നാളെ മുതൽ സൗദിയിലെ വിദേശികൾക്ക് പുതിയ ഐഡി കാർഡ് വിതരണം ചെയ്യും. വിദേശികൾക്കു നിലവിൽ നൽകുന്ന റെസിഡന്റ് പെർമിറ്റായ ഇഖാമയ്ക്കു പകരം മുഖീം കാർഡാണ് ഇനി മുതൽ നൽകുക. എന്നാൽ തിരിച്ചറിയൽ കാർഡിന്റെ കാലാവധി കഴിഞ്ഞ വിദേശികൾക്ക് നാട് വിടേണ്ടിവരുമെന്ന വാർത്തകൾ നിഷേധിച്ച് സൗദി പാസ്‌പോർട്ട് വിഭാഗം മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹിയ രംഗത്തെത്തി.

വർഷം തോറും താമസ രേഖ പുതുക്കുമ്പോൾ കാർഡിന്റെ പ്രിന്റ് എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കുക എന്ന ഉദ്ദേശമാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മറ്റുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷ കാലാവധിയോടെ നടപ്പാക്കുന്ന തിരിച്ചറിയൽ കാർഡിന്റെ കാലാവധി കഴിയുന്നതോടെ വിദേശികൾ നാട് വിടേണ്ടി വരുമെന്ന വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം.

ഇഖാമക്കു പകരം അഞ്ച് വർഷ കാലാവധിയോടെ ഏർപ്പെടുത്തുന്ന 'ഹവിയ്യത് മുഖീം' എന്ന പുതിയ തിരിച്ചറിയൽ കാർഡ് പുതിയ ഹിജ്‌റ വർഷാരംഭം മുതൽ സൗദിയിൽ നടപ്പിൽ വരും. അഞ്ച് വർഷം കഴിയുന്നതോടെ സ്‌പോൺസർമാർക്കോ കമ്പനികൾക്കോ കാർഡ് പുതുക്കാൻ സാധിക്കില്ലെന്നും വിദേശികൾ നാടുവിടേണ്ടി വരുമെന്നുമുള്ള വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് സൗദിപാസ്‌പോർട്ട് വിഭാഗം മേധാവി അറിയിച്ചു.

താമസ രേഖ പുതുക്കുമ്പോൾ കാർഡ് മാറ്റി പ്രിന്റ് ചെയ്യുന്ന ചെലവ് ഒഴിവാക്കുന്നതിനും സ്‌പോൺസർമാരുടെ സമ്മർദ്ദം കുറക്കുന്നതിനുംവേണ്ടിയാണ് പുതിയ പദ്ധതി നടപ്പിൽ വരുത്തുന്നത്. പുതിയ കാർഡ് വർഷം തോറും പുതുക്കുന്നതിന് പ്രത്യേകം നിയമങ്ങൾ ഉണ്ടായിരിക്കും. കാർഡ് കേടുപാട് വരികയോ നഷ്ട്ടപ്പെടുകയോ ചെയ്താൽ പുതിയ കാർഡ് ഇഷ്യൂ ചെയ്യും.

പുതിയ പദ്ധതിയോടനുബന്ധിച്ചു കൂടുതൽ ഓൺലൈൻ സംവിധാനങ്ങൾ പാസ്‌പോർട്ട് വിഭാഗത്തിനു കീഴിൽ നടപ്പിലാക്കും. തൊഴിലാളികൾ ഒളിച്ചോടി എന്ന പരാതി ഇനി മുതൽ ഓൺലൈൻ വഴി ആയിരിക്കും സ്വീകരിക്കുക.പുതിയ സംവിധാനം വഴി വ്യാജ ഹുറൂ ബ്കേ സുകൾ ഒരു പരിധി വരെ കുറക്കാൻ കഴിയും എന്നാണു പ്രതീക്ഷയെന്ന് മേജർ ജനറൽ സുലൈമാൻ അൽ യഹിയ അറിയിച്ചു.