പ്രളയ ദുരിതത്തിൽ പെട്ട് ചെന്നൈ അക്ഷരാർത്ഥത്തിൽ അഴലുകയാണ്. വെള്ളം കയറി പാവങ്ങൾ ഭക്ഷണം പോലും കിട്ടാതെ കഴിയുകയാണ്. ഏത് നിമിഷവും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടും എന്നതാണ് സാഹചര്യം. മനുഷ്വത്വത്തിന്റെ പേരിൽ അവിടേക്ക് ഓടിച്ചെന്ന് സഹായിക്കാൻ നമ്മളിൽ പലരും വെമ്പുന്നു. എന്നാൽ, ചെന്നൈയെ സഹായിക്കേണ്ടത് ശാസ്ത്രീയമായി വേണം. അല്ലാതെ സഹായങ്ങൾ ഒക്കെ ദുരന്തമായേ മാറൂ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ കൂടിയായ മുരളി തുമ്മാരുകുടി മറുനാടൻ മലയാളി വായനക്കാർക്ക് വേണ്ടി എഴുതുന്ന ലേഖനം - എഡിറ്റർ

രു നൂറ്റാണ്ടിനു ശേഷം പെയ്യുന്ന മഹാമാരിയിൽ ചെന്നൈ മുങ്ങിയിരിക്കുകയാണ്. ഇക്കാലത്തുണ്ടായ വികസനവും ജന സംഖ്യാ വർദ്ധനവും ഭൗതിക പുരോഗതിയും എല്ലാം കൂടി ഇത്തവണത്തെ പ്രളയം ഒരു മഹാദുരന്തം ആകുന്നതിന്റെ എല്ലാ ലക്ഷണവും ഉണ്ട്. ജനങ്ങളുടെ പക്വത ഏറിയ പെരുമാറ്റം മാത്രമാണ് ഇതുവരെ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ കാരണം, അവര്ക്ക് ഔദ്യോഗിക സംവിധാനം അല്പം നേതൃതവും കോര്ടിനേഷനും ഒക്കെ കൊടുത്താൽ എളുപ്പത്തിൽ വരുതിയിൽ ആക്കാവുന്നതെ ഉള്ളൂ ഇപ്പോഴത്തെ പ്രശ്‌നം. അതിനിടക്ക് സുരക്ഷിതരായിരിക്കാൻ നോക്കുകയും കരക്കംബികൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കലും ആണ് ആദ്യം ചെയ്യേണ്ടത്. പുനരധിവാസവും പുനർ നിർമ്മാണവും ഒക്കെ സമയം എടുത്തും ചിന്തിച്ചും ചെയ്യേണ്ട കാര്യങ്ങൾ ആണ്.

സാധാരണ എല്ലാ ദുരന്തങ്ങളും ഉണ്ടായി നാല്പത്തിയെട്ടു മണിക്കൂറിനകം പഴിചാരലുകൾ ആരംഭിക്കും. ദുരന്തം എന്തുകൊണ്ടുണ്ടായി, ഔദ്യോഗിക സംവിധാനങ്ങൾ വേണ്ട തരത്തിൽ പ്രവർത്തിച്ചോ എന്നിങ്ങനെ. ഇത്തവണ മീഡിയ വേണ്ട തരത്തിൽ പ്രാധാന്യം നല്കിയോ എന്നാ ചോദ്യം കൂടി ഉണ്ട്. ഇതാണിപ്പോൾ മാദ്ധ്യമത്തിൽ നിറഞ്ഞു നില്ക്കുന്നത്. ഇതൊരു ആഗോളപ്രതിഭാസമാണ്. ദുരന്തബാധിതരുടേയും ദുരന്തനിവാരണ പ്രവർത്തകരുടേയും പക്ഷത്തുനിന്നു ആലോചിച്ചാൽ യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യം ആണ്. ഒരാൾ ഒരു കിണറ്റിൽ വീണാൽ , അയാൾ എങ്ങനെ വീണു , എന്തുകൊണ്ട് വീണു, ആരുടെ കുറ്റം കൊണ്ടു വീണു എന്നീ വിശകലനം കൊണ്ടു കിണറ്റിൽ കിടക്കുന്ന ആൾക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. കിണറ്റിൽ വീണ ആളെ ആദ്യം പുറത്തെത്തിക്കുക, പരിക്കേറ്റിട്ടുണ്ടെങ്കിൽ ആവശ്യത്തിന് ചികിത്സ നല്കുക. പറ്റിയാൽ ആ കിണറിനും നമ്മുടെ കിണറിനും ചുറ്റും ഒരു വേലിയും കെട്ടുക, കുറ്റവും കുറ്റക്കാരനെയും കണ്ടു പിടിക്കാൻ നോക്കുന്നത് അതു കഴിഞ്ഞിട്ടാകണം. ഇതു തന്നെയാണ് വൻ ദുരന്തങ്ങൾ കഴിയുമ്പോൾ ഉള്ള കാര്യവും. ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷപ്പെട്ടവർക്കും ആവശ്യത്തിന് സഹായം എത്തിക്കുക. അതു ചെയ്യുന്നവരെ പരമാവധി സഹായിക്കുക, പ്രോത്സാഹിപ്പിക്കുക, ചുരുങ്ങിയ പക്ഷം നിരുത്സാഹപ്പെടുത്താതിരിക്കുക എന്നിവയാണ് ദുരന്തം ഉണ്ടായാൽ ആദ്യത്തെ ആഴ്ചകളിൽ ചെയ്യേണ്ടത്. എന്നിട്ട് ഓരോ ദുരന്തത്തിൽനിന്നും നാം പാഠങ്ങൾ പഠിക്കണം.

തൽക്കാലം ദുരന്ത നിവാരണ രംഗത്തെ ചില പുതിയ പാഠങ്ങൾ ആദ്യം പറയാം. ഇത് എവിടെയും ബാധകം ആണ്, ദുരന്തം എന്തായാലും എത്ര ചെറുതായാലും എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാൽ അവിടെ സഹായിക്കാൻ ഓടിയെത്താൻ ശ്രമിക്കുന്നതും ഒരു നല്ല കാര്യമായിട്ടാണ് പൊതുവെ തോന്നുക. പക്ഷെ, ദുരന്തനിവാരണ പ്രവർത്തനം നടത്തുന്നതിൽ പരിചയം ഇല്ലാത്തവരുടെ ആധിക്യം എല്ലാ വൻദുരന്തപ്രദേശങ്ങളിലും ദുരന്തത്തിൽ അകപ്പെട്ടവർക്കും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളൂ. ദുരന്തത്തിൽ അപകടം പറ്റി കിടക്കുന്നവരെ വേണ്ടത്ര പരിചയം ഇല്ലാത്തവർ രക്ഷിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അവരുടെ പ്രശ്‌നം വഷളാക്കുന്നു. ഒരു തയ്യാറെടുപ്പും ഇല്ലാതെ, മുൻപരിചയം ഇല്ലാതെ നല്ല മനസ്സുകൊണ്ടു മാത്രം ഇറങ്ങി ദൂര ദേശത്തേക്ക് പുറപ്പെടുന്ന ആളുകൾ യഥാർത്ഥ ദുരിത ബാധിതർക്കും ദുരിതനിവാരണ പ്രവർത്തകർക്കും അത്യാവശ്യം വേണ്ട ഭക്ഷണവും പാർപ്പിടവും എല്ലാം പങ്കുവെക്കേണ്ടിവരും എന്നോർക്കുക.[BLURB#1-H] 

ദുരന്തത്തിൽപെടുന്നവരെ സഹായിക്കാൻ പഴയ വസ്ത്രവും മരുന്നും ഭക്ഷണസാധനങ്ങളും ഒക്കെ ശേഖരിച്ച് എത്തിക്കുന്നതും ഒരു നല്ല കാര്യം ആയി ഒറ്റയടിക്ക് തോന്നാം. പക്ഷെ ഇതിനും ദൂഷ്യവശങ്ങൾ ആണ് കൂടുതൽ. സുനാമി ബാധിതപ്രദേശങ്ങളിൽ പല രാജ്യങ്ങളിൽനിന്ന് അയക്കപ്പെട്ട ടൺ കണക്കിന് മരുന്നുകൾ കാലാവധി കഴിഞ്ഞതും ഉപയോഗിക്കാൻ പറ്റാത്തതും ഒക്കെയായി കുഴിച്ചു മൂടേണ്ടിവന്നിട്ടുണ്ട്. ആയുസിൽ ഒരിക്കലും മറ്റൊരുത്തരുടെ മുൻപിൽ ഒന്നിനും കൈ നീട്ടുകയോ മറ്റുള്ളവരുടെ വസ്ത്രം ധരിക്കുകയോ ഒക്കെ ചെയ്യാത്ത സാധാരണക്കാർക്ക് ക്യൂ നിന്ന് പഴയ വസ്ത്രം വാങ്ങേണ്ടിവരുന്നത് ഏറെ മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. വൻ ദുരന്തങ്ങളിൽ നിന്നും രക്ഷ പെടുന്നവരെ അഭയാർഥികൾ ആയിട്ടല്ല കാണേണ്ടത്.[BLURB#2-VL] 

ദുരന്തബാധിതരെ സഹായിക്കണമെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം. പറ്റാവുന്ന അത്രയം സഹായം പണമായി പ്രൊഫഷണൽ ആയി ദുരിതാശ്വാസപ്രവർത്തനം നടത്തുന്ന ഏതെങ്കിലും സംഘടനകൾക്ക് കൈമാറുക. അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക്. എന്നിട്ട് ദുരിതപ്രദേശത്തേക്ക് ഓടി എത്താതിരിക്കുക. ഒരു ടൂറിസ്റ്റിന്റെ കൗതുകത്തോടെ ദുരന്തപ്രദേശങ്ങൾ കാണാൻ പോകുന്നത് ഏറ്റവും ക്രൂരമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

വൻ ദുരന്തങ്ങൾ ഉണ്ടാക്കുന്ന പ്രളയങ്ങൾ ലോകത്ത് കൂടി വരികയാണ്. ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത നിവാരണ സംഘം വർഷാവർഷം ഇടപെടുന്ന അപകടങ്ങളിൽ പകുതിയിലും ഏറെ വെള്ളപ്പൊക്കവും ആയി ബന്ധപ്പെട്ടതാണ്. കാലാവസ്ഥ വ്യതിയാനവും പ്ലാനിങ്ങിലെ പിഴവും ഇതിനു കാരണം ആണ്. കഴിഞ പത്തു വർഷത്തിനിടയിലെ ചില വൻ പ്രളയങ്ങളിൽ ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ബാധകം ആയ ചില കാര്യങ്ങൾ പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം..

ഒന്നാമത്തേത് പ്രളയത്തിന്റെ രൂക്ഷത ആണ്. ഇത് നമുക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല. അമ്പരിപ്പിക്കുന്ന അളവ് വെള്ളം ആണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകി എത്തുന്നത്. സാധാരണ പുഴയിലെ വെള്ളത്തിന്റെ നിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ ഇതെത്താം , സാധാരണ വെള്ളം കേറാത്ത നദിയിൽ നിന്ന് ഏറെ ദൂരത്തിൽ പോലും ഇതിന്റെ പ്രഭാവം ഉണ്ടാകാം. ഇങ്ങനെ ഉള്ള പ്രളയങ്ങൾ പക്ഷെ അപൂര്വ്വം ആണ്. ഇതു അൻപതോ നൂറോ വർഷത്തിനിടയിലേ ഉണ്ടാകൂ, ഇതാണിപ്പോൾ ചെന്നയിൽ കാണുന്നത്. ഇതാണിതിന്റെ പ്രധാന പ്രശ്‌നവും. നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറ കൊണ്ട് നാട്ടുകാർ മറന്നു പോകും. പക്ഷെ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും ഇടയിൽ ഒരിക്കൽ പിന്നെയും നദി അതിന്റെ യഥാർത്ഥ അതിരുകളെ തിരിച്ചു പിടിക്കും. പക്ഷെ അതിനിടക്ക് മനുഷ്യൻ അവിടെ ഹോട്ടലോ റോഡോ ഒക്കെ ഉണ്ടാക്കിയിരിക്കും. അതെല്ലാം നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യും. കേരളത്തിലെ പ്രശസ്തമായ 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' ഓർക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്നു ഇപ്പോഴും പലയിടത്തു രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂലൈ മാസത്തിൽ ആയിരുന്നു. തിരുവിതാംകൂറിന്റെ ഏറെ വെള്ളത്തിനടിയിൽ ആയി. വൻ നാശ നഷ്ടങ്ങൾ ഉണ്ടായി. പക്ഷെ ഇന്ന് കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇത് മറന്നുകഴിഞ്ഞു. ഇടുക്കിയിൽ അണയും കേട്ടിയതോടെ പെരിയാറിന്റെ കരയിൽ 'മനോഹരമായ' വീടു വെക്കാൻ ഇപ്പോൾ മത്സരമാണ്. കേരളത്തിലെ അനവധി ഫാക്ടറികൾ, ഫ്‌ലാറ്റുകൾ, ഹോട്ടലുകൾ തുടങ്ങി കൊച്ചിയിലെ വിമാനത്താവളം വരെ ഉള്ള വികസന പ്രവർത്തനങ്ങൾ കഴിഞ അമ്പതു വര്ഷത്തിനകം നാം നടത്തി ഇരിക്കുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളം കയറിയ സ്ഥലത്താണ് . ഇനിയൊരിക്കൽ അത്തരം ഒരു മഴ ഉണ്ടാകുമെന്നത്, അപ്പോൾ ഇവിടെ എല്ലാം വെള്ളം കയറും എന്നത് സ്റ്റാറ്റിസ്റ്റിക്കൽ ആയി ഉറപ്പാണ്. പുതിയതായി ഫ്‌ലാറ്റോ സൂപ്പർ മാർക്കറ്റൊ ഒക്കെ ഉണ്ടാക്കുന്നതിനു മുൻപ് ഇവിടെ പണ്ട് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ഒരു മാപ്പ് ഉണ്ടാക്കി പബ്ലിക് ഡൊമൈനിൽ ഇട്ടാൽ ഫ്‌ലാറ്റ് കെട്ടുന്നവർക്കും വാങ്ങുന്നവർക്കും സഹായം ആകും.

 [BLURB#3-VR]പെരിയാറിൽ ഇപ്പോൾ പല അണക്കെട്ടുകൾ ഉള്ളതിനാൽ അണക്കെട്ടുകൾ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്നു പൊതുവേ ഒരു ധാരണയുണ്ട്. മിക്കവാറും വർഷങ്ങളിൽ ഇത് ശരിയും ആണ്. പക്ഷെ വൻപ്രളയത്തിന്റെ സമയത്ത് അണക്കെട്ടുകൾ ഇരുതലവാളാണ്. ഇതും നമ്മൾ ചെന്നൈയിൽ കാണുകയാണ്. 2010ലെ പാക്കിസ്ഥാൻ പ്രളയത്തിലും 2011ലെ തായ്!ലന്റ് പ്രളയത്തിലും അണക്കെട്ടുകൾ പ്രശ്‌നം വഷളാക്കുകയാണ് ഉണ്ടായത്. വെള്ളം പരിധിവിട്ട് ഉയരുമ്പോൾ അണക്കെട്ടിന്റെ സുരക്ഷയെ കരുതി വെള്ളം തുറന്നുവിടുന്നത് താഴെ ഭാഗത്ത് ദുരന്തത്തിന്റെ തീക്ഷ്ണത വർദ്ധിപ്പിക്കുന്നു. അതേ സമയം വെള്ളപ്പൊക്കം ഉള്ള സമയത്ത് അണക്കെട്ട് തുറന്നുവിടാത്തത് അണക്കെട്ടിന്റെ മുകളിൽ ഉള്ളവരുടെ ദുരന്തകാലം വർദ്ധിപ്പിക്കുന്നു. ലോകത്ത് പലയിടത്തും പ്രളയകാലത്ത് അണക്കെട്ടിനപ്പുറവും ഇപ്പുറവും ഉള്ളവർ തമ്മിൽ വാഗ്വാദവും അടിപിടിയും ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനിൽ നാട്ടുകാർ സംഘടിച്ച് അണക്കെട്ടുകൾ തുറന്നുവിട്ടു. തായ്!ലന്റിൽ അണകൾ സംരക്ഷിക്കാൻ പട്ടാളമിറങ്ങേണ്ടിവന്നു.

വാസ്തവത്തിൽ ചെയ്യേണ്ടത്, പ്രളയം ഉണ്ടാകുന്ന സമയത്ത് പുഴക്ക് വികസിക്കാൻ ഉള്ള സ്ഥലം ബാക്കിവെക്കുകയാണ്. അതായത് പുഴയുടെ അരികിൽ വീടുവെക്കാതെ കൃഷിസ്ഥലം ആക്കി മാറ്റിയിടുക. പ്രളയം വരുന്ന വർഷങ്ങളിൽ കർഷകർക്ക് അവരുടെ കൃഷിസ്ഥലത്തേക്ക് വെള്ളം കടന്നു കയറാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ എത്ര നഷ്ടപരിഹാരം നൽകുമെന്നു മുൻപേ പ്രഖ്യാപിക്കുക, അപ്പോൾ വെള്ളക്കെട്ടുകൾ തുറന്നു വിടാൻ കർഷകർ എതിര് നില്ക്കില്ല, കൂടുതൽ വിലയുള്ള സ്ഥലങ്ങൾ സുരക്ഷിതം ആക്കാം. പുഴയുടെ അരികിൽ ഇപ്പോൾ നഗരങ്ങൾ ഉണ്ടെങ്കിൽ അവിടെ ജന സാന്ദ്രത കുറച്ച് തീരങ്ങൾ നദിക്കു വികസിക്കാൻ അല്പം സ്ഥലം കൊടുക്കുക. ബ്രസീലിൽ പുഴയുടെ തീരത്തുണ്ടായിരുന്ന വീടുകൾ കുന്നിലേക്ക് മാറ്റിയിട്ട് പുഴ അരികിൽ ഫുട്‌ബോൾ മൈതാനം ഉണ്ടാക്കി.ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടന ഉൾപടെ ഉള്ള സ്ഥാപനങ്ങൾ ദുരന്ത പ്രതിരോധത്തിന് മുന്നോട്ടു വക്കുന്നത് ഈ ആശയം ആണ്.

വെള്ളപ്പൊക്കം ദുരിതം വർദ്ധിപ്പിക്കുന്നത് പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൊണ്ടുകൂടിയാണ്. ഇവ രണ്ടും ആകട്ടെ ഏറെക്കുറെ മനുഷ്യനിർമ്മിതവും ആണ്. കുത്തായ മലഞ്ചെരുവുകൾ വെട്ടിവെളുപ്പിക്കുന്നതും, അവിടേക്ക് റോഡുണ്ടാക്കുന്നതും അവിടെ വീടുവെക്കുന്നതും എല്ലാം ഉരുൾപൊട്ടലിനേയും മണ്ണിടിച്ചിലിനേയും വിളിച്ചുവരുത്തുന്നതാണ്. കേരളത്തിൽ ആണെങ്കിൽ മുകളിൽ പറഞ്ഞതുകൂടാതെ മണ്ണെടുക്കുക എന്ന ഒരു പാതകം കൂടി ഉണ്ട്. പ്രളയം എന്നത് സത്യത്തിൽ ഒരു പ്രകൃതി ദുരന്തം അല്ല. പ്രകൃതിയുടെ ഒരു പ്രതിഭാസം ആണ്. ഭൂഗർഭജലം റീചാർജ് ചെയ്യുന്നതുമുതൽ നദീതടങ്ങളിലെ മൈക്രോ ന്യൂട്രിയന്റിന്റെ വർദ്ധനവരെ പല നല്ല കാര്യങ്ങളും വെള്ളപ്പൊക്കം കൊണ്ട് നടക്കുകയും ചെയ്യുന്നു. പുഴയുടെ സ്വാഭാവിക അതിരുകൾ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിയി (ലാന്റ് യൂസ് പ്ലാനിങ്) ലൂടെ മഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വനം നശിപ്പിക്കാതെ കുന്നിടിക്കാതെ ഒക്കെ നോക്കിയാൽ എത്ര വലിയ മഴയും അതിന്റെ വഴിക്കു പൊക്കോളും.[BLURB#4-H] 

ചെന്നൈയിലെ ദുരിത ബാധിതർക്ക് എല്ലാ സഹായവും കൊടുക്കുന്നതോടൊപ്പം ഇത്തരം ദുരന്തം കേരളത്തിൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ മുൻകരുതലുകൾ എടുത്താൽ മാത്രമേ നാം ഇവിടെ എന്തെങ്കിലും പഠിച്ചു എന്ന് പറയാൻ പറ്റൂ. ദുരന്ത വഴിയിൽ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് അധികം ദൂരം ഇല്ല. അടുത്ത ഊഴം നമ്മുടെതാകം.