- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം കേരളത്തിൽ അനാവശ്യമായി പൊലിയുന്നത് 8000 ജീവനുകൾ; 2016 സുരക്ഷിതമാക്കാൻ പത്ത് കല്പനകൾ - മുരളി തുമ്മാരുകുടി എഴുതുന്നു
ഒരു വർഷം ശരാശരി എണ്ണായിരം പേരാണ് കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്. നാലായിരം പേർ റോഡിൽ, ആയിരത്തി അഞ്ഞൂറു പേർ വെള്ളത്തിൽ, അഞ്ഞൂറോളം പേർ ട്രെയിനിടിച്ച്, ഇരുന്നൂറ്റമ്പതോളം പേർ ഷോക്കടിച്ച്, നൂറോളം പേർ ഇടിമിന്നലേറ്റ്, മുപ്പതോളം പേർ ആന കുത്തി എന്നിങ്ങനെ പോകും ഈ കണക്ക്. ഇങ്ങനെ ആയിരങ്ങൾ മരിക്കുമ്പോൾ അതൊഴിവാക്കാൻ സമൂഹം എന്തെങ്കിലുമൊക്കെ ക
ഒരു വർഷം ശരാശരി എണ്ണായിരം പേരാണ് കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്. നാലായിരം പേർ റോഡിൽ, ആയിരത്തി അഞ്ഞൂറു പേർ വെള്ളത്തിൽ, അഞ്ഞൂറോളം പേർ ട്രെയിനിടിച്ച്, ഇരുന്നൂറ്റമ്പതോളം പേർ ഷോക്കടിച്ച്, നൂറോളം പേർ ഇടിമിന്നലേറ്റ്, മുപ്പതോളം പേർ ആന കുത്തി എന്നിങ്ങനെ പോകും ഈ കണക്ക്. ഇങ്ങനെ ആയിരങ്ങൾ മരിക്കുമ്പോൾ അതൊഴിവാക്കാൻ സമൂഹം എന്തെങ്കിലുമൊക്കെ കൂട്ടായ ശ്രമം നടത്തേണ്ടതാണ്. പക്ഷെ, കഴിഞ്ഞ നാല്പതു വർഷത്തെ കണക്കു പരിശോധിച്ചാൽ ഓരോ വർഷവും അപകടം കൂടിയാണ് വരുന്നത്. പോരാത്തതിന് നമ്മുടെ ജനസംഖ്യയുടെ വളർച്ചാനിരക്കിനേക്കാൾ കൂടുതൽ ആണ് അപകടത്തിന്റെ വളർച്ചാനിരക്ക്.
നാം പോകുന്ന വണ്ടിയുടെ മേൽ മരം മറിഞ്ഞു വീഴുന്നതിനെതിരെയോ വഴിയേ നടക്കുമ്പോൾ ഇടിവെട്ടേൽക്കുന്നതിനെതിരെയോ നമുക്ക് വ്യക്തിപരമായി അധികം ഒന്നും ചെയ്യുവാൻ പറ്റില്ല. എന്നാൽ ഓരോ അപകടവും അടുത്തു പരിശോധിച്ചാൽ മനസ്സിലാകും ഇതിൽ ഭൂരിഭാഗവും നമ്മൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതായിരുന്നു എന്ന്. അപ്പോൾ ജീവൻ രക്ഷിക്കാൻ നാം സ്വയം അറിഞ്ഞ് ചിലത് ചെയ്യാൻ ഉള്ള സാധ്യത ഉണ്ട്. സുരക്ഷിതമായ രണ്ടായിരത്തി പതിനാറിന് വേണ്ടിയുള്ള ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ഇത് വ്യക്തി ജീവിതത്തിൽ ചെയ്യേണ്ടതാണ്, കുടുംബത്തിലുള്ള മറ്റുള്ളവരോടും സുഹൃത്തുക്കളോടും പറഞ്ഞുകൊടുക്കുകയും ആവാം. അപ്പോൾ സർക്കാരോ സമൂഹമോ ഒന്നും ചെയ്തില്ലെങ്കിൽ പോലും നമ്മുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
1. സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലും അപകട ആരോഗ്യ ജീവിത ഇൻഷുറൻസുകൾ (accident, health and life insurance) എടുക്കുക. ഒരു ഗുരുതരമായ അപകടം മതി നിങ്ങളുടെ വരുമാനം നിലക്കാനും നിങ്ങളുണ്ടാക്കിയ വീടും സമ്പാദ്യവും ഒക്കെ തീർന്നു പോകാനും.
2. ഹെൽമെറ്റ് വക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാതിരിക്കുക, ഇത് മുന്പിലുള്ളവർക്കും പിന്നിലുള്ളവർക്കും കുട്ടികൾക്കും ബാധകം ആണ്.
3. ദൂരയാത്രക്ക് ആകുന്നത്ര ട്രെയിനോ ബസോ ഉപയോഗിക്കുക, രാത്രി ഒൻപതിനും രാവിലെ ആറിനും ഇടയിലുള്ള റോഡ് യാത്ര പൂർണ്ണമായും ഒഴിവാക്കുക.
4. വിമാനത്തിൽ വരുന്നവരെ സ്വീകരിക്കാനും പോകുന്നവരെ യാത്രയാക്കാനും പോകാതിരിക്കുക, യാത്രയാക്കലും സ്വീകരിക്കലും വീട്ടിൽ മതി.
5. എന്തെങ്കിലും അപകടം പറ്റിയാൽ ! രക്ഷപ്പെടുത്താനുള്ള ആളും സൗകര്യങ്ങളും കരയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം വെള്ളത്തിൽ കളിക്കാനോ കുളിക്കാനോ ഇറങ്ങുക.
6. ഒരു കാരണവശാലും ഓടുന്ന ട്രെയിനിലേക്ക് ചാടിക്കേറുകയോ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങുകയോ ചെയ്യരുത്.
7 . സുരക്ഷയെ പറ്റി അൽപ്പം അറിവില്ലാതെ, സ്വയരക്ഷയെപ്പറ്റി ആലോചിക്കാതെ, മറ്റുള്ളവരെ രക്ഷിക്കാൻ എടുത്തു ചാടരുത്.
8. പ്രഥമ ശുശ്രൂഷയെപ്പറ്റിയുള്ള ഒരു പരിശീലനം വീട്ടുകാർക്കും സഹപ്രവർത്തകർക്കും നല്കുക, അവരുടെ അറിവാണ് നമ്മുടെ സുരക്ഷ.
9. സ്ഥാവരമോ ജംഗമമൊ ആയ എന്തെങ്കിലും ആസ്തിയും, പെൻഷനൊ ഇൻഷുറൻസൊ എന്തിന് ബാങ്ക് ലോൺ എങ്കിലും ഉള്ളവർ ഒരു വിൽ പത്രം എഴുതി വക്കുക.
സുരക്ഷിതമായ 2016 ആശംസിക്കുന്നു.
(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി)