സീറ്റ് വിഭജനം ഒക്കെ ഏതാണ്ട് പൂർത്തിയായ സ്ഥിതിക്ക് മുന്നണികളുടെ അടുത്ത ശ്രദ്ധ പ്രകടന പത്രിക ഉണ്ടാക്കുന്നതിൽ ആകുമല്ലോ. പ്രകടന പത്രികയിൽ ഉള്ള കാര്യങ്ങൾ പോലും പലപ്പോഴും നടപ്പാക്കാറില്ലെങ്കിലും ഇത് വരെ നമ്മുടെ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ പ്രകടന പത്രികയിൽ പോലും സുരക്ഷ സ്ഥാനം പിടിച്ചിട്ടില്ല, ഇത് കഷ്ടമാണ്. കാരണം ഈ സർക്കാർ ഭരണത്തിൽ വന്നിട്ട് ഏതാണ്ട് അഞ്ചുവർഷം ആയി. ഇതിനിടക്ക് 40000 മലയാളികളുടെ ജീവൻ വിവിധ അപകടങ്ങളിൽ നഷ്ടപ്പെട്ടു. ഇതിൽ ഇരുപതിനായിരവും നമ്മുടെ റോഡുകളിൽ ആണ് പൊലിഞ്ഞത്. ഏഴായിരത്തിലധികം പേർ മുങ്ങി മരിച്ചു. ഫ്‌ലാറ്റ് പണിയുന്നതിനിടക്ക് വീണും വൈദ്യുതഘാതമേറ്റുമൊക്കെ ആയിരങ്ങൾ വേറേയും.

മനുഷ്യജീവൻ അമൂല്യമാണെന്ന് ലോകത്തിൽ എല്ലായിടത്തും ആളുകൾ വിശ്വസിക്കുന്നു. നമ്മുടെ ഏതു നേതാക്കളോട് ചോദിച്ചാലും ഇക്കാര്യത്തിൽ യാതൊരു എതിരഭിപ്രായവും ഉണ്ടാവാനും വഴിയില്ല. പക്ഷെ ജീവൻ അമൂല്യമാണെന്നു സർക്കാർ വിശ്വസിക്കുന്നു എങ്കിൽ എന്തുകൊണ്ടാണ് ഈ ഗവൺമെന്റ് ഈ പ്രശ്‌നത്തെ കാര്യമായി എടുക്കാതിരുന്നത്?. അതെ സമയം ഈ വിശ്വാസം പ്രതിപക്ഷത്തിന് ഉണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ടാണ് ഇതൊരു തിരഞ്ഞെടുപ്പ് വിഷയം ആകാത്തത് ?. സത്യം എന്തെന്ന് വച്ചാൽ ഇതൊരു ഒരു യുഡിഎഫ്-എൽഡിഎഫ് പ്രശ്‌നം ഒന്നും അല്ല. ഇതിനു മുമ്പത്തെ സർക്കാരിന്റെ കാലത്തും മുപ്പതിനായിരത്തിൽ അധികം ആളുകളുടെ ജിവൻ നഷ്ടപ്പെട്ടിരുന്നു. അവരുടെ തത്വശാസ്ത്രത്തിലും ജീവൻ അമൂല്യമൊക്കെത്തന്നെ ആയിരുന്നു. പക്ഷെ, അവിടെനിന്നും നിർണ്ണായകമായ നടപടികൾ ഒന്നും ഉണ്ടായില്ല.

2016ലെ തെരഞ്ഞെടുപ്പിൽ രണ്ടു പ്രധാന കൂട്ടുകെട്ടുകളും പ്രകടനപത്രിക ഉണ്ടാക്കുന്ന സമയമാണല്ലോ. അക്കൗണ്ട് തുടങ്ങാൻ ശ്രമിക്കുന്നു ബിജെപിക്കും ഉണ്ടാകും അവരുടെ പ്രകടനപത്രിക. എനിക്ക് ഒരു ആഗ്രഹം ഉണ്ട്. അടുത്ത അഞ്ച് വർഷത്തിനകം കേരളത്തിലെ അപകടമരണങ്ങൾ 50 ശതമാനം കുറക്കാനുള്ള നടപടികൾ സ്വീകരിക്കും (ടാർഗറ്റ് 50) എന്ന ഒരു പ്രഖ്യാപനം അവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമോ? വളരെ തുച്ഛമായ, യാതൊരു രാഷ്ട്രീയ ചായ്‌വില്ലാത്ത ഒരു രാഷ്ട്രീയ നഷ്ടവും ഉണ്ടാക്കാത്ത ഒരു ആവശ്യം ആണ്. ഇരുപതിനായിരം അമൂല്യജീവനുകൾ ആണ് അങ്ങനെ രക്ഷപെടുത്താൻ നമുക്ക് സാധിക്കുന്നത്. ഇത് തികച്ചും സാധ്യവും ആണ്. നമുക്ക് അതിനുള്ള ഇച്ഛാശക്തി ഉണ്ടോ എന്നു മാത്രമാണ് ഈ പ്രശ്‌നം.

അപകടമരണങ്ങൾ നമ്മൾ സ്ഥിരമായി കേൾക്കുന്നതുകൊണ്ട് ഇത് ഒഴിവാക്കാനാവാത്ത എന്തോ ആയിട്ടാണ് നമ്മുടെ സമൂഹം ഇപ്പോൾ കരുതുന്നത്. അപകടം സംഭവിക്കുന്ന ആളുടെ നിർഭാഗ്യവും മറ്റു എന്തെങ്കിലും സാഹചര്യങ്ങളുടെ പരിണിതഫലവും ആയി അപകടത്തെ കാണാനാണ് ആളുകൾക്ക് താല്പര്യം. പക്ഷെ സത്യം അതല്ല. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷം ഉണ്ടായ 40000 മരണങ്ങൾ അടുത്തു പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. ഇതിൽ 99.9 ശതമാനവും തീർത്തും ഒഴിവാക്കാവുന്നതായിരുന്നു. ചില സാഹചര്യങ്ങളിൽ ആളുകളുടെ പരിശീലനക്കുറവ്. ചിലയിടത്ത് ആളുകൾക്ക് അപകടത്തെപ്പറ്റി ബോധ്യമില്ലാത്തത്, പല സ്ഥലത്തും മേൽനോട്ടം വഹിക്കുന്നവരുടെ നോട്ടക്കുറവ് എന്നിങ്ങനെ തികച്ചും നിസാരവും അധികം പണച്ചെലവ് ഇല്ലാതെ പരിഹരിക്കാവുന്നതും ആയ പ്രതിസന്ധി ആണ് അപകടമരണങ്ങൾ. നമ്മൾ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം എന്നു മാത്രം.

ടാർഗറ്റ് 50 എന്ന മുദ്രാവാക്യം നാം സമൂഹമെന്ന നിലയിൽ ഏറ്റെടുത്താൽ പിന്നെ ചെയ്യേണ്ട കാര്യങ്ങൾ ലളിതമാണ്, സുശക്തവും ആണ്.

1. സുരക്ഷാ വിഷയങ്ങളെ റോഡ് സുരക്ഷ, വൈദ്യുതി സുരക്ഷ, ഫാക്ടറി സുരക്ഷ എന്നിങ്ങനെ തരം തിരിക്കാതെ സമഗ്ര സുരക്ഷാ നിയമം പാസാക്കുക.

2. എല്ലാവിധ സുരക്ഷാ വിഷയങ്ങളേയും കൈകാര്യം ചെയ്യുന്നതിന് ശക്തമായ ഒരു സുരക്ഷാ അഥോറിറ്റി സ്ഥാപിക്കുക. ഇംഗ്ലണ്ടിലെ ഹെൽത്ത് ആൻഡ് സേഫ്ടി എക്‌സിക്യൂട്ടീവ് ഒരു മാതൃകയായി എടുക്കാവുന്നതേ ഉള്ളൂ.

3. സുരക്ഷാ വിഷയങ്ങൾ എല്ലാത്തരം തൊഴിൽ പരിശീലനങ്ങളുടേയും അടിസ്ഥാനഭാഗം ആക്കുക. ഉദാഹരണത്തിന് ഡ്രൈവർ, ആശാരി, വെൽഡർ,വീടുപണി എന്നിങ്ങനെ എല്ലാം.

4. ഇപ്പോൾ ഇത്തരം തൊഴിൽ ചെയ്യുന്നവർക്ക് 5 ദിവസത്തെ തൊഴിലിന് അനുയോജ്യമായ സുരക്ഷാ പരിശീലനം സർക്കാർ ചെലവിൽ സംഘടിപ്പിക്കുക.

5. സുരക്ഷ എന്നത് പ്രൈമറിതലം മുതൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക.

6. ഓരോ തൊഴിലിടത്തിലും, അത് വീടാവട്ടെ, റോഡാവട്ടെ, സ്‌കൂൾ ആവട്ടെ, ഫാക്ടറി ആകട്ടെ, ജോലിക്ക് വരുന്നവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം കൂലി കൊടുക്കുന്നത് ആരാണോ അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ആക്കുക. അപകടം ഉണ്ടായാൽ അവരുടെ ചികിത്സക്കും മരിച്ചാൽ നഷ്ടപരിഹാരം കൊടുക്കാനും ഉള്ള ഒരു ഇൻഷുറൻസ് എല്ലാ വീട്ടുടമകളും തൊഴിൽ ദാതാക്കളും ചെയ്യണമെന്നത് നിർബന്ധം ആക്കുക.

7. ഓരോ അപകടങ്ങളെപ്പറ്റിയും സുരക്ഷാ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തി അടിസ്ഥാന പ്രശ്‌നങ്ങൾ കണ്ടെത്തി അത് ആ തൊഴിൽമേഖലയിൽ മൊത്തം പരിഹരിക്കുക. ഉദാഹരണത്തിന് ഒരു പടക്ക കമ്പനിയിൽ അപകടം ഉണ്ടായാൽ അവിടെ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി അവിടുത്തെ മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതി മാറ്റണം.

8. സുരക്ഷാ അഥോറിറ്റിയുടെ പ്രവർത്തനത്തിനുവേണ്ടി ഒരു സുരക്ഷാ നികുതി ഏർപ്പെടുത്തുക. വാഹനം, വൈദ്യുതി, കെട്ടിടനിർമ്മാണ വസ്തുക്കൾ എന്നിവയിൽ ഒക്കെ ഈ ടാക്‌സ് ഈടാക്കാവുന്നതേ ഉള്ളൂ.

9. ആധുനിക വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുക. ഇന്ത്യയിലെ, ഇക്കാര്യത്തിലെ ഒന്നാം സ്ഥാനം നേടിയെടുക്കുക.

10. കേരളത്തിലെ ഓരോ വകുപ്പിന്റെ കീഴിലും എത്ര അപകടങ്ങൾ നടക്കുന്നു എന്ന് നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാക്കുക. അത്തരം അപകടങ്ങൾ കുറക്കുന്നത് വകുപ്പിന്റെ നിർവഹണ നിരീക്ഷണത്തിന്റെ (Performance Monitoring) ഭാഗമാക്കുക.