മുംബൈ: യുപിഎ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മുരളി ദേവ് റ അന്തരിച്ചു. 77 വയസായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദേവ്‌റ, പുലർച്ചെ 3.30ഓടെ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. സംസ്‌കാരം വൈകിട്ട് മുംബയിലെ ചന്ദൻവാഡിയിൽ നടത്തും. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഒന്നാം യു.പി.എ സർക്കാരിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായിരുന്നു മുരളി ദേവ്‌റ. 1968ൽ മുംബയ് മുനിസിപ്പൽ കൗൺസിലറായാണ് ദേവ്‌റ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. 197778 കാലത്ത് മുബൈയുടെ മേയറായി. 1980ൽ മുംബയ് സൗത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജനതാ പാർട്ടിയിലെ രത്തൻസിങ് രാജ്ഡയോട് പരാജയപ്പെട്ടു. പിന്നീട് അതേ മണ്ഡലത്തിൽ നിന്ന് നാലു തവണ ലോക്‌സഭയിലെത്തി.

2002ൽ രാജ്യസഭാംഗമായി. 2006ൽ മണിശങ്കർ അയ്യർക്ക് പകരക്കാരനായി ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര പെട്രോളിയം മന്ത്രിയായി. 22 വർഷത്തോളം മുംബയ് റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ദേവ്‌റ. 2006ലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.