നിയമ സഭയിൽ ജയ് ഭീം.. ജയ് ഭീം.. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷത്തിന്റെ പ്രതിഷേധം; പാലാരിവട്ടത്തെ ബീം ആണോയെന്ന് ചോദിച്ചു അവഹേളിച്ചു മുരളി പെരുന്നെല്ലി; സജി ചെറിയാന് പിന്നാലെ ഭരണഘടനാ ശിൽപിയെ അവഹേളിച്ച് സിപിഎം എംഎൽഎ; മാപ്പു പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംഎൽഎമാർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഭരണഘടനാശിൽപ്പി ഡോ. ബി ആർ അംബേദ്കറിനെയും ഭരണഘടനയെയും അവഹേളിച്ചതിന്റെ പേരിലാണ് സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെക്കേണ്ടി വന്നത്. പ്രതിപക്ഷത്തിന്റെ ഇടപെടൽ പോലുമല്ലാത്ത ഹിറ്റ്‌വിക്കറ്റായിരുന്നു സജി ചെറിയാന്റെ വിക്കറ്റ്. എന്നാൽ, അവിടം കൊണ്ടും തീരാതെ അംബേദ്കറെ വീണ്ടും അവഹേളിച്ചു കൊണ്ടു മറ്റൊരു സിപിഎം എംഎൽഎയും രംഗത്തുവന്നു.
നിയമസഭയിൽ സിപിഎം എംഎൽഎ അംബേദ്ക്കറെയും അധിക്ഷേപിച്ചതായുള്ള ആരോപണമാണ് ഉയർന്നിരിക്കുന്നത്. മണലൂർ എംഎൽഎ മുരളി പെരുന്നെല്ലിയുടെ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ജയ് ഭീം.. ജയ് ഭീം മുദ്രവാക്യങ്ങളുമായാണ് പ്രതിപക്ഷം ഇന്ന് രംഗത്തുവന്നത്. എന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചപ്പോൾ പാലാരിവട്ടത്തെ ബീം ആണോയെന്ന് മുരളി തിരിച്ചു ചോദിക്കുകയായിരുന്നു.
തുടർന്ന് അംബേദ്ക്കറെ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജയ് ഭീം മുദ്രാവാക്യങ്ങളുമായി ഇവർ വീണ്ടും പ്രതിഷേധിച്ചു. ടി സിദ്ധിഖും എ എൻ ഷംസുദ്ദീനും എംഎൽഎയുടെ പരാമർശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി. അംബേദ്ക്കറെ താൻ അപമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണത്തിൽ മുരളി പെരുനെല്ലി പിന്നീട് സഭയിൽ പറഞ്ഞു. മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഒരു കാര്യം മാത്രമാണ് പറഞ്ഞതെന്നായിരുന്നു മുരളിയുടെ വാദം. ഇല്ലാത്ത കാര്യം തന്റെ വാചകമാക്കി വരുത്തിതീർക്കേണ്ട കാര്യമില്ലെന്നും മുരളി പെരുന്നെല്ലി പറഞ്ഞു. തുടർന്ന് ഇക്കാര്യം പരിശോധിച്ചു പറയാമെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. മണലൂരിൽ നിന്നുള്ള സിപിഎം എംഎൽഎ ആണ് മുരളി പെരുന്നെല്ലി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.
കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം യോഗത്തിൽ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തെ തുടർന്നാണ് സജി ചെറിയാന് മന്ത്രിപദം രാജിവെയ്ക്കേണ്ടി വന്നത്. ഈ വിവാദങ്ങൾക്കിടെയാണ് മുരളി പെരുന്നെല്ലിയുടെ പരാമർശവും. അതേസമയം ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തിരുന്നു. ദേശാഭിമാനം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കീഴ്‌വായ്പൂർ പൊലീസാണ് കേസെടുത്തത്. മൂന്നുവർഷം വരെ തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
പരാമർശം വന്ന ശേഷം പത്തനംതിട്ട ജില്ലയിൽ മാത്രം നിരവധി പരാതികളായിരുന്നു സജി ചെറിയാനെതിരേ വന്നിരുന്നത്. പക്ഷെ പൊലീസ് കാര്യമായി ഇടപെട്ടിരുന്നില്ല. തുടർന്ന് ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചതോടെ തിരുവല്ല കോടതി കേസെടുക്കാനും പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി അഭിഭാഷകൻ നൽകിയ ഹർജിയിലായിരുന്നു കേസെടുക്കാൻ നിർദേശിച്ചത്.
സജി ചെറിയാനെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ പ്രതിപക്ഷം പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം. ഇതിനിടെ പ്രസംഗം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് സംബന്ധിച്ചും പാർട്ടി അന്വേഷിക്കുന്നുണ്ട്. ഒരു മണിക്കൂറിൽ അധികമുള്ള പ്രസംഗത്തിന്റെ ചില ഭാഗം മാത്രം മാധ്യങ്ങൾക്ക് ചോർത്തി നൽകിയിട്ടുണ്ട്. ചില മാധ്യമങ്ങൾക്ക് പ്രസംഗത്തിന്റെ പുർണമായ ഫേസ്‌ബുക്ക് ലിങ്കും കിട്ടി. ഇതിന് പിന്നിൽ മല്ലപ്പള്ളിയിലെ പാർട്ടിക്കുള്ളിലെ പ്രശ്നമാണെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ