മലപ്പുറം: മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ കെ.കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ നീക്കം. കേസിൽ ഉൾപ്പെട്ട ഉന്നതരെ സംരക്ഷിക്കാൻ ചരടുവലി നടന്നത് മന്ത്രിമാരിൽ നിന്നും. പലതവണ അന്വേഷണ ഉദ്യോഗസ്ഥനുമേൽ സമ്മർദമുണ്ടായെങ്കിലും ഇതു വകവെയ്ക്കാതെ ഉന്നതരായ പ്രതികളെ അറസ്റ്റ് ചെയ്യാൻ മുതിർന്നതിന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ കേസിന്റെ ചുമതലയിൽനിന്നും മാറ്റിയത്. കേസ് അന്വേഷിക്കുന്ന പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി മുഹമ്മദ് കാസിമിനെയാണ് കേസിന്റെ ചുമതലയിൽനിന്നു മാറ്റി പകരം ഡിവൈ.എസ്‌പി ശശിക്ക് കേസിന്റെ അന്വേഷണച്ചുമതല നൽകിയത്.

സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട അദ്ധ്യാപകൻ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മാറ്റം. മുസ്ലിം ലീഗ് നേതാവും മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ സ്‌കൂൾ മാനേജർ വി.പി സെയ്തലവിയെയും കേസിലെ മറ്റു പ്രതികളെയും അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യാൻ എത്തിയതോടെയാണ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. സെയ്തലവിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുന്നത് മൂലം സ്‌കൂളിന്റെ മറവിലുള്ള വൻ അഴിമതിക്കഥകൾ പുറത്താകുമെന്നതാണ് സെയ്തലവിക്കെതിരെയുള്ള അറസ്റ്റ് തടയാൻ ഉന്നത ഇടപെടൽ. അന്വേഷണ ഉദ്യോഗസ്ഥനുമേൽ സമ്മർദമുണ്ടെന്നു മുമ്പ് ആരോപണമുണ്ടായിരുന്നു. എന്നാൽ കേസന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റം ഇത് ബലപ്പെടുത്തുന്നതാണ്.

സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി ബിസിനസുകളുള്ള സെയ്തലവിക്ക് ഭരണകക്ഷിയിലെ പല മന്ത്രിമാരുമായും അടുത്ത ബന്ധവും ഇടപാടുകളുമുണ്ട്. ലീഗ് നേതാവ് കൂടിയായ സെയ്തലവിയെ സംരക്ഷിക്കാൻ ലീഗ് മന്ത്രിമാർക്കുമേൽ നിരന്തര സമ്മർദങ്ങളുണ്ടായിരുന്നു. പാലക്കാട് പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇടതുപക്ഷ സമരത്തെ തുടർന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. എന്നാൽ കേസിന്റെ തുടക്കം മുതൽ ലീഗിന്റെ ഉന്നതരായ മന്ത്രിമാർ കേസ് ഒതുക്കുന്നതിനുവേണ്ടി ഇടപെട്ടിരുന്നുവത്രെ. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും സെയ്തലവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാരണങ്ങളാൽ തന്നെ കേസ് നീണ്ടു പോവുകയായിരുന്നു. കേസന്വേഷണം സുഗമമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നിരിക്കെയാണ് ഇത്രയും നാൾ പ്രതികൾ നാട്ടിലുണ്ടായിട്ടും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാനോ അറസ്റ്റ് ചെയ്യാനോ സാധിക്കാതെ നീട്ടിക്കൊണ്ടു പോയത്.

അനീഷിനെ സ്‌കൂളിൽ നിന്നും പുറത്താക്കിയത് കള്ളക്കേസ് ചമച്ചാണെന്ന് ചൂണ്ടിക്കാട്ടി അനീഷിന്റെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് നല്ലളം പൊലീസിന്റെ അന്വേഷണത്തിൽ അനീഷിനെതിരെ പ്യൂൺനൽകിയ പരാതി കെട്ടിച്ചമച്ചതാണെന്നും അനീഷ് മർദിച്ചതിനെ തുടർന്ന് ഉണ്ടായതാണെന്നു പറഞ്ഞ തലയിലെ മുറിവ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും തെളിഞ്ഞിരുന്നു. വ്യാജരേഖ ഉണ്ടാക്കി നൽകിയതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തി കോയാസ് ആശുപത്രി ഉടമ ഡോ.കോയയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഒരു പുരോഗതിയും ഇല്ലാതിരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഡോ.കോയയുടെ അറസ്റ്റോടുകൂടി പ്രതികളിലേക്കെത്തുന്ന വിധത്തിൽ വേഗത്തിലാവുകയായിരുന്നു. ഇതുകേസിലെ ഉന്നത ഇടപെടൽ വ്യക്തമാക്കുന്നതാണ്. അനീഷിനെതിരേ സ്‌കൂൾ അധികൃതർ കള്ളക്കഥ ചമച്ചതാണെന്ന് തെളിഞ്ഞതോടെ സെയ്തലവിയെ സംരക്ഷിക്കാനുള്ള എല്ലാ പഴുതുകളും അടയുകയായിരുന്നു. തുടർന്ന് സെയ്തലവി, മലപ്പുറം മുൻ ഡിഡിഇ തുടങ്ങിയവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇടതുസംഘടനകളുടെ നിരന്തര സമരവും മാദ്ധ്യമ ചർച്ചകളും ക്രൈം ബാഞ്ചിനെ അറസ്റ്റ് ചെയ്യാനായി പ്രേരിപ്പിക്കുകയായിരുന്നു.

അറസ്റ്റിനായി പലതവണ ക്രൈംബ്രാഞ്ച് സെയ്തലവിയെയും കൂട്ടാളികളെയും തേടിയെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒളിവിലിരുന്ന് ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പാലക്കാട് സെഷൻസ് കോടതി ഈ മാസം പതിനാലിലേക്ക് മാറ്റിയിരിക്കുകയാണ്. സെയ്തലവി ഉൾപ്പെടെയള്ളവർ ഇപ്പോഴും ഒളിവിൽ പോയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇയാൾ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. വൈസ് പ്രസിഡന്റിനാണ് ഇപ്പോഴത്തെ ചുമതല. പ്രദേശത്തെ ഒരു വിഭാഗം ലീഗ് അണികളിൽ സെയ്തലവിക്കെതിരേ നടപടിയെടുക്കാത്തതിൽ അമർഷമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റിന്റെ ഒളിവിൽ പോക്കും അനുബന്ധ വിഷയവും ഏറെ ചർച്ചാ വിഷയമാകും.

2014 സെപ്റ്റംബർ രണ്ടിനായിരുന്നു മലമ്പുഴയിലെ ലോഡ്ജ് മുറിയിൽ നാദാപുരം എടച്ചേരി സ്വദേശിയായ കെ.കെ അനീഷ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഇടതുസംഘടനകളുടെ തീരുമാനം. ഒളിവിൽ പോയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ഇടത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയും വിവിധ സമര പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.