ന്ത്യയിലെ പ്രസിഡണ്ട്‌തൊട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് വരെ മലയാളികൾ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ആർമിയുടെ തലപ്പത്ത് മലയാളികൾ ആരും എത്തിയിട്ടില്ല എന്നാണെന്റെ അറിവ്. തെറ്റാണെങ്കിൽ തിരുത്തണം.

അങ്ങനെ ഇന്ത്യൻ ആർമിയുടെ തലവനായ മലയാളി നാട്ടിൽ അവധിക്കു വന്നു എന്നു കരുതുക. വീട്ടിൽ പുളിശ്ശേരിയും കഴിച്ച് ചുമ്മാതിരിക്കുമ്പോഴാണ് സഹോദരനും അയൽക്കാരും തമ്മിലുള്ള അതിർത്തിത്തർക്കത്തിന്റെ പേരിൽ സഹോദരനെ അടിക്കാൻ ഏതോ ക്വട്ടേഷൻ സംഘം അവിടെ എത്തുന്നത്.

'ചേട്ടാ ഇനി എന്തു ചെയ്യണം?' എന്ന് അനിയൻ നമ്മുടെ ചേട്ടൻ ജനറലിനോട് ചോദിക്കുന്നു എന്ന് വക്കുക.

ശരാശരി ബുദ്ധിയുള്ള ജനറൽ ആണെങ്കിൽ ഒരു കാര്യം മനസ്സിലാക്കും. മലപ്പുറം കത്തിയും കട്ടപ്പാരയും ഒക്കെയായി ഇറങ്ങുന്ന ക്വട്ടേഷൻ സംഘത്തിനോട് നിരായുധരായി മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ മാത്രമേ പിടിച്ചുനിൽക്കാൻ പറ്റൂ. അതൊക്കെ കണ്ട് സ്‌കെച് ചെയ്യാൻ വന്നവരെ ഒറ്റക്ക് ഓടിക്കാൻ പോയ ആക്ഷൻ ഹീറോ ബിജുവിനെപോലും ഗുണ്ടകൾ അടിച്ചു നിലത്തിട്ടു. പിന്നെ തോക്കുണ്ടായതുകൊണ്ടും അതിൽ ഉണ്ടയുണ്ടായതുകൊണ്ടും ഒക്കെയാണ് നിവിൻ പോളി രക്ഷപെട്ടത്. ജനറലിന്റെ കയ്യിൽ തോക്കൊന്നും ഇല്ല, നാട്ടിൽ വരുന്ന പട്ടാളക്കാരിൽ മീശമാധവനിലെ പുരുഷുവിന്റെ കയ്യിൽ മാത്രമേ തോക്ക് കാണൂ.

അപ്പോൾ പിന്നെ ജനറലിന് ഒരു ഉപദേശമേ നൽകാനുള്ളൂ.
'തോമാസുകുട്ടീ, വിട്ടോടാ.'

പാക്കിസ്ഥാന്റേയും ചൈനയുടേയും സൈന്യം ഒരുമിച്ച് ആക്രമിക്കാൻ വന്നാലും നേരിടാൻ പ്രാപ്തിയും പദ്ധതിയും ഉള്ള ആളാണെന്നു മനസ്സിലാക്കണം. പക്ഷെ അങ്ങനെ ചെയ്യാൻ പറ്റുന്നത് അപകടം മുൻകൂട്ടി കാണുന്നതുകൊണ്ടും അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതുകൊണ്ടും ആണ്. മുൻതയ്യാറെടുപ്പും അതനുസരിച്ചുള്ള വിഭവങ്ങളും ഇല്ലെങ്കിൽ ജനറലും ഞാനും ഓട്ടം തന്നെ ഓട്ടം.

ഞാൻ ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം ഉണ്ട്. ഇന്നലെ (20.05.16) കൊച്ചിയിൽ ചമ്പക്കരയിൽ ബാർജിൽനിന്നും അമോണിയ ചോർച്ച ഉണ്ടായി. മിനുട്ടുകൾക്കകം എന്റെ ഫേസ്‌ബുക്ക്‌പേജിൽ ഡസൻകണക്കിന് ആളുകളുടെ മെസ്സേജും ടാഗും വന്നു.

'ചേട്ടാ, എന്താണ് ചെയ്യേണ്ടത്?'

എത്രമാത്രം അമോണിയ ഉണ്ടെന്നോ ചോർച്ച വലുതാണെന്നോ ആളുകൾ എത്രമാത്രം ഉണ്ട്, കാറ്റ് എങ്ങോട്ടാണ്, അമോണിയ ചോർച്ചയെ പ്രതിരോധിക്കാൻ എന്തൊക്കെ സംവിധാനം ഉണ്ട് എന്നൊന്നും അറിയാത്ത എനിക്ക് തല്ക്കാലം 'തോമാസുകുട്ടീ വിട്ടോടാ' എന്നു പറയാനേ പറ്റൂ. വേണമെങ്കിൽ കാറ്റിനെതിരെ ഓടണം എന്നുകൂടി പറയാം പക്ഷെ കാറ്റ് എവിടെ നിന്ന് വരുന്നു എന്ന് കണ്ടു പിടിക്കാനുള്ള പൊടിക്കൈ പഠിപ്പിക്കാനും ഒന്നും സമയമില്ല.

പക്ഷെ അമോണിയയോ ക്ലോറിനോ എന്തിന് മീതൈൽ ഐസോ സയനേറ്റ് (MIC) വരെ ചോർച്ച ഉണ്ടായാൽ അതിനെതിരെ ചെയ്യേണ്ട നടപടികൾ ഒട്ടും പുതുമയുള്ളതല്ല. പക്ഷെ അതൊന്നും വൈകിട്ട് ഏഴുമണിക്ക് 'ഇപ്പൊ ശരിയാക്കാൻ പറ്റുന്നതല്ല'.

ഒരു രാസവസ്തു ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്‌പോർട്ട് ചെയ്യുമ്പോൾ അതിൽ ഒരു ചോർച്ച ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ഇത് മുന്നേ കണ്ട് അങ്ങനെ ഉണ്ടായാൽ അതിൽനിന്നുണ്ടാകുന്ന ദുരന്തത്തിന്റെ രൂക്ഷത കുറക്കുക എന്നതാണ് ദുരന്തലഘൂകരണക്കാരുടെ ലക്ഷ്യം. അതിന് പല മാർഗ്ഗങ്ങൾ ഉണ്ട്.

  • അമോണിയ ബാർജിൽ കൊണ്ടുപോകുന്നത് പകൽസമയത്ത് മാത്രം ആക്കി നിയന്ത്രിക്കാം. അപ്പോൾ അപകടം ഉണ്ടായാൽ ആളുകളെ അറിയിക്കാനും അവർക്ക് പ്രതിരോധ നടപടികൾ എടുക്കാനും എളുപ്പമാകുമല്ലോ (റോഡിലാണെങ്കിൽ രാത്രിയാത്രക്ക് ചില ഗുണങ്ങൾ ഉണ്ടെന്നു മറക്കുന്നില്ല).
  • ബാർജിൽ തന്നെ ചെറിയ ലീക്ക് വന്നാൽ പരിഹരിക്കാൻ പരിചയമുള്ള ആളുകൾ ഉണ്ടാകണം, അവര്ക്കുള്ള വ്യക്തി സുരക്ഷാ സംവിധാനങ്ങൾ റെഡി ആയിരിക്കണം, ആവശ്യമായ യന്ത്രങ്ങൾ വേണം, പിന്നെ ഉത്തരവാടിതപ്പെട്ടവരെ വേഗം അറിയിക്കാനുള്ള വാർത്താ വിനിമയ സംവിധാനവും വേണം. നാട്ടുകാരോട് എന്തെങ്കിലും പറയാനുള്ള പബ്ലിക് അഡ്രസ്സ് സംവിധാനവും ചുരുങ്ങിയത് വേണം.
  • ബാർജിനകത്ത് നേരിടാൻ പറ്റാത്ത പ്രശ്‌നമാണെങ്കിൽ അതിനെ നേരിടാനുള്ള സംവിധാനവും വ്യക്തിസുരക്ഷാ ഉപകരണങ്ങളും പരിശീലനവും ഒക്കെയുള്ള HAZMAT ടീമിനെ നിശ്ചിത ദൂരത്ത് ഒരുക്കിനിർത്തുക. കൊച്ചി തുറമുഖത്ത് നിന്നും അമ്പലമേട്ടിൽ നിന്നോ ബോട്ടിലോ ഉദ്യോഗമണ്ഡലിൽനിന്നും ട്രക്കിലോ അവർക്കിവിടെ എത്താമല്ലോ.
  • അമോണിയ കൊണ്ടുപോകുന്ന ജലപാതയുടെ രണ്ടു ഭാഗത്തും അര കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ ഇങ്ങനെ ഒരപകടം ഉണ്ടാവാനുള്ള സാധ്യതയെപ്പറ്റി ബോധവൽക്കരിക്കുക. ഉണ്ടായാൽ എടുക്കേണ്ട പ്രതിരോധനടപടികൾ പഠിപ്പിക്കുക, എങ്ങോട്ടാണ് മാറേണ്ടത്, എങ്ങനെയാണ് കാറ്റിന്റെ ഗതി അറിയുന്നത് എന്നൊക്കെ പരിശീലിപ്പിക്കുക. പെട്ടെന്ന് വീട് വിട്ടു പോകേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യണം എന്നും വിലപിടിപ്പുള്ളവ എങ്ങനെ സൂക്ഷിക്കണം എന്നുമൊക്കെ ചിന്തിക്കാൻ അവർക്കും സമയം കിട്ടും.
  • ജലപാതയുടെ രണ്ടു ഭാഗത്തും ഓരോ അര കിലോമീറ്ററിലും കാറ്റിന്റെ ഗതിയറിയാനുള്ള ഒരു വിൻഡ് കോൺ ഉയരത്തിൽ കെട്ടിയിടുക. ചോർച്ച ഉണ്ടായാൽ പിന്നെ ആളുകൾ എങ്ങോട്ട് പോകണമെന്ന് സംശയം വേണ്ടല്ലോ.
  • ചോർച്ച ഉണ്ടായാൽ ആ വിവരം നാട്ടുകാരെ അറിയിക്കാൻ അവിടുത്തെ ആരാധനാലയങ്ങളിലെ പബ്ലിക് അഡ്രസ് സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഒരു ഏർപ്പാട് മുൻകൂർ ഉണ്ടാക്കിവക്കുക (ബംഗ്ലാദേശിൽ ഇത് ചെയ്യുന്നുണ്ട്).
  • ഇപ്പോഴത്തെ സാങ്കേതികവിദ്യ അനുസരിച്ച് ഒരു മൊബൈൽ ടവറിനു ചുറ്റുമുള്ള എല്ലാ മൊബൈലിലേക്കും മാത്രമായി സന്ദേശങ്ങൾ അയക്കാമല്ലോ. അപ്പോൾ ഒഴിവാക്കേണ്ട ആളുകളുടെ മാത്രം മൊബൈലിൽ സന്ദേശം എത്തിക്കുക എന്നത് സാധ്യമാണ് (ഇതൊക്കെഎപ്പോഴേ ചെയ്യേണ്ടതാണ് അങ്ങനെ ചെയ്താൽ ഭൂതത്താൻ കേട്ട് തുറക്കുന്നത് രാത്രി ആണെങ്കിൽ പോലും നദിയുടെ കരയിൽ ഉള്ളവരെ വേഗം വിവരം അറിയിക്കാം).
  • സ്ഥലം വിടുന്ന ആളുകളെ സുരക്ഷിതമായി കുറച്ചു സമയത്തേക്ക് താമസിപ്പിക്കാനുള്ള സ്ഥലം മുൻപേ കണ്ടുവക്കുക. അവിടെ സുരക്ഷയും മറ്റു സൗകര്യങ്ങളും ഒരുക്കുക.
    അടുത്തുള്ള ആശുപത്രികളിൽ, അമോണിയ ചോർച്ച ഉണ്ടായാൽ നേരിടാനുള്ള പരിശീലനം ഡോക്ടർമാർക്കും സ്റ്റാഫിനും ഒക്കെ കൊടുക്കുക. വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കുക.
    അടുത്ത പൊലീസ് സ്റ്റേഷനുകളിലും ഫയർ സ്റ്റേഷനുകളിലും എല്ലാം അമോണിയ ലീക്ക് വന്നാൽ അവർ ചേയ്യേണ്ട നടപടികളെ പറഞ്ഞ് മനസ്സിലാക്കുക.
  • ഇതൊക്കെ ഏകോപിപ്പിക്കുന്ന ഒരു സംവിധാനം ഉണ്ടാക്കുക.

ഞാൻ ഈ പറഞ്ഞത് ഒന്നും പുതുമയല്ല. ഇതിൽ പല കാര്യങ്ങളും എറണാകുളത്ത് ഇപ്പോഴേ ഉണ്ട് എന്ന് എനിക്കറിയാം. എന്നാലും യാതൊരു വ്യക്തിസുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ അധികാരികൾപോലും അങ്ങോട്ട് കുതിക്കുന്നതു കാണുമ്പോൾ അടിസ്ഥാന പാഠങ്ങൾ ഇനിയും അടിയുറച്ചിട്ടില്ല എന്നു തോന്നും.

ഇപ്പോൾ അമോണിയയുടെ കാര്യം വന്നു. നാളെ വരുന്നത് റോഡിലെ ക്ലോറിൻ ചോർച്ച ആവാം, മറ്റെന്നാൾ ഏതെങ്കിലും കമ്പനിയിൽനിന്നും മറ്റേതെങ്കിലും വാതകം. അപ്പോൾ ഇതിനോരോന്നിനും വേണ്ടി വെവ്വേറെ സംവിധാനം ഉണ്ടാക്കുകയല്ല ദുരന്തലഘൂകരണത്തിന്റെ രീതി. അതേ സമയം ലോകത്തുള്ള സകല ദുരന്തങ്ങളെയും പ്രതിരോധിക്കാൻ എല്ലാവരേയും സജ്ജമാക്കലും അല്ല.

ഓരോ പ്രദേശത്തും സാധ്യമായ അപകടങ്ങളെ മുൻകൂർ കണ്ട് അതിനു ഉത്തരവാദികളായ പ്രസ്ഥാനങ്ങളും, നാട്ടുകാരും സർക്കാർ സംവിധാനങ്ങളും ചേർന്ന് സംയോജിതമായി ആണ് ദുരന്തലഘൂകരണ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടത്. ഭോപ്പാൽ ദുരന്തത്തിനുശേഷം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന വികസിപ്പിച്ചെടുത്ത Awareness and Preparedness for Emergencies at Local Level (APELL) ആണ് ഈ വിഷയത്തിൽ ലോകോത്തരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ലോകരാജ്യങ്ങൾ നടപ്പാക്കുന്നതും. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ www.unep.org/apell/ ലഭ്യമാണ്.

കേരളത്തിൽ മണ്ണിടിച്ചിൽതൊട്ട് വെടിക്കെട്ട് വരെയുള്ള അപകടങ്ങൾ നേരിടാൻ APELL പോലുള്ള പദ്ധതികൾ ഓരോ വാർഡിലും നടപ്പിലാക്കാൻ പുതിയ ഗവണ്മെന്റ് ശ്രമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. എല്ലാം ശരിയാവണമല്ലോ.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി)