തിരുവനന്തപുരം: പ്രശസ്തസംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക്ക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു. 24 വർഷത്തോളം ആകാശവാണിയിൽ കമ്പോസറായിരുന്നു മുരളി സിത്താര. മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകൻ കൂടിയായ മുരളി സിതാരയുടെ പിതാവ് മൃദംഗവിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാനാണ്.

വളരെ ദരിദ്രമായ ജീവിത ചുറ്റുപാടിൽ നിന്നാണ് സംഗീതം പഠിച്ച് പ്രൊഫഷണൽ സംഗീതലോകത്തത്തെുന്നത്. യേശുദാസിന്റെ തിരുവനന്തപുരത്തെ 'തരംഗനിസരി' സംഗീതസ്‌കൂളിൽ നിന്നാണ് കർണാടകസംഗീതവും വെസ്റ്റേൺ വയലിനും പഠിച്ചത്. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം സിതാര ഓർക്കസ്ട്രയിൽ പ്രവർത്തിച്ചത്തിലൂടെയാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്.

1987ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ 'ഒരുകോടിസ്വപ്നങ്ങളാൽ ' മുരളി സിതാരയെന്ന സംഗീതസംവിധായകന്റെ ആദ്യ സിനിമാഗാനമാണ്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.

1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കി. ഒ.എൻ.വിയുടെ എഴുതിരികത്തും നാളങ്ങളിൽ , കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്. കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ മിഥുന്മുരളി മകനാണ്.