ജിദ്ദ: സൗദിയിൽ വിദേശികൾക്കുള്ള താമസാനുമതി രേഖയായ ഇഖാമയ്ക്കു പകരമുള്ള മുഖീം കാർഡ് നിലവിൽ വന്നു. ഇനി മുതൽ ഇഖാമയ്ക്കു പകരം മുഖീം എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ഐഡന്റിറ്റി കാർഡായിരിക്കും നൽകുകയെന്ന് പാസ്‌പോർട്ട് വിഭാഗം ആസ്ഥാനത്ത് നടത്തിയ ചടങ്ങിൽ ഡയറക്ടർ ജനറൽ സുലൈമാൻ അൽ യഹ്‌യ വ്യക്തമാക്കി.

ജിസിസി രാജ്യങ്ങളിലേക്ക് പ്രവാസികൾക്ക് വിസ കൂടാതെ യാത്ര ചെയ്യാൻ പുതിയ കാർഡ് അനുവദിക്കുമെന്നുള്ള വാർത്ത പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് നിഷേധിച്ചു. ഇഖാമയ്ക്കു പകരം നൽകുന്ന സ്മാർട്ട് കാർഡാണിതെന്നും അഞ്ചു വർഷ കാലാവധിയുള്ള ഈ കാർഡ് വർഷം തോറും ഓൺലൈനായി പുതുക്കണമെന്നും പാസ്‌പോർട്ട് ഓഫീസ് അറിയിച്ചു.
തൊഴിലാളിയുടെ പേര്, ഫോട്ടോ, നമ്പർ, ജനനത്തീയതി, ജോലി, പൗരത്വം, വർക് പെർമിറ്റ് നമ്പർ, മതം, തൊഴിലുടമയുടെ പേര് തുടങ്ങിയ വിവരങ്ങൾ കാർഡിലുണ്ടാകും.

ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ പെർമിറ്റ് എന്നിവ ഉള്ളവർക്കേ കാർഡ് അനുവദിക്കുകയുള്ളൂ. തൊഴിലാളികളുടെ പുതുക്കിയ കാർഡ് തപാലിൽ തൊഴിലുടമകൾക്കു ലഭിക്കും. നിലവിലുള്ള ഇഖാമ അടുത്ത ഒരു വർഷത്തേക്കു കൂടിയേ പ്രാബല്യത്തിലുണ്ടാകൂ. ഇതിനിടെ ഘട്ടം ഘട്ടമായി എല്ലാ പ്രവാസികളും മുഖീമിലേക്കു മാറും. കാർഡ് പുതുക്കുക, പുതിയ കാർഡ് അനുവദിക്കുക, സ്‌പോൺസർഷിപ് മാറുക തുടങ്ങിയ അവസരങ്ങളിലും ഇഖാമയ്ക്കു പകരം മുഖീം ലഭിക്കും.