മൂന്നാറിലേക്ക് വീണ്ടും തീവണ്ടി ഓടിക്കാൻ ഐസക്; ഭൂമി വിട്ടു നൽകാനും സഹകരിക്കാനും ടാറ്റ പൂർണ്ണ താൽപ്പര്യത്തിൽ; കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിനും മുൻഗണന; കോഴിക്കോട്ടും ഇനി പൈതൃക പദ്ധതി; കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോർഡിനും ബജറ്റിൽ വകയിരുത്തൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ടൂറിസത്തിന് കരുത്ത് പകരാൻ മൂന്നാറിലേക്ക് തീവണ്ടി. മൂന്നാർ പട്ടണത്തിൽ നേരത്തെ തീവണ്ടിയോടിയിരുന്നു. വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും തീവണ്ടി സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോർഡ് ആരംഭിക്കും.
ുസിരിസ്, ആലപ്പുഴ,തലശ്ശേരി പൈതൃക പദ്ധതികൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതികൾക്ക് 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിന് പത്ത് കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർത്ഥികളുടെ പഠനയാത്ര പ്രൊത്സാഹിപ്പിക്കാൻ അഞ്ച് കോടി അനുവദിച്ചു. മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം - കൊച്ചി ഇടനാഴിക്ക് ഡിപിആർ തയ്യാറാക്കും. 50000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും. കണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഏക്കർ ഭൂമിയേറ്റെടുക്കാൻ 10000 കോടി രൂപ അനുവദിച്ചിരുന്നു. തലസ്ഥാന നഗരവികസനപദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം - നാവായികുളം 78 കിലോമീറ്റർ ആറുവരി പാത പാതയും പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്ബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കും.
ശ്രീചിത്ര തിരുന്നാൾ ഇൻസിറ്റിയൂട്ടും കെഎസ്‌ഐഡിസിയും ചേർന്ന് ലൈഫ് സയൻസ് പാർക്കിൽ 230 കോടിയുടെ മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കുന്നുണ്ട്. നീതി ആയോഗിന്റെ അംഗീകാരം ലഭിച്ച ഈ പദ്ധതിക്കായി 24 കോടി വകയിരുത്തുന്നു. പൊതുമേഖല മരുന്ന് വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റു തുലയ്ക്കുമ്പോൾ കേരളം ബദൽ തീർക്കുകയാണ്. കെഎസ്ഡിപിയുടെ ഉത്പാദനം 20 കോടിയിൽ നിന്നും 180 കോടിയായി ഉയർന്നു കഴിഞ്ഞു. ഉത്പാദന ശേഷി 230 കോടിയായി ഇനി ഉയരും. ഇതിനായി 15 കോടി അനുവദിക്കുന്നു. ക്യാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിന് ഈ വർഷം തറക്കല്ലിടും. 2021-22-ൽ പദ്ധതി യഥാർത്ഥ്യമാക്കും. ഇതിനായി കിഫ്ബി ഫണ്ട് ചെയ്യും. ലോകാരോഗ്യസംഘടനയുടെ പിന്തുണയോടെ ആഫ്രിക്കൻ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും
കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേർന്ന് ഫണ്ടിന് രൂപം നൽകും. ഇതിലേക്കായി അൻപത് കോടി ബജറ്റിൽ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാർട്ടപ്പിന് നിക്ഷേപം ആകർഷിച്ചാൽ അതിലേക്ക് ഫണ്ടിൽ നിന്നും പരമാവധി ഗ്രാന്റ് അനുവദിക്കും. സീഡ് ഫണ്ടിങ് ഓഹരി പങ്കാളിത്തമായി മാറ്റും. സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന വായ്പ നഷ്ടമായി മാറിയാൽ അതിന് സർക്കാർ അൻപത് ശതമാനം താങ്ങായി നൽകും.
ബജറ്റിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് ധനമന്ത്രി തോമസ് ഐസക് കോവിഡാനന്തര പുനർജീവനത്തിന്റെ ആവശ്യകതയാണ് ഉയർത്തിക്കാട്ടുന്നത്. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കാൻ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി എടുത്തു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉത്തേജക പാക്കേജിന് ബജറ്റിൽനിന്ന് യഥാർഥത്തിൽ അധിക ചെലവ് ദേശീയ വരുമാനത്തിന്റെ രണ്ട് ശതമാനമേ വരൂ. ആരോഗ്യ മേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയംമൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ ആഗോള ഉദ്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യ രാജ്യത്ത് ഉദ്പാദനം 25 ശതമാനം ആണ് ഇടിഞ്ഞത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണമെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്ത് മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വരുമാനം കോവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചുതാമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകാൻ ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. വായ്പയെടുക്കുന്നതിൽ കർക്കശമായ നിലപാട് മൂലം ഒരു സംസ്ഥാനത്തിനും ഇത് പൂർണമായി പ്രയോജനപ്പെടുത്താനായില്ല. ഇതൊക്കെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ രൂക്ഷമാക്കിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം നാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ