ഫേസ്‌ബുക്ക് ഉണ്ടാകുന്നതിന് മുന്നും പിന്നും എന്റെ ഏറ്റവുമടുത്ത ഫ്രണ്ട് ബിനോയിയാണ്. കോതമംഗലത്ത് എൻജിനീയറിംഗിന് പഠിക്കുന്ന കാലത്തുള്ള കൂട്ടാണ്. എൻജിനീയറിങ് കഴിഞ്ഞാലുടൻ ജോലിക്ക് കയറണമെന്നായിരുന്നു എന്റെ ആഗ്രഹം. എൻജിനീയറിങ് കഴിഞ്ഞ് തുടർന്നും പഠിക്കണമെന്നായിരുന്നു ബിനോയിയുടെ ആഗ്രഹം. എന്നാൽ GATE എഴുതിയ സ്‌കോർ വന്നപ്പോൾ തുടർന്ന് പഠിക്കാനുള്ള അവസരം കിട്ടിയത് എനിക്കാണ്. ആദ്യം ജോലി കിട്ടിയത് ബിനോയിക്കും. ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെയാണ്.

പഠിക്കുന്ന കാലത്തുതന്നെ എപ്പോൾ നാട്ടിൽ വന്നാലും ഞാൻ ബിനോയിയെ കാണാൻ പോകും, ഇപ്പോഴും ആ പതിവ് തുടരുന്നു.

പി എച് ഡി യുടെ തീസിസ് സബ്മിറ്റ് ചെയ്തതിനു ശേഷം ഞാൻ ബിനോയിയെക്കാണാൻ പോയി. കോളേജിൽനിന്നും തിരിച്ച് ഓട്ടോയിൽ ഞങ്ങൾ ഒരുമിച്ചാണ് വന്നത്. കുന്നിറങ്ങുന്ന സമയത്ത് അവൻ ചോദിച്ചു,

''അപ്പോ പണി വല്ലതും ആയോ?''

''ഇല്ല''

''അതുശരി, അപ്പോപ്പിന്നെ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കാമല്ലോ''

ഇതൊക്ക കേട്ടുകൊണ്ടിരുന്ന ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞു, ''മോനെ തൊഴിലില്ലായ്മ വേതനത്തിനൊന്നും അപേക്ഷിക്കേണ്ട, ലോണെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങാൻ നോക്ക്. ചെലവുകാശ് ഈസിയായിട്ട് ഒക്കും''

ഈ കഥ പറഞ്ഞ് ഞാനും ബിനോയിയും ഇപ്പോഴും ചിരിക്കാറുണ്ട്.

പക്ഷെ, ഇതൊരു തമാശയല്ല. എൻജിനീയർ ആണ്, ഐ ഐ ടി യാണ്, പി എച് ഡി ആണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇന്ത്യയിൽ ഗവേഷണം കഴിയുന്നവർക്ക് ജോലിസാധ്യത ഏറെയൊന്നുമില്ല. ബി ടെക്ക് കാരുടെയും എം ടെക്ക് കാരുടെയും ഒക്കെ കാര്യത്തിൽ ഉള്ള പോലെ ഒരു പ്ലേസ്‌മെന്റ് സർവീസ് ഒന്നും ലോകത്ത് ഒരിടത്തും പി എച്ച് ഡി ക്കാർക്ക് ഇല്ല. പഠിച്ച സ്ഥാപനത്തിന്റെയും പഠിപ്പിച്ച ഗൈഡിന്റെയും റെപ്യൂട്ടേഷൻ അനുസരിച്ചിരിക്കും നമ്മുടെ തൊഴിൽ സാധ്യത. അത് നമ്മൾ തന്നെ കണ്ടു പിടിക്കണം. ഐ ഐ ടി യിൽ നിന്നുള്ള എൻജിനീയർമാർ പി എച് ഡി ക്കാരുടെ കാര്യം ഇതാണെങ്കിൽ, മറ്റു വിഷയങ്ങളിൽപ് എച് ഡി എടുക്കുന്നവരുടെയോ മറ്റു യൂണിവേഴ്‌സിറ്റികളിൽ ഉള്ളവരുടെയോ കാര്യം പറയേണ്ടല്ലോ.

മിഡിൽ ക്ലാസോ അതിനു താഴെയുള്ളതോ ആയ കുടുംബത്തിൽ നിന്നും ബിരുദാനന്തര ബിരുദത്തിനു ശേഷം ജോലിക്കു ചേരാതെ പി എച് ഡി ക്കു പോകുന്നത് മണ്ടത്തരം ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ എന്തുതന്നെ ചെയ്താലും പിന്തുണക്കുന്ന മാതാപിതാക്കളാണ് ഭാഗ്യവശാൽ എനിക്കുണ്ടായിരുന്നത്. ഏഴാമത്തെ മകനായതുകൊണ്ടും മറ്റു സഹോദരന്മാർക്കെല്ലാം ജോലിയുണ്ടായിരുന്നതുകൊണ്ടും ഞാൻ കേന്ദ്ര ഗവണ്മെന്റിലെ ഗസറ്റഡ് ഉദ്യോഗം രാജിവച്ച് ഗവേഷണത്തിന് പോയത് കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഒന്നുമുണ്ടാക്കിയില്ല. എങ്കിലും ആയിരത്തോളം അംഗങ്ങളുള്ള തുമ്മാരുകുടി കുടുംബത്തിൽ ഒരാൾ പോലും പോകാത്ത എൻജിനീയറിങ് പി എച് ഡിക്ക് ഞാ നെന്തിന് ഇറങ്ങിപ്പുറപ്പെട്ടു എന്ന് എന്റെ ചുറ്റുമുള്ള ആർക്കും മനസ്സിലായില്ല. ഇന്ത്യയിലിപ്പോൾ ഗവേഷണം ചെയ്യുന്നതോ ഗവേഷണം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നതോ ആയ മിക്കവാറും കുട്ടികളുടെ സ്ഥിതി ഇതായിരിക്കും. എന്തിനാണ് അവർ ഈ ഗവേഷണം എന്നും പറഞ്ഞു നടക്കുന്നതെന്ന് അവരുടെ വീട്ടുകാർക്കോ കൂട്ടുകാർക്കോ മനസ്സിലാവില്ല. ഗവേഷണം ഒക്കെ കഴിയുമ്പോഴേക്ക് അവരുടെ കൂട്ടുകാരൊക്കെ ഒന്നുകിൽ ജോലിയിലായിട്ടുണ്ടാകും, അല്ലെങ്കിൽ കല്യാണം കഴിച്ചിട്ടുണ്ടാകും. പി എച് ഡി എടുക്കാൻ മിനിമം നാലുവർഷം കൂട്ടിയാൽ ഇരുപത്തിയേഴു വയസ്സെങ്കിലുമാകും നമ്മൾ തൊഴിൽ മാർക്കറ്റിലെത്താൻ.എന്നാലിവിടെ വല്ല മുൻഗണയുമുണ്ടോ? ഇന്ത്യയിലെന്നല്ല, ലോകത്തെമ്പാടും ബിരുദാനന്തര ബിരുദം കഴിഞ്ഞുള്ള പഠനം കൊണ്ട് ശമ്പളം കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തൊഴിൽ കമ്പോളത്തിൽ പോട്ടെ വിവാഹ ക്കമ്പോളത്തിലും പി എച് ഡി ക്കാരുടെ സ്ഥിതി പരിതാപകരമാണ്. 'പി എച് ഡി ഒക്കെ ചെയ്യുന്ന പയ്യന്മാർ പഠിപ്പിസ്റ്റുകളാണ്, ഒട്ടും റൊമാന്റിക് അല്ല, പൊടി വട്ടും കാണും' എന്നതാണ് പൊതുവെ പെൺകുട്ടികളുടെ ധാരണ. പി എച് ഡി കഴിയുന്ന പെൺകുട്ടികളാകട്ടെ, നാട്ടിലെ 'ഐഡിയൽ' വിവാഹപ്രായം കഴിഞ്ഞാണ് ഫീൽഡിലെത്തുന്നത്. 'പഠിപ്പിസ്റ്റ്', 'റൊമാന്റിക്കല്ല' എന്നുള്ള ആരോപണങ്ങൾ അവർക്കെതിരെയും ഉണ്ട്. കൂടാത്തതിന്, തന്നേക്കാളും പഠിത്തമുള്ളവരെ കല്യാണം കഴിക്കാനുള്ള മലയാളിപ്പയ്യന്മാരുടെ വിമുഖത എല്ലാം കൂടിയാകുമ്പോൾ അവരുടെ കാര്യം ആൺകുട്ടികളുടേതിനേക്കാൾ പരിതാപകരം ആണ്.

ഇനി ഗവേഷണത്തിന്റെ കാര്യമെടുക്കാം. പി എച് ഡിക്ക് പഠിക്കുന്നവർ അവരുടെ ഗൈഡുമാരുടെയും ഗൈഡുമാർക്ക് പാരവെക്കാൻ നടക്കുന്ന മറ്റു പ്രൊഫസ്സർമാരുടെയും കൈയിൽ നിന്നും സഹിക്കേണ്ടിവരുന്ന മാനസിക പീഡനങ്ങൾ വച്ചു നോക്കുമ്പോൾ നമ്മുടെ സ്വാശ്രയകോളേജ് ഒക്കെ വെറും ഗ്രാസ്സാണ്. എടുത്താൽ പൊങ്ങാത്ത ഈഗോ ആണ് പ്രൊഫസ്സർമാരുടെ ഒരു മുഖമുദ്ര. പരസ്പരം പാരവെപ്പാണ് ഏതൊരു അക്കാദമിക് ഡിപ്പാർട്ട്‌മെന്റിലെയും പ്രധാന വിനോദം. ഇതിനൊന്നും കേരളാ യുണിവേഴ്‌സിറ്റിയെന്നോ ഐ ഐ റ്റിയെന്നോ ഹാർവാർഡ് എന്നോ വ്യത്യാസമില്ല. ദിവസവും പന്ത്രണ്ട് മുതൽ പതിനാലു വരെ മണിക്കൂർ കുട്ടികൾ ലാബിൽ പണിയെടുത്താലും ഇപ്പോഴത്തെ കുട്ടികൾ ഒക്കെ 'ലേസി ബംസ്' ആണെന്ന് പറയുന്ന ഗൈഡുകൾ തൊട്ട് കൂടെ ഗവേഷണത്തിനു വരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നവർ വരെ നമ്മുടെയിടയിലുണ്ട്. ഇതിനിടയിൽക്കൂടി വേണം ഗവേഷണം നടത്താൻ.

ഐ ഐ ടിയിൽ ഞങ്ങൾ അനുഭവിക്കാത്ത പല ബുദ്ധിമുട്ടുകളും സാധാരണ യൂണിവേഴ്‌സിറ്റികളിലുണ്ട്. രോഹിത് വെമുലയൊക്കെ സർക്കാരിൽ നിന്നും കിട്ടാനുള്ള ഗ്രാന്റ് കിട്ടാതെ ബുദ്ധിമുട്ടിയ കാര്യം ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നല്ലോ. കേരളത്തിലെ ഒരു യുണിവേഴ്‌സിറ്റിയിൽ 'സ്റ്റാംപ്' വാങ്ങാൻ കാശില്ലാത്തതിനാൽ കുട്ടികളുടെ തീസിസ് മാസങ്ങളോളം ഇവാലുവേഷനായി അയച്ചുകൊടുക്കാതിരുന്ന കഥ ഞാൻ കേട്ടിട്ടുണ്ട്. ചുരുങ്ങിയത് ഐ ഐ ടിയിൽ അത്തരം ബുദ്ധിമുട്ടുകൾ ഇല്ല. കാൺപൂരിൽ ആണെങ്കിൽ സ്ത്രീ പുരുഷ വേർതിരിവുകളും കുറവാണ്. രാത്രി പ്രന്ത്രണ്ടു മണിക്കാണ് ലൈബ്രറി അടക്കുന്നത് അതുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവിടെ ഇരിക്കാം. ലാബ് ഇരുപത്തിനാലു മണിക്കൂറും തുറന്നിട്ടിരിക്കയാണ്, ആർക്കും ജോലി ചെയ്യാം. ഇവിടെ അതിനൊക്കെ നിരോധനം ആണല്ലോ.

ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് തീസിസും സമർപ്പിച്ചുവരുന്ന ഞങ്ങൾക്ക്ഓട്ടോറിക്ഷ ഓടിക്കുന്നതിലും മെച്ചപ്പെട്ട ഒരു ജോലിക്ക് അർഹതയില്ലേ ?

ഞാൻ മുകളിൽ പറഞ്ഞ പ്രശ്‌നങ്ങൾ പലതും വിദേശ രാജ്യങ്ങളിലുമുണ്ട്. അമേരിക്കയിലൊക്കെ പുറത്തിറങ്ങുന്ന പി എച് ഡി ക്കാരിൽ ഏറെയും യൂണിവേഴ്‌സിറ്റികളിൽ അദ്ധ്യാപകരായി പോകാനാണ് സ്വപ്നം കാണുന്നത്. എന്നാൽ പി എച്ച് ഡി ക്കാരുടെ എണ്ണം വര്ധിക്കുന്നതനുസരിച്ച് യുണിവേഴ്‌സിറ്റികളുടെയും അദ്ധ്യാപകരുടേയുമൊന്നും എണ്ണം വർധിക്കാത്തതുകൊണ്ട് പി എച് ഡി കഴിഞ്ഞ അനവധിയാളുകൾ താൽക്കാലികമായ ഗവേഷണത്തിൽ നിന്നും (പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് അഥവാ പി ഡി എഫ്) താൽക്കാലികമായ റിസേർച്ച് ജോലികളിലേക്ക് മാറിപ്പോകുകയാണ്. നാൽപതു വയസ്സൊക്കെയാകും ഒരു ഫാക്കൽറ്റി പൊസിഷൻ കിട്ടാനും സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കി ഫണ്ടിങ്ങിന് അപേക്ഷിക്കാനും ഒക്കെ.

ഇത്രയും ഒക്കെ പറഞ്ഞു പി എച് ഡി ക്കു പോകാൻ ശ്രമിക്കുന്നവരെ പരമാവധി നിരാശരാക്കിയ സ്ഥിതിക്ക് ഇനി ഇതിൽ എത്തിപ്പറ്റിയവർക്കും ഇനിയും ഇതുവഴി വരുന്നവർക്കും വേണ്ടി ചില നിർദേശങ്ങൾ പറയാം.

ലോകത്ത് നൂറിലൊരാൾക്കുപോലും പി എച് ഡി ഇല്ല. ഇന്ത്യയിലാകട്ടെ ഇത് അഞ്ഞൂറിലൊന്നിലും
താഴെയാണ്. ചുമ്മാതല്ല കാശും പ്രശസ്തിയുമൊക്കെയുണ്ടെങ്കിലും സിനിമാക്കാരും രാഷ്ട്രീയക്കാരും ഒരു 'ഹോണററി ഡോക്ടറേറ്റ്' തപ്പിനടക്കുന്നത്. അതുകൊണ്ട് അധ്വാനിച്ച് ഡോക്ടറേറ്റ് നേടുന്നത് ഒരഭിമാനം തന്നെയാണ്. അങ്ങനെ പഠിച്ചു ഡോക്ടറായതാണെങ്കിൽ അത് മറ്റുള്ളവർ എങ്ങനെ കണ്ടാലും നിങ്ങൾ അഭിമാനമായി കാണുക (ഒരു കാര്യം പറയട്ടെ, ഗൾഫിലും, ചൈനയിലും ജപ്പാനിലും പി എച്ച് ഡി ക്കാർക്ക് ഒരു വിലയൊക്ക ഉണ്ട്. യൂറോപ്പിൽ പി എച്ച് ഡി ഉള്ളവർ ഗവേഷണ സ്ഥാപനങ്ങൾക്ക് പുറത്തധികം കാണാത്തതിനാൽ അവിടെ പേരിന്റെ കൂടെ Dr എന്നോ PhD എന്നോ വയ്ക്കുന്ന പതിവില്ല.).
പി എച് ഡി ഗവേഷണമെന്നാൽ പഴയകാലത്തെ പോലെ 'വിപ്ലവകരമായ' എന്തെങ്കിലുമൊരു കാര്യം
കണ്ടുപിടിക്കുക എന്നതല്ല. തനിച്ച് കൂടുണ്ടാക്കുന്ന കിളിയെപ്പോലെ ഉള്ള ജോലിയല്ല നൂറു കണക്കിന് തേനീച്ചകൾ കിലോമീറ്ററുകളോളം സഞ്ചരിച്ച് ഒരുനുള്ള് മെഴുക് കൊണ്ടുവന്ന് ഒരുമിച്ച് തേനീച്ചക്കൂടുണ്ടാക്കുന്ന ജോലിയാണ് ഇക്കാലത്ത് ഗവേഷണം. നമ്മൾ ഓരോരുത്തരും ചെയ്യുന്നതിന്റെ അർത്ഥമോ ഫലമോ നമ്മൾ അറിയുകയോ കാണുകയോ ചെയ്തില്ല എന്നുവരാം. ചെറിയ ചെറിയ കണ്ടുപിടുത്തങ്ങളിലൂടെ പതുക്കെപ്പതുക്കെ നാം ആ തേൻകൂട് ഉണ്ടാക്കുകയാണ്. അതിലെ തേനാണ് സമൂഹം മുഴുവൻ ആസ്വദിക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് 'നൊബേൽ പ്രൈസ്' കിട്ടിയില്ലെങ്കിലും നിങ്ങൾ ഒരു പേറ്റന്റെടുത്ത് ധനികരായില്ലെങ്കിലും നിങ്ങളുടെ ഗവേഷണം അർത്ഥശൂന്യമാകുന്നില്ല.
പി എച് ഡി എന്നത് ചുരുങ്ങിയത് അഞ്ചു വർഷത്തെയെങ്കിലുംകമ്മിറ്റ്മെന്റാണ്. അതും
മുൻപ് പറഞ്ഞതുപോലെ സാമ്പത്തികലാഭമുണ്ടാക്കാത്തതും അതേസമയം വ്യക്തിജീവിതത്തിൽ നഷ്ടമുണ്ടാക്കുന്നതുമാണ്. അതുകൊണ്ട് പി എച് ഡി ക്ക് ചേരാനുള്ള തീരുമാനം നിസ്സാരമായി എടുക്കരുത്.
ഇന്ത്യയിലെ പി എച് ഡി പഠനകാലത്ത് ധാരാളം സമയമുണ്ടെങ്കിലും ഗവേഷണവിഷയത്തിലൊഴിച്ച്
മറ്റു കാര്യങ്ങളിൽ ചെലവഴിക്കാൻ നമ്മൾ താല്പര്യം കാണിക്കാറില്ല. അതിനു നമ്മളെ യൂണിവേഴ്‌സിറ്റി നിർബന്ധിക്കുന്നില്ല. അങ്ങനെ വല്ലതും ചെയ്യുന്നത് കമ്മിറ്റ് മെന്റിന്റെ കുറവായിട്ടാണ് മിക്ക ഗൈഡുകളും കാണുന്നത്. ഇത് ശുദ്ധമണ്ടത്തരമാണ്. ചില കാര്യങ്ങളിലെങ്കിലും കൃത്യമായ അറിവ്
നേടാൻ നമ്മൾ ശ്രമിക്കണം.
1. ആധുനിക ഗവേഷണത്തിന്റെ രീതികൾ (modern research methods )
2. Statistical technique and quality control
3. ഗവേഷണ പ്രബന്ധങ്ങൾ എഴുതുന്നതെങ്ങനെ?
4. റിസേർച്ച് പ്രൊപ്പോസലുകൾ തയ്യാറാക്കുന്നത് എങ്ങനെ?
5. ആളുകളുടെ മുന്നിൽ സഭാകമ്പം കൂടാതെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നത് എങ്ങനെ?

ഇതിനെപ്പറ്റിയൊക്കെ ഓരോ ഗവേഷണകേന്ദ്രത്തിലും ക്ലാസ്സുകൾ വേണ്ടതാണെങ്കിലും ഇന്ത്യയിലെ അനവധി യൂണിവേഴ്‌സിറ്റികളിൽ പി എച് ഡിക്ക് ഒരു കോഴ്‌സ് വർക്കും ഇല്ല. ഇപ്പോൾ പക്ഷെ ഓൺലൈനായി ഇതിനെല്ലാം നല്ല പരിശീലനമുണ്ട്. അതുപയോഗിക്കുക.

5. ഇംഗ്ലീഷിൽ പ്രാവീണ്യം നേടുന്നത് ഏറ്റവും അത്യാവശ്യമാണ്.പക്ഷെ, അതുകൂടാതെ ഏതെങ്കിലുമൊരു ഭാഷ കൂടി പഠിച്ചാൽ നിങ്ങളുടെ ചാൻസ് പല മടങ്ങാക്കാം. ജാപ്പനീസ്, ജർമ്മൻ, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ്, ഇറ്റാലിയൻ ഇവയിലേതെങ്കിലുമൊന്ന് നിങ്ങളുടെ ഗവേഷണ വിഷയത്തിലെ സാധ്യതകൾക്കനുസരിച്ച് പഠിക്കണം. ഉദാഹരണത്തിന് സിവിൽ എൻജിനീയറിംഗാണെങ്കിൽ
ജാപ്പനീസ്, മെക്കാനിക്കൽ ആണെങ്കിൽ ജർമ്മൻ ,ഹ്യുമാനിറ്റിസാണെങ്കിൽ ഫ്രഞ്ച് എന്നിങ്ങനെ. ഈ രാജ്യങ്ങളിൽ പി എച് ഡി കഴിഞ്ഞവർക്ക് അവസരമുണ്ടെന്നത് മാത്രമല്ല, നിങ്ങൾ ആ ഭാഷ പഠിക്കാൻ മുൻകൈയെടുത്തു എന്നത് നിങ്ങൾക്ക് വലിയ ക്രെഡിറ്റായിരിക്കും.

6. മറ്റേത് തൊഴിലിലേയും പോലെ നെറ്റ്‌വർക്കിങ് ഗവേഷണത്തിലും ഏറ്റവും അത്യാവശ്യമാണ്. ഗവേഷണത്തിൽ നമ്മുടെ ലൈൻ കണ്ടെത്തിയാലുടൻ ആ വിഷയത്തിലെ ന്യൂസ് ഗ്രൂപ്പിൽ പോയി അംഗമാകുക, ഫേസ്‌ബുക്ക് കൂട്ടായ്മയുണ്ടെങ്കിൽ ചേരുക, ആ വിഷയവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അസോസിയേഷൻ കണ്ടുപിടിച്ച് അതിൽ സ്റ്റുഡന്റ് മെമ്പർഷിപ്പ് എടുക്കുക. ഈ പറഞ്ഞ സ്ഥലത്തൊക്കെ ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും കമന്റിട്ടും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുക.

7. ഗവേഷണ സമയത്ത് തന്നെ വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലുംഇന്ത്യക്കകത്ത് സെമിനാറിലോ വർക്ക് ഷോപ്പിലോ ഒക്കെ പോകുക. എങ്ങനെയെങ്കിലും വിദേശത്ത് ഒരു കോൺഫറൻസിനെങ്കിലും പോകാനുള്ള അവസരം സംഘടിപ്പിക്കുക. പറ്റിയാൽ ഒരു ഇന്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക. ലോകത്തെ തന്നെ ഏറ്റവും വലിയ ഗവേഷണകേന്ദ്രമായ് യൂറോപ്യൻ ന്യൂക്ലിയർ റിസർച്ച് സെന്റർ (https://home.cern) ജനീവയിൽ എന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെയാണ്. അവിടെ എല്ലാ വർഷവും അനവധി ആളുകൾക്ക് ഇന്റേൺഷിപ്പ് ലഭ്യമാണ്. അപേക്ഷിക്കുക, കിട്ടിയാൽ രണ്ടാമന്റെ കൂടെ താമസവും തരമാക്കാം. ഇന്ത്യയിലെ നല്ല ഗവേഷണസ്ഥാപനങ്ങൾ പലതും ഇതിനുള്ള ചെലവ് വഹിക്കും. ട്രാവൽ അലവൻസ് തരുന്ന സർക്കാർ സംവിധാനങ്ങളുണ്ട്. പ്രൈവറ്റ് ഫൗണ്ടേഷനുകൾ ഉണ്ട്. നമ്മൾ സ്‌കോളർഷിപ്പ് തുക അല്പം മിച്ചം പിടിക്കണം. വേണ്ടിവന്നാൽ അച്ഛനോടും അമ്മയോടും ചോദിക്കണം. ജനീവയിൽ ഇന്റേൺഷിപ്പിന് വരാനായി കാനഡയിലെ ഒരു കുട്ടി ഓൺലൈനായി ഒരു ക്രൗഡ് ഫണ്ടിങ് കാംപയിൻ നടത്തി. സമൂഹമാദ്ധ്യമം ഇങ്ങനെ ഒക്കെ ക്രിയാത്മകമായി ഉപയോഗിക്കണം. ഒരുലക്ഷം രൂപ സംഘടിപ്പിച്ചെടുക്കുക എന്നത് ഇക്കാലത്ത് ഒരു ബുദ്ധിമുട്ടല്ല. ഇന്ത്യയിൽ നിന്നുള്ള കുട്ടികൾക്ക് കോൺഫറൻസ് ഫീ ഇളവുചെയ്യാനും വേണ്ടിവന്നാൽ ഹോട്ടൽ ചെലവ് നൽകാനും വികസിതരാജ്യങ്ങളിലെ കോൺഫറൻസ് ഓർഗനൈസർമാർക്ക് സാധിക്കും. ഇതൊക്കെ ഉപയോഗിക്കുക. പോകുന്നിടത്തെല്ലാം അറിവ് സമ്പാദിക്കുന്നതിനോടൊപ്പം നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കുക കൂടി ചെയ്യണം.

8. പഠിക്കുന്ന സമയത്തു തന്നെ ജേർണലുകളിൽ ലേഖനമെഴുതി പ്രസിദ്ധീകരിക്കണം.
നമ്മുടെ പി എച് ഡിക്ക് വേണ്ടി നമ്മൾ ചെയ്യുന്ന ലിറ്ററേച്ചർ റിവ്യൂ പോലും പബ്ലിഷ് ചെയ്യാൻ ഇപ്പോൾ ഓൺലൈനും പ്രിന്റുമായുള്ള ജേർണലുകളുണ്ട്. എഴുതി തെളിയേണ്ടത് ഇങ്ങനെയൊക്കെയാണ്.

9. പി എച് ഡി ഗവേഷണകാലത്ത് രണ്ടു നല്ല പേപ്പറുകളെങ്കിലും ഉണ്ടാക്കിയെടുക്കാൻ നമ്മൾ ശ്രമിക്കണം. ഇതും ഇപ്പോഴത്തെ കാലത്ത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

10. ഐ ഐ ടികളിലും മറ്റു പേരുകേട്ട ഗവേഷണസ്ഥാപനങ്ങളിലും ഒഴികെ ഇന്ത്യയിൽ ഗവേഷണം ചെയ്യുന്നത് തൊഴിൽ സാധ്യതയുടെ അടിസ്ഥാനത്തിൽ വലിയ റിസ്‌കാണ്. മറ്റുള്ള സ്ഥാപനങ്ങളിൽ ഗവേഷണത്തിന് പോകുന്നതിന് മുൻപ് അവിടുത്തെ സൗകര്യങ്ങളും തൊഴിൽ സാധ്യതകളും ഒക്കെ അപ്പോൾ അവിടെ പടിക്കുന്നവരോട് അന്വേഷിച്ചു മനസ്സിലാക്കണം.

11. സാധിക്കുന്നവരെല്ലാം വിദേശത്ത് തന്നെ ഗവേഷണത്തിന് പോകണം. ഗവേഷണ സൗകര്യങ്ങൾ മികച്ചതാണ് ഭാഷയിൽ പ്രാവീണ്യം നേടാം, മറ്റു രാജ്യങ്ങളിലേക്ക് ഉൾപ്പെടെ നിരവധി ആളുകളുമായി നെറ്റ്‌വർക്ക് ഉണ്ടാക്കാം എന്നതൊക്കെയാണ് ഇതിന്റെ ഗുണം. മിക്കവാറും രാജ്യങ്ങളിൽ പി എച് ഡി കഴിയുമ്പോഴേക്കും നമുക്ക് അവിടെ സ്ഥിരതാമസമാക്കാനും ജോലിചെയ്യാനുമുള്ള അനുമതി ലഭിക്കും. ആ നാട്ടിലെ പി എച് ഡി ആണ് കൂടുതൽ വിലമതിക്കുന്നത് എന്നതിനാൽ തൊഴിലവസരങ്ങൾ കൂടും. എന്തിന്, ഇന്ത്യയിലെ വൻകിട ഗവേഷണസ്ഥാപനങ്ങൾ ഒക്കെത്തന്നെ വിദേശത്തുനിന്നുള്ള പി എച് ടിക്ക് വലിയ പ്രീമിയമാണ് കൊടുക്കുന്നത്. അപ്പോൾ ഇന്ത്യയിൽ ജോലിചെയ്യാനാണ് താല്പര്യമെങ്കിലും വിദേശത്ത് പി എച് ഡി ചെയ്യുന്നത് തന്നെയാണ് നല്ലത്. മിക്കവാറും രാജ്യങ്ങൾ ഔദ്യോഗികമായി തന്നെ ഇന്ത്യക്കാർക്ക് പി എച്ച് ഡി ക്ക് ഫെല്ലോഷിപ്പ് നൽകുന്നുണ്ട്. അത് കൂടാതെ യൂണിവേഴ്‌സിറ്റികൾ നൽകുന്ന ഫെല്ലോഷിപ്പുകൾ, പ്രൊഫസർമാർ അവരുടെ റിസർച്ച് പ്രൊജക്ടിൽ നിന്നും ലഭ്യമാക്കുന്ന റിസർച്ച് അസ്സിസ്റ്റന്റ്‌സ് എന്നിങ്ങനെ വിദേശത്ത് പോകാൻ അനവധി സാമ്പത്തിക സഹായ പദ്ധതികൾ ഉണ്ട്. ഇതിന്റെ എല്ലാം ലിങ്ക് വരും ദിവസങ്ങളിൽ Networking and Mentoring പേജിൽ ലഭ്യമാക്കും.

12. ബിരുദാനന്തര ബിരുദത്തിനു ശേഷം നേരിട്ട് ഫുൾ ടൈം പി എച്ച് ഡി ക്ക് പോകാതെ ജോലിക്കു പോയി അവിടെ നിന്നും അവധിയെടുത്തോ തൊഴിലോട് കൂടിയോ ഫുൾ ടൈം പി എച്ച് ഡി ചെയ്യുന്നവരും പാർട്ട് ടൈം ആയി ചെയ്യുന്നവരും ഒക്കെ ഉണ്ട്. പക്ഷെ ഇവരിൽ പലരും പി എച്ച് ഡി ആ സ്ഥാപനത്തിലെ പ്രമോഷന് വേണ്ടി ഉപയോഗിക്കാനല്ലാതെ വിദേശത്ത് പോകാൻ ഒന്നും ശ്രമിക്കാറില്ല. ഇത് മാറണം. പി എച്ച് ഡി യുടെ യഥാർത്ഥ ഗുണം കിട്ടുന്നത് അതുപയോഗിച്ച് ലോകത്ത് നല്ല നിലയിൽ നടക്കുന്ന ഗവേഷണ സ്ഥാപനങ്ങളിൽ കുറച്ചു കാലം എങ്കിലും ജോലി ചെയ്യുമ്പോൾ ആണ്.

13. അടിസ്ഥാന ബിരുദം കഴിഞ്ഞാൽ തന്നെ കേരളത്തിൽ നമ്മൾ അൺ എംപ്ലോയബിൾ ആയെന്നു പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് മായാളികൾ ആയ പി എച്ച് ഡി ക്കാർ ഉന്നത നിലകളിൽ ലോകത്ത് എവിടെയും ഉണ്ട്. ഇവരെല്ലാം പുതിയ കുട്ടികളെ സഹായിക്കാൻ തയ്യാറുമാണ്. 'സാർ ഒരു സ്‌കോളർഷിപ്പ് വേണം' എന്ന തരത്തിൽ മടിയൻ എഴുത്തുകൾ അല്ലാതെ സ്വന്തം പ്രൊഫഷനിൽ ഉത്തരവാദിത്തവും താല്പര്യവും ഒക്കെ കാണിച്ച് ഇവർക്കെല്ലാം എഴുതിയാൽ മറുപടിയും സഹായവും കിട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട. ശ്രമിച്ചു നോക്കണം.

'I want ur help with ma carrier' എന്ന തരത്തിൽ ന്യൂ ജനറേഷൻ എഴുത്തെഴുതിയാൽ പിന്നെ കുട്ടികളുടെ കാര്യത്തിൽ ഇത്ര താല്പര്യം എടുക്കുന്ന ഞാൻ പോലും അവരെ ബ്ലോക്ക് ചെയ്യും ഇത് സത്യം, സത്യം സത്യം.....