മുംബൈയിൽ (അന്ന് ബോംബെ) ഞാൻ ജോലി ചെയ്തുകൊണ്ടിരുന്നത് ഇന്ദിരാഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ്് ഡെവലപ്‌മെന്റ് റീസേർച്ച് (www.igidr.ac.in) എന്ന സ്ഥാപനത്തിലായിരുന്നു. റിസർവ്വ് ബാങ്ക് സ്ഥാപിച്ച ഒരു സ്ഥാപനമാണിത്. എക്കണോമിസ്റ്റുകളും എൻജിനീയർമാരുമെല്ലാം ഒരുമിച്ച് ജോലിചെയ്യുന്ന ഒരു തിക് ടാങ്കാണിത്. അന്നവിടെ ഒരു പി എച് ഡി പ്രോഗ്രാമുണ്ട്. ഇന്ത്യയിൽ ഏതു സ്ഥാപനത്തിൽ കിട്ടുന്നതിലും കൂടുതൽ സ്‌റ്റൈപ്പന്റ് ഇവിടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. എന്നിട്ടും ഞാൻ ജോലി ചെയ്ത കാലമത്രയും കേരളത്തിൽ നിന്നും വേണ്ടത്ര കുട്ടികളുണ്ടായിരുന്നില്ല അവിടെ.

കേരളത്തിന് പുറത്തുണ്ടായിവരുന്ന പുതിയ സ്ഥാപനങ്ങളെ പരിചയപ്പെടുത്താൻ നമുക്ക് ഒരു സംവിധാനമില്ലാത്തതിന്റെ കുഴപ്പമാണിത്. അന്നവിടെ പഠിച്ചവരൊക്കെ ഇപ്പോൾ ഇന്ത്യക്കകത്തും പുറത്തുമൊക്കെയായി വൻപുലികളാണ്. കേരളത്തിലെ എൻട്രൻസിനെപ്പറ്റിയും കോളേജുകളിലെ പ്രശ്‌നങ്ങളെപ്പറ്റിയും എഴുതുന്നതിന്റെ പത്തിലൊന്ന് സമയം മതി കേരളത്തിലെ ജേർണലിസ്റ്റുകൾക്ക് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒന്ന് പരിചയപ്പെടുത്താൻ. പത്രത്തിലാണെങ്കിൽ ഈവക വാർത്തകൾക്ക് ചെറിയൊരു ഇടം കൊടുത്തിരുന്നെങ്കിൽ എത്രയോ പേർക്ക് ഉപകാരപ്പെട്ടേനെ. ഇനിയും സമയം വൈകിയിട്ടില്ല.

ഐ ഐ ടി യിൽ പി എച് ഡി കഴിഞ്ഞയുടനെയാണ് അവിടെ അസിസ്റ്റന്റ് പ്രൊഫസ്സറുടെ പദവിയിലുള്ള ജോലിയിൽ ചേർന്നത്. ഇന്ത്യയിലെ മറ്റെവിടെയുമുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ ജോലിയെക്കാൾ ശമ്പളവുമുണ്ട്. എന്നാൽ ഒരു കുഴപ്പമുള്ളത് ഒരു വർഷത്തെ കോൺട്രാക്ട് കഴിഞ്ഞാൽപ്പിന്നെ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥിരം നിയമിക്കാനോ, കോൺട്രാക്ട് നീട്ടിത്തരാനോ, വീട്ടിൽ പറഞ്ഞുവിടാനോ വരെ സാധ്യതയുണ്ട്. കോൺട്രാക്ട് സ്ഥാപനങ്ങളെപ്പറ്റി സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്ന ഡോക്ടർ കിരിത് എസ് പരീഖ് (അതെ, പിൽക്കാലത്ത് പ്ലാനിങ് കമ്മീഷൻ അംഗവും, പത്മവിഭൂഷണും ആയ ആൾ തന്നെ) ഒരു തമാശ പറയും. സ്ഥാപനത്തിലെ ഗാർഡനർ ആയ രാംലാൽ ഒരിക്കൽ അദ്ദേഹത്തിന്റെ അടുത്തുവന്നു.

'സാബ്, അടുത്തമാസം മുതൽ ഗാർഡൻ നോക്കാൻ വേറെ ആളെ കോൺട്രാക്ടിൽ വെക്കണം.''അതെന്താ, രാംലാൽ ഇവിടുത്തെ പണി നിർത്തി പോകുകയാണോ? 'അല്ല സാബ്, എന്റെ പണി പെർമനന്റ് ആയി. (ഇനി ഞാൻ പണിയെടുക്കേണ്ട കാര്യമില്ലല്ലോ എന്ന്)'പകുതി തമാശയും പകുതി കാര്യവുമായിട്ടാണ് അദ്ദേഹം ഈ കഥ പറയുന്നത്.

ഇന്ത്യയിൽ ഒരാൾക്ക് ജോലി കിട്ടിയെന്ന് സമൂഹം അംഗീകരിക്കുന്നത് അയാളുടെ ജോലി സ്ഥിരമാകുമ്പോളാണ്. സ്ഥെിരജോലിക്കാർക്ക് ഏറെ ആനുകൂല്യങ്ങളുണ്ട്. അവരെ പിരിച്ചുവിടാൻ പറ്റില്ല, അവർ മരിച്ചാൽ ആശ്രിതർക്ക് ജോലി ലഭിക്കും, റിട്ടയറാകുമ്പോൾ പെൻഷനോ അല്ലെങ്കിൽ നല്ലൊരു തുക ഗ്രാറ്റുവിറ്റിയോ കിട്ടും. കോൺട്രാക്ട് ജോലിക്ക് ഇതൊന്നുമില്ല എന്നുമാത്രമല്ല, സ്ഥിര ജോലിക്കാരേക്കാളും അടിസ്ഥാനശമ്പളം പോലും കുറവാണ്. കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ കരാറിന് ജോലിയെടുക്കുന്ന അദ്ധ്യാപകർക്ക് കൊടുക്കുന്ന ദിവസക്കൂലി പലപ്പോഴും അപമാനകരമാണ്. നമ്മുടെ അൺഎയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും, ആശുപത്രികളിലെ നഴ്‌സുമാരുടെയുമൊക്കെ കോൺട്രാക്ടിനെയും വേതനത്തെയും പറ്റി ഒരു ലേഖനം തന്നെ എഴുതാനുള്ളതുകൊണ്ട് തത്കാലം അതിലേക്ക് കടക്കുന്നില്ല.

ഇതുകൊണ്ടൊക്കെ തന്നെയാണ് കൂടുതൽ ശമ്പളമുള്ള ജോലി കേരളത്തിന് പുറത്ത് എവിടെ കിട്ടിയാലും അവിടെ പോകണമെന്ന് ഞാൻ നിർബന്ധിക്കുന്നത്. കോൺട്രാക്ട് ജോലിക്കാർക്ക് സ്ഥിരം ജോലിക്കാരുടേതിനേക്കാൾ കൂടുതൽ വരുമാനം കൊടുത്തുതുടങ്ങുന്ന കാലത്താണ്, നാട്ടിൽ ഒരു പ്രൊഫഷനിൽ ആളുകളുടെ ക്ഷാമമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത്. അന്ന് മതി ബ്രെയിൻ ഡ്രെയിനേപ്പറ്റിയുള്ള വിഷമം. ഇതെല്ലാം മാറാൻ പോകുകയാണ്. സ്ഥിരമായ ജോലി എന്നത് ഇനിയുള്ള കാലത്ത് അധികമുണ്ടാകില്ല. ഇപ്പോൾത്തന്നെ ഇരുപത്തിയഞ്ചുവർഷം ജോലി ചെയ്തവർക്ക് പിൽക്കാലത്ത് മുപ്പതോ നാല്പതോ വർഷം പെൻഷൻ കൊടുത്ത് ലോകത്തെമ്പാടും സ്ഥാപനങ്ങൾ നട്ടം തിരിയുകയാണ്. അതേസമയം തന്നെ ഒരേ ജോലിയിൽ തന്നെ തുടരുക എന്ന രീതി പുതിയ തലമുറയും കൈവിട്ടിരിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഫലമായി കോൺട്രാക്ട് ജോലികളായിരിക്കും ഇനിയുള്ള കാലത്ത് കൂടുതലുണ്ടാകുന്നത്.

എന്നുകരുതി ഇപ്പോൾ കേരളത്തിലുള്ളതു പോലെ തൊഴിലില്ലാത്തവരെ പിഴിയുന്ന രീതി ആകണമെന്നില്ല. ഞാൻ ഒമാനിൽ ജോലിചെയ്യുന്ന കാലത്ത് കമ്പനിയിൽ ജോലി ചെയ്യുന്നതിന്റെ ഒന്നരയിരട്ടി ശമ്പളമുണ്ടായിരുന്നു ഏതെങ്കിലും സബ് കോൺട്രാക്ടറുടെ അടുത്തുനിന്ന് കമ്പനിയിലേക്ക് താൽക്കാലിക കരാറിൽ വരുന്നവർക്ക്. കാരണം കമ്പനിക്ക് അവരുടെ മറ്റു കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട. മെഡിക്കൽ ഇൻഷുറൻസും പെൻഷനുമെല്ലാം പൊതിഞ്ഞുകെട്ടി മാസാമാസം വീതിച്ചുകൊടുക്കും. ശരിയായി ഉപയോഗിക്കപ്പെടുമ്പോൾ കോൺട്രാക്ട് ജോലിക്ക് സ്ഥിരം ജോലിയെക്കാൾ പല നേട്ടങ്ങളുമുണ്ട്.

നമ്മുടെ ശമ്പളവും അലവൻസും പെൻഷൻ ഫണ്ടുമെല്ലാം നമ്മുടെ കൈയിൽ തന്നെ കിട്ടുന്നതുകൊണ്ട് പണം എങ്ങനെ നിക്ഷേപിക്കണമെന്നും ഉപയോഗിക്കണമെന്നും നമുക്ക് തീരുമാനിക്കാം. കമ്പനികൾ പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച് ആ ഫണ്ട് പൊളിഞ്ഞുപോകുകയോ കമ്പനി തന്നെ പൂട്ടിപ്പോകുകയോ ചെയ്താലും നമുക്ക് റിസ്‌കില്ല.

2. നമ്മുടെ ജോലി ഹ്രസ്വകാലത്തേക്ക് മാത്രമാണെന്ന് നമുക്കറിയാവുന്നതുകൊണ്ട് നമ്മുടെ പ്രൊഫഷണൽ രംഗത്ത് വരുന്ന പുതിയ മാറ്റങ്ങൾ നമ്മൾ ശ്രദ്ധിക്കും, പഠിക്കും, തൊഴിൽ കമ്പോളത്തിന് നാം എപ്പോഴും റെഡിയായിരിക്കുകയും ചെയ്യും.

3. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ കമ്പനി മാറുന്നതുകൊണ്ട് പുതിയ ജോലിയുടെ അന്തരീക്ഷം, പുതിയ സ്ഥലം, പുതിയ തരം സംവിധാനങ്ങൾ ഇതെല്ലാമായി നമ്മൾ പൊരുത്തപ്പെടും. അങ്ങനെ കരിയറിൽ മുന്നേറ്റമുണ്ടാകുകയും ചെയ്യും.

4. തൊഴിൽ സ്ഥിരത ഒന്നുമില്ലാത്തതിനാൽ മറ്റൊരു ജോലിക്ക് നല്ലൊരവസരം വന്നാൽ എടുത്തു ചാടാൻ നമുക്കധികം ആലോചിക്കേണ്ടിവരില്ല. ബോംബെയിൽ നിന്നും ബ്രൂണെയിലേക്കും, മസ്‌ക്കറ്റിൽ നിന്നു ജനീവയിലേക്കും എടുത്തുചാടാൻ എന്നെ പ്രേരിപ്പിച്ചത് ജോലിയുടെ അസ്ഥിരതയാണ്. എനിക്കു മുൻപ് സ്ഥിരമായിരുന്നവർ മിക്കവരും ഇപ്പോഴും അവിടെത്തന്നെയുണ്ട്.

5. സ്ഥിരം ജോലി അല്ലാത്തതിനാൽ കമ്പനി നമ്മളെ പരിശീലിപ്പിക്കും എന്ന പ്രത്യാശയൊന്നും നമുക്കുണ്ടാകില്ല.
അതിനാൽ നമ്മുടെ പരിശീലനത്തിന്റെ ഉത്തരവാദിത്തം നാം സ്വയം ഏറ്റെടുക്കും.

6. സ്ഥിരം തൊഴിൽ അല്ലാത്തതിനാൽ നമ്മളെ പിടിച്ചുനിർത്താൻ കമ്പനിയുടെ കൈയിൽ തുറുപ്പുചീട്ടൊന്നും ഉണ്ടാകുകയില്ല. നമ്മൾ ബുദ്ധിപൂർവം പ്രവർത്തിച്ചാൽ ശമ്പളം കൂട്ടിത്തരാനോ ഉയർന്ന പദവി തരാനോ കമ്പനിയെ നിർബന്ധിക്കാനും നമുക്ക് കഴിയും. ഗൾഫിലൊക്കെ ഇത്തരം ഹ്രസ്വകാല കരാറുകൾ സർവ്വസാധാരണമാണെങ്കിലും കേരളത്തിലിപ്പോഴും കരാർ ജോലിക്ക് ഒരു മാന്യത വന്നിട്ടില്ല. ഇത് മാറിയേ പറ്റൂ.

കരാർ ജോലിയേക്കാൾ കുറച്ചുകൂടി അസ്ഥിരമാണ് കൺസൽട്ടന്റ് എന്ന ജോലി. ഇവിടെ നമ്മളെയാരും ഹ്രസ്വകാലത്തേക്ക് പോലും ജോലിക്കെടുക്കുന്നില്ല്‌ല. പകരം നമുക്കുള്ള ഏതെങ്കിലും ഒരു സ്‌കിൽ നമ്മൾ കമ്പനികൾക്കോ സർക്കാരിനോ ദിവസക്കൂലി കണക്കാക്കി വാഗ്ദാനം ചെയ്യുകയാണ്. ഉദാഹരണത്തിന് പുതുതായി ഉണ്ടാക്കുന്ന ഒരു ആശുപത്രിയുടെ എമർജൻസി മാനേജ്‌മെന്റ് പ്ലാൻ ഉണ്ടാക്കണം എന്നുകരുതുക. അതിനവർ താല്പര്യമുള്ളവരോട് ഒരു പ്രപ്പോസൽ അയക്കാൻ പറയും. ദിവസം മുന്നൂറോ അഞ്ഞൂറോ ഡോളർ കണക്കാക്കി മുപ്പത് ദിവസം കൊണ്ട് പണി തീർക്കാമെന്ന് നമ്മൾ പറയും. അപ്പോൾ നമുക്ക് കമ്പനി പതിനയ്യായിരം ഡോളറിന്റെ കൺസൾട്ടൻസി കോൺട്രാക്ട് തരും. പറഞ്ഞ പണി പറഞ്ഞ സമയത്ത് ചെയ്തുതീർത്താലേ പണം കിട്ടൂ. ഇതാണ് കൺസൾട്ടൻസിയുടെ രീതി. പാശ്ചാത്യരാജ്യങ്ങളിലും യു എന്നിലും ഒക്കെയിത് സാധാരണമാണെങ്കിലും കേരളത്തിൽ ഇതിപ്പോഴുമിത് അത്ര സാധാരണവും സമൂഹം അംഗീകരിച്ചതുമല്ല.

കൺസൾട്ടൻസി തൊഴിലിന് പല ഗുണങ്ങളും വെല്ലുവിളികളുമുണ്ട്.

ഓരോ മാസത്തിന്റെ അവസാനവും നമുക്കാരും ശമ്പളമൊന്നും തരുന്നില്ല എന്നതാണ് പ്രധാന ബുദ്ധിമുട്ട്. എല്ലാമാസവും മാസത്തിൽ എല്ലാ ദിവസവും പോലും നമുക്ക് തൊഴിൽ കിട്ടണമെന്നുമില്ല.

2. അതേസമയം നമ്മുടെ ദിവസക്കൂലി വളരെ നല്ലതാണ്. നല്ല കൺസ്റ്റന്റുമാർ എല്ലാം മാസത്തിൽ പതിനഞ്ചു ദിവസം പണി ചെയ്താൽ നമ്മൾ ഫുൾടൈം ജോലിചെയ്യുന്ന കാശുണ്ടാക്കും.

3. കൺസൾട്ടന്റുമാർ ആരുടെയും ഓഫീസിൽ ഇരുന്നല്ല ജോലി ചെയ്യുന്നത്. അതുകൊണ്ട് ഒരേസമയം എത്ര കൺസൾട്ടൻസി വേണമെങ്കിലും എടുക്കാം. മാസത്തിൽ അറുപത് ദിവസവും വിവിധ ക്ലയന്റ്‌സിനെ ബിൽ ചെയ്യാം.

4. നമ്മുടെ തൊഴിലിൽ ഏറ്റവും മികച്ചതായിരിക്കിക, പറഞ്ഞ സമയത്ത് പണി ചെയ്തുതീർക്കുക, നല്ല ഡോക്കുമെന്റേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സ്‌കിൽ ഇവയൊക്കെയാണ് നല്ല ഒരു കൺസൾട്ടന്റിന് വേണ്ട അവശ്യഗുണങ്ങൾ. പോരാത്തതിന് ക്ലയന്റ്‌സിന്റെ ഇടയിൽ വ്യാപകമായ ബന്ധങ്ങൾ വേണം. മറ്റു കൺസൾട്ടന്റുമായി അല്പം അഡ്ജസ്‌റ്‌മെന്റൊക്കെ വേണം, അപ്പോൾ ഒരുമാസം നമുക്ക് പണി കുറവാണെങ്കിൽ മറ്റെയാളുടെ പണിയിൽ കുറച്ചു ചെയ്യുകയും, അയാൾക്ക് പണി കുറവുള്ളപ്പോൾ തിരിച്ചും ചെയ്യാം.

5. സ്വന്തം തൊഴിലിൽ പൂർണ്ണസ്വാതന്ത്ര്യമുണ്ട്, ഓരോ മാസവും വ്യത്യസ്തമായ അസൈന്മെന്റുകൾ കിട്ടും, ലോകത്ത് എവിടെയുമുള്ള വിവിധ രാജ്യക്കാരായ ആളുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യാമെന്നതും ഒക്കെയാണ് ഇതിന്റെ ഗുണം.

6. ഇപ്പോഴത്തെ കാലത്ത് നമുക്ക് വീട്ടിൽനിന്നും പുറത്തിറങ്ങാതെ ചെയ്യാൻ പറ്റുന്ന കൺസൾട്ടൻസികൾ വരെയുണ്ട്. ഇന്റർനെറ്റ് കൂടുതൽ വ്യാപകമാകുന്നതോടെ ഇത്തരം സാധ്യതകൾ വർധിക്കുകയേയുള്ളു.

7. കൺസൾട്ടന്റാകാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഏത് രംഗത്താണ് പ്രവർത്തിക്കാൻ പോകുന്നതെന്നാൽ ആ രംഗത്ത് നല്ല കഴിവും വ്യക്തിബന്ധങ്ങളും ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ്. നന്നായി പണി ചെയ്യാത്തവരും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാത്തവരും ഈ രംഗത്ത് നിലനിൽക്കില്ല.

8. നല്ല കൺസൾട്ടന്റുമാർ അവർ ചെയ്യുന്ന തൊഴിലിനെപ്പറ്റി നല്ലൊരു ലിങ്ക്ഡ് ഇൻ പ്രൊഫൈലും വെബ്‌സൈറ്റും ഉണ്ടാക്കണം. നല്ലൊരു ബ്രോഷറും വിസിറ്റിങ് കാർഡും അത്യാവശ്യമാണ്.

9. അന്തർമുഖർ ആയവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല കൺസൾട്ടൻസി. നമ്മുടെ കഴിവുകളും തൊഴിൽ പരിചയവുമൊക്കെ നമുക്ക് കൺസൾട്ടൻസി തരാൻ സാധ്യതയുള്ള ക്ലയന്റ്‌സിന്റെയടുത്ത് നേരിട്ടും മറ്റു മാർഗ്ഗങ്ങളിലൂടെയും നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം.

10. നെറ്റ് വർക്കിങ്ങിനുള്ള ഒരവസരവും പാഴാക്കരുത്. പ്രൊഫഷണലായ കോൺഫറൻസുകളിൽ പങ്കെടുക്കുക,
ഫ്രീയായി ട്രെയിനിങ് ഓഫർ ചെയ്യുക, ഇപ്പോഴൊക്കെയാണെങ്കിൽ സെമിനാറുകൾ നടത്തുക, ഇതൊക്കെ ചെയ്തുകൊണ്ടേയിരിക്കണം.

11. കൺസൽട്ടന്റ് ആയിരിക്കുന്നവർ വ്യക്തിജീവിതത്തിൽ നല്ല അച്ചടക്കമുള്ളവരായിരിക്കണം. പറയുന്ന സമയത്ത് ജോലി തീർക്കാത്തതും, പറഞ്ഞ ക്വളിറ്റിയിൽ കുറച്ച് ചെയ്യുന്നതും ഈ തൊഴിലിൽ ആത്മഹത്യാപരമാണ്.

കേരളം വാസ്തവത്തിൽ കൺസൾട്ടന്റുമാരുടെ പറുദീസയാവാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്. അനവധി വിഷയങ്ങളിൽ വൈദഗ്ദ്ധ്യവും ലോകമെങ്ങും വ്യക്തിബന്ധങ്ങളുമുള്ള മലയാളികൾ ധാരാളമുണ്ട്. ഇന്റർനെറ്റ് കൂടുതൽ വിശ്വസനീയമാവുകയും, കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്കും ദുബായിലേക്കും എല്ലാ ദിവസവും വിമാനമുണ്ടായിരിക്കുകയും ചെയ്യുന്നതോടെ കേരളത്തിലിരുന്ന് ലോകത്ത് എവിടെയുള്ളവരുമായി ബന്ധപ്പെടാനോ വേണമെങ്കിൽ ഒരു ദിവസത്തിനകം ക്ലയന്റിന്റെ അടുത്ത് എത്താനോ ഒക്കെയുള്ള അവസരം ഇപ്പോൾ തന്നെയുണ്ട്. അമേരിക്കയിൽ കുറെ കൺസൾട്ടന്റുമാർ ഒരുമിച്ചിരുന്ന് വർക്ക് സ്‌പേസ് ഷെയർ ചെയ്യുന്ന രീതിയുണ്ട്. അതായത് നമ്മൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരിക്കും. അവിടെ നമുക്ക് ഓഫിസും, റിസപ്ഷനും, കോഫി മെഷീനും, അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവരും എല്ലാം ഉണ്ടായിരിക്കും. പക്ഷെ നമ്മൾ തന്നെയാണ് നമ്മുടെ ബോസ് (https://www.sharedesk.net).

നമ്മുടെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് അധികനാടുകളിലേക്ക് എളുപ്പത്തിൽ യാത്ര പറ്റില്ല എന്നതാണ് തൽക്കാലം നമ്മുടെ ഒരു വലിയ പോരായ്മ. അതുപോലെതന്നെ വിദേശനാണ്യത്തിൽ ഫീ കിട്ടുന്നതും, കൺസൾട്ടന്റിനു കിട്ടുന്ന ഫീ എല്ലാം ആദായനികുതി ആകുന്നതും എല്ലാം തന്നെ മലയാളി കൺസൾട്ടന്റുമാരെ ഇപ്പോൾ ദുബായിലും സിംഗപ്പൂരിലും തളച്ചിടുന്നു. നല്ല നിയമമുണ്ടെങ്കിൽ അധികം ചൂടും തണുപ്പും ഒന്നുമില്ലാത്ത ജീവിത ചെലവ് തീരെ കുറഞ്ഞ കേരളത്തിൽ വന്നിരുന്ന് കൺസൽട്ടന്റ് ആയി ജോലി ചെയാൻ മലയാളികൾ മാത്രമല്ല മറുനാട്ടുകാരും വരും. പക്ഷെ അതിനൊക്കെ അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കണം, ഓഫിസ് സ്‌പേസ് ഉണ്ടാക്കണം, വിസ എളുപ്പമാക്കണം, വിദേശ കറൻസിയെപ്പറ്റിയുള്ള പേടി മാറണം. വരും കാലത്ത് അങ്ങനെയൊരു കാലം വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. പെരുമ്പാവൂരിലെ വീട്ടിലിരുന്ന് ഒരു വർഷം ഞാൻ ജനീവയിലെ ജോലി ചെയ്തിട്ടുണ്ട്. ഇനിയുള്ള കാലത്ത് അത് സർവസാധാരണമാകും. ഇനിയൊരു അഞ്ചു വർഷത്തിനകം നാട്ടിലെ പരിപ്പുവടയും ബിരിയാണിയും കഴിച്ച് ഡോളറിൽ വരുമാനമുണ്ടാക്കണം എന്നതാണ് എന്റെ അടുത്ത സ്വപ്നം.