ലിയ സങ്കടത്തോടെയാണ് ഈ ലേഖനം എഴുതുന്നത്. കേരളത്തിന്റെ തെക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആൾനാശമുൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ മുപ്പതിലധികം ആളുകൾ മരിച്ചു. നൂറോളം പേരെ കാണാതായി. ഇത് മാത്രമല്ല വിഷയം. ഇതേച്ചൊല്ലി നാട്ടിൽ നടക്കുന്ന വിവാദങ്ങളും പഴി ചാരലുകളും കാണുമ്പോൾ കൂടുതൽ വിഷമമാണ്. ഞാൻ എപ്പോഴും പറയുന്നതുപോലെ ഒരു സംഭവം ശരിക്കും ദുരന്തമായി മാറുന്നത് നമ്മൾ അതിൽനിന്നും ഒന്നും പഠിക്കാതിരിക്കുമ്പോളാണ്. കേരളത്തിൽ ഉണ്ടാകാൻ സാധ്യത ഉള്ള ദുരന്തങ്ങളിൽ ചെറുതായ ഒന്നാണ് ഇപ്പോൾ സംഭവിച്ചത്. അപ്പോൾ ഇതിൽ നിന്നും പാഠങ്ങൾ പഠിച്ചാൽ യഥാർത്ഥത്തിൽ വലിയ ദുരന്തങ്ങൾ വരുമ്പോഴേക്കും നമുക്ക് കൂടുതൽ തയ്യാറായിരിക്കാം..

മത്സ്യത്തൊഴിലാളികളുടെ കാര്യം: മൽസ്യബന്ധന തൊഴിലാളികളുടെ അവസ്ഥ വളരെ കഷ്ടമാണ്. ഓഖിയെപ്പറ്റിയുള്ള കോലാഹലങ്ങൾ കുറച്ചു ദിവസങ്ങളിൽ കെട്ടടങ്ങും. കടൽത്തീരത്തെ ആൾക്കൂട്ടവും കാമറയും ഒക്കെ സ്ഥലം വീടും. പക്ഷെ ദുരന്തത്തിൽ ശരിക്കും നഷ്ടം പറ്റിയത് ബന്ധുക്കളെ നഷ്ടപ്പെട്ട വീട്ടുകാർക്കായിരിക്കും. അതിൽ തന്നെ കടലിൽ കാണാതാവുകയും മൃതദേഹം കണ്ടുകിട്ടാത്തവരുടെയും കാര്യമാണ് ഏറെ കഷ്ടമാകാൻ പോകുന്നത്. മൃതദേഹം കണ്ടുകിട്ടാത്തിടത്തോളം ഇവരുടെ ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും കിട്ടില്ല. . സാധാരണഗതിയിൽ ഏഴുവർഷം ഒരാളെ കാണാതായാലെ അയാൾ മരിച്ചു എന്ന് നിയമപരമായി അംഗീകരിക്കൂ. അത്രയും നാൾ അവരുടെ കുടുംബത്തിന് സഹായം കിട്ടാത്തതോ പോകട്ടെ, അവരുടെ പേരിൽ സ്വന്തമായുള്ള സമ്പാദ്യം പോലും ഉപയോഗിക്കാൻ പറ്റില്ല. അതുപോലെതന്നെ മൃതദേഹം കണ്ടുകിട്ടുന്നതു വരെ സ്വന്തം മകനോ അച്ഛനോ സഹോദരനോ മരിച്ചു എന്ന് വിശ്വസിക്കാൻ കുടുംബക്കാരും കൂട്ടാക്കില്ല. കാറ്റിൽപ്പെട്ട് വല്ല ദ്വീപിലും അകപ്പെട്ടോ, പാക്കിസ്ഥാനിൽ എത്തിപ്പെട്ട് ജയിലിലായോ, എന്നൊക്കെയുള്ള സംശയങ്ങളും പ്രതീക്ഷകളും അവരിലുണ്ടാകും. സുനാമി കഴിഞ്ഞ് പത്തുവർഷത്തിനു ശേഷവും കാണാതായവരെ അന്വേഷിച്ചു നടക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് പ്രതീക്ഷ നൽകി അവരെ പറ്റിക്കുന്നവരിൽ പുരോഹിതരും ജ്യോൽസ്യരും ബന്ധുക്കളുമുണ്ട്.

ഇത്തവണത്തെ അപകടത്തിൽ നിന്നും വ്യക്തമായ പല കാര്യങ്ങളിൽ പലതുണ്ട്. ഒന്നാമത്, ഓരോ ദിവസവും നമ്മുടെ തീരത്തുനിന്നും എത്രപേർ കടലിൽ പോകുന്നു എന്നതിന് ആരുടെയടുത്തും ഒരു കണക്കില്ല എന്നതാണ്. ഇതിൽ തന്നെ മറുനാടൻ തൊഴിലാളികളുടെ കാര്യത്തിൽ അന്വേഷിക്കാൻ കരയിൽ ബന്ധുക്കൾ പോലുമില്ല. രണ്ട്, ഇന്ത്യ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ് (ഐ എം ഡി) ഉൾപ്പെടെയുള്ളവർ കാലാവസ്ഥാപ്രവചനം നടത്തുന്നുണ്ടെങ്കിലും അത് താഴേത്തട്ടിലേക്ക് എത്തുന്നില്ല. മൂന്ന്, കടലിൽ പോകുന്ന ഭൂരിഭാഗം മത്സ്യത്തൊഴിലാളികൾക്കും യാതൊരു സുരക്ഷാസംവിധാനവും ഇല്ല. നാല്, ചെറുവള്ളങ്ങളിൽ കടലിൽ പോകുന്നവരുടേത് കൈവിട്ട ഒരു കളിയാണ്. സുനാമിയോ കൊടുങ്കാറ്റോ, എന്തിന് വീട്ടിൽ ആർക്കെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാൽ പോലും അവരെ അറിയിക്കാൻ യാതൊരു മാർഗ്ഗവുമില്ല.

കഷ്ടം എന്തെന്നുവച്ചാൽ, ഇതൊന്നും ഇക്കാലത്ത് സാങ്കേതികമായോ സാമ്പത്തികമായോ ഒരു വെല്ലുവിളിയേ അല്ല എന്നതാണ്. ഇംഗ്ലണ്ട് പോലുള്ള വികസിത രാജ്യങ്ങളിൽ ഉല്ലാസത്തിനായി വള്ളങ്ങളിൽ ചെറുപ്രായക്കാർ പോലും ഏറെ കടലിൽ ഇറങ്ങുന്നു. അവർ സുരക്ഷക്കായി ഏറെ വിദ്യകൾ ഉപയോഗിക്കുന്നു. അതേ പോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ബംഗ്ലാദേശിലെ കടൽത്തീര സമൂഹങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പ് നാട്ടുകാരെ അറിയിക്കാനും ദുരന്ത സമയത്ത് സ്വയവും വള്ളവും സുരക്ഷിതമാക്കി വക്കാനും ഒക്കെ സർക്കാരും, മതമേധാവികളും സാമൂഹ്യ സംഘടനകളും ചേർന്ന് നല്ല പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം നമുക്ക് പാഠങ്ങൾ പഠിക്കാനുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് ലോകത്തെ നല്ല മാതൃകകളിൽനിന്നും പഠിക്കാനും, അത് സമയബന്ധിതമായി നടപ്പാക്കാനും ആവശ്യമായ പണം അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തണം. തീരദേശത്ത് പ്രത്യേക റേഡിയോനിലയങ്ങൾ സ്ഥാപിക്കുന്നത് മുതൽ വള്ളങ്ങൾക്ക് ജി പി എസ് ടാഗ് ഇടുന്നതു വരെ വളരെ പ്രയോജനമാണ്. വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താത്തതിനാൽ ഇവ പലതും പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. രാഷ്ട്രീയപ്പാർട്ടികൾ, മത സംഘടനകൾ, മാധ്യമങ്ങൾ, ഗവേഷകർ, ഐ എം ഡി, ദുരന്ത നിവാരണ അഥോറിറ്റി, മൽസ്യബന്ധന വകുപ്പ് എല്ലാം ചേർന്ന് വേണം ഇതിനെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനും നടപ്പിലാക്കാനും. ഈ ദുരന്തത്തിൽ നിന്നും നമുക്ക് പഠിക്കാവുന്ന ഏറ്റവും വലിയ പാഠം ഇതുതന്നെയാണ്.

ശാസ്ത്രജ്ഞന്മാർ പരസ്പരം പഴി ചാരുമ്പോൾ പരാജയപ്പെടുന്നത് ശാസ്ത്രമാണ്. നവംബർ മുപ്പതാം തിയതി ഞാൻ നൈറോബിയിൽ മീറ്റിംഗിൽ ആയിരുന്നു. സമയം അവിടെ പത്തുമണി (നാട്ടിലെ പന്ത്രണ്ടര) ആയിക്കാണും. ''ചേട്ടാ, ഇവിടെ ഭയങ്കര കാറ്റാണ്, വല്ല ചിഴലിക്കാറ്റും ആണോ?'' തിരുവനന്തപുരത്തുനിന്നും ഒരു സുഹൃത്തയച്ച വാട്ട്‌സ്ആപ്പ് മെസ്സേജിൽ നിന്നാണ് ഞാൻ ഞാൻ ആദ്യം കാറ്റിനെ പറ്റി വിവരമറിയുന്നത്.

സാധാരണഗതിയിൽ മൂന്നും നാലും ദിവസം മുൻപേ പ്രവചനങ്ങൾ വരുന്ന ഒന്നാണ് ചുഴലിക്കാറ്റ്. ലോകത്ത് എവിടയേയും ചുഴലിക്കാറ്റുകൾ വരുന്നുണ്ടെങ്കിൽ ഞാൻ ശ്രദ്ധിക്കുന്നതുമാണ്. കേരളത്തിലെ കാര്യം പറയാനുമില്ലല്ലോ. എന്നിട്ടും ഇങ്ങനെയൊന്ന് എന്റെ ശ്രദ്ധയിൽ പെട്ടില്ല.

ഇന്ത്യയിൽ കാറ്റിനെപ്പറ്റി ആധികാരികമായി മുന്നറിയിപ്പ് തരുന്നത് 1875-ൽ സ്ഥാപിച്ച ഇന്ത്യൻ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റാണ് (ഐ എം ഡി). ഇത് ലോകത്തിലെ തന്നെ ഏറ്റവും പഴയ കാലാവസ്ഥാ വകുപ്പുകളിൽ ഒന്നാണ്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് നാം കളിയാക്കുമെങ്കിലും ലോകത്താകമാനം വളരെ ബഹുമാനിക്കപ്പെടുന്ന ഒന്നാണ് ഇത്. കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ആഗോളപഠനങ്ങൾ ഏറ്റവും പഴയ, കൃത്യതയുള്ള, തുടർച്ചയുള്ള ഡേറ്റ ലഭിക്കുന്നത് ഇവിടെനിന്നാണ്. പഴയ സ്ഥാപനമാണെങ്കിലും പുതിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ മുന്നിലാണ്. ഇന്ത്യ ഇതയൊന്നും പുരോഗമിക്കാത്ത, ഞാനൊക്കെ പഠിക്കുന്ന കാലത്ത് കാലാവസ്ഥാ പ്രവചനത്തിനായി സൂപ്പർ കമ്പ്യൂട്ടറുകൾ ഐ എം ഡി ക്കുവേണ്ടി സംഘടിപ്പിക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഇടപെടേണ്ടിവന്നു. (അന്ന് അമേരിക്ക നൽകിയ കമ്പ്യൂട്ടർ കാലാവസ്ഥാ പ്രവചനത്തിനല്ലാതെ മറ്റൊന്നിനുമായി ഉപയോഗിക്കാതിരിക്കാൻ അമേരിക്കക്കാർ കാവലിരുന്ന ഒരു കാലം ഒക്കെ എന്റെ തലമുറയിലെ എൻജിനീയർമാർ ഓർക്കുന്നുണ്ടാകും ! രാജീവ് ഗാന്ധി മുൻകൈയെടുത്തുകൊണ്ടുവന്ന കമ്പ്യൂട്ടർ വിപ്ലവവും ഇന്ദിരാഗാന്ധി മുൻകൈയെടുത്തു പ്രോത്സാഹിപ്പിച്ച ബഹിരാകാശ ഗവേഷണവും ഒത്തുചേർന്നപ്പോൾ കാലാവസ്ഥ പ്രവചനത്തിന്റെ കരുത്തും കൃത്യതയും ഒക്കെ ഏറെ മാറി. ഒരു ലക്ഷത്തിലധികം പേരെ കൊന്ന 1999-ലെ ഒഡീഷ സൈക്‌ളോൺ പോലൊന്ന് 2013 -ൽ അതേ സ്ഥലത്തു വന്നിട്ടും ആയിരത്തിൽ താഴെ പേർക്ക് മാത്രമായി അപായം കുറഞ്ഞത് ഐ എം ഡിയുടെ സമയോചിതമായ പ്രവചനമികവ് കൊണ്ടുമാത്രമാണ്, ഇത് അംഗീകരിച്ചതും ഞങ്ങൾ എല്ലാം ലോകത്തെവിടെയും പറയുന്നതും ആണ്. തൊള്ളായിരത്തി എൺപതുകളിൽ സ്‌പേസ് റിസേർച്ചിനൊക്കെ പണം വകവെക്കുമ്പോൾ 'പട്ടിണി മാറ്റാതെ എന്തിനാണ് റോക്കറ്റ് വിക്ഷേപിക്കാൻ പോകുന്നത്' എന്നൊക്കെ ഉള്ള വിമർശനം പതിവായിരുന്നു. ഇത് മാറിയത് കാലാവസ്ഥ പ്രവചനത്തിന്റെ ഗുണം കർഷകർക്കും ദുരന്ത മുന്നറിയിപ്പുകൾ മറ്റുള്ളവർക്കും കിട്ടിത്തുടങ്ങിയപ്പോൾ ആണ്..

എന്നാൽ ഇത്തവണ ഞാൻ ഐ എം ഡിയുടെ മുപ്പതാം തിയതി രാവിലത്തെ (8:30 ആണെന്ന് തോന്നുന്നു) പ്രവചനം നോക്കിയപ്പോൾ അവിടെ ചുഴലിക്കാറ്റിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഐ എം ഡി സാധാരണ ഉപയോഗിക്കുന്ന ഭാഷയിൽ ഉള്ള മുന്നറിയിപ്പേ ഉള്ളൂ. ഉച്ചക്ക് പന്ത്രണ്ടരയോടെ റിപ്പോർട്ടിലാണ് ആദ്യമായി ചുഴലിക്കാറ്റിനെപ്പറ്റി പറയുന്നത്, അതിന്റെ ഗതി കാണിക്കുന്ന ചിത്രവും ഉണ്ട്. . അപ്പോഴേക്കും ഞാൻ മുമ്പ് പറഞ്ഞതുപോലെ കാറ്റ് മുറ്റത്തെ തെങ്ങിന്റെ മണ്ടയിലെത്തിയിരുന്നു.

എന്തുകൊണ്ടാണ് എന്റെ സുഹൃത്ത് മരത്തിന്റെ മുകളിൽ കണ്ട ചുഴലിക്കാറ്റ് ഐ എം ഡിക്ക് രണ്ടു ദിവസം മുൻപ് കമ്പ്യൂട്ടറിൽ കാണാൻ പറ്റാതിരുന്നത്? ഓഖിയുടെ സാഹചര്യത്തിൽ എല്ലാവരും ചോദിക്കുന്ന ചോദ്യം ഇതാണ്. ഇതിന് ശാസ്ത്രീയമായ പല കാരണങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് , ഈ മോഡലിങ് എന്നുപറയുന്നത് ഒരല്പം കുഴപ്പം പിടിച്ച പണിയാണ്. പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെ ഗണിതശാസ്ത്രത്തിലൂടെ സംയോജിപ്പിച്ച് പ്രവചനം നടത്തുക എന്നതാണ് ഇതിന്റെ രീതി. ഒരു കാലാവസ്ഥാ പ്രതിഭാസം ഡസൻ കണക്കിന് കാര്യങ്ങളെ ആശ്രയിച്ചിരിക്കും. അത് ഓരോന്നും നിമിഷം പ്രതി മാറിക്കൊണ്ടിരിക്കും. ഇതെല്ലാം എല്ലായ്‌പ്പോഴും അളക്കാനുള്ള സംവിധാനം നമുക്കില്ല. അപ്പോൾ കുറെ കാര്യങ്ങൾ പരിചയം കൊണ്ട് ഊഹിക്കും. ഇതെല്ലാം കൂട്ടിക്കെട്ടി കമ്പ്യൂട്ടറിലിട്ട് ഹരിക്കുകയും ഗുണിക്കുകയും ചെയ്തിട്ടാണ് പ്രവചനം പുറത്തുവിടുന്നത്. അത് ചിലപ്പോൾ തെറ്റും. അങ്ങനെ വരുമ്പോൾ ഏതൊക്കെ പ്രതിഭാസമാണ് പ്രവചനത്തെ ബാധിക്കുന്നതെന്ന നമ്മുടെ ഊഹം ശരിയാണോ എന്ന് ചിന്തിക്കണം. അതിനനുസരിച്ച് പ്രവചനം മാറ്റിപ്പിടിക്കണം. ഇങ്ങനെ പ്രവചനവും യാഥാർഥ്യവും ഒത്തുനോക്കിയാണ് പതുക്കെപ്പതുക്കെ നാം മോഡലിനെ പരിശീലിപ്പിച്ചെടുന്നത് (training the model) . എത്ര കാലം നാം മോഡലിങ് നടത്തിയോ, എത്ര പ്രാവശ്യം നമുക്ക് മോഡലിംഗിന്റെ റിസൾട്ട് യാഥാർഥ്യവുമായി താരതമ്യം ചെയ്യാൻ സാധിച്ചോ ഇതൊക്കെ അനുസരിച്ചാണ് മോഡലിൽ ശാസ്ത്രജ്ഞന്മാർക്ക് വിശ്വാസമുണ്ടാകുന്നത്.

ഇവിടെയാണ് ലോകത്തെ വിവിധ സ്ഥലങ്ങളിലെ പ്രവചനം വ്യത്യസ്ത കൃത്യതകളിലുള്ളതാകുന്നത്. സ്ഥിരമായി കാറ്റുണ്ടാകുന്ന സ്ഥലങ്ങളിൽ (ബംഗാൾ ഉൾക്കടൽ, കരീബിയൻ, സൗത്ത് ചൈന കടൽ) എല്ലാം മോഡലുകൾക്ക് നല്ല കൃത്യതയാണ്. അതേസമയം അറബിക്കടലിൽ ചുഴലിക്കാറ്റ് അത്ര സാധാരണമല്ല. അതിനാൽ മോഡലിനെ പരിശീലിപ്പിക്കാൻ വേണ്ടത്ര അവസരമില്ല, മോഡലിന്റെ കൃത്യത കുറയും.

മറ്റൊരു കാരണം ഉണ്ട്, കടലിന്റെ നടുക്ക് നിലകൊള്ളുന്ന ന്യൂനമർദ്ദം എങ്ങനെ പെരുമാറുമെന്ന് മോഡൽ ചെയ്യുന്നത് പോലെയല്ല കരയുടെ അടുത്തുള്ളത്. ഭൂമിയുടെ നിമ്‌നോന്നതികളും, കരയിൽ താപത്തിന്റെ ആഗിരണവും വികിരണവും (കർത്താവേ..ഇതിനൊക്കെ മനുഷ്യർക്ക് മനസ്സിലാകുന്ന മലയാളം എന്താണാവോ)ഒക്കെ വ്യത്യസ്തമാണ്. മോഡൽ ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ളതും ആണ്. അതുകൊണ്ട് തന്നെ ശ്രീലങ്കയുടെയും ഇന്ത്യയുടേയും തൊട്ടടുത്തു നിൽക്കുന്ന ഒരു ന്യൂനമർദ്ദത്തെ മോഡൽ ചെയ്യുമ്പോൾ തെറ്റിപ്പോകാനുള്ള സാധ്യത ഏറെയാണ്.

ഞാനൊരു കാലാവസ്ഥാ മോഡലിങ് വിദഗ്ദ്ധനൊന്നുമല്ല. അതിനാൽ തന്നെ ഇത്തവണ പ്രവചനം ശരിയാകാതിരിക്കാനുള്ള കാരണവും എനിക്കറിയില്ല.ഇത്തവണ പ്രവചനം വൈകിയെന്നതുകൊണ്ടോ പൂർണ്ണമായി ശരിയല്ല എന്നതുകൊണ്ടോ ഐ എം ഡി മോശക്കാരാകുന്നില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് അതിൽ നാണിക്കേണ്ട കാര്യവുമില്ല. എന്തുകൊണ്ടാണ് ശരിയായ പ്രവചനം നടത്താൻ പറ്റാതിരുന്നത് എന്ന് പരിശോധിക്കുക, മോഡൽ വീണ്ടും കാലിബറേറ്റ് ചെയ്യുക അടുത്ത തവണ കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ ശ്രമിക്കുക. അതാണ് ശാസ്ത്രത്തിന്റെ രീതി.

ദുരന്ത സാധ്യതകളെ പറ്റി അറിയിപ്പ് കിട്ടിയാൽ ദുരന്ത ലഘൂകരണത്തിനും നിവാരണത്തിനും തയ്യാറെടുക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയിൽ ദുരന്ത നിവാരണ അഥോറിറ്റിക്കാണ് (ഡി എം എ). ഐ എം ഡിയുടെ പാരമ്പര്യമൊന്നും ഇന്ത്യയിലെ ദുരന്ത നിവാരണ അഥോറിറ്റിക്ക് പറയാനില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യയിൽ ദുരന്തനിവാരണത്തിന് വ്യക്തമായ ഒരു സംവിധാനവും ഇല്ലായിരുന്നു. ചെറിയ പ്രശ്‌നങ്ങൾ കളക്ടറും റവന്യൂ സംവിധാനങ്ങളും കൂടി നോക്കും. കൈവിട്ടു എന്നുകണ്ടാൽ ആർമിയെ വിളിക്കും. പ്രധാനമന്ത്രി വിമാനത്തിൽ വന്ന്, മുഖ്യമന്ത്രിയുടെ കൂടെ ഹെലികോപ്റ്ററിൽ കയറി നിരീക്ഷണം നടത്തും. ആകാശത്തു നിന്നും കുറച്ചു ഭക്ഷണം ഒക്കെ താഴേക്ക് ഇട്ടു കൊടുക്കും, താഴെ ആളുകൾ അതിനു വേണ്ടി പിടിവലി നടത്തും . കേന്ദ്രത്തിൽ നിന്നും നഷ്ടം കണക്കാക്കാൻ ഒരു സംഘം വരും. ഏറെ നാൾ കഴിയുമ്പോൾ നാമമാത്രമായ നഷ്ടപരിഹാരം കിട്ടും. ഇതൊക്ക ആയിരുന്നു ദുരന്തനിവാരണത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ.

2004-ലെ സുനാമി ഇതെല്ലാം മാറ്റിമറിച്ചു. ഇന്തോനേഷ്യയിൽ സുനാമി ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് അത് ഇന്ത്യൻ തീരത്ത് എത്തിയത്, എന്നിട്ടും ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി ഒറ്റയടിക്ക് പല സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു. അതോടെ ദുരന്തത്തെ പറ്റിയുള്ള വാർത്തകൾ വന്നാൽ മുന്നൊരുക്കം നടത്താനും ദുരന്തനാന്തര പ്രവർത്തനങ്ങളെ സംയോജിപ്പിക്കാനുമുള്ള ലോകത്തിലെ നല്ല മാതൃകകൾ ഇന്ത്യയിലും ആവശ്യമാണെന്ന് നമുക്ക് മനസ്സിലായി. (കണ്ടാലറിയാത്ത പിള്ള കൊണ്ടാലറിയും എന്നല്ലേ). ഒരു വർഷത്തിനകം ഇന്ത്യയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ് ഉണ്ടായി, രണ്ടു വർഷത്തിനകം പ്രധാനമന്ത്രി അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റി ഉണ്ടായി. ദുരന്ത ലഘൂകരണത്തിന്റെ ആധുനിക രീതികൾ ഔദ്യോഗിക സംവിധാനങ്ങളെ പഠിപ്പിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉണ്ടായി. ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേകമായി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ഉണ്ടായി. ഇതിന്റെ ചുവടുപിടിച്ച് സമാന സജ്ജീകരണങ്ങൾ കേരളത്തിലും നിലവിൽ വന്നു. അതിനാൽ തന്നെ പത്തുവർഷത്തെ പഴക്കവും പാരമ്പര്യവും മാത്രമേ കേരളത്തിലെ ദുരന്ത നിവാരണ അഥോറിറ്റിക്കുള്ളു.

'മുല്ലപ്പെരിയാർ ഇപ്പൊ പൊട്ടും' എന്നും അതിനാൽ ഉറക്കം കിട്ടുന്നില്ല എന്നുമൊക്കെ പത്രങ്ങളും മന്ത്രിമാരും നാട്ടുകാരും മുറവിളി കൂട്ടിത്തുടങ്ങിയ കാലത്ത്, അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണകൃഷ്ണന്റെ താൽപര്യപ്രകാരമാണ് ഞാൻ ആദ്യമായി കേരളത്തിലെ ദുരന്ത നിവാരണ അഥോറിറ്റിയുമായി ബന്ധപ്പെടുന്നത്. അന്ന് തൊട്ടേ ഞാൻ ചില കാര്യങ്ങൾ നിർബന്ധമായും പറഞ്ഞിരുന്നു.

ശാസ്ത്രമായിരിക്കണം ദുരന്ത നിവാരണ സംവിധാനങ്ങളുടെ അടിത്തറ. പത്രവാർത്തകളോ, ഊഹാപോഹങ്ങളോ, മീഡിയ സമ്മർദ്ദങ്ങളോ ആകരുത് മുന്നറിയിപ്പിനും തയ്യാറെടുപ്പിനും അടിസ്ഥാനം.. ഓരോ ദുരന്ത സാഹചര്യവും നേരിടാൻ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ(SoP) ഉണ്ടാകണം. അങ്ങനെ വരുമ്പോൾ ദുരന്ത സമയത്ത് ഏറെ പരിചയം ഇല്ലാത്തവർ വന്നാലും അവർക്ക് മുൻപ് തീരുമാനിച്ച തരത്തിൽ കാര്യങ്ങൾ ചെയ്യാം. ശാസ്ത്ര-സാങ്കേതിക മുന്നറിയിപ്പുകളെയും, ദുരന്ത നിവാരണ പ്രവർത്തകരെയും കൂട്ടിയിണക്കുന്നത് ഈ നിർണായക പ്രവർത്തന രൂപ രേഖയാണ്. ഒരു നിശ്ചിത അളവിലുള്ള മഴ പെയ്താൽ, ഇന്നതാണ് ചെയ്യേണ്ടത് എന്ന് നിർണയിക്കുന്നതും, പുഴയിൽ ഇന്ന അളവിൽ ജലം വന്നാൽ ഇന്നതാണ് ചെയ്യേണ്ടത് എന്ന് നിർണയിക്കുന്നതും, ഒരു അണക്കെട്ടിൽ ഇത്ര ജലം, ഇത്ര വേഗത്തിൽ വന്നാൽ ഇന്നതാണ് ചെയ്യേണ്ടത് എന്നും ഒക്കെ നിർണയിക്കുന്നത് ഇത്തരം പ്രൊസീജിയർ ആണ്. ഇത്തരം ഒന്ന് ചുഴലിക്കാറ്റിനും ഉണ്ടാകും. അങ്ങനെ ഉണ്ടാക്കിയാൽ പിന്നെ അവ പാലിക്കുവാൻ മുന്നറിയിപ്പ് നൽകുന്നവരും, ദുരന്ത നിവാരണം നടത്തുന്നവരും നിയമപരമായി ബാധ്യസ്ഥരുമാണ്.

. എന്ന് വച്ച് SOP എന്നത് എല്ലാ കാലത്തേക്കും ഉള്ളതല്ല. ഒരു തവണ ദുരന്തം ഉണ്ടാകുമ്പോൾ അവയിൽ പോരായ്മ കണ്ടാൽ അത് മാറ്റി കൂടുതൽ നന്നാക്കി എടുക്കണം. അങ്ങനെയാണ് പടിപടിയായി പ്രൊഫഷണൽ സിസ്റ്റം ഉണ്ടാകുന്നത്. ദുരന്ത നിവാരണ അഥോറിറ്റി എന്നാൽ ഒരു രാജ്യത്ത് സംഭവിക്കാൻ പോകുന്ന ഓരോ ദുരന്തത്തിലും നേരിട്ട് ഇടപെട്ട് അതിനെ നേരിടാനുള്ള സംവിധാനങ്ങളുമായി കോപ്പു കൂടിയിരിക്കുന്ന വൻ സംഘമല്ല, മറിച്ച് വില്ലേജ് മുതൽ രാഷ്ട്രം വരെയുള്ള വിവിധ സംവിധാനങ്ങളെ ആവശ്യമുള്ള സമയത്ത് സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ്. ഇതാണ് ലോകത്തിലെ ബെസ്റ്റ് പ്രാക്ടീസ്. അമേരിക്കയിലെ ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയും ജപ്പാനിലെ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി ഒന്നും പതിനായിരക്കണക്കിന് ആളുകളുള്ള സംവിധാനമല്ല. ദുരന്തം വരുമ്പോൾ നാട്ടുകാരെ തൊട്ട്, പൊലീസ്, ഫയർ സർവീസ്, സ്വകാര്യമേഖല, റവന്യൂ, ആരോഗ്യ വകുപ്പ്, എന്നിവ ഉൾപ്പടെ സായുധ സേനയെ വരെ വിന്യസിക്കാൻ അവർക്ക് അവകാശം ഉണ്ട്. ആ കണക്കിന് നമ്മുടെ ഇലക്ഷൻ കമ്മീഷനും ആയി വേണമെങ്കിൽ അവരെ താരതമ്യപ്പെടുത്താം. അതുകൊണ്ട് തന്നെയാണ് കേന്ദ്രത്തിൽ പ്രധാനമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഇതിന്റെ തലവനായിരിക്കുന്നത്. ഇവരെ സാങ്കേതികമായി സഹായിക്കുക എന്നതാണ് അഥോറിറ്റിയിലെ മുഴുവൻ സമയ ജോലിക്കാരുടെ ഉത്തരവാദിത്തം.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തും ഈ മന്ത്രിസഭയിലും ദുരന്തങ്ങളെ ശാസ്ത്രീയമായും പ്രൊഫഷണലായും നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലുമായിരുന്നു ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധ മുഴുവൻ. പരസ്പരം സഹകരിക്കാൻ മടിക്കുന്ന വകുപ്പുകളും മന്ത്രിമാർ ഉൾപ്പടെ നേരിട്ടെത്തി ദുരന്ത നിവാരണം നിയന്ത്രിക്കുന്ന പാരമ്പര്യവും ഉള്ള നമ്മുടെ സംസ്ഥാനത്ത് മന്ത്രിമാർ അപകടസ്ഥലത്തല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിവിധ വകുപ്പുകൾ ഒറ്റക്കൊറ്റക്കല്ല കാര്യങ്ങൾ ചെയ്യേണ്ടതെന്നുമുള്ള മാറ്റങ്ങൾ കൊണ്ടുവരിക എളുപ്പമല്ല. എന്നാൽ ഈ ദുരന്തസമയത്ത് മുഖ്യമന്ത്രി കടൽത്തീരത്തേക്ക് ഓടിയില്ല എന്നതും ഹെലികോപ്റ്ററിൽ കയറി രക്ഷാപ്രവർത്തനത്തിന് പോയില്ല എന്നതുമെല്ലാം നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങളുടെ വളർച്ചയായിട്ടാണ് പുറമേ നിന്ന് ഞാൻ നോക്കിക്കാണുന്നത്. ഇത് എല്ലാവരെയും മനസ്സിലാക്കാനുള്ള ബോധവൽക്കരണം മാധ്യമങ്ങളിൽ എത്തിയിട്ടില്ല എന്നതാണ് ഈ ദുരന്തം എന്നെ പഠിപ്പിച്ച പാഠം!

ഓഖി ചുഴലിക്കാറ്റിൽ എന്നെ സങ്കടപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം ചുഴലിക്കാറ്റ് ഉണ്ടാകും എന്ന മുന്നറിയിപ്പ് വൈകി എന്ന് ആരോപണം ഉയർന്നപ്പോൾ കാലാവസ്ഥ മോഡലിംഗിലെ വെല്ലുവിളികളെ പറ്റിയും, ഓരോ ലെവലിലും ഉള്ള പ്രവചനം വരുമ്പോൾ എടുക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ എന്താണെന്നതിനെ പറ്റിയും ഇത്തവണ എന്ത് ശാസ്ത്രീയ കാരണം കൊണ്ടാണ് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വൈകിയത് എന്നതിനെ പറ്റിയും ഒക്കെ ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും ഒരുമിച്ച് മാധ്യമങ്ങൾ വഴി ജനങ്ങളെ അറിയിക്കുന്നതിന് പകരം ആര്, എപ്പോൾ, എന്ത് പ്രവചിച്ചു, ആര് ആരെ എപ്പോൾ അറിയിച്ചു എന്നതെല്ലാം വിവാദമായി, മാധ്യമ ചർച്ച അതിന്മേൽ ആയി. .

മൂന്നുമാസം മുമ്പുതന്നെ ആറാം ഇന്ദ്രിയം ഉപയോഗിച്ച് ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങി സുനാമി വരെ പ്രവചിച്ച മഹാന്മാരുള്ള നാടാണിത്. അത്തരം പ്രവചനത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ച ലക്ഷക്കണക്കിന് ജനങ്ങളും ഇവിടെ ഉണ്ട്. ഒരു ഐ എം ഡി റിപ്പോർട്ടും എസ് ഡി എം എ മാർഗ്ഗനിർദ്ദേശങ്ങളും ഈ പറഞ്ഞ മുന്നറിയിപ്പിന്റെയത്രയും ഷെയർ ചെയ്യപ്പെട്ടിട്ടില്ല. അപ്പോൾ ശാസ്ത്രീയമായി, ആധുനികമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടവർ പരസ്പരം ഒരുമിച്ചുനിന്ന് കാര്യങ്ങൾ വിശദീകരിച്ചില്ലെങ്കിൽ, പരാജയപ്പെടുന്നത് ശാസ്ത്രമാണ്, വിജയിക്കുന്നത് കപട ശാസ്ത്രജ്ഞന്മാരും! അതിന് അനുവദിക്കരുത്.

ദുരന്തകാലത്തെ മാധ്യമപ്രവർത്തനം:

കേരളത്തിലെ ഏറെ മാധ്യമ പ്രവർത്തകരുമായി വ്യക്തിബന്ധമുള്ള ഒരാളാണ് ഞാൻ. യുവാക്കളും സ്ത്രീകളും കേരളത്തിലെ നേതൃത്വത്തിൽ വരുന്ന കാലത്താണ് കേരളം ലോകത്ത് നമുക്ക് അർഹമായ സ്ഥാനം നേടുന്നത് എന്ന് വിശ്വസിക്കുന്ന ആളും അതിനു വേണ്ടി ശ്രമിക്കുന്ന ആളും ആണ്. കേരളത്തിലെ മാധ്യമ രംഗം ആ അർത്ഥത്തിൽ മറ്റെല്ലാ മേഖലകൾക്കും മാതൃകയാണ്. കേരളത്തിലെ മാധ്യമങ്ങളിലെ പേരെടുത്തവരെ നോക്കൂ. വിനു, വേണു, ഉണ്ണി ബാലകൃഷ്ണൻ, നികേഷ് കുമാർ, ഷാനി, ശ്രീജ, ശ്രീകല എന്നിങ്ങനെ ചെറുപ്പക്കാരാണ് കൂടുതൽ (ഏറെ ചെറുപ്പക്കാർ വേറെയും ഉണ്ട്, ഞാൻ സ്ഥിരം ടി വി കാണാത്തതിനാൽ അവരെ അറിയില്ല, അതുകൊണ്ടാണ് അവരുടെ പേര് പറയാത്തത്, ക്ഷമിക്കുമല്ലോ). നമ്മുടെ രാഷ്ട്രീയരംഗത്തും സിനിമയിലും സംസ്‌ക്കാരികരംഗത്തും കഴിഞ്ഞ നൂറ്റാണ്ടിലെ നേതൃത്വം തന്നെ ഇരുന്നു പുളിക്കുമ്പോൾ പുതിയ കാറ്റായി, പുതിയ ഇന്ത്യയുടെ ശക്തിയായി നിൽക്കുന്നവരാണ് നമ്മുടെ മാധ്യമപ്രവർത്തകർ. അതിനാൽ തന്നെ അവരിൽ എനിക്ക് ഏറെ പ്രതീക്ഷയുമുണ്ട്.

ഉത്തര ഖണ്ഡിലെ പ്രളയത്തിന് ശേഷം എന്തൊക്കെയാണ് ദുരന്തകാലത്ത് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത് എന്നതിനെപ്പറ്റി കേരള പ്രസ്സ് അക്കാദമിയും ദുരന്ത നിവാരണ അഥോറിറ്റിയും ചേർന്ന് ഒരു പരിശീലനം സംഘടിപ്പിച്ചു. മുൻനിരയിലുള്ള എല്ലാ മാധ്യമ പ്രവർത്തകരെയും ക്ഷണിച്ചിരുന്നു, പഠിതാക്കളായി അവർ ആരും വന്നില്ല. അതിന് ശേഷം ദുരന്തകാലത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് പുറ്റിങ്ങൽ അപകടത്തിനുശേഷം ഞാൻ ഒരു പ്രത്യേക ലേഖനം എഴുതിയിരുന്നു. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് എന്നെഴുതിയത്.

ദുരന്ത നിവാരണ രംഗത്ത് ഏറ്റവും പ്രധാനമായത് ദുരന്തബാധിതരുടെ ക്ഷേമം ആണ്. അതിനെ ഹനിക്കുന്ന ഒന്നും മാധ്യമങ്ങൾ ചെയ്യരുത്. ദുരന്തനിവാരണ പ്രവർത്തനത്തെ നേരിട്ടോ അല്ലാതെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത് മാധ്യമപ്രവർത്തനം. ദുരന്തനിവാരണത്തിന്റെ ആദ്യ ദിവസങ്ങളിൽ ദുരന്തബാധിതരുടെ വിഷമങ്ങൾ പരമാവധി ആളുകളെ എങ്ങനെ അറിയിക്കാം ദുരന്തനിവാരണം കൂടുതൽ കാര്യക്ഷമമാക്കാൻ എന്തു ചെയ്യണം, എന്നതൊക്കെയായിരിക്കണം മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. ദുരന്തനിവാരണത്തിന്റെ വിചാരണ തീർച്ചയായും നടത്തേണ്ടതാണ്. എന്നാൽ അത് ആദ്യദിവസം തന്നെ തുടങ്ങുന്നത് ദുരന്തലഘൂകരണം നടത്തുന്നവരുടെ ആത്മവിശ്വാസത്തെ കെടുത്താനേ ഉപകരിക്കൂ. അതിന്റെ ദോഷവും ദുരന്ത ബാധിതർക്ക് മാത്രമാകും.

ദുരന്തസമയത്ത് ജനങ്ങളും ആയി സംവദിക്കേണ്ടതിന്റെ ഏറെ ഉത്തരവാദിത്തം സർക്കാരിനും ഉണ്ട്. ശെരിയായ കാര്യങ്ങൾ ചെയ്താൽ മാത്രം പോരാ, എന്താണ് സംഭവിക്കുന്നതെന്നനും അതിനെ പറ്റി സർക്കാർ എന്താണ് ചെയ്യുന്നതെന്നും ജനങ്ങൾ അറിയണം. അതിന് സർക്കാരിന്റെ ഏറ്റവും വലിയ സഖ്യ കക്ഷികൾ ആണ് മാധ്യമങ്ങൾ. അതുകൊണ്ട് മാധ്യമപ്രവർത്തകർക്ക് അധികാരികളുടെ ഏറ്റവും ഉന്നതതലത്തിൽ നിന്നുതന്നെ പരമാവധി കൃത്യമായ വിവരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും ഞാൻ അന്ന് പറഞ്ഞിരുന്നു. ഒരു ദുരന്തമുണ്ടായാൽ ഉടൻതന്നെ അത് മാനേജ് ചെയ്യുന്ന സമിതി ചേരണം. അതിനുശേഷം അതിൽ ഏറ്റവും സീനിയറായ ആൾ അഞ്ചു മിനിറ്റ് നേരമെങ്കിലും മാധ്യമങ്ങളെ കണ്ട് അതുവരെയുള്ള വിവരങ്ങൾ അറിയിക്കണം . ദുരന്തത്തിന്റെ വ്യാപ്തിയും ദുരന്ത നിവാരണത്തിന് വേഗവുമനുസരിച്ച് ശേഷവും ദിവസവും രണ്ടു തവണയെങ്കിലും ദുരന്തനിവാരണത്തിന്റെ തലവൻ മാധ്യമങ്ങളെ കാണണം. അതിനിടക്ക് ലഭ്യമായ എല്ലാ വിവരങ്ങളും അവർക്ക് കൈമാറണം.

ഈ നിദ്ദേശങ്ങൾ ഒക്കെ ആ ലേഖനത്തിൽ മാത്രമല്ല, അതിനു ശേഷം എഴുതിയ പുസ്തകത്തിലും ഉണ്ട്. പക്ഷെ അതൊന്നും ആരും ശ്രദ്ധിച്ച മട്ടില്ല. പുറ്റിങ്ങലിൽ ദുരന്തം ഉണ്ടായി മണിക്കൂറുകൾക്കകം വിചാരണ തുടങ്ങി എങ്കിൽ . കാറ്റിന്റെ രണ്ടാം ദിവസമാണെന്ന മാറ്റം മാത്രം. സ്വന്തക്കാർ മരിച്ചതും കാണാതാവുകയും ഒക്കെ ചെയ്ത കടൽത്തീരത്തെ ആളുകളുടെ ദുഃഖവും ക്ഷോഭവും സ്വാഭാവികമാണ്. അത് മാധ്യമങ്ങൾ ഉണ്ടാക്കിയതല്ല. പക്ഷെ ആളുകൾ ക്ഷുഭിതരാണെന്ന് കണ്ടതോടെ എരിതീയിൽ എണ്ണ ഒഴിക്കുന്ന രീതിയിൽ ആയി മാധ്യമ വാർത്തകൾ. ഒരു വശത്ത് മുഖ്യമന്ത്രിക്കെതിരെ ജനരോഷം കൂട്ടുക മറു വശത്ത് മുഖ്യമന്ത്രി സ്ഥലത്ത് പോകുന്നില്ല എന്നത് വലിയ വിഷയം ആക്കുക. ഇതിന്റെ ഫലം നാം കണ്ടതാണ്. മുഖ്യമന്ത്രിയെ നാട്ടുകാർ കൈയേറ്റം ചെയ്‌തേക്കുമെന്ന സ്ഥിതി വരെയായി. സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യുകയോ മുഖ്യമന്ത്രിയുടെ സുരക്ഷയെ കരുതി കൂത്തുപറമ്പിലെ ഒക്കെ പോലെ പൊലീസ് കർശനമായി പെരുമാറുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കുക. മാധ്യമങ്ങൾക്ക് ഉഗ്രൻ വിഷ്വലും ചർച്ചാ വിഷയവും ഒക്കെ കിട്ടും, പക്ഷെ ഇതുകൊണ്ടൊക്കെ കടൽത്തീരത്തെ പാവപ്പെട്ട ജനങ്ങൾക്ക് എന്തു ഗുണമാണുണ്ടാകുന്നത് ? ചിന്തിക്കേണ്ട കാര്യമല്ലേ?

കടപ്പുറം കരഞ്ഞപ്പോൾ കൊച്ചുതമ്പുരാക്കൾ എന്തുചെയ്യുകയായിരുന്നു?

ചൈനയിലെ ഒറ്റമക്കൾ മാത്രമുള്ള തലമുറയിലെ കുട്ടികളെയാണ് 'കൊച്ചു ചക്രവർത്തിമാർ' എന്നു വിളിക്കുന്നത്. അച്ഛനുമമ്മയും ലാളിച്ചു വഷളാക്കി, എല്ലാം അവർക്ക് അര്ഹതപ്പെട്ടതാണെന്ന് കരുതി ജീവിക്കുന്ന സ്വാർത്ഥന്മാരുടെ തലമുറ എന്നതായിരുന്നു അവരെപ്പറ്റിയുള്ള പ്രധാന പരാതി. എന്നാൽ 2008 -ലെ ഭൂകമ്പം ആ ദുഷ്പേര് മാറ്റിയെടുത്തു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ആ തലമുറ നേരിട്ടിറങ്ങി. സ്ഥലത്തെത്താൻ പറ്റാത്തവർ അവരുടെ നഗരങ്ങളിൽ പണം ശേഖരിച്ച് സാധനങ്ങൾ എത്തിച്ചുകൊടുത്തു. മറ്റുള്ളവരുടെ ദുഃഖം അറിയുന്നവനും അത് മാറ്റാൻ ശ്രമിക്കുന്നവരുമാണ് അവരെന്ന് പുതിയ തലമുറ കാണിച്ചുകൊടുത്തു.

തായ്ലാന്റിലെയും ചെന്നൈയിലെയും വെള്ളപ്പൊക്കത്തിന്റെ കാലത്തും ആളുകളെ സഹായിക്കാൻ പുതിയ തലമുറ മുന്നിട്ടിറങ്ങിയത് ഞാൻ കണ്ടിട്ടുണ്ട്. ദുരന്ത മുഖത്ത് ആളുകൾക്ക് സഹായം ചെയ്യാൻ ഒരു കൂട്ടം കുട്ടികൾ. ദുരന്തമുഖത്തുള്ളവർക്ക് സാമ്പത്തികവും മറ്റു സഹായങ്ങളും ലഭ്യമാക്കാൻ വേറെ ഏറെ കുട്ടികൾ. ഇതൊക്കെ കാണുമ്പോൾ ദുരന്തത്തിൽ പെട്ടവർക്ക് അവർ ഒറ്റക്കല്ല എന്ന തോന്നൽ ഉണ്ടാകും, പോരാത്തതിന് പുതിയ തലമുറയിൽ നമുക്കെ പ്രതീക്ഷയും.

നമ്മുടെ കടപ്പുറത്ത് ദുരന്ത അലകളെത്തിയപ്പോൾ നമ്മുടെ പുതിയ തലമുറ എന്തു ചെയ്യുകയായിരുന്നുവെന്ന് ചിന്തിച്ചുനോക്കുന്നത് നന്നായിരിക്കും. ഞാൻ കണ്ടിടത്തോളം പുതിയ തലമുറയുടെ വികാരവിക്ഷോഭം മുഴുവൻ ഫേസ്‌ബുക്കിലാകുന്നു. എല്ലാ ഔദ്യോഗിക സംവിധാനങ്ങളെയും പുച്ഛത്തോടെ നോക്കിക്കണ്ട്, കുറ്റം പറഞ്ഞ്, കളിയാക്കി അവർ ചാരുകസേരയിൽ കയറി മൊബൈലും നോക്കിയിരുന്നു. അച്ഛനമ്മമാർ നഷ്ടപ്പെട്ട കടപ്പുറത്തെ കുട്ടികൾക്ക് സഹായമെത്തിക്കാനായി ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയും ഞാൻ കണ്ടില്ല. സുനാമി വരുമെന്ന് പത്ത് വ്യാജ സന്ദേശം ഏറെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽനിന്ന് വന്നെങ്കിലും കരയിലുള്ളവർക്ക് സഹായം നൽകാനായി ഒരു സന്ദേശവും ഞാൻ കണ്ടില്ല. മക്കളെ, ഫേസ്‌ബുക്കിന് പുറത്തുമുണ്ട് ഒരു ലോകം. അവിടെത്തെ പ്രശ്‌നങ്ങളെയെല്ലാം ലൈക്കും ഷെയറും കൊണ്ട് മാറ്റാൻ പറ്റില്ല.

തെറ്റ് ചെയ്യാത്തവരില്ല ഗോപൂ

കേരളത്തിലെ ദുരന്തനിവാരണ സംവിധാനത്തെപ്പറ്റി എനിക്ക് നല്ല അറിവും ബന്ധങ്ങളുമുണ്ടെങ്കിലും ഞാനതിന്റെ ഭാഗമല്ല. എന്നാൽ കേരളത്തിൽ നടക്കുന്ന ഓരോ ചലനവും ഞാൻ ശ്രദ്ധിക്കാറുണ്ട്. അതിൽ എനിക്കാകുന്നതുപോലെ നിർദ്ദേശങ്ങൾ നല്കുന്നും ഉണ്ട്. ആ അർത്ഥത്തിൽ ഇവിടെ ആളുകൾ എന്ത് ചെയ്യുന്നു എന്ന് അളന്നുനോക്കാൻ മാത്രമിരിക്കുന്ന റഫറിയല്ല ഞാൻ. അതിനാൽ കാറ്റു വീശിയപ്പോൾ ഞാൻ എന്തുചെയ്തു എന്നും എന്ത് കൂടുതൽ ചെയ്യാമായിരുന്നു എന്നും ഞാനും ചിന്തിക്കുന്നുണ്ട്. പ്രധാനമായും രണ്ടു തെറ്റുകൾ എനിക്കും പറ്റിയിട്ടുണ്ട്.

കാറ്റ് വന്നു എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ഐ എം ഡി സൈറ്റിൽ നോക്കി എന്നു പറഞ്ഞല്ലോ. അപ്പോൾ കേരളതീരത്തു നിന്നും അകന്നുപോകുന്ന ഒന്നാണ് കാറ്റ് എന്ന് മനസ്സിലായി.. അതേസമയം എല്ലാ മാധ്യമങ്ങളും 'കേരളത്തിലേക്ക് കാറ്റ് വരുന്നു' എന്ന മട്ടിലാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. തിരുവനന്തപുരം തൊട്ട് കണ്ണൂർ വരെയുള്ളവർ 'ചുഴലിക്കാറ്റ്' വരുന്നത് പേടിച്ചിരിക്കുകയായിരുന്നു. അതിനാൽ കാറ്റ് കേരളത്തിൽനിന്നും അകന്നുപോകുന്നതാണെന്നും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശത്തെ ആളുകൾ പേടിക്കേണ്ട എന്നും, തെക്കു ഭാഗത്തുതന്നെ ഒരു ദിവസത്തിൽ കൂടുതൽ കാറ്റ് നിൽക്കില്ല എന്നും ഒരു സാധനവും വാങ്ങിക്കൂട്ടേണ്ട എന്നുമുള്ള നിർദ്ദേശങ്ങളാണ് ഞാൻ നൽകിയത്. കാറ്റ് ലക്ഷദ്വീപിനെ ലക്ഷ്യമായി പോകുന്നതിനാൽ അവിടെ ശ്രദ്ധിക്കണം എന്നും പറഞ്ഞിരുന്നു. പക്ഷെ കടലിലേക്ക് അടിക്കുന്ന കാറ്റിൽ കരയിൽ നിന്നും കടലിലേക്ക് പോയി കഴിഞ്ഞ ആളുകൾക്ക് എന്ത് സംഭവിക്കും എന്നും എങ്ങനെ ആണ് അവർക്ക് നിർദ്ദേശങ്ങൾ എത്തിക്കാൻ പറ്റുക എന്നും ഞാൻ ചിന്തിച്ചില്ല. കേരളത്തിലെ കടലിനേയും മത്സ്യത്തൊഴിലാളികളുടെ ജോലിയേയും ജീവിതത്തെയും പറ്റിയുള്ള എന്റെ അറിവ് കുറവ് കൊണ്ടു സംഭവിച്ചതാണ്. എന്റെ സുഹൃത്ത് വിധീഷ് മൽസ്യ തൊഴിലാളികളുടെ കൂടെ കുറച്ചു ദിവസം കടലിൽ കൊണ്ടുപോകാമെന്ന് ഏറെ നാളുകളായി എന്നോട് പറയുന്നു. ഇനി അത് ചെയ്തിട്ടുതന്നെ ബാക്കി കാര്യം.

ദുരന്തനിവാരണ രംഗത്ത് പ്രൊഫഷണലിസം കൊണ്ടുവരണം എന്നതും പ്രകടനപരമായ കാര്യങ്ങൾ കുറച്ചു കൊണ്ടുവരിക എന്നതുമാണ് പൊതുവെ ഞാൻ ഉപദേശിക്കാറ്. എന്നാൽ കേരളം പോലെ ഓരോ കല്യാണത്തിനും വീട്ടിൽ എത്തുന്ന ജനപ്രതിനിധികൾ ഉള്ള നാട്ടിൽ കാര്യങ്ങളെ പ്രൊഫഷണൽ എഫിഷ്യൻസിയുടെ കണ്ണിൽ കൂടെ മാത്രം കാണുന്നതിൽ അപാകതയുണ്ടെന്ന് വ്യക്തമാണ്. പ്രൊഫഷണലായി എത്ര നന്നായി കാര്യങ്ങൾ ചെയ്താലും അത് ജനങ്ങളോട് സംവദിച്ചില്ലെങ്കിൽ ജനങ്ങളുടെ ദുഃഖത്തെ അറിയുന്നില്ല എന്നാവും ജനങ്ങൾ തെറ്റിദ്ധരിക്കുക. അതു മതി പ്രൊഫഷണലിസത്തിന്റെ മികവുകളെ മായ്ച്ചു കളയാൻ. അതുകൊണ്ടു തന്നെ ദുരന്തബാധിതരും ആയി ഭരണ നേതൃത്വം എങ്ങനെ എപ്പോൾ ബന്ധപ്പെടണം എന്നതിനെ പറ്റിയുള്ള എന്റെ ചിന്തകൾക്ക് കേരളത്തിൽ എങ്കിലും മാറ്റം വരും.

ഇപ്പോൾ എന്റെ പ്രധാന ചിന്ത പക്ഷെ ഇതൊന്നുമല്ല. ഇനിയും കടലിൽ നിന്നും മടങ്ങി വരാത്ത എത്ര പേർ ഉണ്ട് ?, അവരിൽ എത്ര പേരായിരിക്കും അപകടത്തിൽ പെട്ടിരിക്കുക ?. ഏറ്റവും വേഗത്തിൽ ഈ കാര്യങ്ങളിൽ കൃത്യത ഉണ്ടാകും എന്ന് കരുതുന്നു. ആ കാര്യത്തിന് ഒരു തീരുമാനം ആയി കഴിഞ്ഞാൽ പിന്നെ നമുക്ക് ഈ ദുരന്തത്തിന്റെ യഥാർത്ഥ പോസ്റ്റ് മോർട്ടം നടത്താം, പാഠങ്ങൾ പഠിക്കാം. ഡിസംബറിൽ നാട്ടിൽ ഉള്ളപ്പോൾ ഈ വിഷയത്തെ പറ്റി അവലോകനം ഒക്കെ ഉണ്ടെങ്കിൽ അതിൽ തീർച്ചയായും പങ്കെടുക്കും. അത് പോലെ ഓരോ ഡിസംബർ ഇരുപത്തി ആറിനും ആ വർഷം ലോകത്തുണ്ടായ ദുരന്തങ്ങളേയും അതിൽ നിന്നും നമുക്ക് പഠിക്കാവുന്ന പാഠങ്ങളെയും ഒക്കെ പറ്റി ഞാൻ എഴുതാറുണ്ട്. അത് ഈ വർഷവും ഉണ്ടാകും.

(അഭിപ്രായങ്ങൾ വ്യക്തിപരം ആണ്)