പ്രശസ്തി എന്നത് കായികതാരങ്ങൾക്കും സിനിമക്കാർക്കും രാഷ്ട്രീയനേതാക്കൾക്കും ഉള്ളതാണ്. ഐഎഎസുകാരിലെയും ഐപിഎസുകാരിലെയും ചില ഭാഗ്യവാന്മാർ കൂടി പ്രശസ്തരാവും. ഏതെങ്കിലും ഒന്നോ രണ്ടോ സംഭവങ്ങൾ കൊണ്ട് പ്രശസ്തരാവുന്നുവരും ഉണ്ട്. എന്നാൽ ഇതിൽ നിന്നുമൊക്കെ തീർത്തും വ്യത്യസ്തരായി സ്വന്തം പ്രവൃത്തികൊണ്ട് മാത്രം സെലിബ്രിറ്റികളായി മാറുന്ന വളരെ കുറച്ചുപേരെയുള്ളു. അതിൽ ഒരാളാണ് പ്രശാന്ത് ഐഎഎസിനെപ്പോലുള്ളവർ 'ദുരന്തേട്ടൻ'എന്ന് വിളിക്കുന്ന മുരളി തുമ്മാരുകുടി. മറുനാടൻ ടിവിയുടെ മുഖാമുഖം പരിപാടിയായ ഷൂട്ട് അറ്റ് സൈറ്റിൽ അതിഥിയായി എത്തിയ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു.

മുരളിചേട്ടൻ കേരളത്തിലെ ഒരു സെലിബ്രിറ്റിയാണ്. ഈ പ്രശസ്തി ആസ്വദിക്കുന്നുണ്ടോ?

പ്രശസ്തി എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. പക്ഷേ ദുരന്തത്തിന്റെ സമയത്താണ് ഏറ്റവും കൂടുതൽ പ്രശസ്തി കിട്ടുന്നത്. ആ അർഥത്തിൽ പ്രശസ്തി ഉണ്ടാവുന്നതിൽ വിഷമമുമുണ്ട്. ദുരന്തം വരണമല്ലോ ഈ പ്രശസ്തി ഉണ്ടാവാൻ എന്ന അർത്ഥത്തിൽ. പക്ഷേ മറ്റൊരു രീതിയിൽ അത് ഗുണമാണ്. പണ്ട് എന്നെ വായിക്കുന്നവർ അയ്യായിരം ആണെങ്കിൽ ഇപ്പോൾ അത് അമ്പതിനായിരം ആയി മാറിയിട്ടുണ്ട്. നമുക്ക് കൊടുക്കാനുള്ള മെസേജ് കൂടുതൽ ആളുകളിൽ എത്തുന്നു എന്ന നിലക്ക് പ്രശസ്തി വളരെ ഗുണമുള്ള കാര്യമാണ്. തീർച്ചയായും എൻജോയ് ചെയ്യുന്നുണ്ട്.

താങ്കൾ എഴുതുന്നതിനു പോലും ആരോടും കാശുവാങ്ങിക്കുന്നില്ല. എന്തിനാണ് പ്രശസ്തിക്ക് ഒരു മാർക്കറ്റിങ്ങ് സാധ്യത കൂടി ഉണ്ടായിട്ടും അതും വേണ്ടെന്ന് വെച്ചത്? എന്തുകൊണ്ടാണ് സൗജന്യ സേവനം ചെയ്യുന്നത്?

ഇത് ഒരു സേവനമായിട്ട് ഞാൻ ഒരിക്കലും കാണുന്നില്ല. ഞാൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും, ഒരു സാധാരണ കുടുംബത്തിൽനിന്ന് വന്ന ആളാണല്ലോ. അപ്പോൾ എന്റെ ചിന്തകൾക്ക് അതീതമായി എല്ലാം എനിക്ക് കിട്ടിയുണ്ട്. സാമ്പത്തികമായാലും പ്രശസ്തിയായാലും എല്ലാം. അതേസമയം കേരളത്തിൽ നികുതി കൊടുക്കുന്ന ആളല്ല ഞാൻ. ഒരു പരിധിവരെ എനിക്ക് കിട്ടിയത് ഞാൻ കേരളത്തിലേക്ക് തിരച്ചുകൊടുക്കുന്നുവെന്ന് കരുതിയാൽ മതി.

യു.എൻ ഉദ്യോഗസ്ഥനായി മാറിയത്. ?

ഞാൻ കേരളത്തിൽ നിന്നും 86ലാണ് എഞ്ചിനീയറിങ് പഠിക്കാൻ പുറത്ത് പോയത്. തുടർന്ന് 95ലാണ് ഇന്ത്യക്ക് വെളിയിലേക്ക് പോവുന്നത്. ഷെൽ എന്ന സ്ഥാപനത്തിലാണ് ജോലിചെയ്തത്. പഠിക്കുന്ന കാലത്തെന്നും ഞാൻ ദുരന്തങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഞാൻ പോയ രാജ്യങ്ങളിലൊക്കെ ദുരന്തങ്ങൾ ഉണ്ടായി. അങ്ങനെ അത് കൈകാര്യം ചെയ്യേണ്ടിവന്നു. അങ്ങനെ സ്വാഭാവികമായാണ് ഞാൻ ദുരന്ത നിവാരണ രംഗത്ത് എത്തുന്നത്്. അല്ലാതെ ഈ മേഖല ആഗ്രഹിച്ച് തെരഞ്ഞെടുത്തതല്ല. 1997ലാണ് സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ കാട്ടുതീയും അതോട് അനുബന്ധിച്ച വായുമലിനീകരണവും അഭിമുഖീകരിച്ചത്. ഇന്തോനേഷ്യയിലാണ് ആ ദുരന്തം. പിന്നീട് ബ്രൂണോയിലും ഇത് സംഭവിച്ചു. അപ്രതീക്ഷിതമായിട്ടാണ് ഞാൻ ഇവിടെയെത്തിയത്. അപ്പോൾ എനിക്ക് ഹാൻഡിൽ ചെയ്യാതെ പറ്റില്ല. ഇങ്ങനെ ദുരന്തങ്ങളിൽ പോയി പെട്ടതോടെയാണ് ദുരന്തനിവാരണത്തിലേക്ക് ഞാനെത്തിയത്. 'ദുരന്തനായി' മാറിയതാണ്്.

അതിന് ശേഷം 2003ൽ ഇറാഖിലെ രണ്ടാം യുദ്ധകാലത്ത് എണ്ണടാങ്കുകൾക്ക് സദ്ദാം തീയിടുമെന്ന സുരക്ഷാ മുന്നറിയിപ്പുവന്നു. അപ്പോഴാണ് ഇതിനെ നേരിടുന്ന വിദഗ്ദ്ധർക്കായി യുഎൻ മുന്നോട്ടു വന്നത്. ഇറാഖിലെ ഒന്നാമത്തെ യുദ്ധകാലത്ത് എണ്ണക്കിണറുകൾക്ക് സദ്ദാം തീവെച്ചിരുന്നു. ഇപ്പോഴും സമാനമായ അവസ്ഥ ഉണ്ടാകുമെന്ന് യുഎൻ മുന്നിൽ കണ്ടു. അപ്പോൾ അതിനെ പ്രതിരോധിക്കാൻ അറിവുള്ള ആളുകളെ ഫാസ്റ്റ് ട്രാക്കായി റിക്രൂട്ട് ചെയ്തപ്പോളാണ് ഞാൻ യുഎൻ ദുരന്തനിവാരണ സമിതിയിലേക്ക് എത്തുന്നത്. ദുരന്ത നിവാരണത്തിലെ പരിശീലനം കൊണ്ടും ഓയിൽ കൺട്രോളിലെ പരിചയം കൊണ്ടുമാണ് എനിക്ക് സമിതിയിൽ കയറാൻ കഴിഞ്ഞത്. ഭാഗ്യവശാൽ അന്ന് സദ്ദാം എണ്ണക്കിണറുകൾക്ക് തീവെച്ചില്ല. കാരണം അത് അദ്ദേഹത്തിന്റെ എണ്ണക്കിണറായിരുന്നു. മറ്റേത് കുവൈത്തിന്റെ എണ്ണക്കിണറായിരുന്നല്ലോ.

അതിനുശേഷം ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങളും യുദ്ധങ്ങളും ലോകത്ത് ഉണ്ടായി. 2005ൽ ഗസ്സയിൽ നിന്നും ഇസ്രയേലിന്റെ പിന്മാറ്റം. 2006ൽ ലബനനിലുണ്ടായ യുദ്ധം, 2007ൽ ചൈനയിലുണ്ടായ കൊടുങ്കാറ്റ്, 2008ൽ മ്യാന്മാറിലുണ്ടായ കൊടുങ്കാറ്റ്, അങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ വന്നുപെട്ടതോടെ, ഈ ലോകത്തുണ്ടാവുന്ന എല്ലാ യുദ്ധങ്ങളിലും ദുരന്തങ്ങളിലും എത്തിപ്പെടുന്ന ഒരു ജോലി എന്ന നിലയിൽ എന്റെ ജോലി മാറുകയായിരുന്നു.

യു.എൻ ദുരന്തനിവാരണ രക്ഷാ സമിതിയിൽ താങ്കളുടെ ചുമതല എന്തെല്ലാമാണ് ?

രണ്ടുതരം ജോലികളുണ്ട്. എറ്റവും വേഗത്തിൽ ദുരന്തമുണ്ടായ രാജ്യത്ത് എത്തിപ്പറ്റി ആ ദുരന്തത്തിന്റെ സ്‌കെയിൽ ലോകത്തെ അറിയിക്കുക. നമ്മൾ ഒരു ഗ്രാമത്തിൽ ഇരിക്കുമ്പോൾ നമുക്കത് വലിയ ദുരന്തമായി തോന്നും. പക്ഷേ ലോകത്തെ സംബന്ധിച്ച് അങ്ങനെ ആകണമെന്നില്ല. എത്ര വലിയ ദുരന്തമാണെന്ന് ലോകം അറിഞ്ഞാൽ മാത്രമേ ലോകത്തിൽ നിന്ന് സഹായം ആ രാജ്യങ്ങളിലേക്ക് എത്തുകയുള്ളൂ. യു.എൻ സംഘം അവിടെയെത്തിയ ശേഷമാണ് ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നത്. രാജ്യങ്ങൾ അഭ്യർത്ഥന നടത്തുന്നതനുസരിച്ചാണ് ദുരന്ത സ്ഥലത്തേക്ക് എത്തുന്നത്. സർക്കാർ ക്ഷണിക്കണമെന്നത് യുഎൻ സഹായത്തിന്റെ പ്രത്യേകതയാണ്. കേന്ദ്രഗവൺമെന്റ് ക്ഷണിച്ചാലേ യുഎന്നിന് അവിടെ പോകാനുള്ള അധികാരം ഉള്ളൂ. അങ്ങനെ ചെയ്തുകഴിഞ്ഞാൽ അത് നൂറുശതമാനം സൗജന്യമാണ്.

ജനീവ ആസ്ഥാനമായി ഇതിന് സംഘമുണ്ട്. പക്ഷേ ഇവരെല്ലാം ജനീവയിലല്ല ജോലിചെയ്യുന്നത്. ലോകത്തിന്റെ പല സ്ഥലങ്ങളിൽ പല ജോലി ചെയ്യുന്ന ആളുകളാണ് ഇതിലുള്ളത്. ഒരു ദുരന്തുണ്ടായിക്കഴിഞ്ഞാൽ ആറു മണിക്കൂറിനകം പുറപ്പെടാനായി റിപ്പോർട്ട് ചെയ്യേണ്ടി വരും. ഇപ്പോൾ തിരുവനന്തപുരത്താണ് ഞാൻ നിൽക്കുന്നതെങ്കിൽ ആറു മണിക്കൂറിനുള്ളിൽ അവിടെയത്താനുള്ള സംവിധാനം ഒരുക്കിത്തരും. ഇപ്പോൾ ചിലിയിൽ ഒരു ദുരന്തമുണ്ടായി എന്നുവെക്കുക. അഞ്ചുമിനുട്ടുകൊണ്ടുതന്നെ ഞാൻ അവിടേക്ക് പോകാൻ തയ്യാറാണെന്ന് ജനീവയെ അറിയിക്കുന്നു. പിന്നെ അവരാണ് കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്. യുഎൻ പാസ്‌പോർട്ട് ഉള്ളതുകൊണ്ട് വിസ ഒരു പ്രശ്‌നമല്ലാതെ ലോകത്ത് എവിടെയും പോകാം.

ഇങ്ങനെ വിവിധ വിഭാഗത്തിൽ നിന്നായി ആളുകൾ അവിടെയെത്തും. പരിസ്ഥിതി വിഭാഗത്തിൽനിന്ന് ഞാനുണ്ടാകും വിദ്യാഭ്യാസത്തിൽ നിന്ന് മറ്റൊരാൾ കാണും ആരോഗ്യത്തിൽനിന്ന് മറ്റൊരാൾ കാണും. ദുരന്തത്തിന്റെ ആഘാതം എന്ത്‌, ആ രാജ്യത്തിന് അത് നേരിടാനുള്ള കഴിവുണ്ടോ എന്നതെല്ലാം ഇവർ ചേർന്ന് വിലയിരുത്തും. അതിനുശേഷമാണ് അന്താരാഷ്ട്ര സഹായം നൽകണമോ എന്നതിനേക്കുറിച്ച് തീരുമാനം എടുക്കുന്നത്. ഒരു ദുരന്തം ഉണ്ടായതുകൊണ്ടു മാത്രം അന്താരാഷ്ട്ര സഹായം വേണമെന്നില്ല. സഹായം വേണമോ എന്ന് പരിശോധിക്കാൻ യുഎന്നിന് സംവിധാനമുണ്ട്.

ഭാഷ പ്രധാനമാണ്. ദുരന്തമുണ്ടായ സ്ഥലത്തെ ഭാഷകൂടി പരിഗണിച്ചാണ് ടീമിനെ കെട്ടിപ്പെടുക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിൽ സഹായം നൽകാൻ വലിയൊരു വിഭാഗം സമൂഹമുണ്ട്. ഹെയ്ത്തിയിൽ ഭൂമികലുക്കമുണ്ടായപ്പോൾ നാലുദിവസം കഴിഞ്ഞാണ് ഞാൻ അവിടെ എത്തിയത്. 1400 സംഘങ്ങളാണ് സന്നദ്ധ സഹായത്തിന് അപ്പോഴേക്കും അവിടെ എത്തിയത്. ഇവരെ അവിടെ കോ-ഓർഡിനേറ്റ് ചെയ്യേണ്ടി വരുന്നതും ഉത്തരവാദിത്തമാണ്. അതും നിർവഹിക്കുന്നത് യുഎൻ ആണ്.

ദുരന്തമുണ്ടായ സ്ഥലത്ത് ഒരു ജിയോഗ്രഫിക്കൽ മാപ്പ് ഉണ്ടാക്കും. ആര് എവിടെ എങ്ങനെ ജോലിചെയ്യുന്നു എന്നതൊക്കെ ഇതിൽ വ്യക്തമാക്കും. ഓരോ നാലുമണിക്കൂർ കൂടുമ്പോഴും ഇത് അപ്‌ഡേറ്റ് ചെയ്യും. അപ്പോൾ എവിടെയാണ് ആളില്ലാത്തത് എന്ന് വ്യക്തമാകും. അത് വഴിയാകും ആക്സ്സ് ചെയ്യേണ്ടി വരുന്നത്. ഇന്ത്യ പോലുള്ള രാജ്യത്ത് അത് പ്രാവർത്തികമാകുമെങ്കിലും ചെറിയ രാജ്യങ്ങളിൽ അത് ഉണ്ടാകണമെന്നില്ല. ആസസ്മെന്റ് ആൻ് കോർഡിനേറ്റിങ് ടീമിൽ ആറുപേരാണ് വേണ്ടത്. ഒരു ഡിസീസാണ് സംഭവിക്കുന്നതെങ്കിൽ അതിൽ കൂടുതൽ ആളുകൾ വേണ്ടി വരും. ലോകാരോഗ്യ സംഘടന വരെ അവരെ കോർഡിനേറ്റ് ചെയ്യാനും സഹായിക്കും.

യുഎൻ സംഘത്തിനുള്ള ഭക്ഷണവും താമസവുമടക്കമുള്ള മറ്റുകാര്യങ്ങളൊക്കെ പലപ്പോഴും ദുരന്തമുണ്ടായ രാജ്യത്തിന് എത്തിച്ച് തരാൻ കഴിയില്ല. അവരെ അതിന് നിർബന്ധിക്കുന്നതും ശരിയല്ലല്ലോ. അതിന് ചില സംവിധാനങ്ങൾ ഉണ്ട്. സ്വീഡൻ നോർവേ തുടങ്ങിയ രാജ്യങ്ങൾക്ക് യുഎൻ സംഘത്തെ സഹായിക്കാൻ വേണ്ടി മാത്രം ഒരു പാക്കേജ് ഉണ്ട്. നമ്മൾ മുന്നൂറുപേർ ഉണ്ടെന്ന് അറിയിച്ചാൽ സ്വീഡനിൽനിന്ന് ഭക്ഷണവും, വെള്ളവും, ടെന്റും, ടോയ്‌ലറ്റ് ഫെസിലിറ്റിയുമൊക്കെ അവർ എത്തിച്ചു തരും. ഏത് രാജ്യത്ത് ചെന്നാലും. ഇതിന് യുഎന്നുമായി ബന്ധമൊന്നുമില്ല. അവർ സ്വമേധയാ ചെയ്യുന്നതാണ്. അതൊക്കെയാണ് ശരിക്കുമുള്ള മുനുഷ്യസ്‌നേഹം.

ഹെയ്ത്തിയിൽ ഞാൻ ചെല്ലുമ്പോൾ താമസിക്കാൻ ഒരിടം പോലുമില്ലായിരുന്നു. എല്ലാ ഹോട്ടലുകളും പൊളിഞ്ഞു വീണു. യു.എൻ ഓഫിസിൽ തന്നെ 101 ആളുകൾ മരിച്ചിരുന്നു. ഹെയ്ത്തി എന്നാൽ യുദ്ധവും ദുരന്തവും മാറിമാറിയുണ്ടാവുന്ന സ്ഥലമാണ്. യുദ്ധം കഴിഞ്ഞ ഉടനെയാണ് ഭൂമികുലുക്കവും ഉണ്ടായത്. 2010 ജനുവരിയിലാണ് ഈ സംഭവം നടക്കുന്നത്. ഞാൻ അവിടെ ചെല്ലുമ്പോൾ ഞങ്ങൾക്ക് താമസിക്കാൻ ഒരിടവുമില്ല. അവിടെ ആകെ ബാക്കിയുണ്ടായിരുന്നത് ഒരു ജീപ്പാണ്. ആ ജീപ്പിലാണ് ഞങ്ങൾ മൂന്നുപേർ കഴിഞ്ഞത്. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സ്വീഡനിൽനിന്നുള്ള ഈ സംഘം വന്ന് അഞ്ഞൂറുപർക്ക് താമസിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി തന്നത്.

ഇതുവരെ പോയതിൽ ഏറ്റവും ഭീതിദമായ ദുരന്തം എവിടെയാണ്?

ഏറ്റവും ഭീകരമായ ദുരന്തമായി ഹെയ്ത്തിയിലേത് തന്നെയാണ് ഓർമവരുന്നത്. 36 സെക്കൻഡാണ് അവിടെ ഭൂമി കുലുക്കം സംഭവിച്ചത്. അത് വളരെ ചെറിയ സമയമാണ്. പക്ഷേ രണ്ടു ലക്ഷത്തി പതിനായിരം ആളുകളാണ് അവടെ മരിച്ചത്. കേരളത്തിലെ മൂന്ന് കോടി ജനസംഖ്യയുടെ പകുതി പോലുമില്ല അവരുടെ ജനസംഖ്യ. രാജ്യം മൊത്തം തകർന്നുപോയി. രണ്ടുലക്ഷത്തിൽ പരം ആളുകളെ സംസ്‌ക്കരിക്കാനുള്ള സ്ഥലം എവിടെയുമില്ലല്ലോ. പള്ളികൾ തകർന്നുപോയി. പുരോഹിതരും മരിച്ചു.

അപ്പോൾ പിന്നെ അവശേഷിക്കുന്നവർക്ക് ഒന്നും ചെയ്യാനില്ലാതായി. അവർ ബോഡിയെടുത്ത് വീടിന് വെളിയിൽവെക്കും. അത് വേസ്റ്റ് കളക്ടുചെയ്യുന്നവർ എടുത്ത് വലിയ ട്രക്കിൽ കൊണ്ടുപോവും. അവിടെ വലിയ കുഴി കുഴിച്ച് മണൽ ഒക്കെ ഇറക്കുന്നപോലെ മൃതശരീരങ്ങൾ ഒന്നിച്ച് ഇറക്കുന്ന ഭീതിദമായ കാഴ്ച കാണേണ്ടി വന്നു. അതിലും വലിയ ദുരന്തങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇവിടെ മരണസംഖ്യ കൂടുതലയായിരുന്നു. ഹെയ്ത്തിയിൽ 7.1 തീവ്രത വന്നിരുന്ന ഭൂമി കുലുക്കമാണ് അനുഭവപ്പെട്ടത്. അത് അത്ര തീവ്രമായിരുന്നില്ല

പിന്നെ എങ്ങനെയാണ് ഇങ്ങനെ സംഭവിച്ചത്?

എപ്പോഴും പറയുന്നപോലെ ഭൂമികുലുക്കം അല്ല. കെട്ടിടങ്ങൾ ആണ് ആളുകളെ കൊല്ലുന്നത്. എത്ര ശക്തിയിൽ ഭൂമി കുലുങ്ങി എന്നതിലല്ല, എത്ര ശക്തിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരുക്കുന്നത് എന്നതിലാണ്് ദുരന്തത്തിന്റെ വ്യാപ്തി കിടക്കുന്നത്. ജപ്പാനിലൊക്കെ അതാണ് സംഭവിക്കുന്നത്. ജപ്പാനിൽ ഭൂമി കുലുക്കമുണ്ടായിട്ടും അവിടുത്തെ നിർമ്മാണ വൈദഗ്ധ്യം തന്നെയാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.

ദുരന്തമുണ്ടായിട്ടും ചൈന അതിജീവിച്ചല്ലോ?

ചൈനയിൽ ഭൂകമ്പത്തിൽ മലകളൊക്കെ പിളർന്നുപോയത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വലിയ ഭൂകമ്പമാണ് അവിടെയുണ്ടായത്. പക്ഷേ ദുരന്ത തീവ്രത കുറവായിരുന്നു. ചൈനയിൽ സംവിധാനങ്ങൾ കുറേക്കുടി മെച്ചമാണ്. ഭൂമി കുലുക്കത്തെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ സംവിധാനങ്ങൾ ലോകോത്തരമാണ്. രക്ഷാ പ്രവർത്തനത്തിന് നൂതനമായ രീതികൾ വരെ അവിടെ ഉപയോഗിക്കുന്നു. ചൈനീസ് ആർമിയാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. യു.എൻ സുരക്ഷാ സമിതി അവിടെ എത്തുമ്പോൾ കാണുന്നത്, ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ കുട്ടികൾ സ്‌കൂളുകളിലേക്ക് പോകുന്നതും മറ്റുമാണ്. ഇതെല്ലാം അവരുടെ സുരക്ഷാ സംവിധാനങ്ങളുടെ മികവാണ്. വലിയ ദുരന്തങ്ങളുണ്ടെങ്കിലും അതിനെ അതീജിവിക്കാൻ ചൈന ജപ്പാൻ പോലുള്ള രാജ്യങ്ങൾക്ക് കഴിയുമെന്നതാണ് യാഥാർത്ഥ്യം.

ജപ്പാനിലൊക്കെ പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനം ഉണ്ട്. ഒരിടത്ത് ഞാൻ കണ്ടത് ഒരു സ്‌കൂളിനടുത്തെ ജിംനേഷ്യമാണ് ഈ രീതിയിൽ സെറ്റുചെയ്തത്. അവിടുത്തെ ഫ്‌ളോറിൽ ഗ്രാമത്തിന്റെ ഒരു ഭൂപടം സെറ്റ് ചെയ്തിട്ടുണ്ട്. അത് അനുസരിച്ചാണ് ആളുകൾ ഇവിടെയും താമസിക്കേണ്ടത്. അതായത് നിങ്ങളുടെ അയൽവാസി തന്നെയായിരിക്കും അയൽപക്കത്തും. ഇത് മാനസികമായി കൂടി ബലം നൽകുന്നതാണ്.

സുനാമി സമയത്ത് താങ്കൾ എവിടെയാണ് ജോലി ചെയ്തത് ?

2004ലെ സുനാമി സമയത്ത് ഞാൻ ജനീവയിലാണ് ജോലി ചെയ്തത്. ഞങ്ങളുടെ ടീമിനെ പല സ്ഥലങ്ങളിലായി വിന്യസിച്ചിരുന്നു. എനിക്ക് മാലിദ്വീപിലും ശ്രീലങ്കയിലുമാണ് ചുമതല നൽകിയത്. മാലിദ്വീപ് എന്നത് ചെറിയ ഒരു ദ്വീപായതിനാൽ അവിടെ വെള്ളപ്പൊക്കമല്ല, വെള്ളം ദ്വീപിന് മുകളിലൂടെ കയറി ഇറങ്ങി പോവുകയായിരുന്നു. അതിനാൽ ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും ഏറെ ദുർഘടമായിരുന്നു. എല്ലാ കുടിവെള്ളസ്രോതസിലും കടൽവെള്ളം കയറി. അയായിരുന്നു അവിടുത്തെ പ്രധാന പ്രശ്‌നം. ആളുകളുടെ മരണം അത്രമാത്രം ഉണ്ടായിരുന്നില്ല. ബോട്ടുകളുടെ നാശമൊക്കെ ഉണ്ടായിരുന്നു. കുടിവെള്ളപ്രശ്‌നമായിരുന്നു ഏറ്റവും വലുത്.