- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ ഉച്ചയോടെ മുരളി മുറിയിൽ കയറി വാതിലടച്ചു; വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ; സംഗീത സംവിധായകൻ മുരളി സിത്താരയുടേത് ആത്മഹത്യ; ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകി
തിരുവനന്തപുരം:ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര (വി. മുരളീധരൻ 65)യുടേത് ആത്മഹത്യ. വട്ടിയൂർക്കാവ് തോപ്പുമുക്ക് അമ്പാടിയിൽ ഇന്നലെ വൈകിട്ട് 3നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്താണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമല്ല.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. 90 കളിൽ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം നൽകിയ മുരളി ദീർഘകാലം ആകാശവാണിയിലെ സീനിയർ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട് .
1987-ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ 'ഒരുകോടി സ്വപ്നങ്ങളാൽ' എന്ന ഹിറ്റ് ഗാനമാണ് മുരളി സിതാരയെന്ന സംഗീത സംവിധായകന്റെ ആദ്യ സിനിമാഗാനം. ഗായകൻ യേശുദാസാണ് മുരളിക്ക് സംഗീത പഠനത്തിന് അവസരം ഒരുക്കിയത്. ദീർഘനാൾ തരംഗിണി സ്റ്റുഡിയോയിൽ വയലിനിസ്റ്റ് ആയിരുന്നു. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയ ലളിതഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരെ ദരിദ്രമായ ജീവിത ചുറ്റുപാടിൽ നിന്നാണ് സംഗീതം പഠിച്ച് പ്രൊഫഷണൽ സംഗീതലോകത്തത്തെുന്നത്. യേശുദാസിന്റെ തിരുവനന്തപുരത്തെ 'തരംഗനിസരി' സംഗീതസ്‌കൂളിൽ നിന്നാണ് കർണാടകസംഗീതവും വെസ്റ്റേൺ വയലിനും പഠിച്ചത്. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം സിതാര ഓർക്കസ്ട്രയിൽ പ്രവർത്തിച്ചത്തിലൂടെയാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്.
1991-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തി. ഇതോടെയാണ് അദ്ദേഹം സിനിമാ ബന്ധം ഉപേക്ഷിക്കുന്നത്. ഒഎൻവി, കെ.ജയകുമാർ, വയലാർ ശരത് ചന്ദ്രവർമ തുടങ്ങിയവരുടെ രചനകൾക്ക് സംഗീതം നൽകി. കർണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളിലും പാട്ടുകൾ കംപോസ് ചെയ്തിരുന്നു. മൃദംഗ വിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനാണ് മുരളി.
ഭാര്യ: ശോഭനകുമാരി. മക്കൾ: മിഥുൻ മുരളി (കീബോർഡ് പ്രോഗ്രാമർ ), വിപിൻ.