ൺമുമ്പിൽ ഒരു അപകടം കണ്ടാൽ അതിൽപെട്ടവരെ രക്ഷിക്കാൻ എടുത്തുചാടുന്നത് ശരിയാണോ എന്ന ചോദ്യം കഴിഞ്ഞദിവസം കോഴിക്കോടുണ്ടായ ദുരന്തത്തിന്റെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണല്ലോ. സോഷ്യൽ മീഡിയയുടെ സാമാന്യസ്വഭാവം പോലെ കടുത്ത അഭിപ്രായങ്ങൾ ആണ് പലതും. മറുനാടൻ തൊഴിലാളികൾ ആണെന്നറിഞ്ഞിട്ടും മനുഷ്യജീവൻ എല്ലാം ഒന്നെന്ന വിശ്വാസത്തിൽ എടുത്തുചാടിയ മനുഷ്യന്റെ ഹീറോയിസത്തെപ്പറ്റി ഒരു കൂട്ടർ പറയുമ്പോൾ യാതൊരു പരിശീലനമോ മുൻകരുതലുകളോ ഇല്ലാതെ രക്ഷാപ്രവർത്തനത്തിനിറങ്ങി സ്വയം ജീവൻ വെടിഞ്ഞതിലെ അർത്ഥശൂന്യതയാണ് മറുവശത്തുള്ളവർ എടുത്തുകാട്ടുന്നത്.

ഒരു കാര്യം ആദ്യമേ പറയട്ടെ. സുരക്ഷപോലെ പ്രധാനമായ വിഷയങ്ങൾ ഒരു പ്രത്യേക സംഭവത്തിൽ ഉൾപ്പെട്ട ആളുകളുടെ തീരുമാനത്തിന്റെ പേരിൽ ചർച്ച ചെയ്യപ്പെടുന്നത് ആർക്കും ഗുണകരമല്ല. പ്രത്യേകിച്ചും മനുഷ്യസ്‌നേഹിയായ ഒരാൾ സ്വന്തം ജീവൻ ത്യജിച്ച ഒരു സംഭവത്തിനുശേഷം. ഇങ്ങനെയുള്ള അവസരത്തിൽ അവരുടെ പെരുമാറ്റത്തെപ്പറ്റി മോശമായ തരത്തിൽ അഭിപ്രായം പറയുന്നത് നല്ല സുരക്ഷാസന്ദേശങ്ങൾ ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ ഇടവരുത്തും. അപ്പോൾ തല്ക്കാലം നമുക്ക് ഈ പ്രശ്‌നത്തെ വ്യക്തികളിൽനിന്നും സംഭവങ്ങളിൽനിന്നും മാറ്റിനിർത്താം. ജീവൻ വെടിഞ്ഞ നൗഷാദിന്റെ കുടുംബത്തിന് പറ്റുന്ന ധനസഹായവും ജോലിയും ഒക്കെ കൊടുക്കട്ടെ.

പക്ഷെ, രക്ഷാപ്രവർത്തനം ആര് എപ്പോൾ എങ്ങനെ നടത്തണം എന്ന പ്രധാന പ്രശ്‌നം സമൂഹം അഭിമുഖീകരിച്ചേ പറ്റൂ. രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് അത്യാവശ്യം പരിശീലനം ഒക്കെ വേണമെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിന്റെ അർഥം ഔദ്യോഗിക സംവിധാനത്തിൽ ഉള്ളവർ മാത്രം രക്ഷാപ്രവർത്തനം നടത്തണം എന്നല്ല. ലോകത്തിൽ എവിടെയും വലുതും ചെറുതുമായ അനവധി ദുരന്തങ്ങളിൽ ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഒരു കാര്യം പറയാം. ഏതൊരു അപകടത്തിലും, അത് വീട്ടിൽ ആർക്കെങ്കിലും ഷോക്ക് അടിക്കുന്നതുതൊട്ട് വൻ ഭൂമികുലുക്കം ആകട്ടെ നമ്മെ ഏറ്റവും സഹായിക്കാൻ പറ്റുന്നത് നമ്മുടെ തൊട്ടടുത്തുള്ളവർക്കാണ്. ചില സാഹചര്യങ്ങളിൽ, അതായത് മുങ്ങിമരണം പോലുള്ളവയിൽ, രക്ഷാ പ്രവർത്തനത്തിന് മിനുട്ടുകൾ മാത്രമേ ഉള്ളൂ അപ്പോൾ ഔദ്യോഗിക സംവിധാനത്തിന്, അത് എത്ര കാര്യക്ഷമം ആയാലും, വേണ്ടി നോക്കി നിൽക്കുന്നതിൽ കാര്യം ഇല്ല. ചുറ്റും ഉള്ളവർ ഇട പെട്ടാലെ രക്ഷയുള്ളൂ. ഇത് നമ്മുടെ കുടുംബാംഗങ്ങളോ, സഹപാഠികളോ, കൂടെ ജോലിചെയ്യുന്നവരോ, അയൽക്കാരോ, പരോപകാരികളായ നാട്ടുകാരോ ഒക്കെയാവാം. ഏതു വൻ ദുരന്തത്തിലും സ്വന്തം അയൽക്കാരാൽ രക്ഷപെടുത്തിയവരുടെ എണ്ണം ഔദ്യോഗികസംവിധാനങ്ങളും അന്താരാഷ്ട്ര ടീമുകളും ഐക്യരാഷ്ട്രസഭയും ഒക്കെ രക്ഷപെടുത്തുന്നവരേക്കാൾ പലമടങ്ങു വരും. അപ്പോൾ രക്ഷാപ്രവർത്തനം ഔദ്യോഗിക സംവിധാനങ്ങളുടെ മാത്രം ജോലിയാക്കിയാൽ അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഇപ്പോഴത്തേതിലും ഏറെ കൂടും. കേരളം പോലെ ഒരു അപകടം ഉണ്ടാകുമ്പോൾ ചുറ്റും ഉള്ളവർ ഓടി എത്തുകയും എടുത്തു ചാടുകയും ചെയ്യുന്ന ഒരു ആള്ക്കൂട്ടം ഉള്ളത് സുരക്ഷിതം ആയ ഒരു സമൂഹം ഉണ്ടാക്കാൻ പറ്റിയ അടിത്തറ ആണ്.

മറ്റുള്ളവരെ രക്ഷിക്കാൻ പക്ഷെ നല്ല മനസ്സുമാത്രം പോരാ, അത്യാവശ്യം അറിവും പറ്റിയാൽ കുറച്ചു പരിശീലനവും വേണം. ഒരു സമൂഹത്തിൽ എല്ലാവരിലേക്കും ഈ ബോധവും അറിവും പരിശീലനവും എങ്ങനെ എത്തിക്കാം എന്നതാണ് സുരക്ഷിതമായ സമൂഹത്തിൽ താല്പര്യമുള്ള എല്ലാവരും ചെയ്യേണ്ടത്. സ്‌കൂൾതലത്തിൽ മുതൽ സുരക്ഷാവിഷയങ്ങൾ പാഠ്യവിഷയം ആക്കുക, സ്‌കൂൾ തുറക്കുന്ന അന്നുതന്നെ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു സുരക്ഷാ ഓറിയന്റേഷൻ നടത്തുക, സ്‌കൂളിൽ സ്‌പോർട്‌സോ, എസ്‌കർഷനോ നടത്തുന്നതിനുമുൻപ് അദ്ധ്യാപകരും കുട്ടികളും തമ്മിൽ സുരക്ഷാകാര്യങ്ങൾ സംസാരിക്കുക, എന്നിങ്ങനെ പതുക്കെ പതുക്കെ പുതിയ തലമുറയിലേക്ക് മൊത്തം സുരക്ഷാബോധം എത്തിക്കാൻ പറ്റും.[BLURB#1-H]

പക്ഷെ, ഇപ്പോഴത്തെ തലമുറക്കും സുരക്ഷാകാര്യത്തിൽ ചിലതൊക്കെ ചെയ്യാൻ പറ്റും. ഉദാഹരണത്തിന് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ ഇപ്പോൾതന്നെ അവരുടെ നല്ല പെരുമാറ്റത്തിന്റെ പേരിൽ കേരളത്തിൽ പ്രശസ്തർ ആണല്ലോ. റോഡപകടങ്ങൾ സർവസാധാരണമായ കേരളത്തിൽ ഏതു സമയവും റോഡിലുള്ള ഓട്ടോ ഡ്രൈവർമാർ അപകടരംഗത്ത് എത്തിപ്പെടാനുള്ള സാധ്യത ഏറെയാണല്ലോ. അവരോ അവരുടെ സഹപ്രവർത്തകരോ അപകടത്തിൽപെടാനുള്ള സാധ്യതയും ഉണ്ട്. അപ്പോൾ നൗഷാദിനോടുള്ള സ്‌നേഹത്തിന്റേയും ആദരവിന്റേയും ഭാഗമായി കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ എല്ലാം അപകടരംഗത്തെ പ്രഥമ ശുശ്രൂഷയെപ്പറ്റി പരിശീലനം നേടിയാൽ എത്രയെത്ര ജീവൻ അവർക്ക് രക്ഷപ്പെടുത്താനാകും. അപകടരംഗത്ത് ജീവൻ പണയംവക്കുന്ന സാഹചര്യം ഇനി ഉണ്ടാകുകയും ഇല്ല.

ദുരന്ത ലഘൂകരണവും പ്രഥമശുശ്രൂഷയും ഒന്നും ഇതുപോലെ 'സെന്റിമെന്റൽ' ആയി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. വാസ്തവത്തിൽ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി മൂന്നു ദിവസത്തെ സുരക്ഷാപാഠങ്ങൾ നിർബന്ധം ആക്കണം. അതു കഴിഞ്ഞവർക്ക് മാത്രമേ റോഡിൽ വണ്ടി ഓടിക്കാൻ അവസരം കൊടുക്കാവൂ. അതുപോലെ സിവിൽ എൻജിനീയറിങ് തൊട്ട് കെമിസ്റ്റ് വരെ, തെങ്ങ് കയറുന്നത് മുതൽ ഇലക്ട്രീഷ്യൻ വരെ ഏതു തൊഴിൽരംഗത്തും അതുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ട്. നിർബന്ധമായും അത് പഠനവിഷയം ആക്കണം, അതിനുള്ള അടിസ്ഥാന സുരക്ഷാ പരീക്ഷകൾ പാസ്സകുന്നത് ജോലി ചെയ്യുന്നതിന് ഒരു നിബന്ധന ആക്കുകയും വേണം. സുരക്ഷ എന്നത് സുരക്ഷാവിദഗ്ദ്ധന്മാരുടെ മാത്രം വിഷയമോ ഉത്തരവാദിത്തമോ അല്ല.

കോഴിക്കോട് ഓടയിൽ ഇറങ്ങിയുണ്ടായ മരണത്തിന്റെ സാഹചര്യത്തിൽ അപകടം ഒഴിവാക്കാനുള്ള ചില എളുപ്പവഴികൾ പലരും പറഞ്ഞുകേട്ടു. ഇത് ശരിയായ പ്രവണതയല്ല. സുരക്ഷ എന്നത് എളുപ്പവഴിയിൽ ചെയ്യേണ്ട ക്രിയയല്ല. ഒരാൾ മാൻഹോളിൽ ഇറങ്ങുന്നതിനുമുൻപ് അവിടേക്ക് ഒരു മെഴുകുതിരി ഇറക്കുക എന്നിങ്ങനെയുള്ള പരിഹാരമാർഗ്ഗങ്ങൾ ഇതിലും വലിയ അപകടം ഉണ്ടാക്കും. ഇടുങ്ങിയ സ്ഥലത്തുള്ള ജോലി (confined space etnry and work) അതീവ സുരക്ഷാപ്രശ്‌നങ്ങൾ ഉള്ള ഒന്നാണ്. നല്ല പരിശീലനവൂം പരിശോധനകളും വ്യക്തിസുരക്ഷാ ഉപകരണങ്ങളൂം ഒക്കെ ആയി ചെയ്യേണ്ടതും ആണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഇപ്പോൾ ആയിരം രൂപക്കു ചെയ്യുന്ന പണി ഒരു പക്ഷെ പതിനായിരം രൂപവരെ ആയി എന്നുവരും. പരിശീലനം ഉള്ളവർക്കു മാത്രമേ ഈ പണി ചെയ്യാവൂ എന്ന് ഗവണ്മെന്റ് ചട്ടങ്ങൾ ഉണ്ടെങ്കിൽ വിദ്യാഭ്യാസം ഇല്ലാത്ത മറുനാടൻ തൊഴിലാളികളുടെ ജോലിയിൽനിന്ന് ഒരു ഉയർന്ന വരുമാനം ഉള്ള പരിശീലനം ഉള്ളവര ചെയ്യുന്ന ഒരു ജോലിയായി ഇതു മാറും. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ഒരു ജോലിയും ഒക്ക കൊടുത്തു തീർക്കേണ്ട ഒരു വിഷയം അല്ല ഇത്. മൂന്നു മരണങ്ങൾ, ഇനി ഒരു മരണവും ആവർത്തിക്കാതിരിക്കാനുള്ള അവസരം ആക്കി എടുക്കുകയാണ് സുരക്ഷിതമായ ഭാവി ആഗ്രഹിക്കുന്ന സമൂഹം ചെയ്യേണ്ടത്.[BLURB#2-VR] 

ഞാൻ ഇന്നലെ കണ്ട ഒരു അഭിമുഖത്തിലെ വളരെ പ്രസക്തമായ ഒരു ഭാഗം കൂടി പറഞ്ഞു ലേഖനം അവസാനിപ്പിക്കാം. ബി ബി സിക്ക് വേണ്ടി പതിറ്റാണ്ടുകൾ ആയി പ്രകൃതിയെ പറ്റി പരിപാടികൾ ചെയ്യുന്ന ഡേവിഡ് അറ്റെൻബറോയുടെ എൺപത്തി ഒന്പതാം പിറന്നാൾ പ്രമാണിച്ച് പ്രസിടന്റ്‌റ് ബാരക് ഒബാമ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. പലതും പറഞ്ഞകൂട്ടത്തിൽ 'വനാന്തരത്തിലും കടലിനടിയിലും മലമുകളിലും ഒക്കെ സഞ്ചരിച്ച് വന്യ മൃഗങ്ങളുടെയും സ്രാവുകളുടെയും ഒക്കെ മുൻപിൽ പെട്ടിട്ടുള്ള അറ്റെൻബറോ എവിടെ ആണ് ഏറ്റവും അപകടകരം ആയ സാഹചര്യത്തിൽ പെട്ടത് എന്ന് ഒബാമ അദ്ദേഹത്തോട് ചോദിച്ചു. അറ്റെൻബറോയുടെ വാക്കുകൾ നമ്മെ അതിശയപ്പെടുത്തും.

'വാസ്തവത്തിൽ ഞാൻ ഒരു പേടിത്തൂറി ആണ് അതുകൊണ്ട് അപകടം ഉള്ള സാഹചര്യം ഞാൻ മുൻകൂട്ടി കണ്ടു ഒഴിവാക്കും. അതുകൊണ്ട് തന്നെ എന്റെ അറുപതു വർഷത്തെ ജോലിക്കിടയിൽ വളരെ അപകടകരം ആയ ഒരു സാഹചര്യവും എനിക്ക് ഉണ്ടായിട്ടില്ല'. അപകട സാഹചര്യങ്ങളെ മുൻകൂട്ടി കാണാനുള്ള പരിശീലനം ആണ് ഏറ്റവും വലിയ സുരക്ഷാ പാഠം.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണവിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.)