- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യർ ചെയ്യുന്ന അൺ സ്‌കിൽഡ്, സെമി സ്‌കിൽഡ് ജോലികൾ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാം; ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനുമും അവസമുള്ള നാടായി കേരളം മാറണം: ലോക-കേരളസഭയിലെ പ്രതീക്ഷകൾ പങ്കുവെച്ച് മുരളി തുമ്മാരുകുടി
ലോക-കേരളസഭയിൽ ഒരു പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിന് കേരള ഗവൺമെന്റിനോട് നന്ദി പറയുന്നു. കേരളത്തെ വിദേശത്തിരുന്നുകൊണ്ട്, എന്നാൽ അനുദിനവും, അതിസൂക്ഷ്മവുമായി നോക്കിക്കാണുന്ന ഒരാൾ എന്ന നിലയിൽ ചില കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. 1. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ വലിയ സാമ്പത്തിക മുന്നേറ്റമാണ് കേരളം കൈവരിച്ചിട്ടുള്ളത്. ഐക്യകേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ട കാലത്ത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന കേരളം, ഇപ്പോൾ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ എക്കണോമിസ്റ്റ് മാസികയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പതിനായിരം ഡോളറിനോടടുക്കുന്നു നമ്മുടെ പ്രതിശീർഷ വരുമാനം (പർച്ചേസിങ് പവർ പാരിറ്റി അനുസരിച്ച്). ഇത് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിൽ അധികവും, ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മടങ്ങ്അധികവുമാണ്. ഈ മാറ്റം കുടിയേറ്റം മൂലം ഉണ്ടായതല്ലേ? സുസ്ഥിരമാണോ? എന്നതൊക്കെ പ്രസക്തമായ ചോദ്യങ്ങളാണെങ്കിലും, 2017 -ലെ കേരള
ലോക-കേരളസഭയിൽ ഒരു പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിന് കേരള ഗവൺമെന്റിനോട് നന്ദി പറയുന്നു. കേരളത്തെ വിദേശത്തിരുന്നുകൊണ്ട്, എന്നാൽ അനുദിനവും, അതിസൂക്ഷ്മവുമായി നോക്കിക്കാണുന്ന ഒരാൾ എന്ന നിലയിൽ ചില കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
1. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ വലിയ സാമ്പത്തിക മുന്നേറ്റമാണ് കേരളം കൈവരിച്ചിട്ടുള്ളത്. ഐക്യകേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ട കാലത്ത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന കേരളം, ഇപ്പോൾ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ എക്കണോമിസ്റ്റ് മാസികയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പതിനായിരം ഡോളറിനോടടുക്കുന്നു നമ്മുടെ പ്രതിശീർഷ വരുമാനം (പർച്ചേസിങ് പവർ പാരിറ്റി അനുസരിച്ച്). ഇത് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിൽ അധികവും, ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മടങ്ങ്
അധികവുമാണ്.
ഈ മാറ്റം കുടിയേറ്റം മൂലം ഉണ്ടായതല്ലേ? സുസ്ഥിരമാണോ? എന്നതൊക്കെ പ്രസക്തമായ ചോദ്യങ്ങളാണെങ്കിലും, 2017 -ലെ കേരളം, സമ്പന്നമായ ഒരു പ്രദേശം ആണെന്നത് ഒരു വസ്തുത തന്നെയാണ്. ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ ഗ്രാമങ്ങളിൽ പോലുമുള്ള വലിയ വീടുകൾ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളോഹരി കാറുകളും വൈറ്റ് ഗൂഡ്സും വിൽപ്പന നടക്കുന്ന കമ്പോളം, സാധാരണമാകുന്ന വിനോദയാത്രകൾ, വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരുടെ വർഷം തോറും ഇരട്ടിക്കുന്ന എണ്ണം, എന്നിങ്ങനെ ഇതിന്റെ പ്രതിഫലനം നമുക്ക് ചുറ്റുമുണ്ട്. ലോകത്തിൽ ആകെ വിറ്റഴിക്കപ്പെടുന്ന സ്വർണ്ണാഭരണത്തിന്റെ ഇരുപത് ശതമാനവും, ലോക ജനസംഖ്യയിൽ ഒരു ശതമാനം പോലുമില്ലാത്ത കേരളത്തിലെ വിപണിയിലാണ് നടക്കുന്നത്.
അതേസമയം തന്നെ നമ്മുടെ പൊതു ചിതാഗതിയും വികനസ നയങ്ങളും ഒക്കെ നാം ഒരു പാവപ്പെട്ട സ്ഥലം ആണെന്ന ചിന്തയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് മാറി നമുക്കൊരു പുതിയ വികസന കാഴ്ചപ്പാട് ഉണ്ടായേ പറ്റൂ.
2.കഴിഞ്ഞ മുപ്പത് വർഷത്തെ കേരള വികസനത്തിൽ കുടിയേറ്റം വലിയ പങ്കു വഹിച്ചതിനാൽ ഇത് എല്ലാക്കാലവും നിലനിൽക്കുമെന്നും വിദേശത്തേക്കുള്ള കുടിയേറ്റമാണ് കേരളത്തിന്റെ അടിസ്ഥാന വികസന അവസരം എന്ന തെറ്റിദ്ധാരണയിലേക്ക് നമ്മുടെ സമൂഹവും നേതൃത്വവും ചുരുങ്ങിയിരിക്കുന്നു. ഗൾഫിലെ പ്രതിസന്ധിയും അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളുമൊക്കെ നമ്മെ പേടിപ്പിക്കുന്നു. വാസ്തവത്തിൽ ഗൾഫിൽ നിന്നും കുറെ ആയിരങ്ങൾ ഇന്ത്യയിലേക്ക് വരുന്നു എന്നതോ, അമേരിക്കയിലേക്ക് കുറേ പേർക്ക് പോകാൻ സാധിക്കുന്നില്ല എന്നതോ അല്ല നമ്മുടെ പ്രധാന പ്രശ്‌നം. മറിച്ച് ആധുനിക സാങ്കേതിക വിദ്യകളുമായി പരിചയമുള്ള, മോഡേൺ മാനേജ്മെന്റ് കൾച്ചറിൽ പരിശീലനം ലഭിച്ച, ലോകമെമ്പാടും പ്രൊഫഷണൽ ബന്ധങ്ങളുള്ള ലക്ഷക്കണക്കിന് മലയാളികൾ ഇപ്പോഴും നാട്ടിൽ എത്തുന്നില്ല എന്നതാണ്, ഒരു എൻജിനീയറിങ് ഡിഗ്രി എടുത്താൽ പോലും അവരുടെ കഴിവുകൾ ഉപയോഗിക്കാൻ അവസരമില്ലാത്ത ഒരു ഗ്രാമീണ സമ്പദ്വ്യവസ്ഥയായി കേരളം തുടരുന്നു എന്നതാണ്. ഇപ്പോൾ കേരളത്തിന് പുറത്തുള്ള മലയാളികളിൽ പകുതിപ്പേർ സ്വമേധയാ, അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കേരളത്തിൽ എത്തിപ്പറ്റുന്ന ഒരു കാലത്ത് അവർ ആർജ്ജിച്ച അറിവും ബന്ധങ്ങളും സമ്പാദ്യവും ഉപയോഗിച്ച്, ലോകത്തിനു മാതൃകയായ ഒരു അറിവിന്റെ സമ്പദ്വ്യവസ്ഥയായി നാം മാറും. ശരിയായ നയങ്ങളുണ്ടെങ്കിൽ അതിപ്പൊഴേ തുടങ്ങാം, മറ്റു രാജ്യങ്ങളിൽ പ്രതിസന്ധി വരാൻ കാത്തിരിക്കേണ്ട കാര്യമില്ല.
3. കൃഷിക്കോ, വീടുവക്കാനോ ആയി ഭൂമിയുടെ ആവശ്യം കേരളത്തിൽ കുറഞ്ഞുവരികയാണ്. അതേസമയം ഭൂമിയുടെ വില അതിന്റെ പ്രൊഡക്ടിവിറ്റിയുടെ പതിന്മടങ്ങായി തുടരുകയും ചെയ്യുന്നു. ആളുകൾ സ്വത്തും സമ്പാദ്യവുമായി ഭൂമിയെ കാണുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയെ സമ്പാദ്യമായി കരുതി തുണ്ടുതുണ്ടാക്കി കൈവശം വെക്കുകയും കൈമാറുകയും ചെയ്യുന്ന അസംബന്ധമായ ഭൂ-ഉപയോഗ രീതി മാറിയേ പറ്റൂ.
4. ഓട്ടോമേഷനെക്കുറിച്ച് ലോകമെങ്ങും ആശങ്കകൾ ഉയരുമ്പോൾ അതിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനുള്ള സുവർണ്ണാവസരമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ എല്ലാ വിഭാഗങ്ങളിലും, അത് നിർമ്മാണമേഖലയോ, പ്ലൈവുഡ് നിർമ്മാണമോ, മൽസ്യബന്ധനമോ ആകട്ടെ, പ്രത്യേക സ്‌കിൽ ഒന്നുമില്ലാത്ത ലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതേസമയം തന്നെ അഭ്യസ്തവിദ്യരായ മലയാളികൾക്ക് ഈ രംഗങ്ങളിൽ പുതിയ തൊഴിലുകൾ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ മനുഷ്യർ ചെയ്യുന്ന ഈ അൺ സ്‌കിൽഡ്, സെമി സ്‌കിൽഡ് ജോലികൾ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് ഇവയെ നിയന്ത്രിക്കുന്ന ഉയർന്ന ജോലികൾ ചെയ്യാൻ സാധിക്കും. കുടിയേറ്റം ഉണ്ടാക്കുന്ന അനവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യും. ഇപ്പോൾ കേരളത്തിൽ കാണുന്ന വികസനം മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്തുമ്പോഴേക്കും അവിടെയും, ലോകത്ത് മറ്റിടങ്ങളിലും ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വികസനത്തെ നയിക്കാൻ മലയാളികൾക്ക് സാധിക്കും.
5. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ ലോകത്തിൽ നിന്നോ മാറി നിൽക്കുന്ന ഒരു സമൂഹമോ സമ്പദ് വ്യവസ്ഥയോ അല്ല ഞാൻ സ്വപ്നം കാണുന്നത്. മറിച്ച് ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഒരു പ്രദേശം, പ്രതിവർഷം ഒരു കോടി വിദേശികളെങ്കിലും ടൂറിസ്റ്റുകളായി എത്തുന്ന കേരളം, ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന കേരളം, ലോകത്തെവിടെ നിന്നും ആളുകൾ ആരോഗ്യ സംരക്ഷണത്തിന് എത്തുന്ന കേരളം, വികസിത രാജ്യങ്ങളിലെ ഗവേഷകർ സബാറ്റിക്കൽ അവധി ചിലവഴിക്കാൻ എത്തുന്ന കേരളം, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, ചൈന, ജപ്പാൻ തുടങ്ങിയ നാടുകളിൽ നിന്നും യുവാക്കളും യുവതികളും ഒന്നോ രണ്ടോ വർഷം വന്ന് നമ്മുടെ കുട്ടികളെ അവരുടെ ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്ന കേരളം. അങ്ങനെ ലോകവുമായി അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ ഇടപെടുന്ന കേരളം..! അതാണ് ഞാൻ കാണുന്ന കേരളം. ഇതൊരു സ്വപ്നമല്ല, സാധ്യമാണ്.
6. എന്നാൽ ഇതൊക്കെ വെറുതെയങ്ങ് യാഥാർഥ്യമാകുന്ന ഒന്നല്ല. കേരളത്തിലെ നയങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ കുരുങ്ങി കിടക്കുമ്പോൾ കേരളത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നയിക്കാൻ പറ്റില്ല. ലോകശക്തികളായ അമേരിക്കയിലും റഷ്യയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ഒക്കെ നാല്പത് വയസ്സ് മാത്രം പ്രായമുള്ളവർ രാജ്യങ്ങളെ നയിക്കുന്നത് സർവ്വസാധാരണമായ നൂറ്റാണ്ടിൽ, കാനഡയിലും ഫ്രാൻസിലും ഒക്കെ മന്ത്രിസഭയുടെ അൻപത് ശതമാനവും സ്ത്രീകൾ ആയിരിക്കുന്ന കാലമാണ്. എന്നാണ് നമ്മുടെ അസംബ്ലിയിലും മന്ത്രിസഭയിലും ലോക കേരള സഭയിലും ഒക്കെ അൻപത് ശതമാനം എങ്കിലും യുവാക്കളും സ്ത്രീകളും ഒക്കെ വരുന്നത് ?. അന്നാണ് നാം ശെരിക്കും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തുന്നത്.
ഒരു കാര്യം കൂടി പറഞ്ഞു ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കാം. കേരളത്തിലെ എല്ലാ എം എൽ എ മാരും വർഷത്തിൽ ഒരിക്കലെങ്കിലും ഒറ്റക്കോ കൂട്ടമായോ ഇന്ത്യക്ക് പുറത്ത് ഒരു രാജ്യത്ത് രണ്ടാഴ്ചയെങ്കിലും നിർബന്ധമായി ചിലവഴിക്കണം എന്ന ചിന്ത ഉള്ള ആളാണ് ഞാൻ. ഇതിന് വേണ്ടി ചെലവാക്കുന്ന ഒരു പണവും ധൂർത്തല്ല. പക്ഷെ തൽക്കാലം ഇതിന് സാധ്യത കുറവായതിനാൽ ഞാൻ ഒരു ആശയം പറയാം. ലോക കേരള സഭയിൽ ഉള്ള പുറം രാജ്യത്തുള്ള ഓരോ മലയാളിയും കേരളത്തിലെ ഓരോ ജനപ്രതിനിധിയും തമ്മിൽ ഒരു ട്വിന്നിങ് നടത്തണം. എന്നിട്ട് ഈ ജനപ്രതിനിധിയെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് അവിടുത്ത വികസന മാതൃകകളും മലയാളികളുടെ അവസരങ്ങളും വെല്ലുവിളികളും ഒക്കെ പരിചയപ്പെടുത്താൻ ഉള്ള അവസരം ഉണ്ടാക്കണം. അതുപോലെ തന്നെ അവിടുത്തെ മലയാളികളുടെ പ്രശ്‌നങ്ങളും പുതിയ വികസന ആശയങ്ങളും നമ്മുടെ സഭകളിൽ പ്രതിഫലിപ്പിക്കാൻ ഞങ്ങൾക്കും ഈ പങ്കാളിയെ ഉപയോഗിക്കാമല്ലോ. അങ്ങനെ ഒരാളെ വച്ച് അടുത്ത ഓരോ വർഷവും യൂറോപ്പിലേക്ക് ക്ഷണിക്കാൻ ഞാൻ തയ്യാറാണ്. ഇത്തരം ഒരു പദ്ധതി ഉണ്ടാക്കണമെന്ന് ഞാൻ ബഹുമാനപ്പെട്ട സഭാ നേതാവിനോട് ആവശ്യപ്പെടുന്നു.
ലോക കേരള സഭക്ക് എല്ലാവിധ ആശംസകളും.