- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ പ്രളയം വന്നുവിഴുങ്ങിയിട്ടും മലയാളി ഒന്നും പഠിക്കുന്നില്ല; സുരക്ഷാബോധം ഒട്ടും ഉയർന്നിട്ടില്ല; അതുകൊണ്ടുതന്നെ നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കണം; ദുരന്തപൂർണമായ 2018 നോട് വിടവാങ്ങുമ്പോൾ ജീവനും സ്വത്തും സുരക്ഷിതമാക്കാൻ തയ്യാറെടുക്കാം; മുരളി തുമ്മാരുകുടി എഴുതുന്നു
ദുരന്തപൂർണ്ണമായ ഒരു വർഷം ഇന്തോനേഷ്യയിൽ മറ്റൊരു സുനാമിയോടെയാണ് 2018 അവസാനിക്കുന്നത്. 2004 ലെ സുനാമിയുടെ വാർഷികമാണല്ലോ ഡിസംബർ 26. ആ സുനാമിയിൽ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പമാണ് സുനാമിയുണ്ടാക്കി ഇൻഡോനേഷ്യ മുതൽ സോമാലിയ വരെ ആഞ്ഞടിച്ചത്. സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നത്. എല്ലാ വർഷവും ഡിസംബർ 26 ന് ആ വർഷമുണ്ടായ ദുരന്തങ്ങൾ, ദുരന്ത ലഘൂകരണ രംഗത്തെ മാറ്റങ്ങൾ, ദുരന്തത്തിന് തയ്യാറെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് മലയാളികൾക്കായി ഒരു ലേഖനം ഞാൻ എഴുതാറുണ്ട്. ഇത്തവണയും പതിവു തെറ്റിക്കുന്നില്ല. ദുരന്തത്തിന്റെ നിഴലിൽ തുടക്കം 2017 നവംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ നിഴലിലാണ് 2018 ആരംഭിക്കുന്നത്. ആ വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതിയെപ്പറ്റി വ്യാപകമായ വിമർശനമുണ്ടായി. കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യതയെക്കുറിച്ച്, കിട്ടിയ മുന്നറിയിപ്പുകൾ യഥാസമയങ്ങളിൽ ആളുകളെ അറിയിക്കുന്നതിൽ, ദുരന്തബാധിതരെ മുഖ്യമന്ത്രി സമയത്തിനു സന
ദുരന്തപൂർണ്ണമായ ഒരു വർഷം
ഇന്തോനേഷ്യയിൽ മറ്റൊരു സുനാമിയോടെയാണ് 2018 അവസാനിക്കുന്നത്. 2004 ലെ സുനാമിയുടെ വാർഷികമാണല്ലോ ഡിസംബർ 26. ആ സുനാമിയിൽ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പമാണ് സുനാമിയുണ്ടാക്കി ഇൻഡോനേഷ്യ മുതൽ സോമാലിയ വരെ ആഞ്ഞടിച്ചത്. സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നത്.
എല്ലാ വർഷവും ഡിസംബർ 26 ന് ആ വർഷമുണ്ടായ ദുരന്തങ്ങൾ, ദുരന്ത ലഘൂകരണ രംഗത്തെ മാറ്റങ്ങൾ, ദുരന്തത്തിന് തയ്യാറെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് മലയാളികൾക്കായി ഒരു ലേഖനം ഞാൻ എഴുതാറുണ്ട്. ഇത്തവണയും പതിവു തെറ്റിക്കുന്നില്ല.
ദുരന്തത്തിന്റെ നിഴലിൽ തുടക്കം
2017 നവംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ നിഴലിലാണ് 2018 ആരംഭിക്കുന്നത്. ആ വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതിയെപ്പറ്റി വ്യാപകമായ വിമർശനമുണ്ടായി. കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യതയെക്കുറിച്ച്, കിട്ടിയ മുന്നറിയിപ്പുകൾ യഥാസമയങ്ങളിൽ ആളുകളെ അറിയിക്കുന്നതിൽ, ദുരന്തബാധിതരെ മുഖ്യമന്ത്രി സമയത്തിനു സന്ദർശിച്ചില്ല എന്നതൊക്കെ ചർച്ചയായി. വിമർശനം വന്നതു കൊണ്ടാകണം ദുരന്തത്തിലകപ്പെട്ട് മരിച്ചവർക്ക് സർക്കാർ പത്തുലക്ഷം രൂപ വീതം ധനസഹായം നൽകി. 2018 ലെ ബജറ്റിൽ മത്സ്യത്തൊഴിലാളികളുടെ ദുരന്ത നിവാരണത്തിനായി പണം വകയിരുത്തുകയും ചെയ്തു.
നിപ്പ വരുന്നു
2018 ലെ ഒന്നാമത്തെ ദുരന്തം മെയ് മാസത്തിൽ നിപ്പ പനിയുടെ രൂപത്തിലാണ് കേരളത്തിലെത്തിയത്. നിപ്പ എന്ന വാക്കോ രോഗമോ മലയാളികൾ മുൻപ് കേട്ടിട്ടുള്ളതല്ല. മലേഷ്യൻ പുഴയോരങ്ങളിൽ കാണുന്ന ഒരുതരം പനയാണ് നിപ്പ. അവിടെയുള്ള ഒരു നദിയാണ് സുംഗയ് നിപ്പ. നദിയുടെ സമീപത്ത് പന്നി വളർത്തുന്ന ഗ്രാമങ്ങളിലാണ് ഈ പനി 1999 ൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. അങ്ങനെയാണ് ഈ പനിക്ക് നിപ്പ പനി എന്ന പേര് വന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതും വന്നു കഴിഞ്ഞാൽ പത്തിൽ എട്ടുപേരും മരിച്ചു പോകുന്നതുമായ ഈ മാരകരോഗം മലേഷ്യയിലും ബംഗ്ലാദേശിലും ഒക്കെയാണ് കൂടുതൽ വന്നിട്ടുള്ളത്.
കേരളത്തിൽ നിപ്പ പനി മുൻപ് ഉണ്ടായിട്ടുള്ളതല്ലാഞ്ഞിട്ടും, നമ്മുടെ ഡോക്ടർമാർ അതീവ ജാഗ്രതയുള്ളവരും ലോകമാകമാനമുള്ള മെഡിക്കൽ രംഗം ശ്രദ്ധിക്കുന്നവരുമായതിനാൽ പനി ബാധിച്ച രണ്ടാമത്തെ ആളിൽ നിന്നു തന്നെ നിപ്പ സ്ഥിരീകരിച്ചു. ആദ്യം രോഗം ബാധിച്ചവരെ രക്ഷിക്കാൻ പറ്റിയില്ല. ആദ്യത്തെ രോഗികളെ ചികിൽസിച്ച നഴ്സ് ഉൾപ്പെടെ അനവധി പേർക്ക് പനി പകർന്നതോടെ കേരളം നിപ്പ ഭീതിയിലായി. പേരാമ്പ്രയിലെ റോഡുകളിൽ ആളനക്കം നിന്നു, കോഴിക്കോട് വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും യാത്രക്കാരല്ലാത്തവർ ഇല്ലാതായി. കോഴിക്കോട് നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തവരെ ആളുകൾ സംശയത്തോടെ നോക്കിത്തുടങ്ങി.
ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെയും മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോക്ടർ സരിതയുടെയും ശക്തവും വ്യക്തിപരവുമായ മേൽനോട്ടത്തിൽ സർക്കാർ ഈ വെല്ലുവിളിയെ സധൈര്യം നേരിട്ടു. ആശുപത്രിയിലും നാട്ടിലും രോഗികളെയും ബന്ധുക്കളെയും മറ്റുള്ളവരുമായി ബന്ധപ്പെടുത്താതെ, നന്നായി ബോധവൽക്കരണം നടത്തി. ഒരു മാസത്തിനകം സ്ഥിതിഗതികൾ നിയന്ത്രണത്തിലായി. മരണസംഖ്യ രണ്ടു ഡസനിൽ താഴെ നിന്നു. ലോകത്ത് നിപ്പ പനിയുണ്ടാകുന്ന മറ്റു സ്ഥലങ്ങളിൽ ഏകദേശം നൂറോളം പേരാണ് ഇത്തരം സാഹചര്യങ്ങളിൽ മരണപ്പെടാറ്. ശരിയായ നടപടികൾ വേഗത്തിൽ ചെയ്തതിനാലാണ് രോഗം തടഞ്ഞുനിർത്താനും മരണസംഖ്യ കുറക്കാനും സാധിച്ചത്.
എന്നുവെച്ച് എല്ലാ കാര്യങ്ങളും ശരിയായി നടന്നുവെന്നല്ല പറഞ്ഞുവന്നത്. കേരളത്തിലെ മെഡിക്കൽ സംവിധാനങ്ങളിലുള്ളവരുടെ വ്യക്തിസുരക്ഷാ കാര്യങ്ങൾക്ക് എത്ര കുറച്ചു സംവിധാനങ്ങളാണ് നിലവിലുള്ളതെന്നു മനസിലാക്കിയ അവസരമായിരുന്നത്. ശരിയായ വ്യക്തിസുരക്ഷാ പരിശീലനം ആരോഗ്യ രംഗത്തെ പ്രവർത്തകർക്ക് ലഭിക്കുന്നില്ല, എന്താണ് കൃത്യമായ വ്യക്തിസുരക്ഷാ ഉപകരണങ്ങളെന്ന് ആർക്കുമറിയില്ല, അറിയുന്നവർക്ക് തന്നെ അതിനുവേണ്ട സംവിധാനങ്ങൾ ലഭ്യമല്ല, ഉപയോഗം കഴിഞ്ഞ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ശേഖരിക്കുന്നതിനും ശരിയായി നിർമ്മാർജ്ജനം ചെയ്യുന്നതിനും സംവിധാനങ്ങളില്ല എന്നിങ്ങനെ കുഴപ്പങ്ങൾ പലതുണ്ടായിരുന്നു. ഇതിനൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. നിപ്പ സമയത്ത് ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർക്ക് അവാർഡ് കൊടുത്തതെല്ലാം നല്ല കാര്യമാണെങ്കിലും, വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കാൻ നൂറു കോടി രൂപയെങ്കിലും ബഡ്ജറ്റിൽ വക കൊള്ളിക്കണം. ശരിയായ വ്യക്തിസുരക്ഷാ പരിശീലനം മെഡിക്കൽ കോളേജ് മുതൽ ലാബ് ടെക്നീഷ്യൻ പരിശീലനത്തിന്റെ വരെ ഭാഗമാക്കണം.
ആകാംക്ഷയുടെ ഗുഹാമുഖത്ത്
ലോകത്തെ ആകാംക്ഷയുടെ ഗുഹാമുഖത്തെത്തിച്ച സമയമായിരുന്നു ജൂൺ. തായ്ലൻഡിൽ ഫുട്‌ബോൾ കളിക്കാൻ പോയ കുറെ കുട്ടികളും അവരുടെ കോച്ചും ഒരു ഗുഹക്കുള്ളിലേക്ക് കയറുന്നിടത്തു നിന്നാണ് സംഭവം ആരംഭിക്കുന്നത്. പെട്ടെന്ന് ഗുഹയിൽ വെള്ളം നിറഞ്ഞതോടെ ഗുഹയിൽ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന് അറിയാതായി. എന്നാൽ അതിനൊരു സാധ്യതയുണ്ടു താനും. ഈ വിഷയത്തെ ഗുഹയിൽ അകപ്പെട്ടവരും, തായ് ഗവണ്മെന്റും, ലോകത്തെ സുരക്ഷാ വിദഗ്ദ്ധരും നേരിട്ട രീതി ലോക മാതൃകയായി മാറി.
ഗുഹയിലകപ്പെട്ടത് കുട്ടികളായതിനാലും മരണപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നതിനാലും പെട്ടെന്ന് എന്തെങ്കിലും ചെയ്യാനുള്ള സമൂഹ സമ്മർദ്ദം വലുതായിരുന്നു. എന്നിട്ടും ലോകത്തെ ഏറ്റവും പരിചയസമ്പന്നരും ഗുഹയിലെ വെള്ളത്തിൽ ഡൈവ് ചെയ്തു പരിചയമുള്ളവരുമായ വിദഗ്ദ്ധരെ വരുത്തി സാങ്കേതികമായ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഗുഹയിലെ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്. ഇരുപതാം ദിവസം കുട്ടികളും കോച്ചും ജീവനോടെ പുറത്തെത്തിയപ്പോൾ അവരുടെ മാതാപിതാക്കൾ മാത്രമല്ല, ലോകം മുഴുവൻ സന്തോഷിച്ചു, രക്ഷാപ്രവർത്തനത്തിൽ ചേരാനായി സൈനിക സേവനത്തിൽ തിരിച്ചെത്തിയ ഒരു നേവൽ ഡൈവറുടെ മരണം ഈ സംഭവത്തിലെ ദുഃഖസ്മരണയായി മാറിയെങ്കിലും.
ഏതൊരു ദുരന്തമുണ്ടാകുമ്പോഴും സാങ്കേതിക വിദഗ്ദ്ധർക്ക് ശരിയായ രീതിയിൽ അതിനെ കൈകാര്യം ചെയ്യാനുള്ള സമയവും സാഹചര്യവും നൽകണമെന്നതാണ് ഈ ദുരന്തം നമുക്ക് നൽകുന്ന പാഠം.
ദുരന്തമാകുന്ന മാധ്യമപ്രവർത്തനം
ജൂൺ അവസാനമാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കം തുടങ്ങുന്നത്. സാധാരണഗതിയിൽ തന്നെ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാൽ ആദ്യസമയത്ത് ഈ വിഷയത്തിന്റെ രൂക്ഷത എല്ലാവരും മനസിലാക്കിയില്ല. സർക്കാർ ഈ ദുരന്തത്തെ നേരിട്ട രീതിയും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാതിരുന്നതും വീണ്ടും വിമർശനത്തിനിടയാക്കി. വെള്ളത്തിൽ ഇറങ്ങി നിന്നുള്ള മാധ്യമപ്രവർത്തകരുടെ 'പ്രകടന'വും ചിലയിടങ്ങളിൽ ആളുകളുടെ വിമർശനത്തിനു വിധേയമായി. അതേ സമയം വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകർ വള്ളം മറിഞ്ഞു മരിച്ച സംഭവം, ഏതൊരു ദുരന്ത സമയത്തും ഏതു തൊഴിലും ചെയ്യുന്നവർ സ്വന്തം വ്യക്തിസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടിയത്.
സമുദ്രനിരപ്പിനും താഴെ കിടക്കുന്ന പ്രദേശമായ കുട്ടനാട്ടിൽ തിരുവിതാംകൂർ ഒരു ദരിദ്ര രാജ്യമായിരുന്ന കാലത്ത് പട്ടിണി സഹിക്കാനാവാതെ കായലിൽ ബണ്ടുകെട്ടി ഉപ്പുവെള്ളം ചക്രമുപയോഗിച്ച് ചവിട്ടി പുറത്തു കളഞ്ഞുണ്ടാക്കിയ ഭൂമിയിൽ കൃഷി ചെയ്തു തുടങ്ങിയതാണ്. ഈ കൃഷിഭൂമിയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും ഉണ്ടായി. സാധാരണഗതിയിൽ കേരളത്തിൽ മഴ മാറിയാൽ ഇരുപത്തിനാല് മണിക്കൂറിനകം വെള്ളമിറങ്ങും, പക്ഷെ കുട്ടനാട്ടിലെ ദുരിതം ജൂൺ മുതൽ സെപ്റ്റംബർ വരെനീണ്ടു.
കുട്ടനാടിന്റെ ഭൂമിശാസ്ത്രത്തെയും സമ്പദ്വ്യവസ്ഥയെയും ഒരു പുനർ ചിന്തക്ക് വിധേയമാക്കേണ്ട കാലമായി. തിരുവിതാംകൂർ എന്നൊരു രാജ്യം ഇല്ലതായി, കുട്ടനാട് കേരളത്തിന്റെ ഭാഗമായി, ഇന്ത്യയിൽ ജനാധിപത്യമായി, കേരളം ഇന്ത്യയിലെ സമ്പന്ന സംസ്ഥാനമായി മാറി, പട്ടിണി കേരളത്തിൽ നിന്നും പോയി. കുട്ടനാട്ടിലെ ആളുകളുടെ എണ്ണം കൂടി, കൃഷിഭൂമികൾ തുണ്ടുതുണ്ടായി, പുതിയ തലമുറയ്ക്ക് കൃഷിയിൽ താല്പര്യമില്ലാതായി. എന്നിട്ടും കുട്ടനാട്ടിലെ നെൽകൃഷി ഇപ്പോഴും തുടരുന്നു. ചക്രം ചവിട്ടൽ മാറി കറണ്ടുപയോഗിച്ചുള്ള മോട്ടോർ വന്നതോടെ കാര്യങ്ങൾ എളുപ്പമായെങ്കിലും സർക്കാർ സബ്സിഡി ഉണ്ടെങ്കിലേ കൃഷി നടത്താൻ പറ്റൂ എന്ന സ്ഥിതി വന്നു.
കേരളത്തിലെ മാറിയ സാമൂഹ്യ - സാമ്പത്തിക സാഹചര്യത്തിൽ മാറുന്ന കാലാവസ്ഥയുടെ അവസ്ഥയിലും ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന ഒന്നല്ല കുട്ടനാട്ടിലെ കൃഷി. വരാൻ പോകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹചര്യത്തിൽ പൊക്കം കൂട്ടി നിലനിർത്താവുന്നതല്ല ബണ്ടുകളും സ്പിൽവേയും. ശാസ്ത്രത്തെ അറിയാതെ രാഷ്ട്രീയകാരണങ്ങളാൽ തീരുമാനങ്ങളെടുത്താൽ പ്രളയം എന്നത് കുട്ടനാട്ടിൽ പതിവ് സംഭവമാകും. പ്രകൃതിയെ അറിഞ്ഞു പ്ലാൻ ചെയ്യുന്ന രീതി (living with water) നടപ്പിലാക്കുക മാത്രമാണ് കുട്ടനാട്ടിന് സാധ്യമായത്.
മാറാത്ത മഴയും തുറക്കാത്ത ഡാമും
ജൂലൈ മാസത്തിൽ മഴ കനത്തു. ഏപ്രിലിൽ തുടങ്ങിയ മഴ മേയിലും ജൂണിലും തുടർന്നു. ജൂൺ പകുതിയായപ്പോഴേക്കും ഇത്തവണ സ്ഥിതിഗതികൾ ഗുരുതരമാകുമെന്നും, ഡാമുകൾ തുറന്നുവിട്ട് വെള്ളപ്പൊക്ക സാധ്യത കുറക്കേണ്ടതിനെപ്പറ്റി ചിന്തിക്കണമെന്നും ഞാൻ മുന്നറിയിപ്പ് നൽകി. പക്ഷെ, അന്ന് അതാരും കാര്യമായെടുത്തില്ല. ജൂലൈ അവസാനമായപ്പോഴേക്കും ഡാമുകളിൽ വെള്ളം നിറഞ്ഞുതുടങ്ങി.
ഡാമുകൾ തുറക്കണോ വേണ്ടയോ എന്നത് ചർച്ചാവിഷയമായി. ഇരുപത്തിയാറു വർഷത്തിനു ശേഷം ഡാമുകൾ 'ഇപ്പൊ തുറക്കും' എന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ മലകയറി കാവൽ കിടന്നു. ഡാം തുറക്കണമെന്നും വേണ്ടെന്നും സർക്കാരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രണ്ടഭിപ്രായങ്ങൾ വന്നു. കനത്ത മഴ നിന്നതോടെ ഡാമുകൾ തുറക്കാതെ തന്നെ ജൂലൈ കടന്നുപോയി.
ഉരുൾപൊട്ടിയിറങ്ങിയ മരണങ്ങൾ
ജൂണിൽ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തുടങ്ങി. ജൂലൈ ആയതോടെ ഉരുൾപൊട്ടലും. ഒന്നും രണ്ടുമായി മരണസംഖ്യ നൂറു കടന്നു. മലയിടുക്കുകളിൽ സംഭവിക്കുന്നതായതുകൊണ്ട് മാധ്യമങ്ങൾക്ക് അവിടെയൊന്നും ഓടിയെത്താനായില്ല. ഈ മരണങ്ങൾക്ക് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടിയതുമില്ല. വീടുവെക്കാനും റോഡു നന്നാക്കാനുമായി ആളുകൾ മലകളെ ശാസ്ത്രീയമായി മനസിലാക്കാതെ വെട്ടിയിറക്കിയിടത്തെല്ലാമാണ് മണ്ണിടിച്ചിൽ അധികമുണ്ടായതെന്ന് സാധാരണക്കാർക്ക് പോലും മനസിലായി. ടൂറിസത്തിനായി വലിയ തോതിൽ റിസോർട്ടുകളുണ്ടാക്കിയ മൂന്നാറിലും ക്വാറികൾ ധാരാളമുള്ള വയനാട്ടിലും മണ്ണിടിച്ചിൽ വ്യാപകമായി. അവസാന കണക്കനുസരിച്ച് അയ്യായിരത്തിലേറെ മണ്ണിടിച്ചിലാണുണ്ടായത്. ഈ ദുരന്തകാലത്ത് ഉണ്ടായ നാനൂറ്റി എൺപത്തിമൂന്ന് മരണങ്ങളിൽ കൂടുതലും സംഭവിച്ചത് മണ്ണിടിച്ചിലിലാണെന്ന് പ്രളയം കഴിഞ്ഞതോടെ നമ്മൾ മറന്നുപോയി.
പ്രകൃതിയെ അറിയാതെയുള്ള നിർമ്മാണത്തിന് പ്രകൃതി തിരിച്ചടികൾ നൽകുമെന്നും, മലനാട്ടിലും ഇടനാട്ടിലും ഒരുപോലെയല്ല വീടുകൾ നിർമ്മിക്കേണ്ടതെന്നും, പ്രകൃതി സൗഹൃദ റോഡുകൾ ഉണ്ടാക്കി പഠിക്കണമെന്നും ഈ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നമ്മെ പഠിപ്പിക്കുന്നു.
നൂറ്റാണ്ടിലെ മഹാപ്രളയം
ജൂലൈ മാസത്തിൽ മാറിപ്പോയ വലിയ മഴ ഓഗസ്റ്റ് പത്തോടെ തിരിച്ചെത്തി. പിന്നെ കേരളം കണ്ടത് സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര വലിയ മഴയും അതോടനുബന്ധിച്ചുള്ള വെള്ളപ്പൊക്കവുമായിരുന്നു. ഇടുക്കിയിലെ ഒരു അണക്കെട്ട് തുറക്കുന്നത് കാണാൻ കാത്തുനിന്ന സമൂഹത്തിലേക്ക് കേരളത്തിലെ നാൽപ്പത് അണക്കെട്ടുകൾ ഒന്നിച്ചു തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. കേരളത്തിലെ നാൽപ്പത്തിനാല് നദികളും കരകവിഞ്ഞൊഴുകി. കണ്ണൂരും തിരുവനന്തപുരവും കൊല്ലവും ഒഴികെ കേരളത്തിന്റെ ഇടനാട്ടിലെങ്ങും പുഴയുടെ തീരപ്രദേശങ്ങളിൽ വെള്ളം കയറി. ചിലയിടത്ത് പുഴകൾ വഴി മാറി പട്ടണങ്ങളിലൂടെയൊഴുകി. ചിലയിടത്ത് പുഴയിൽ നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള വീടുകളിൽ പോലും വെള്ളം കയറി.
99 ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാർ പറഞ്ഞുമാത്രം കേട്ടിരുന്ന വലിയ ദുരന്തങ്ങളെ ടി വി യിൽ മാത്രം കണ്ടിരുന്ന മലയാളികളുടെ വീട്ടിലേക്കും വെള്ളം കയറിവന്നു. പണക്കാരോ പാവപ്പെട്ടവരോ എന്ന വ്യത്യാസമില്ലാതെ അനവധി ആളുകൾക്ക് എല്ലാം വിട്ടെറിഞ്ഞ് ഓടേണ്ടിവന്നു. ഓടാൻ പറ്റാത്തവരെ മത്സ്യത്തൊഴിലാളികളും നേവിയും എയർ ഫോഴ്സും ചേർന്ന് ഹെലികോപ്റ്ററിലും ബോട്ടിലുമായി രക്ഷപെടുത്തി. നാലുദിവസം കൊണ്ട് പത്തുലക്ഷം മലയാളികൾ വീടുവിട്ട് ദുരിതാശ്വാസ കാംപിലെത്തി.
ഐക്യകേരളം അന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തം കേരളത്തെ വരിഞ്ഞു മുറുക്കിയപ്പോൾ കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ഒത്തൊരുമയോടെയും കാര്യക്ഷമതയോടെയും മലയാളികൾ അതിനെ നേരിട്ടു. നാല്പത്തിനാല് നദികളും കരകവിഞ്ഞ് ഒഴുകുമ്പോഴും എല്ലാ ദിവസവും ശാന്തനായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും, ദുരന്ത നിവാരണത്തിൽ യാതൊരു പരിശീലനവും ഇല്ലാതിരുന്നിട്ടും സ്വന്തം വള്ളങ്ങളുമായി രക്ഷാപ്രവർത്തനത്തിനെത്തിയ മൽസ്യത്തൊഴിലാളികളും, ക്യാംപുകൾ നടത്താൻ നേതൃത്വം നൽകിയ യുവാക്കളും, ദൂരദേശത്തിരുന്ന് രക്ഷാപ്രവർത്തകർക്ക് സഹായം ചെയ്ത മറുനാടൻ മലയാളികളും, അവസരത്തിനൊത്തുയർന്ന യുവ ഐഎഎസുകാരും, എവിടെയും മുൻനിരയിലുണ്ടായിരുന്ന ജനപ്രതിനിധികളുമെല്ലാം അടങ്ങിയ മലയാളികളുടെ പ്രവർത്തനം ഈ മഹാ ദുരന്തകാലത്ത് ലോകമാതൃകയായി.
ഏതൊരു ദുരന്തത്തെയും പോലെ ഈ പ്രളയത്തിന്റെ കാര്യത്തിലും പാളിച്ചകൾ പലതുമുണ്ടായി. പുഴയോരത്തു വീടുവെക്കാൻ മലയാളി കാണിച്ച കമ്പത്തെ തടയാതിരുന്നത്, പ്രളയകാലത്തെ മുന്നറിയിപ്പുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് സമൂഹത്തെ അറിയിക്കാതിരുന്നത്, ഡാമുകൾ തുറക്കുന്നതിന് ശരിയായ മാർഗ്ഗരേഖകൾ ഇല്ലാതെ പോയത്, മുല്ലപ്പെരിയാർ മുതൽ ഇടമലയാർ വരെ ഒരേ നദിയിലെ വിവിധ അണക്കെട്ടുകൾ തമ്മിൽ വേണ്ടവിധത്തിൽ ഏകീകരിക്കാതിരുന്നത്, ഡാമുകൾ കൂട്ടത്തോടെ തുറന്നാൽ എന്ത് സംഭവിക്കുമെന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാതെ പോയത്, ഡാമുകൾ തുറക്കുന്നതിനു മുൻപ് വേണ്ടത്ര ജാഗ്രതാനിർദ്ദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കാതിരുന്നത്, എല്ലാറ്റിനുമുപരിയായി എങ്ങനെയാണ് ഡാമുകളെ പ്രളയ നിയന്ത്രണത്തിനുള്ള ഉപാധികളായി ഉപയോഗിക്കേണ്ടതെന്ന് എഞ്ചിനീയർമാർ അറിയാതിരുന്നത് തുടങ്ങി സമൂഹം പാലിക്കേണ്ടുന്ന അനവധി കാര്യങ്ങളുണ്ടായിരുന്നു. അവയൊന്നും ഇപ്പോഴും പഠിക്കുന്നില്ല എന്ന വിഷമവും ബാക്കിയാകുന്നു.
മാറുന്ന കാലാവസ്ഥ
കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും മനുഷ്യന് ദുരന്തങ്ങളുണ്ടാക്കിയ വർഷം കൂടിയായിരുന്നു 2018. ജപ്പാനിൽ വെള്ളപ്പൊക്കമായി, കാലിഫോർണിയയിൽ കാട്ടുതീയായി, യൂറോപ്പിൽ കൊടുംചൂടായി കാലാവസ്ഥാ വ്യതിയാനം മനുഷ്യനെ വിറപ്പിച്ചു. അതേസമയം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ മനുഷ്യരാശിയുടെ കൂട്ടായ പ്രവർത്തനങ്ങൾ വേണ്ടത്ര ശക്തിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് ശാസ്ത്രങ്ങൾ ഒരിക്കൽക്കൂടി മുന്നറിയിപ്പ് നൽകി. ഹരിതവാതകങ്ങളുടെ ബഹിർഗമനം 2018 ൽ കൂടുതലായി. ഇത്രയൊക്കെ ആയിട്ടും ഹരിതവാതകങ്ങളുടെ നിർഗ്ഗമനം കുറക്കുന്ന കാര്യത്തിൽ ഒന്നും വേണ്ടത്ര വർദ്ധനവ് വരുത്താൻ സർക്കാരുകൾക്ക് ആകുന്നില്ല. കാലാവസ്ഥ വ്യതിയാനം അതിനെ ചെറുക്കാനുള്ള മനുഷ്യ രാശിയുടെ ശ്രമത്തിലും വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു. 2100 ൽ ആഗോളതാപനം രണ്ടു ഡിഗ്രിയിൽ താഴെ ചൂടുവർദ്ധനവിൽ തടുത്തുനിർത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇനിയും മനുഷ്യർ ആർജ്ജിച്ചിട്ടില്ല എന്നാണ് 2018 ന്റെ ബാക്കിപത്രം.
ലോകത്ത് നടക്കുന്ന കാലാവസ്ഥ ചർച്ചകളിൽ കേരളം ഒരു പങ്കാളി അല്ലെങ്കിലും അത്തരം ചർച്ചകൾ മലയാളികൾ പൊതുവെ ശ്രദ്ധിക്കാറില്ലെങ്കിലും ഇക്കാര്യത്തിന് കേരളത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ട്. രണ്ടു ഡിഗ്രി ചൂട് വർദ്ധിക്കുന്നത്, സമുദ്രനിരപ്പ് ഒരു കൂടുന്നത്, മഴയുടെ സാന്ദ്രത കൂടുന്നത്, മഴദിനങ്ങൾ കുറയുന്നത്, വരൾച്ച കൂടുന്നത്, എല്ലാം കേരളത്തിലെ തീരദേശം മുതൽ സഹ്യപർവ്വതം വരെ മാറ്റങ്ങളുണ്ടാക്കുകയാണ്. 2050 ൽ പോലും എറണാകുളത്ത് വെള്ളക്കെട്ടുകൾ ഇന്നത്തേതിനേക്കാൾ സർവ്വസാധാരണമാകും. തീരദേശത്തെ കടലെടുക്കൽ കടൽഭിത്തി കെട്ടി തടഞ്ഞുനിർത്താൻ സാധിക്കാതെ വരും. കുട്ടനാട്ടിൽ ബണ്ടുകെട്ടി കൃഷി നടത്തുക എന്നത് സാന്പത്തികമായി താങ്ങാനാവാത്തതാകും.
കാര്യങ്ങൾ ഇത്രത്തോളം രൂക്ഷമാണെങ്കിലും കേരളത്തിലെ കാലാവസ്ഥ ആക്ഷൻ പ്ലാൻ ഇപ്പോഴും കടലാസ്സിൽ ഉറങ്ങുന്നു. ജനങ്ങളുടെ കാലാവസ്ഥാ സാക്ഷരത ഒട്ടും വർദ്ധിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം വികസിത രാജ്യങ്ങൾ ഉണ്ടാക്കിയതാണെന്നും അതിനുള്ള പരിഹാരം ഡൽഹിയിൽ നിന്നു വരുമെന്നുമുള്ള ചിന്തയാണ് ഇപ്പോഴും ആളുകൾക്കുള്ളത്. ഒരു പ്രളയം കൊണ്ടൊന്നും ഇത് മാറുന്ന മട്ടില്ല താനും.
ഇരുപതിനായിരം ദുരന്തങ്ങൾ
കേരളത്തിൽ 483 പേരാണ് ഈ പ്രളയകാലത്ത് മരിച്ചത്. അതിൽത്തന്നെ ഭൂരിഭാഗവും മണ്ണിടിച്ചിലിലും. ഓരോ മാസവും കേരളത്തിൽ എഴുനൂറോളം ആളുകളാണ് ഒഴിവാക്കാവുന്ന മറ്റപകടങ്ങളിൽ മരിക്കുന്നത്. മുന്നൂറ്റി അൻപതോളം പേർ റോഡിൽ മരിക്കുന്നു, നൂറിലധികം ആളുകൾ വെള്ളത്തിൽ വീണുമരിക്കുന്നു, അറുപതോളം ആളുകൾ ഉയരത്തിൽ നിന്ന് വീണു മരിക്കുന്നു. ഈ സർക്കാർ അധികാരമേറ്റതിനു ശേഷം ഇതുവരെ ഇരുപതിനായിരം ആളുകളെങ്കിലും തീർത്തും ഒഴിവാക്കാവുന്ന അപകടങ്ങളിൽ മരിച്ചിട്ടുണ്ട്.
കേരളത്തിൽ സുരക്ഷാ സംസ്‌ക്കാരം എന്നൊന്ന് ഇപ്പോഴുമില്ല. ഒരു വർഷത്തിൽ എണ്ണായിരം മലയാളികളുടെ മരണമോ, വൻ പ്രളയത്തിൽ അഞ്ഞൂറ് പേരുടെ മരണമോ, കോടികളുടെ നാശനഷ്ടമോ ഒന്നും അതിൽ ഒരു മാറ്റവും വരുത്തുന്നുമില്ല. കേരളത്തിൽ ജീവിക്കുന്ന ഒരാൾ അപകടത്തിൽ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തിൽ അറുപത്തിയഞ്ചാണ്. ഒരാൾ വിമാനാപകടത്തിൽ മരിക്കാനുള്ള സാധ്യത ഒരു കോടിയിൽ ഒന്ന് ആണെന്നു ചിന്തിക്കുമ്പോളാണ് കേരളം എത്രമാത്രം അപകട സാധ്യതയുള്ള പ്രദേശമാണെന്ന് മനസ്സിലാവുന്നത്.
ചുരുക്കത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ ചുറ്റുമുണ്ടെങ്കിലും വൻ പ്രളയം വന്നുപോയിട്ടും മലയാളിയുടെ സുരക്ഷാബോധം ഒട്ടും ഉയർന്നിട്ടില്ല. സമൂഹം എന്ന നിലയിൽ ദുരന്തങ്ങളിൽ നിന്നും നാം ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കണം.
കേരളത്തിലെ ശരാശരി കണക്കനുസരിച്ച് ഞാനും എന്റെ ഒരു ലക്ഷം ഫോളോവേഴ്‌സും ഉൾപ്പെട്ടവരിൽ നിന്നും ഇരുപത്തിയഞ്ച് പേർ 2019 കടക്കില്ല. ഇത് ഞാൻ കഴിഞ്ഞ വർഷവും പറഞ്ഞിരുന്നു. പക്ഷെ ശരാശരിയിൽ ഒന്നും കാര്യമില്ല, ശരിയായ സുരക്ഷാ ഉപദേശങ്ങൾ അനുസരിച്ചു പ്രവർത്തിച്ചാൽ നമ്മുടെ ജീവൻ രക്ഷിക്കാനാകും. കൃത്യസമയത്ത് വേണ്ടത്ര ഉപദേശങ്ങൾ നൽകുന്നതിലൂടെ പൊതു സമൂഹത്തിന്റെ മരണനിരക്ക് കുറക്കാൻ പറ്റിയില്ലെങ്കിലും എന്റെ ഫോളോവേഴ്സിന്റെയെങ്കിലും മരണനിരക്ക് തീർച്ചയായും എനിക്ക് കുറയ്ക്കാൻ പറ്റിയിട്ടുണ്ട്. നിങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാനുള്ള ഉപദേശങ്ങളുമായി അടുത്ത വർഷവും ഞാൻ ഇവിടെത്തന്നെയുണ്ടാകും.
2019 സുരക്ഷിതമായ ഒരു വർഷം ആകട്ടെ എന്ന് ആശംസിക്കുന്നു..!