പൊതു വേദിയിൽ സ്ത്രീകൾ പ്രസംഗിക്കുന്നത് കേരളത്തിൽ അപൂർവ്വ കാഴ്ചയാണ്. ഒരു വിഷയത്തെ കുറിച്ച് ആധികാരികമായി പ്രസംഗിക്കാൻ സ്ത്രീകൾക്ക് കഴിവുണ്ടെങ്കിലും വേദിയിൽ മുഴുവൻ പുരുഷന്മാർ കയ്യടക്കിയിട്ടുണഅടാവും. അത് സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള വിഷയം ആയാലും സംസാരിക്കുന്നത് മുഴുവൻ പുരുഷന്മാരായിരിക്കും. കേരളത്തിലെ ഈ രീതി മാറേണ്ടതുണ്ട്. മുരളി തുമ്മാരക്കുടി എഴുതിയ ലേഖനം വായിക്കാം

ഇത്തവണ നാട്ടിൽ ചെന്നിട്ട് നഴ്സറി സ്‌കൂൾ നിയമസഭ വരെ ഉള്ള സ്ഥാപനങ്ങളിൽ പോയിരുന്നു. അക്കാദമിക്ക് മീറ്റിങ് മുതൽ ലോക കേരള സഭ വരെ ഉള്ള പരിപാടികളിൽ പങ്കെടുത്തു. എല്ലായിടത്തും ഞാൻ ശ്രദ്ധിച്ചത് എത്ര കുറച്ച് സ്ത്രീകൾ ആണ് വേദികളിൽ ഉള്ളത് എന്നതാണ്.

സമ്മേളനം എന്താണെങ്കിലും വേദിക്ക് പിന്നിലിരുന്ന് അനൗൺസ് ചെയ്യലും അതിഥികളെ പൂവ് കൊടുത്ത് സ്വീകരിക്കലും ഒക്കെ പലപ്പോഴും പെൺകുട്ടികളുടെ ജോലിയാണ്. പക്ഷെ വേദിയിലിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് ഭൂരിപക്ഷവും പുരുഷന്മാർ ആയിരിക്കും ഏറെ ഇടങ്ങളിൽ സ്ത്രീ സാന്നിധ്യം ഒട്ടും ഉണ്ടാകാറില്ല. ലോക കേരള സഭയിൽ ഉൽഘാടനത്തിന് വേദിയിൽ ഉണ്ടായിരുന്ന ഒൻപത് പേരിൽ ഒറ്റയാൾ (രേവതി) മാത്രമായിരുന്നു സ്ത്രീ സാന്നിധ്യം.

പ്ലീനറിയിൽ പ്രസംഗിച്ച ഇരുപതിൽ രണ്ടു പേരും (ഞാൻ ആ കാര്യം അവിടെ തന്നെ സൂചിപ്പിച്ചിരുന്നു). കോട്ടയത്ത് യുവജന കമ്മീഷൻ സംഘടിപ്പിച്ച ചടങ്ങ് പക്ഷെ വ്യത്യസ്തമായിരുന്നു. യോഗത്തിന്റെ അധ്യക്ഷയായി ചിന്തയും സംസാരിക്കാൻ ദീപ ടീച്ചറും ഉണ്ടായിരുന്നു (Well done Shaji Jacob ). സ്ത്രീകൾ ഏറെ ജോലി ചെയ്യുന്ന മെഡിക്കൽ അല്ലെങ്കിൽ ടീച്ചിങ് രംഗത്തെ മീറ്റിങ് ആണെങ്കിലും, സ്ത്രീകളെ ഏറെ ബാധിക്കുന്ന വിഷയം ആണ് മീറ്റിംഗിൽ ചർച്ച ചെയ്യപ്പെടുന്നതെങ്കിലും വേദി ആണുങ്ങളുടെ ലോകം ആണ്

ഇതൊന്നും കേരളത്തിലെ മാത്രം കാര്യം അല്ല കേട്ടോ. ലോകത്തെമ്പാടും ഈ പ്രശ്നം ഉണ്ട്. പക്ഷെ ഇതൊരു പ്രശ്നം ആണെന്ന് ഏറെ സ്ഥലങ്ങളിൽ ആളുകൾ അംഗീകരിച്ചിട്ടുണ്ട്. വേദിയിൽ സ്ത്രീ സാന്നിധ്യം ഇല്ലാത്ത ചർച്ചകളിൽ പങ്കെടുക്കില്ല എന്ന് പുരുഷന്മാർ നിർബന്ധം പിടിച്ചു തുടങ്ങിയിരിക്കുന്നു. ആണുങ്ങൾ മാത്രം പങ്കെടുക്കുന്ന പാനലുകളുടെ ചിത്രം എടുത്ത്  #manel  ഹാഷ് ടാഗും ആയി ആളുകൾ സംഘാടകരെ നാണം കെടുത്തുന്നു.

കേരളത്തിലും ഇക്കാര്യത്തിൽ മാറ്റം വന്നേ മതിയാകൂ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിൽ, എല്ലാ രംഗത്തും അനവധി സ്ത്രീകൾ ജോലി ചെയ്യുന്ന കേരളത്തിൽ, കാര്യമായ സ്ത്രീ സാന്നിധ്യം ഇല്ലാതെ വേദികൾ ഉണ്ടാകേണ്ട കാര്യം ഇല്ല. അങ്ങനെ ഉണ്ടാകുന്നത് നമുക്കെല്ലാം നാണക്കേടാണ്. അങ്ങനെ മീറ്റിങ് ഉണ്ടാകാതിരിക്കാൻ നാം ഒരുമിച്ചു പ്രവർത്തിക്കണം. അങ്ങനെ മീറ്റിങ് നടത്തുന്ന സംഘാടകരെ നമുക്ക് നാണിപ്പിച്ചേ പറ്റൂ.

എന്റെ ചില നിർദേശങ്ങൾ പറയാം

1. നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ നിങ്ങളെ ഏതെങ്കിലും മീറ്റിംഗിൽ പങ്കെടുക്കാൻ വിളിച്ചാൽ 'വേദിയിൽ സംസാരിക്കാൻ സ്ത്രീകൾ ഉണ്ടോ' എന്ന് എടുത്ത് ചോദിക്കണം. ഇല്ലെങ്കിൽ വരാൻ സാധിക്കില്ല എന്ന് തറപ്പിച്ചു പറയണം. വിഷയത്തെ പറ്റി സംസാരിക്കാൻ കഴിവുള്ള രണ്ടോ മൂന്നോ സ്ത്രീകളുടെ പേര് സംഘാടകർക്ക് പറഞ്ഞു കൊടുക്കണം.

2. നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ ഏതെങ്കിലും ഒരു സമ്മേളത്തിന് സംസാരിക്കാൻ വിളിച്ചാൽ പിന്നോട്ട് മാറരുത്. വേദിയിൽ സംസാരിക്കാൻ അല്പം സങ്കോചമൊക്കെ ആദ്യം ഉണ്ടാകും, പക്ഷെ വേദി ആണുങ്ങൾക്ക് വിട്ടു കൊടുക്കരുത്. ഇതൊരു ചരിത്ര ദൗത്യം ആണ്.

3. നിങ്ങൾ ഒരു സംഘാടകൻ ആണെങ്കിൽ വേദിയിൽ പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കാൻ ആദ്യമേ ശ്രമിക്കുക. പറ്റിയാൽ പകുതി, ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉറപ്പായിട്ടും വേണം. വലിയ ഒരു സാമൂഹ്യമാറ്റത്തിന്റെ ദൗത്യം ആയി ഏറ്റെടുക്കണം.

4. നിങ്ങൾ സദസ്സിൽ ഇരിക്കുന്ന ഒരാളാണെങ്കിൽ സ്ത്രീ സാന്നിധ്യം ഇല്ലാത്ത വേദി കണ്ടാലുടൻ അതിന്റെ ഒരു പടം എടുത്ത് #manel  എന്ന ഹാഷ്ടാഗും ഇട്ട് ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുക. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളം ലോകം അറിയട്ടെ.

വാസ്തവത്തിൽ കേരളത്തിലെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും മീറ്റിങ്ങുകൾക്ക് ഒരു 'Gender Protocol'' ഉണ്ടാകേണ്ടതാണ്. എല്ലാ സർക്കാർ പരിപാടികളിലും, സർക്കാർ സഹായം നൽകപ്പെടുന്ന ഏതു സ്ഥാപനത്തിലും പരിപാടിയിലും (ലൈബ്രറി തൊട്ടു കോളേജുകൾ വരെ ഉള്ള എല്ലാ പരിപാടികളും ഇതിൽ വരും) വേദിയിൽ സ്ത്രീ സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പുവരുത്തേണ്ടത് ഒരു നിർബന്ധമാക്കണം.

എന്താണെങ്കിലും ഞാൻ ഒരു കാര്യം പറയാം. ഇനി മുതൽ ഞാൻ കേരളത്തിൽ വരുമ്പോൾ വേദിയിൽ ചുരുങ്ങിയത് രണ്ടു സ്ത്രീകൾ എങ്കിലും ഇല്ലാത്ത ഒരു ചടങ്ങിലും പങ്കെടുക്കില്ല. ഏപ്രിലിൽ ബുക്കിങ് എടുക്കുന്ന സമയത്ത് ഞാൻ ഇത് വീണ്ടും പ്രത്യേകം പറയും. ഡിങ്കനാണേ സത്യം..

നിങ്ങൾ ഇക്കാര്യം സമ്മതിക്കുന്നു എങ്കിൽ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണം. നിങ്ങൾ വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധിക്കുകയും വേണം. സമൂഹമാധ്യമത്തിലുള്ളവർ മാത്രം വിചാരിച്ചാൽ മാത്രം ഒറ്റ വർഷം കൊണ്ട് മാറ്റിയെടുക്കാവുന്ന കാര്യമേ ഉള്ളൂ ഇത്. സമൂഹമാധ്യമത്തിന് പുറത്തുള്ളവർ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ നിൽക്കട്ടെ.