- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജഭരണം പോയി ജനാധിപത്യം വന്നിട്ടും കോൺഗ്രസ്സ് പോയി കമ്മൂണിസ്റ്റ് വന്നിട്ടും പൊലീസ് മർദ്ദനം അനുസ്യൂതം തുടരുന്നത് എന്തുകൊണ്ടാണ്? കസ്റ്റഡിയിൽ കിട്ടിയ ആരെയെങ്കിലും ഒരിക്കലെങ്കിലും ഇടിക്കാത്ത ഒരു പൊലീസുകാരനെങ്കിലും കേരളത്തിലുണ്ടോ? ഒരു കസ്റ്റഡി കൊലപാതകമെങ്കിലും നടന്നിട്ടില്ലാത്ത ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടും കേരളത്തിന്റെ ചരിത്രത്തിൽ എത്ര പൊലീസുകാർക്ക് അക്രമം കാണിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്?
എന്റെ ചെറുപ്പകാലത്ത് പൊലീസുകാർക്ക് കാക്കി നിക്കറും കൂർമ്പൻ തൊപ്പിയുമാണ് വേഷം. അത് രാജഭരണ കാലത്തിന്റെ ശേഷിപ്പായിരുന്നു. വേഷത്തിൽ മാത്രമല്ല, ജനങ്ങളോടുള്ള പെരുമാറ്റത്തിലും മനോഭാവത്തിലും അന്ന് പൊലീസുകാർ ജനാധിപത്യ ലോകത്ത് എത്തിപ്പറ്റിയിരുന്നില്ല. രാജഭരണകാലത്തെ പൊലീസ് മർദ്ദനത്തെപ്പറ്റി എന്നോട് ആദ്യം പറഞ്ഞത് അമ്മാവനാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ്, തിരുവിതാംകൂറും കൊച്ചിയും രണ്ട് രാജ്യങ്ങളായിരുന്ന കാലത്ത്, വെങ്ങോല അതിർത്തി ഗ്രാമമായിരുന്നു. പെരുമ്പാവൂരിനടുത്ത പെരിയാർ അതിർത്തിയും. അതിർത്തിക്കപ്പുറത്തുകൊച്ചിയിൽ സാധനങ്ങൾക്ക് നികുതി കുറവാണ്. അവിടെ പോയി സാധനങ്ങൾ വാങ്ങി പുഴ കടത്തി വിറ്റാൽ ചെറിയൊരു ലാഭം കിട്ടും. അന്ന് ധാരാളം ആളുകളുടെ ഉപജീവന മാർഗ്ഗമായിരുന്നു കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള ഇത്തരം കള്ളക്കടത്ത്. പുകയിലയാണ് കള്ളക്കടത്തിൽ പ്രധാന ഐറ്റം. കാഞ്ഞൂരിൽ നിന്നും മുടിക്കല്ലിലേക്കാണ് പുകയില കടത്തുന്നത്. കൈക്കൂലി ഒക്കെ അന്നും ഉണ്ട്. ഓരോ തവണ പുകയില കടത്തുമ്പോഴും അതിന്റെ പങ്കുപറ
എന്റെ ചെറുപ്പകാലത്ത് പൊലീസുകാർക്ക് കാക്കി നിക്കറും കൂർമ്പൻ തൊപ്പിയുമാണ് വേഷം. അത് രാജഭരണ കാലത്തിന്റെ ശേഷിപ്പായിരുന്നു. വേഷത്തിൽ മാത്രമല്ല, ജനങ്ങളോടുള്ള പെരുമാറ്റത്തിലും മനോഭാവത്തിലും അന്ന് പൊലീസുകാർ ജനാധിപത്യ ലോകത്ത് എത്തിപ്പറ്റിയിരുന്നില്ല. രാജഭരണകാലത്തെ പൊലീസ് മർദ്ദനത്തെപ്പറ്റി എന്നോട് ആദ്യം പറഞ്ഞത് അമ്മാവനാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ്, തിരുവിതാംകൂറും കൊച്ചിയും രണ്ട് രാജ്യങ്ങളായിരുന്ന കാലത്ത്, വെങ്ങോല അതിർത്തി ഗ്രാമമായിരുന്നു. പെരുമ്പാവൂരിനടുത്ത പെരിയാർ അതിർത്തിയും. അതിർത്തിക്കപ്പുറത്തുകൊച്ചിയിൽ സാധനങ്ങൾക്ക് നികുതി കുറവാണ്. അവിടെ പോയി സാധനങ്ങൾ വാങ്ങി പുഴ കടത്തി വിറ്റാൽ ചെറിയൊരു ലാഭം കിട്ടും. അന്ന് ധാരാളം ആളുകളുടെ ഉപജീവന മാർഗ്ഗമായിരുന്നു കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള ഇത്തരം കള്ളക്കടത്ത്.
പുകയിലയാണ് കള്ളക്കടത്തിൽ പ്രധാന ഐറ്റം. കാഞ്ഞൂരിൽ നിന്നും മുടിക്കല്ലിലേക്കാണ് പുകയില കടത്തുന്നത്. കൈക്കൂലി ഒക്കെ അന്നും ഉണ്ട്. ഓരോ തവണ പുകയില കടത്തുമ്പോഴും അതിന്റെ പങ്കുപറ്റാൻ പൊലീസുകാരും, പൊലീസുകാരെ പറ്റിക്കുന്നുണ്ടോ എന്ന് നോക്കാൻ ഒറ്റുകാരുമുണ്ട്. ഒറ്റുകാരനാണ് പുകയില കച്ചവടക്കാരൻ ഹൈദ്രോസിനെപ്പറ്റി ഇടിയൻ പൊലീസായ ഇട്ടുണ്ണൻ നായരോട് പറഞ്ഞത്. ഒരു ദിവസം രാത്രി ഇട്ടുണ്ണൻ പൊലീസ് നദിക്കരയിൽ ഒളിച്ചിരുന്ന് പുകയിലയുമായി പുഴ കടന്നുവരുന്ന ഹൈദ്രോസിനെ കൈയോടെ പിടികൂടി. പിടിച്ച വഴി ഇടിയോടിടി. പിന്നെ ചവണ കൊണ്ട് ഹൈദ്രോസിന്റെ എല്ലാ നഖങ്ങളും പിഴുതെടുത്തു. ഇതാണ് അമ്മാവൻ പറഞ്ഞ കഥ.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൊലീസിന്റെ കാക്കി നിക്കറും ഇടിക്കുന്ന സ്വഭാവവും മാറിയില്ല. അടിയന്തിരാവസ്ഥ കാലത്ത് രാജൻ എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ പിടിച്ചു കൊണ്ടുപോയി ഉരുട്ടൽ എന്ന ക്രൂരമായ മർദ്ദനമുറക്ക് ഇരയാക്കി കൊന്നുകളഞ്ഞപ്പോഴാണ് പൊലീസിന്റെ ക്രൂരത വീണ്ടും ചർച്ചാവിഷയമാകുന്നത്. അതിനെച്ചൊല്ലി പിന്നീട് ഏറെയുണ്ടായി പുകിൽ. ഒരുപാട് പൊലീസുകാർ വെള്ളം കുടിച്ച ഒരു സംഭവമായിരുന്നു അത്. അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് മർദ്ദനമേറ്റവർ പിന്നീട് കേന്ദ്രത്തിലും സംസ്ഥാനത്തും പൊലീസിന്റെ ഭരണാധികാരികളായി. എന്നിട്ടും പൊലീസ് സംവിധാനം വലിയ മാറ്റമില്ലാതെ തുടരുന്നു എന്നാണ് വൈപ്പിനിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
രാജഭരണം പോയി ജനാധിപത്യം വന്നിട്ടും കോൺഗ്രസ്സ് പോയി കമ്മൂണിസ്റ്റ് വന്നിട്ടും പൊലീസ് മർദ്ദനം അനുസ്യൂതം തുടരുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളാരും പൊലീസിനെ ഒരു മർദ്ദന ഉപാധിയായി കാണുന്നവരോ പൊലീസ് മർദ്ദനത്തെ അനുകൂലിക്കുന്നവരോ ആണെന്ന് എനിക്ക് അഭിപ്രായമില്ല. കേരളത്തിൽ എവിടെയെങ്കിലും ഒരു പൊലീസുകാരൻ ആർക്കിട്ടെങ്കിലും രണ്ടടി കൊടുക്കാത്ത ഒരു ദിവസമെങ്കിലുമുണ്ടോ? കസ്റ്റഡിയിൽ കിട്ടിയ ആരെയെങ്കിലും ഒരിക്കലെങ്കിലും ഇടിക്കാത്ത ഒരു പൊലീസുകാരനെങ്കിലും കേരളത്തിലുണ്ടോ? ഒരു കസ്റ്റഡി കൊലപാതകമെങ്കിലും നടന്നിട്ടില്ലാത്ത ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടും കേരളത്തിന്റെ ചരിത്രത്തിൽ എത്ര പൊലീസുകാർക്ക് അക്രമം കാണിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ?
പൊലീസുകാർ പൊതുജനങ്ങളെ, കുറ്റവാളികളെ, എന്തിന് കുറ്റകൃത്യത്തിന് സാക്ഷിയായവരെ പോലും മർദ്ദിക്കുന്ന രീതി ഒരു കേരള സ്പെഷ്യൽ ഒന്നുമല്ല. ഇംഗ്ലണ്ടിലെ പഴയ കാലത്തെ മർദ്ദന മുറകളെപ്പറ്റി അവിടുത്തെ London Dungeon എന്ന മ്യൂസിയത്തിൽ വിവരണങ്ങളും മർദ്ദനവസ്തുക്കൾ പ്രദർശനത്തിനുമുണ്ട്. ലോകത്ത് പല നാടുകളിൽ ഇപ്പോഴും നിലനിൽക്കുന്ന പൊലീസ് മർദ്ദന രീതികളെക്കുറിച്ച് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇടി കൊടുക്കുന്ന പൊലീസും കഴുത്തു വെട്ടുന്ന ശിക്ഷയുമുള്ള നാടുകളിൽ കൂടുതൽ സുരക്ഷ ഉണ്ടെന്നുള്ളതിന് ലോകത്തൊരിടത്തും തെളിവുകളില്ല. ചെറിയ മോഷണം പോലുള്ള നിസാര കുറ്റങ്ങൾക്ക് പോലും വധശിക്ഷ നടപ്പാക്കിയിരുന്ന കാലത്തേക്കാൾ കുറ്റകൃത്യങ്ങൾ കുറവാണ് വധശിക്ഷ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇക്കാലത്ത്. പൊലീസ് പ്രതികളെ ഇടിക്കാതിരിക്കുന്ന, വധശിക്ഷ നിറുത്തലാക്കിയ നാടുകളിലാണ് ജയിലുകൾ അടച്ചു പൂട്ടുന്നത്. പൊലീസ് മർദ്ദനം കൊണ്ട് കൂടുതൽ കേസുകൾ തെളിയിക്കാൻ പറ്റില്ലെന്നും, മർദ്ദനം കൊണ്ട് തെളിയിക്കപ്പെട്ട കേസുകളേക്കാൾ കൂടുതൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കേസുകളിലാണ് കുറ്റവാളികൾക്ക് ശിക്ഷ കിട്ടാനുള്ള സാധ്യതയെന്നും തെളിയിക്കപ്പെട്ട പഠനങ്ങൾ ധാരാളമുണ്ട് ലോകത്ത്. അതിനാൽ പൊലീസുകാരുടെ ഇടി കൊണ്ടാണ് കേസുകൾ തെളിയുന്നത് എന്ന തെറ്റിദ്ധാരണ ഇനി വേണ്ട. ഇടിയില്ലാതെ പൊലീസിങ് നടത്തിയാൽ നാട്ടിൽ അക്രമമോ കുറ്റകൃത്യങ്ങളോ പെരുകുമെന്നുള്ള ചിന്ത തെറ്റാണ്.
പൊലീസ് മർദ്ദനത്തിന്റെ അടിസ്ഥാന കാരണം പൊലീസുകാർ എന്ന വ്യക്തിയിലേക്ക്, അവരുടെ മോശം സേവന - വേതന വ്യവസ്ഥകളിലേക്ക്, പൊലീസിലെ മോശം മേൽനോട്ടത്തിലേക്ക്, രാഷ്ട്രീയക്കാരുടെ ഇടപെടലുകളിലേക്ക് ഒക്കെ നാം ചുരുക്കാറുണ്ട്. ഇതിലൊക്കെ കുറച്ച് സത്യമുണ്ടെന്നാലും, നമ്മുടെ പൊലീസ് സംവിധാനത്തിൽ നിയമം നടപ്പാക്കുന്നതിന്റെയും കുറ്റം തെളിയിക്കാനുള്ള ഒരു ഉപാധിയായി മർദ്ദനമുറ നിലകൊള്ളുന്നതിന്റെയും അടിസ്ഥാന കാരണം നാം തേടേണ്ടത് പൊലീസ് സേനക്ക് അകത്തല്ല, പൊലീസിങ് നടത്തുന്ന സമൂഹത്തിലാണ്.
നിയമവാഴ്ച (Rule of law) നടപ്പിലാക്കുന്നതിന്റെ അടിസ്ഥാന സംവിധാനങ്ങളിൽ ഒന്നാണല്ലോ പൊലീസിങ്. സത്യം എന്തെന്ന് വച്ചാൽ ഒരു സമൂഹം എന്ന നിലയിൽ നാം റൂൾ ഓഫ് ലോ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. നമ്മുടെ നിയമങ്ങൾ നമ്മുടെ നിയമസഭയും പാർലമെന്റും ഉണ്ടാക്കിയതാണ്. ഈ സഭകളിലുള്ളവർ നമ്മൾ തെരഞ്ഞെടുത്തവരാണ്. ജനാധിപത്യപരമായി നമ്മളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഉണ്ടാക്കിയ നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. അല്ലെങ്കിൽ നിയമം മാറ്റാൻ ജനാധിപത്യപരമായി നമുക്ക് അവസരങ്ങളുണ്ട്. പക്ഷെ, ഇക്കാര്യത്തിൽ നമുക്ക് വലിയ ഉത്തരവാദിത്തം ഒന്നുമില്ല. സാധിക്കുമ്പോഴെല്ലാം നാം നിയമം ലംഘിക്കും. അത് റോഡിലെ സ്പീഡ് ലിമിറ്റ് മറികടക്കുന്നതോ, കോളേജിലെ റാഗിംഗോ, ഓൺലൈനിൽ തെറി പറയലോ എന്നുവേണ്ട, പ്രൈവറ്റ് ബസിലെ # me too വരെ എന്തുമാകാം.
Rule of law എന്നത് ശരിക്കും നടപ്പിലാക്കുന്ന സമൂഹത്തിലും നിയമം ലംഘിക്കുന്നവരുണ്ട്. പക്ഷെ, നിയമം ലംഘിച്ചാൽ അവിടെ പ്രത്യാഘാതങ്ങൾ ഉണ്ട്. രണ്ടുദാഹരണങ്ങൾ പറയാം.
ഒന്നാമത്തേത് ജർമ്മനിയിൽ നിന്നാണ്. രണ്ടായിരത്തി രണ്ടിൽ ഫ്രാങ്ക്ഫർട്ടിൽ ഒരു ബാങ്കറുടെ പതിനൊന്നു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരാൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുടുംബം ഒരു കോടിയിലേറെ തുക കൊടുക്കുകയും ചെയ്തു. ആ തുക വന്നെടുത്തു കൊണ്ടുപോയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു, പക്ഷെ കുട്ടി എവിടെ എന്ന് അയാൾ പറഞ്ഞില്ല. കുട്ടിയുടെ ജീവന് എന്തെങ്കിലും ഹാനി സംഭവിക്കുമോ എന്ന് ഭയന്ന് അവിടുത്തെ പൊലീസ് മേധാവി കുറ്റവാളിയെ ഒന്ന് വിരട്ടാൻ പൊലീസുകാരോട് ആവശ്യപ്പെട്ടു. ''ഒരു കുത്തിവയ്‌പ്പ് എടുത്ത് നിങ്ങളെക്കൊണ്ട് സത്യം പറയിക്കാനുള്ള ആൾ അടുത്ത നഗരത്തിൽ നിന്നും വരുന്നുണ്ടെന്നും, ആ കുത്തിവെയ്‌പ്പിന് അസഹ്യമായ വേദനയാണെന്നും'' പൊലീസുകാർ അയാളോട് പറഞ്ഞു. അങ്ങനെ ഒരു പ്ലാനും വാസ്തവത്തിൽ ഇല്ലായിരുന്നു, അയാളെ കുത്തി വെച്ചതുമില്ല. പക്ഷെ ജർമ്മനിയിലെ കുറ്റവാളി കുത്തിവെക്കും എന്ന് കേട്ടതോടെ പേടിച്ച് സത്യം പറഞ്ഞു (കുട്ടിയെ അയാൾ ആദ്യമേ കൊലപ്പെടുത്തിയിരുന്നു).
ഇനിയാണ് നമ്മൾ ശ്രദ്ധിക്കേണ്ട സംഗതി. കസ്റ്റഡിയിലുള്ള കുറ്റവാളിയെ കുത്തിവെക്കും എന്ന് പേടിപ്പച്ചതിന് പൊലീസ് മേധാവിയുടെ ജോലി പോയി എന്ന് മാത്രമല്ല ഒരു വർഷം തടവുശിക്ഷയും വിധിച്ചു. ഇതൊക്കെ അല്പം കടന്ന കൈയായി തോന്നാമെങ്കിലും പൊലീസിന് മറ്റുള്ളവരെ മർദ്ദിക്കാൻ വിവേചനാധികാരം നൽകുന്നത് ഒരു സ്ലിപ്പറി സ്ലോപ്പ് ആണ്. ഇന്ന് അടിക്കുമെന്ന് പറയും, നാളെ അടിക്കും, മറ്റന്നാൾ ചവിട്ടും. അതൊരു മരണ കാരണമാകാൻ അധികം സമയം വേണ്ട. അപ്പോൾ പൊലീസ് മർദ്ദനം ഇല്ലാതാകണമെങ്കിൽ ഒരു കാരണവശാലും ഒരു പൊലീസുകാരനും നാട്ടുകാരെയോ കുറ്റവാളിയേയോ മർദ്ദിക്കില്ല എന്നും അങ്ങനെ സംഭവിച്ചാൽ ജോലി പോയി ജയിലിലാകുമെന്നും നിയമം ഉണ്ടാകണം, അത് പാലിക്കപ്പെടുകയും വേണം. ഇതൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ നടക്കുന്ന ലോകം നമ്മുടെ ചുറ്റുമുണ്ട് എന്നതാണ് ഉത്തരം. എപ്പോഴും വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തൽ ഇഷ്ടപ്പെടുന്ന നാടായ കേരളത്തിൽ ഇതൊക്കെയല്ലേ നമ്മൾ കണ്ടു പഠിക്കേണ്ടത്.
പഠിക്കേണ്ടത് പൊലീസ് മാത്രമല്ല. അതിന് രണ്ടാമത്തെ കഥ പറയാം. രണ്ടായിരത്തി പതിനൊന്ന് ഓഗസ്റ്റ് മാസം ആദ്യം ലണ്ടനിൽ ഒരു ലഹള ഉണ്ടായി. അനവധി കടകൾ ലഹളക്കാർ നശിപ്പിച്ചു, വസ്തുക്കൾ മോഷ്ടിച്ചു, ചില കടകൾ കത്തിച്ചു. പൊലീസ് ശാസ്ത്രീയമായി അന്വേഷണം നടത്തി ഒന്നൊന്നായി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. ഇതിൽ ഒരാൾ ചെയ്ത കുറ്റം എന്തെന്നോ? ലഹള സമയത്ത് ഒരു ബേക്കറിയിൽ കയറി ഒരു ഐസ് ക്രീം എടുത്തു, രണ്ടു സ്പൂൺ കഴിച്ചപ്പോൾ ഇഷ്ടപ്പെടാത്തതിനാൽ അതാർക്കോ കൊടുത്തിട്ട് ആൾ നടന്നു പോയി. ഈ രംഗം സി സി ടി വി യിൽ പതിഞ്ഞു. സംഭവം നടന്നു രണ്ടു ദിവസത്തിനകം അയാളെ അറസ്റ്റ് ചെയ്തു, അയാളുടെ ഡി എൻ എ സാമ്പിളുകൾ ബേക്കറിയിൽ കണ്ടെത്തി (ഒരു സിഗരറ്റിൽ നിന്നാണെന്നാണ് എന്റെ ഓർമ്മ). കേസ് വേഗത്തിൽ കോടതിലെത്തി, ലഹള ഉണ്ടായി രണ്ടാഴ്ചക്കകം അയാളെ കോടതി പതിനാറു മാസം തടവിന് ശിക്ഷിച്ചു. പലപ്പോഴും സായിപ്പിന്റെ വിദ്യാഭ്യാസ രീതിയും, സായിപ്പിന്റെ നിയമങ്ങളുമാണ് നമ്മുടെ പുരോഗതിക്ക് തടസ്സം എന്ന് വാദിക്കുന്ന നമുക്ക് ഈ പറഞ്ഞതു പോലുള്ള കുറ്റാന്വേഷണമോ, വിചാരണയോ, ശിക്ഷയോ ഒക്കെ എന്നാണ് സാധ്യമാകുന്നത് ?
കഴിഞ്ഞ മാസം കേരളത്തിൽ നടന്ന ലഹളയിൽ കുറേ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ പങ്കെടുത്ത എല്ലാവരും അറസ്റ്റ് ചെയ്യപ്പെടുമോ, അറസ്റ്റ് ചെയ്തവരുടെ കേസ് കോടതിയിൽ എത്തുമോ, അതോ പാർട്ടികൾ തമ്മിലുള്ള നീക്കുപോക്കുകളുടെ ഫലമായി എഴുതിത്ത്തള്ളുമോ, കോടതിൽ എത്തിയാൽ എത്ര നാൾ കഴിഞ്ഞാണ് വിചാരണ നടക്കുന്നത്, വിചാരണ നടത്തിയാൽ തന്നെ ശിക്ഷ കിട്ടുമോ, ശിക്ഷ കിട്ടിയാൽ തന്നെ അത് വീണ്ടും കുറ്റം ചെയ്യുന്നതിൽ നിന്ന് അയാളെ പിന്തിരിപ്പിക്കുന്നതും മറ്റുള്ളവർക്ക് താക്കീത് നൽകുന്നതും ആകുമോ?
ഈ ചോദ്യങ്ങൾക്ക് ശരാശരി മലയാളിയുടെ ഉത്തരം ''ഇല്ലേ... ഇല്ല'' എന്ന് തന്നെയല്ലേ ?
ഇവിടെയാണ് ഒരു സമൂഹം എന്ന നിലയിൽ നാം ഉത്തരവാദിത്തം എടുക്കേണ്ടത്. നിയമങ്ങൾ ലംഘിക്കുന്നതിൽ നമുക്കത്ര വിഷമമില്ല. നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒരു കുറ്റകൃത്യം ചെയ്താൽ നിയമ സംവിധാനത്തിന്റെ അപ്പുറത്ത് അവരെ 'ഊരിയെടുക്കാൻ' നമ്മുടെ കൈയിലുള്ള സകല ബന്ധങ്ങളും നാം ഉപയോഗിക്കുന്നു. ചെറിയ കുറ്റങ്ങളിലെങ്കിലും വേണ്ടപ്പെട്ടവരെ രക്ഷപെടുത്തേണ്ടത് തൊഴിലിന്റെ ഭാഗമാണെന്ന് അധികാരമുള്ളവർ കരുതുന്നു. പ്രത്യേകിച്ചും രാഷ്ട്രീയമായി ബന്ധമുള്ള കേസുകളാണെങ്കിൽ (ഹർത്താലിന് ബസ് തല്ലിപ്പൊളിക്കുന്നത് പോലെ) പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ പാർട്ടികൾ താല്പര്യമെടുക്കുന്നു, കേസ് എഴുതിത്ത്തള്ളുന്നു. ഇനി അഥവാ ഒരു കേസ് കോടതിയിലെത്തിയാൽ, അതുകൊലപാതക കുറ്റമായാൽ പോലും ശിക്ഷ ലഭിക്കാൻ പതിറ്റാണ്ടുകളെടുക്കുന്നു.
ഇതിന് ഒരു പ്രത്യാഘാതമുണ്ട്. നിയമത്തിന്റെ പഴുതിൽ നിന്നും കുറ്റവാളികൾ രക്ഷപെടുമെന്ന് പൊതുസമൂഹം ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ നമ്മളും പൊലീസുകാരും ഒരുപോലെയാണ്. അതിൽ അത്ഭുതമില്ല. നമ്മളിൽ നിന്നല്ലേ പൊലീസുകാർ ഉണ്ടാകുന്നത്. കുറ്റം ചെയ്യുന്നവർക്ക് അല്പമെങ്കിലും ശിക്ഷ കിട്ടുന്നത് എന്തും നീതി ആണെന്നാണ് സമൂഹത്തിന്റെ ചിന്ത. അത് കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നവനെ നാട്ടുകാർ പഞ്ഞിക്കിടുന്നതാകാം, കുട്ടികളെ ഉപദ്രവിച്ച ബന്ധുക്കളെ പൊലീസ് കൂമ്പിനിടിക്കുന്നതാകാം. കാരണം ഇതൊന്നും ഒരു കോടതിയിലും പോയി ശിക്ഷ കിട്ടാൻ പോകുന്ന കേസുകളല്ല എന്ന് പതിറ്റാണ്ടുകളുടെ പരിചയം കൊണ്ട് നമുക്കറിയാം. അതുകൊണ്ടാണ് 'നീതി നിർവഹണത്തിൽ' പൊതുജനങ്ങളും അവരുടെ പ്രതിനിധികളായ പൊലീസും നേരിട്ട് ഇടപെടുന്നത്. ഇടിക്കാൻ പൊലീസിന് ധാർമ്മിക അധികാരം നൽകുന്നത് ഇടിയെ പിന്തുണക്കുന്ന സമൂഹം തന്നെയാണ്. ചില ഇടി അതിരു കടക്കും, ആളുകൾ മരിക്കും. അത് ഇടിയുടെ കൂടുതൽ കൊണ്ടോ ഇടി കൊള്ളുന്ന ആളുടെ അനാരോഗ്യം കൊണ്ടോ ആകാം. അതോടെ ആളുകൾ ഇളകും. ഓരോ കുറ്റകൃത്യവും നടക്കുമ്പോൾ 'അവനെ ഇങ്ങോട്ട് വിട്ട് തരൂ, ഞങ്ങൾ കൈകാര്യം ചെയ്യാം' എന്ന് ആക്രോശിക്കുന്ന ആൾക്കൂട്ടം ആരെങ്കിലും പൊലീസ് കസ്റ്റഡിയിൽ മരിക്കുമ്പോൾ മാത്രം പൊലീസ് മർദ്ദനം എന്ന് പറഞ്ഞു ഒച്ചപ്പാടുണ്ടാക്കിയിട്ട് എന്ത് കാര്യം ?
കോടതിയിൽ കേസ് എത്തുന്നതിനു മുമ്പ് അധികാരമുള്ളവരുടെ ഇടപെടൽ കൊണ്ട് കുറ്റവാളികൾ രക്ഷപെടും എന്നതിന്റെ പേരിലോ, കോടതിയിലെത്തിയാൽ തന്നെ നീതി കിട്ടാനുള്ള സാധ്യത വളരെ കുറവായതിന്റെ പേരിലോ കുറ്റവാളികളെ കൂമ്പിനിടിക്കാൻ പൊലീസുകാർക്ക് ധാർമ്മികമായ അധികാരമുണ്ടെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. മറിച്ച്, ഒരു കുറ്റകൃത്യം കണ്ടാൽ അതിൽ പ്രതിയായവരെ നേരിട്ട് കൈകാര്യം ചെയ്യുന്ന സമൂഹത്തിലെ അംഗങ്ങളുടെ പരിച്ഛേദം തന്നെയാണ് പൊലീസുകാരും എന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഒരു കുറ്റകൃത്യം സംഭവിച്ചാൽ അതിന് വലിയ കാല താമസമില്ലാതെ ശിക്ഷ കിട്ടുമെന്ന് ഉറപ്പാകുന്ന കാലത്ത്, കുറ്റം ചെയ്ത ഒരാളെ പോലും രക്ഷപെടുത്താൻ കുടുംബമോ അധികാരികളോ നിയമത്തിനപ്പുറം ഒന്നും ചെയ്യാൻ ധൈര്യപ്പെടാത്ത കാലത്ത് നമ്മുടെ നീതി നിർവ്വഹണ സംവിധാനത്തിൽ നമുക്ക് വിശ്വാസം വരും. അന്ന് നമ്മുടെ പൊലീസുകാരും നന്നാകും, അതുവരെ നമുക്കിങ്ങനെ ഓരോ കസ്റ്റഡി കൊലപാതകങ്ങൾ കഴിയുമ്പോളും കുറച്ച് ഒച്ചപ്പാടൊക്കെ ഉണ്ടാക്കി ജീവിക്കാം.
കസ്റ്റഡി കൊലപാതകങ്ങളും പൊലീസ് മർദ്ദനവും അവസാനിക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ ആദ്യം നമുക്ക് ശ്രമിക്കാം, സ്വയം നന്നാവാൻ. അതുവഴി നമ്മുടെ കുട്ടികളായ പുതിയ തലമുറയിലെ പൊലീസുകാരും നന്നാവും, സംശയം വേണ്ട.