളനിവേൽ, മുത്തുപ്പാണ്ടി, എം വൈ ഔസേപ്പ് എന്നിവരോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകൾ: ടാറ്റയുടെ അച്ചാരം വാങ്ങി റിസോർട്ടുകളും ഭൂമിയും വാങ്ങിയവരുടെ പേര് വിവരം പുറത്തുവിട്ട് സമരക്കാർ
ഇടുക്കി: ബോണസ്- ശമ്പളവർധന ആവശ്യപ്പെട്ടാണ് മൂന്നാർ ടാറ്റയുടെ കണ്ണൻദേവൻഡ പ്ലാന്റേഷനിലെ തൊഴിലാളികൾ ഒരാഴ്ചയായി നാടിനെ സ്തംഭിപ്പിച്ച് സമരം നടത്തുന്നതെങ്കിലും കാലങ്ങളായി അവരെ ചൂഷണം ചെയ്യുന്ന തൊഴിലാളി പ്രസ്ഥാനങ്ങളോടും നേതാക്കളോടുമുള്ള രോഷമാണ് സമരമുഖത്തെ തീവ്രമാക്കുന്നതെന്ന് വ്യക്തമാകുന്നു. ഏറ്റവുമൊടുവിൽ സ്ഥലത്തെ പ്രമുഖനേതാവും
ഇടുക്കി: ബോണസ്- ശമ്പളവർധന ആവശ്യപ്പെട്ടാണ് മൂന്നാർ ടാറ്റയുടെ കണ്ണൻദേവൻഡ പ്ലാന്റേഷനിലെ തൊഴിലാളികൾ ഒരാഴ്ചയായി നാടിനെ സ്തംഭിപ്പിച്ച് സമരം നടത്തുന്നതെങ്കിലും കാലങ്ങളായി അവരെ ചൂഷണം ചെയ്യുന്ന തൊഴിലാളി പ്രസ്ഥാനങ്ങളോടും നേതാക്കളോടുമുള്ള രോഷമാണ് സമരമുഖത്തെ തീവ്രമാക്കുന്നതെന്ന് വ്യക്തമാകുന്നു. ഏറ്റവുമൊടുവിൽ സ്ഥലത്തെ പ്രമുഖനേതാവും എംഎൽ എയുമായ എസ് രാജേന്ദ്രനെ വെള്ളിയാഴ്ച സമരക്കാർ വിരട്ടിയോടിക്കുകയും ചെരുപ്പിന് അടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ തൊഴിലാളികയൂണിയൻ നേതാക്കളോട് അവർക്കുള്ള വികാരം പ്രകടമായി പുറത്തുവരികയും ചെയ്തു.
ഇതുവരെയുള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ തൊഴിലാളി നേതാക്കൾ സ്വരുക്കൂട്ടിയ കോടിക്കണക്കിനു രൂപയുടെ അവിഹിത സമ്പാദ്യങ്ങളാണ് തങ്ങളുടെ വിയർപ്പിന്റെ പേരിൽ നേതാക്കൾ ചൂഷണം ചെയ്തതെന്ന് സ്ത്രീതൊഴിലാളികൾ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. തോട്ടം തൊഴിലാളികളുടെ മൂന്നു പ്രധാന യൂണിയനുകളെയും ഒഴിവാക്കി വേണം ചർച്ച നടത്താനെന്നുവരെ സമരക്കാർ ആവശ്യപ്പെട്ടത് ഇക്കാര്യത്തിൽ നേതാക്കളിലുള്ള അവിശ്വാസവും പ്രകടമാക്കുന്നു. ഇപ്പോഴും പല തേയിലത്തോട്ടങ്ങളും നഷ്ടത്തിലാണെങ്കിലും മുൻ വർഷത്തെ 19.5 ശതമാനം ബോണസ് 10 ശതമാനമായി വെട്ടിച്ചുരുക്കിയ സാഹചര്യത്തിന് തൊഴിലാളി നേതാക്കൾ ഒത്താശ ചെയ്തത് തൊഴിലാളി വഞ്ചനയും മാനേജ്‌മെന്റിനു കൂട്ടുനിന്ന് ധനസമ്പാദനം നടത്തുകയായിരുന്നെന്നും ആരോപണമുയരുന്നു.
പ്രമുഖ യൂണിയനായ എ. ഐ. ടി. യു. സിയുടെ നേതാവും മുൻ നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായ സി. എ കുര്യൻ, സി. പി. എം എം.എൽഎയും തൊഴിലാളി നേതാവുമായ എസ് രാജേന്ദ്രൻ, മുൻ എം. എൽ. യും കെ. പി. സി. സി വൈസ് പ്രസിഡന്റുമായ എ. കെ മണി, സി. പി. എം നേതാവ് എം. വി ശശികുമാർ, സി. പി. ഐയുടെ നേതാക്കളായ പി പളനിവേൽ, പി മുത്തുപ്പാണ്ടി, എം. വൈ ഔസേപ്പ് തുടങ്ങി നിരവധി പ്രമുഖർക്കെതിരെയാണ് തൊഴിലാളികളുടെ രോഷം മുഴുവൻ. അവരെ യാതൊരു കാരണവശാലും സമരത്തിൽ പങ്കാളികളാക്കരുതെന്നാണ് തൊഴിലാളികളുടെ നിലപാട്. പതിറ്റാണ്ടുകളായി ഇവരെ നേരിട്ടറിയാവുന്നവരാണു തൊഴിലാളികൾ. ഇവർ തമിഴ്‌നാട്ടിൽ വീട് സ്വന്തമാക്കി എന്ന് ആരോപിക്കുന്ന ഒരു കുറിപ്പും സമരക്കാർ പുറത്തുവിട്ടിട്ടുണ്ട്.
സമരക്കാർ പുറത്തുവിട്ട തമിഴ് കുറിപ്പിൽ പരാമർശിക്കുന്നവരുടെ പേര് വിവരങ്ങൾ ഇങ്ങനെയാണ്:
എസ് രാജേന്ദ്രൻ എംഎൽഎ: പെരിയവാരയിൽ കെഡിഎച്ച്പി വീടുണ്ട്.
എം കെ മണി (മുൻ എംഎൽഎ): നിരവധി കെഡിഎച്ച്പി വീടുകൾ കൈവശം വെയ്ക്കുന്നു.
സുന്ദര മാണിക്യം (മുൻ എംഎൽഎ) : മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
ജി മുനിയാണ്ടി (ഐഎൻടിയുസി): പഴയ മൂന്നാറിൽ കെഡിഎച്ച്പി വീടുണ്ട്.
സി എ കുര്യൻ (എഐടിയുസി): മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
എം വൈ ഒസേഡ്(എഐടിയുസി):മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
സി കുമാർ (ഐഎൻടിയുസി): പഴയമൂന്നാറിൽ കെഡിഎച്ച്പി വീടുണ്ട്.
പഴനിവേൽ (എഐടിയുസി): സെവൻ മലയിൽ കെഡിഎച്ച്പി വീടുണ്ട്.
വൈ. നടരാജൻ (എഐടിയുസി): മൂന്നാർ കുന്നിൽ കെഡിഎച്ച്പി വീടുണ്ട്.
പി.എസ് കണ്ണൻ (എഐടിയുസി): മാട്ടുപെട്ടി റോഡിലും ദേവികുളത്തും കെഡിഎച്ച്പി വീടുണ്ട്.
ബാലൻ (എഐടിയുസി): തേയിലക്കടയിൽ കെഡിഎച്ച്പി വീടുണ്ട്.
മിക്കനേതാക്കളും സാമ്പത്തിക സമാഹരണത്തിന് തൊഴിലാളികളെ ഉപയോഗപ്പെടുത്തി വരികയായിരുന്നുവെന്നാണ് ആരോപണമുന്നയിക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് കോട്ടയം ജില്ലയിലെ സഹകരണ ബാങ്കിൽനിന്നു ജോലി ഉപേക്ഷിച്ച മൂന്നാറിലെത്തിയ സി. എ കുര്യൻ എഐടിയുസി യുടെ ചോദ്യം ചെയ്യപ്പെടാനാകാത്തവിധം ശക്തനായി വളർന്നുകഴിഞ്ഞു. ടാറ്റായുടെ കണ്ണിലുണ്ണിയാണദ്ദേഹം. തൊഴിലാളികളുടെ ഉന്നമനത്തിനായി ടാറ്റാ ടീ കമ്പനിയുമായി നിരന്തരം ഇടപെടേണ്ട കുര്യന്റെ താമസം ടാറ്റാ വക ക്വാർട്ടേഴ്‌സിലാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കൾക്കും ടാറ്റായുടെ കൊച്ചി ഓഫീസിൽ ഉയർന്ന ജോലി ലഭ്യമാക്കിയത് തങ്ങളുടെ യൂണിയൻ അംഗബലത്തിന്റെ സ്വാധീനത്താലാണെന്നു തൊഴിലാളികൾ ആരോപിക്കുന്നു.
അത്തരത്തിലുള്ള ഒരാൾക്ക് മാനേജ്‌മെന്റിനോടായിരിക്കും കൂടുതൽ കൂറെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. സിപിഐക്ക് മൂന്നാറിലുള്ള വിവാദമായ ബഹുനില കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കുര്യനു തന്നെയാണത്രേ. പാർട്ടി ഓഫീസും റിസോർട്ടുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തനമല്ലാതെ തൊഴിലാളികളുടെ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പദവികൂടി കുര്യൻ വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾക്ക് തങ്ങളുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും വിലയുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
മൂന്നാറിൽ മൂന്നു തവണ എംഎൽഎ യായ എ. കെ മണി ടാറ്റായുടെ അഞ്ചു ക്വാർട്ടേഴ്‌സുകളും ഭൂമിയും സ്വന്തമാക്കിയെന്നാണ് മറ്റൊരു ആക്ഷേപം. കോൺഗ്രസ് ഓഫീസിലെ സഹായിയായി രംഗത്തുവന്ന മണി, പിന്നീട് ട്രേഡ് യൂണിയൻ നേതാവായ കുപ്പുച്ചാമിക്കൊപ്പം നിന്നാണ് തൊഴിലാളി നേതാവും എംഎൽഎയുമായി വളർന്നത്. ഇദ്ദേഹത്തിനും ഇപ്പോഴത്തെ എംഎൽഎ എസ് രാജേന്ദ്രനും തമിഴ്‌നാട്ടിൽ തോട്ടങ്ങളുണ്ടെന്നും വലിയ സമ്പാദ്യങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടെന്നും പറയുന്നു. ഇവർ കൂട്ടുകച്ചവടക്കാരാണെന്നുവരെ തൊഴിലാളികളുടെ ഭാഗത്തുനിന്നു കുറ്റപ്പെടുത്തലുകൾ ഉണ്ടായിക്കഴിഞ്ഞു. എം. വി ശശികുമാറിന്റെ പ്രവർത്തനങ്ങളിൽ സി. പി എമ്മിനുള്ളിൽത്തന്നെ ഭിന്നതകളുയർന്നിട്ടുണ്ട്. ശശികുമാറിനെ സി. പി. എം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
യാതൊരു പണിയുമെടുക്കാത്ത മിക്ക നേതാക്കൾക്കും തമിഴ്‌നാട്ടിൽ റിസോർട്ട്, ആഡംബര വാഹനങ്ങൾ, തോട്ടങ്ങൾ തുടങ്ങിയവയൊക്കെയുണ്ടെന്നതു തൊഴിലാളികൾക്കറിയാം. പല തൊഴിലാളി നേതാക്കളുടെയും ജീവിതം അത്യാഡംബരം നിറഞ്ഞതാണ്. മക്കളെ പഠിപ്പിക്കുന്നതു പലരും ദശലക്ഷങ്ങൾ തന്നെ മുടക്കിയാണ്. ഭാര്യമാരുടെയും ബന്ധുക്കളുടെയുമൊക്കെ പേരിലാണ് പലർക്കും സമ്പാദ്യം. ട്രേഡ് യൂണിയൻ നേതാക്കൾക്കുള്ള വരുമാനം മാസവരിയിനത്തിലുള്ളതാണ്. ബോണസ് വിഹിതം നിശ്ചയിക്കുമ്പോൾ അനൗദ്യോഗികമായി രണ്ടു ശതമാനം തൊഴിലാളി യൂണിയൻ നേതാക്കൾക്കായി നീക്കിവയ്ക്കാറുമുണ്ട്. എന്നാൽ നിലവിലെ ബോണസ് കുറച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന് സാധാരണ ഗതിയിൽ തൊഴിലാളി യൂണിയൻ നേതാക്കൾ വഴങ്ങുന്നത് അപൂർവമാണ്.
തോട്ടങ്ങൾക്കു വൻനഷ്ടവും തകർച്ചയും നേരിടുമ്പോഴാണു ബോണസിൽ നേരിയ കുറവിന് സമ്മതിക്കാറുള്ളത്. എന്നാൽ മൂന്നാറിൽ പുതിയ എം. ഡിയുടെ നയതന്ത്രജ്ഞതയ്ക്കു വഴങ്ങി 9.5 ശതമാനം ഒറ്റയടിക്ക് കുറയ്ക്കാൻ നേതാക്കൾ ഒത്താശ ചെയ്താണെന്നും തൊഴിലാളികൾ ഉറപ്പിച്ചു പറയുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിയാതെയാണ് നേതാക്കളിൽ പലരും ഇപ്പോഴും തൊഴിലാളികൾക്കെതിരെ സംസാരിക്കുന്നത്.