ഇടുക്കി: മൂന്നാറിനടുത്ത് ഗുണ്ടുമലയിൽ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ വെട്ടിക്കൊലപ്പെടുത്തി 12 പവന്റെ സ്വർണം കവർന്ന കേസിൽ അന്വേഷണം അന്തിമഘട്ടത്തിലെക്ക്. പ്രതി ഏറ്റവുമടുത്ത ബന്ധുവായ കൗമാരക്കാരനാണെന്നു വ്യക്തമായ സൂചന പൊലിസിനു ലഭിച്ചു. എന്നാൽ കൊലപാതകത്തിനുപയോഗിച്ച ആയുധവും അപഹരിക്കപ്പെട്ട സ്വർണാഭരണവും കണ്ടെത്താനാകാത്തതും കുറ്റവാളിയെന്നു സംശയിക്കുന്ന കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനുള്ള നിയമതടസവും പൊലിസിനെ കുഴയ്ക്കുകയാണ്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ കുടുക്കാനാകാതെ വന്നതോടെ സമ്മർദത്തിലായ പൊലിസ് വൈകാതെ അറസ്റ്റ് നടത്താൻ പഴുതുകളില്ലാത്ത നടപടിക്ക് ഒരുങ്ങുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 14ന് ഉച്ചയോടെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ വക ഗുണ്ടുമല ക്രെഷിലെ ആയയായ സമീപവാസി രാജുഗുരു(41)വാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. മൂന്നാർ ടൗണിലെ ടൂറിസ്റ്റ് ഗൈഡ് മണികുമാറിന്റെ ഭാര്യയാണ്. കഴുത്തിലും കവിളിലും തലയിലും വെട്ടേറ്റു കമഴ്ന്നു കിടക്കുന്ന നിലയിൽ ശിശുപരിചരണ കേന്ദ്രത്തിലെ അടുക്കളയിലാണ് മൃതദേഹം കാണപ്പെട്ടത്.

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനെത്തിയ തോട്ടം തൊഴിലാളികളായ മാതാക്കളാണ് ജഡം കണ്ടത്. ഈ സമയം മൂന്നു വയസിൽ താഴെയുള്ള നാലു കുട്ടികൾ മാത്രമാണ് ക്രെഷിൽ ഉണ്ടായിരുന്നത്. സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികൾ പിന്നീട് രാജഗുരുവിനെ ആശുപത്രിയിലെക്ക് കൊണ്ടുപോയെങ്കിലും നേരത്തെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

മൂന്നാർ ടൗണിൽനിന്ന് 40 കിലോമീറ്ററോളം അകലെയാണ് സംഭവസ്ഥലം. മൂന്നാർ സി. ഐ: സാം ജോസിന്റെ നേതൃത്വത്തിൽ പൊലിസ് എത്തി പ്രതിക്കായി ഊർജിതാന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എസ്റ്റേറ്റ് മേഖലയ്ക്ക് പുറത്തുനിന്ന് ആരെങ്കിലും എത്തി കൃത്യം നടത്താനുള്ള സാധ്യതയില്ലെന്ന് ആദ്യഘട്ടത്തിൽതന്നെ പൊലിസ് വിലയിരുത്തിയിരുന്നു. എറണാകുളം റേഞ്ച് ഐ. ജി: പി വിജയൻ, ജില്ലാ പൊലിസ് മേധാവി കെ. ബി വേണുഗോപാൽ എന്നിവരും മൂന്നാറിലെത്തി അന്വേഷണത്തിന് നേരിട്ടു നേതൃത്വം നൽകുകയും ഗുണ്ടുമലയിൽ പ്രത്യേക അന്വേഷണ ഓഫീസ് തുറക്കുകയും 22 അംഗ സ്‌പെഷൽ സ്‌ക്വാഡിനെ നിയോഗിക്കുകയും ചെയ്തു. പുറത്തുനിന്നുള്ളവർ കൃത്യത്തിലുൾപ്പെട്ടിട്ടില്ലെന്നു ബോധ്യമായതോടെയാണ് പ്രദേശത്തുള്ളവരും ബന്ധുക്കൾ അടക്കമുള്ളവരുമായവരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മൂന്നാർ സി. ഐ: സാം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്.

ഏറ്റവുമടുത്ത ബന്ധുവാണ് പ്രതിയെന്നു സ്ഥിരീകരിക്കുന്ന ഒട്ടേറെ തെളിവുകൾ പൊലിസിനു ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ ബി. എസ്. എൻ. എൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജഗുരുവുമായി പ്രതി നടത്തിയ മൊബൈൽ കോളുകൾ നിർണായകമാണ്. ലഹരി പതിവായി ഉപയോഗിക്കുന്ന കൗമാരക്കാരൻ ആഡംബരാവശ്യത്തിന് പണത്തിനുവേണ്ടി രാജഗുരുവുമായി വഴക്കിട്ടിരുന്നതായും ഇവരോട് പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായും തെളിവുണ്ട്. സൃഹൃത്തുക്കളുമൊത്ത് സംഭവദിവസം കുട്ടിക്കുറ്റവാളി ലഹരി ഉപയോഗിക്കുന്നതിനിടെ രാജഗുരുവുമായി ഫോണിൽ സംസാരിക്കുകയും രാജഗുരുവിനെക്കുറിച്ച് അസഭ്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുകയും ചെയ്തതായി കൂട്ടുകാരിൽനിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

രാജഗുരു മരിച്ചു കിടക്കുന്ന വിവരം തൊഴിലാളികൾ അറിയിച്ച സമയം നിസംഗതയോടെ നിന്ന പ്രതി കാണാൻ കൂട്ടാക്കാതെ വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. പിന്നീട് ക്രെഷിലെത്തി ജഡം കണ്ടശേഷം രാജഗുരുവിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് കൊലപാതക വാർത്ത അറിയിച്ചു, സ്വർണം അപഹരിക്കപ്പെട്ടതായും പറഞ്ഞു. എന്നാൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കാണപ്പെട്ട ശരീരത്തിൽനിന്ന് സ്വർണം മോഷണം പോയെന്ന് കുറ്റാരോപിതൻ ഒഴികെ മറ്റുള്ളവരാരും അറിഞ്ഞിരുന്നില്ലെന്നത് ഇയാളിലേക്ക് ആദ്യംതന്നെ സംശയമുന നീളുവാൻ കാരണമായി.

വാക്കത്തിയോ, ഉളിയോ പോലെ മൂർച്ചയുള്ള ആയുധം കൊണ്ടാണ് രാജുഗുരുവിന്റെ കഴുത്തിലും കവിളിലും മുറിവേറ്റിട്ടുള്ളതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിന്നിൽ ഇംഗ്ലീഷിലെ ടി എന്ന അക്ഷരത്തിന്റെ രൂപത്തിൽ കാണപ്പെട്ട ആഴത്തിലുള്ള മുറിവ് മാരകമായിരുന്നു. വെട്ടേറ്റ് പിന്നിലേക്ക് വീണപ്പോൾ അടുക്കളയുടെ സ്ലാബിൽ ഇടിച്ചുണ്ടായ മുറിവാണതെന്നാണ് നിഗമനം. സാധാരണ മോഷ്ടാക്കൾ കവർച്ച നടത്താൻ വേണ്ടിയുള്ള തരത്തിൽ അക്രമിക്കുമെങ്കിലും രാജഗുരുവിനെ ആക്രമിച്ചതിൽ വൈരാഗ്യബുദ്ധിയോടെയുള്ള ആക്രമണമുണ്ടായതെന്ന സൂചനയും ലഭിക്കുന്നു. കൗമാരക്കാരനായ ബന്ധുവിന് ആഡംബര ജീവിതത്തിനും അനാവശ്യങ്ങൾക്കും രാജഗുരു പണം നൽകാതിരുന്നതും സഹോദരന് ആവശ്യങ്ങൾക്ക് പണം നൽകിയതും കൗമാരക്കാരനിൽ പക വളർത്തിയിരുന്നതായും സൂചനകൾ ലഭിച്ചു.

സാഹചര്യത്തെളിവുകൾ അടുത്ത ബന്ധുവായ കൗമാരക്കാരനിലേക്ക് നീണ്ടതോടെ ഇയാൾ പൊലിസ് നിരീക്ഷത്തിലാണ്. മരണവിവരമറിഞ്ഞിട്ടും സംഭവസ്ഥലത്തേക്ക് പോകാൻ വൈകിയതെന്തെന്ന് പൊലിസ് ചോദിച്ചപ്പോൾ ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികൾ സംഭവം അറിയിച്ചത് ഹിന്ദിയിലായതിനാൽ മനസിലായില്ലെന്നായിരുന്നു ആദ്യ മറുപടി. തൊഴിലാളികൾ തമിഴിലാണ് വിവരം അറിയിച്ചതെന്നു മനസിലാക്കിയ പൊലിസ് ഇക്കാര്യം വീണ്ടും ചോദിച്ചപ്പോൾ താൻ മൊബൈലിൽ ഉച്ചത്തിൽ പാട്ടുവച്ചുകൊണ്ടിരുന്നതിനാൽ വ്യക്തമായി കേട്ടില്ല എന്നു മറുപടി പറഞ്ഞൊഴിയുകയായിരുന്നു.

പൊലിസ് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ സംഭവസമയത്ത് കൗമാരക്കാരനല്ലാതെ മറ്റാരും ക്രഷിൽ എത്തിയിട്ടില്ലെന്നാണ് വിവരം കിട്ടിയത്. അന്വേഷണം കുട്ടിക്കുറ്റവാളിയിൽ കേന്ദ്രീകരിക്കുന്നുവെന്നു വ്യക്തമായതോടെ പ്രതിയെ സംരക്ഷിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നതായും വ്യക്തമായി. പൊലീസിനു മുമ്പിൽ ഒറ്റയ്ക്ക് എത്തപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളെന്നു ആരോപണമുയർന്നു. സ്വർണവും ആയുധവും കിട്ടാത്ത സാഹചര്യത്തിൽ കൗമാരക്കാരനെയും പിതാവിനെയും നുണപരിശോധനയക്കു വിധേയനാക്കാനാണ് പൊലിസ് നീക്കം. ഇതു ഫലം കാണുമെന്നും ഇതുവഴി പ്രതിയെ കുടുക്കാമെന്നുമാണ് പൊലിസ് വിലയിരുത്തൽ. നുണപരിശോധനയ്ക്ക് സമ്മതപത്രം വാങ്ങിക്കഴിഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതിനു കേസുണ്ടാകുമെന്ന മുന്നറിയിപ്പും ബന്ധുക്കൾക്ക് തലവേദനയായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി അറസ്റ്റുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.