ദീപക് ശങ്കരനാരായണൻ എന്ന ആളെ എനിക്ക് നേരിട്ടറിയില്ല. എന്റെ ഏതെങ്കിലും പോസ്റ്റ് അദ്ദേഹം ലൈക്കോ ഷെയറോ ചെയ്തതായി ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സാമാന്യ ചിന്താഗതിയുള്ള ആളാണ് ഞാനെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാനും വായിക്കാറില്ല.

പക്ഷെ എന്റെയും അദ്ദേഹത്തിന്റെയും പൊതു സുഹൃത്തുക്കളായ പലരും ദീപക്കിന്റെ എഴുത്തിനെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ അറിയാത്തവരും, അറിഞ്ഞിട്ടും ഇഷ്ടപ്പെടാത്തവരുമായി ഫേസ്‌ബുക്കിൽ മിടുക്കന്മാരും മിടുക്കികളുമായ എഴുത്തുകാർ അനവധിയുണ്ട്. അത് നമ്മുടെ സമൂഹത്തിന് ഏറെ നല്ലതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന്റെ തൊഴിൽ സ്ഥാപനത്തിലേക്ക് പരാതി പ്രവഹിച്ചത് കേരളത്തിലെ ഫേസ്‌ബുക്ക് ചരിത്രത്തിലെ ഒരു കറുത്ത അധ്യായം ആണെന്നതിൽ ഒരു സംശയവുമില്ല. ഫേസ്‌ബുക്കിൽ എന്താണ് അദ്ദേഹം പറഞ്ഞത്? സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത്? എന്നൊക്കെയുള്ള കാര്യങ്ങൾ ഈ പോസ്റ്റിന്റെ വിഷയമല്ല.

ഫേസ്‌ബുക്കിൽ നടക്കുന്ന, നടക്കേണ്ടുന്ന സംവാദങ്ങൾ ആശയങ്ങളുടെ തലം വിട്ട് വിദ്വേഷത്തിന്റെ തലത്തിലേക്ക്, അതിൽ നിന്നും ആൾക്കൂട്ടത്തിന്റെ മനോഭാവത്തിന്റെ അക്രമോത്സുകതയിലേക്ക്, ''അവനെ കൊല്ലെടാ'' എന്ന കൊലവിളിയിലേക്ക് നീങ്ങുന്നതിന്റെ അപകടത്തെക്കുറിച്ചുള്ളതാണ്.

ജമ്മു കാശ്മീരിൽ ഒരു പിഞ്ചുബാലികയെ നരാധമന്മാർ തടവിലിട്ട് മയക്കുമരുന്നുകൾ നൽകി ദിവസങ്ങളോളം ബലാൽസംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തിയ അതിദാരുണമായ, അതിക്രൂരമായ, മനുഷ്യത്വരഹിതമായ ഒരു പ്രവൃത്തിയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളാണ് ഒരാഴ്ചക്കിപ്പുറം ഫേസ്‌ബുക്കിലെ യുദ്ധവും, തൊഴിലിടത്തിൽ പോയി ജോലി കളയിക്കാനുള്ള ശ്രമവും കഴിഞ്ഞ് തെരുവിൽ അക്രമമായി എത്തിനിൽക്കുന്നത്.

കാശ്മീർ സംഭവത്തിന്റെ പേരിലുള്ള ഫേസ്‌ബുക്കിലെ ആളിക്കത്തൽ പുറമെ നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് ചില കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു. മാനുഷിക മൂല്യങ്ങൾ മനസ്സിലുള്ള ഒരാൾക്കും ന്യായീകരിക്കാൻ പറ്റുന്ന ഒരു അതിക്രമമല്ല ഇത്. ആ കുഞ്ഞനുഭവിച്ച വേദനയും ദുരന്തവും അത് വായിച്ചറിഞ്ഞ ബഹുഭൂരിപക്ഷം മലയാളികളേയും ജാതി മത രാഷ്ട്രീയ കക്ഷി ഭേദമന്യേ പിടിച്ചുലച്ചിരുന്നു. മിക്കവാറും പേർ സംഭവത്തിൽ പ്രതിഷേധിച്ച് എഴുതുകയും ചെയ്തു.

പക്ഷെ, ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ രൂക്ഷമായി പ്രതികരിച്ചത് കുട്ടികളുടെ അവകാശത്തിന് വേണ്ടിയോ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെയോ കാലാകാലമായി പോരാടുന്നവരായിരുന്നില്ല. മറിച്ച്, ഈ സംഭവത്തിൽ മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പിന് വലിയ സാധ്യതയുണ്ടെന്ന് തുടക്കത്തിലേ കണ്ടറിഞ്ഞവരാണ്.

ഇവിടെയാണ് കുഴപ്പത്തിന്റെ ആരംഭം. വിഷയത്തെ രാഷ്ട്രീയമായും മതപരമായും മുതലെടുക്കാൻ ശ്രമിക്കുന്നവരുടെ ഉച്ചത്തിലുള്ള ഗോഗ്വാ വിളികൾ ഒരുവശത്ത്, അതിനെ അതേ കാരണം കൊണ്ട് തന്നെ പ്രതിരോധിക്കുന്നവരുടെ ആക്രോശങ്ങൾ മറുവശത്ത്. അപ്പോൾ ഫേസ്‌ബുക്കിലെ ശരാശരി എഴുത്തുകാർക്ക് സാധാരണഗതിയിലുള്ള ദുഃഖ പ്രകടനങ്ങളും വികാരപ്രകടനങ്ങളും മതിയാകാതെ വന്നു. എത്ര പറഞ്ഞാലും പോരാ എന്ന് വരും, അപ്പോൾ സാധാരണഗതിയിൽ മിതത്വം പാലിക്കുന്നവർ പോലും അതിരു കടക്കും. മുൻകാലങ്ങളിൽ അവരുടെ എഴുത്തിനോട് എതിർപ്പുള്ളവർ അതൊരു അവസരമായിക്കാണും, അവർക്കെതിരെ ആക്രോശവും കമ്പിപ്പാരയുമായി അവർ രംഗത്തിറങ്ങും. പിന്നെ ഒറിജിനൽ വിഷയം അപ്രസക്തമാകും, പണി പാലും വെള്ളത്തിൽ വരും, ചിലപ്പോൾ പോവുകയും ചെയ്യും.

മുൻപൊരിക്കൽ പറഞ്ഞിട്ടുള്ള കാര്യമാണ്. മതപരമോ രാഷ്ട്രീയമോ ആയ പ്രശ്‌നങ്ങളിൽ തീവ്ര നിലപാടുകൾ എടുക്കുന്നവരുടെ ലക്ഷ്യം മറുപുറത്ത് ഉള്ളവരെ മനസാന്തരപ്പെടുത്തി സ്വന്തം ഭാഗത്ത് എത്തിക്കുക എന്നതല്ല. മറിച്ച്, സ്വന്തം മതത്തിലോ രാഷ്ട്രീയത്തിലോ ഉള്ള, എന്നാൽ തീവ്രവാദികളല്ലാത്തവരെ ''മറുവശത്തെ നോക്കൂ, എത്ര നികൃഷ്ടരാണവർ..! ഇന്നവർ ആ കുഞ്ഞിനോട് ചെയ്തത് നാളെ നിങ്ങളോട് ചെയ്യും. അപ്പോൾ നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ മാത്രമേ ഉണ്ടാകൂ'' എന്ന് കാണിച്ച് ഭയപ്പെടുത്താനാണ്. ഇതിൽ അവർ ഒരു പരിധി വരെ വിജയിക്കുന്നു.

ഇതിന്റെ പ്രതിപ്രവർത്തനം മറുഭാഗത്തും നടക്കുന്നു. 'കണ്ടില്ലേ, ഒരു കുഞ്ഞിന്റെ മരണം മുതലെടുത്ത് അവർ നമ്മുടെ മതത്തെ ആക്രമിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നാളെ നിങ്ങളും കുഴപ്പത്തിലാകും' എന്നവർ പറയും. കുറച്ചു പേർക്കെങ്കിലും അതിൽ ശരിയുണ്ടെന്ന് തോന്നും. ഇങ്ങനെ രണ്ടു പക്ഷത്തുമുള്ള കുറേ മൃദുവാദികൾ തീവ്രപക്ഷത്തേക്ക് ചായുന്നു. കുഞ്ഞിന് എന്ത് പറ്റിയെന്നതോ ഘാതകർക്ക് എന്ത് ശിക്ഷ കിട്ടി എന്നതോ രണ്ടു പക്ഷത്തേയും തീവ്രവാദികൾക്ക് വിഷയമല്ല. നാളെ സ്വന്തം പക്ഷത്തെ ആളുകൾ ഇതുപോലെ ഒരു സംഭവത്തിൽ പെട്ടാൽ അവരെ ന്യായീകരിക്കുന്നതും അതേ ഗോഗ്വാ ക്കാർ ആയിരിക്കും. അറിഞ്ഞോ അറിയാതെയോ ഈ തീവ്രവാദികൾ എല്ലാം ഒരു പരസ്പര സഹായ സഹകരണ സംഘമാണ് (ഇവരൊക്കെ ഒറ്റ ടീം ആണ് ദാസാ, നമുക്കാ ബുദ്ധി നേരെത്തെ പോയില്ല എന്നേ ഉള്ളൂ).

ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി കണ്ടെത്തുക എളുപ്പമല്ല. ഏതു വിഷയമാണ് തീവ്രവാദികൾ ആയുധമാക്കുക എന്ന് പറയാൻ പറ്റില്ല. പക്ഷെ സിനിമാക്കഥ മുതൽ ബലാത്സംഗം വരെ ഏതു വിഷയവും മുതലെടുക്കാൻ മത രാഷ്ട്രീയ തീവ്രവാദികൾ എപ്പോഴും നോക്കിയിരിക്കുന്നുണ്ടെന്ന് നമ്മൾ ഓർക്കണം.

അതുകൊണ്ട് കാളയോ പശുവോ പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുത്ത് ഫേസ്‌ബുക്കിലേക്ക് കയറരുത്. ഏതു വിഷയത്തിലും ആവശ്യത്തിനുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം, വേണ്ടത്ര ചിന്തിച്ച്, അതി വികാരപരമല്ലാതെ വേണം എഴുതാൻ. ഏറെ വൈകാരികമായി എഴുതാൻ തോന്നിയാൽ എഴുതിവെച്ചിട്ട് ഒരു രാത്രി ഉറങ്ങാൻ കിടക്കുക, രാവിലെ ഒന്നുകൂടി വായിച്ച് നോക്കിയിട്ട് പോസ്റ്റ് ചെയ്യുക. ഇപ്പോൾ കേരളത്തിൽ ഫേസ്‌ബുക്കിൽ എഴുതുന്ന ആരുടേയും എഴുത്തു കൊണ്ടൊന്നും ലോകം മാറുന്നില്ല, അപ്പോൾ പ്രതികരണം പന്ത്രണ്ടു മണിക്കൂർ വൈകിയാലും ഒരു കുഴപ്പവും വരാനില്ല. അതുപോലെതന്നെ നമുക്ക് പരിചയമില്ലാത്ത സംഘങ്ങളിൽ നിന്നും വൻതോതിൽ പിന്തുണ കിട്ടിയാൽ ഉറപ്പിക്കാം അത് നമ്മുടെ എഴുത്തിന്റെ മേന്മകൊണ്ടൊന്നുമല്ല, അവരുടെ ഏതോ സ്വകാര്യ അജണ്ട നടപ്പിലാക്കാൻ നമ്മുടെ എഴുത്ത് തൽക്കാലം അവർക്ക് ഗുണകരമാണ് എന്ന്, അത്രേ ഉള്ളൂ. നാളെ വേറെ ഏതെങ്കിലും വിഷയത്തിൽ നമ്മുടെ എഴുത്ത് അവരുടെ അജണ്ടക്ക് എതിരായി വന്നാൽ നമ്മുടെ പൂർവ്വികസ്മരണയുമായി പൊങ്കാലയ്ക്ക് വരുന്നത് ഇവർ തന്നെ ആയിരിക്കും. 'മക്കളെ കണ്ടും, മാമ്പൂ കണ്ടും, ഫേസ്‌ബുക്ക് ലൈക്ക് കണ്ടും മദിക്കരുത്' എന്നതാണ് പുതിയ ചൊല്ല്.

ലോകത്ത് എവിടെയും താമസിക്കുന്ന അനവധി മലയാളികൾ കേരളത്തിലെ പൊതുരംഗത്തെ സംഭവങ്ങളെ വിശകലനം ചെയ്ത് അഭിപ്രായം പറയുന്നതിലൂടെ, മൈതാന പ്രസംഗവും അന്തി ചർച്ചകളും മാത്രം കേട്ട് പരിചയമുള്ള മലയാളികളുടെ ചിന്തയുടെ നിലവാരം ഉയർന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇവരിൽ കുറച്ചു പേരെങ്കിലും നാളെ നമ്മുടെ നേതൃത്വരംഗത്ത് എത്തിപ്പറ്റണമെന്ന് ആഗ്രഹഹിക്കുന്ന ആളുമാണ്. ഏതെങ്കിലുമൊക്കെ പ്രശ്‌നത്തിൽ ഇവരെടുക്കുന്ന ഒരു നിലപാടിന്റെ പേരിൽ, ഉപയോഗിച്ച ഒരു വാചകത്തിന്റെ പേരിൽ അവരുടെ ജോലി കളയാനും പ്രൊഫഷൻ നശിപ്പിക്കാനും ആളുകൾ കച്ചകെട്ടി ഇറങ്ങിയാൽ പ്രായോഗികതയുടെ പേരിൽ പലർക്കും ഈ രംഗത്ത് നിന്നും പിന്നോട്ട് മാറേണ്ടി വരും. അങ്ങനെ വരുമ്പോൾ വിജയിക്കുന്നത് രണ്ടു കൂട്ടരാണ്.

ഓരോ പ്രശ്‌നവും രാഷ്ട്രീയമായും മതപരമായും ആളിക്കത്തിച്ച് സമൂഹത്തെ വിഭജിക്കാൻ തക്കം നോക്കിയിരിക്കുന്നവർ. അവർക്കെതിരെ ആശയ തെളിമയുള്ള, കണക്കുകളുടെ പിന്തുണയുള്ള വാദങ്ങൾ ഉയർത്തി പുതിയ എഴുത്തുകാർ നടത്തിയിരുന്ന പ്രതിരോധം ഇല്ലാതാകും. കേരളത്തിലെ ചർച്ചയുടെ നിലവാരം വീണ്ടും കൂപ്പുകുത്തും.

പുതിയ തലമുറയിലെ എഴുത്തുകാർ എഴുത്തിന്റെ പേരിൽ തൊഴിൽ പോകുമെന്ന് പേടിച്ചിരിക്കുമ്പോൾ എന്തൊക്കെ പറഞ്ഞാലും സ്വന്തം പ്രൊഫഷന് ഒരു കുഴപ്പവും വരില്ല എന്നുറപ്പുള്ള മൈതാന പ്രസംഗക്കാരായ സ്ഥിരം രാഷ്ട്രീയക്കാർക്ക് സന്തോഷമാകും. നാളെയുടെ നേതൃത്വത്തിന് മറ്റ് അവകാശികൾ ഇനി വരില്ലല്ലോ.

തീവ്രവാദികൾക്കും തൊഴിലുറപ്പുള്ള സ്ഥിരം രാഷ്ട്രീയക്കാർക്കും മാത്രമായി നമ്മുടെ പൊതു രംഗം വിട്ടു കൊടുക്കുമ്പോൾ കുരുക്കിലാകുന്നത് കേരളത്തിന്റെ ഭാവിയാണ്.