- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയം; നവകേരളം കെട്ടിപ്പടുക്കാൻ കൊച്ചി മെട്രോയോ സിയാൽ പോലെയോ ഒരു ഏജൻസി വേണം; വിദേശസഹായ വിവാദം അനാവശ്യം; ശബരിമലയിൽ സുപ്രീംകോടതി നടത്തിയ വിധി പുരോഗമനപരം; നമ്മുടെ പ്രശ്‌നങ്ങൾ ലിസ്റ്റ് ചെയ്താൽ അതിൽ ആദ്യത്തെ നൂറിൽ പോലും ശബരിമലയൊന്നും പെടില്ല; ഈ സമരങ്ങൾ കാണുമ്പോൾ ഏത് നവകേരളം എന്ന് ചോദിച്ചുപോകും; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു
നൂറിലേറെ രാജ്യങ്ങൾ കണ്ട, അനവധി ദുരന്തങ്ങളെ നേരിട്ട് പരിചയമുള്ള വ്യക്തിയാണ് ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ അംഗവും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. പ്രളയ ദുരിതാശ്വാസവുമായി കേരളത്തിൽ ഉണ്ടായ പ്രശ്‌നങ്ങളും ഒരു നവകേരളം എങ്ങനെ കെട്ടിപ്പെടുക്കണമെന്നുമുള്ള വിചാരങ്ങൾ അദ്ദേഹം മറുനാടനുമായി പങ്കുവെക്കുന്നു. ഒപ്പം ശബരിമലയിലെ പ്രായഭേദമെന്യേയുള്ള സ്ത്രീ പ്രവേശന വിധിക്കെതിരെ കേരളത്തിലുണ്ടായ സമരങ്ങളും അദ്ദേഹം വിലയിരുത്തുന്നു. അഭിമുഖത്തിന്റെ രണ്ടാഭാഗം ഇങ്ങനെ. കേരളത്തിലെ പ്രളയവുമായി മറ്റു ദുരന്തങ്ങളെ താരതമ്യം ചെയ്യുമ്പോൾ എന്താണ് പറയാനുള്ളത? ഒന്നാമത് പ്രതീക്ഷിക്കപ്പെട്ട ഒരു ദുരന്തം തന്നെയാണ് ഉണ്ടായത്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലൊക്കെ പല തവണ ഞാൻ ഇത്് എഴുതിയിട്ടുണ്ട്. ഒരു ദുരന്തമുണ്ടാകുന്നത് വരെ അത് നമ്മളെ ബാധിക്കില്ല എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യർ. ഇത് ലോകത്തിന്റെ ഒരു രീതിയാണ്. ആ അർഥത്തിൽ സങ്കടകരമായ കാര്യമാണ് ഇത്. നമുക്ക് ഇത് ഒഴിവാക്കാമായിരുന്നല്ലോ. നമ്മൾ മുൻകരുതൽ എടുത
നൂറിലേറെ രാജ്യങ്ങൾ കണ്ട, അനവധി ദുരന്തങ്ങളെ നേരിട്ട് പരിചയമുള്ള വ്യക്തിയാണ് ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ അംഗവും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. പ്രളയ ദുരിതാശ്വാസവുമായി കേരളത്തിൽ ഉണ്ടായ പ്രശ്‌നങ്ങളും ഒരു നവകേരളം എങ്ങനെ കെട്ടിപ്പെടുക്കണമെന്നുമുള്ള വിചാരങ്ങൾ അദ്ദേഹം മറുനാടനുമായി പങ്കുവെക്കുന്നു. ഒപ്പം ശബരിമലയിലെ പ്രായഭേദമെന്യേയുള്ള സ്ത്രീ പ്രവേശന വിധിക്കെതിരെ കേരളത്തിലുണ്ടായ സമരങ്ങളും അദ്ദേഹം വിലയിരുത്തുന്നു. അഭിമുഖത്തിന്റെ രണ്ടാഭാഗം ഇങ്ങനെ.
കേരളത്തിലെ പ്രളയവുമായി മറ്റു ദുരന്തങ്ങളെ താരതമ്യം ചെയ്യുമ്പോൾ എന്താണ് പറയാനുള്ളത?
ഒന്നാമത് പ്രതീക്ഷിക്കപ്പെട്ട ഒരു ദുരന്തം തന്നെയാണ് ഉണ്ടായത്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലൊക്കെ പല തവണ ഞാൻ ഇത്് എഴുതിയിട്ടുണ്ട്. ഒരു ദുരന്തമുണ്ടാകുന്നത് വരെ അത് നമ്മളെ ബാധിക്കില്ല എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യർ. ഇത് ലോകത്തിന്റെ ഒരു രീതിയാണ്. ആ അർഥത്തിൽ സങ്കടകരമായ കാര്യമാണ് ഇത്. നമുക്ക് ഇത് ഒഴിവാക്കാമായിരുന്നല്ലോ. നമ്മൾ മുൻകരുതൽ എടുത്തില്ലല്ലോ എന്നത്.
ദുരന്തം വന്നതിന് ശേഷം നമ്മൾ നടത്തിയ മാതൃകാപരകമായ പ്രവർത്തനം വളരെ ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി മുതൽ ഒരു പഞ്ചായത്ത് മെമ്പർ വരെ രക്ഷാ ദൗത്യത്തിന് മുന്നിൽ നിന്നു എന്നതാണ് ശ്രദ്ധേയമാക്കുന്നത്. ലോകത്ത് ഒരിടത്തുപോയിട്ടും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു അത്. എവിടെയും ഇത്തരം ഒരു ഏകോപനം കാണാൻ കഴിയില്ല. കേരളത്തിൽ ദുരന്തമുണ്ടായ സ്ഥലത്തെല്ലാം ഞാൻ പോയിരുന്നു. എവിടെ പോയാലും നമ്മുടെ പഞ്ചായത്ത് മെമ്പർമാരെപ്പോലുള്ളവർ അവിടെയൊക്കെയുണ്ട്. വാസ്തവത്തിൽ അവരൊക്കെയാണ് ഏറ്റവും അഭിനന്ദിക്കപ്പെടേണ്ടത്. ലോകത്തിൽ ഒരിടത്തും കണ്ടിട്ടില്ലാത്ത കൂട്ടായ്മയാണ് കേരളത്തിൽ രൂപപ്പെട്ടത്. മലയാളികൾ ആത്മ വിശ്വാസത്തോടെയാണ് ദുരന്തത്തെ നേരിട്ടത് തന്നെ. പലയിടത്തും ചെല്ലുമ്പോൾ ദൈന്യതയാണ് പൊതുവെ കാണാറുള്ളത്. പക്ഷേ കേരളത്തിൽ എവിടെയും അതില്ലായിരുന്നു. ഒരു ദുരന്തമുണ്ടായ നമ്മൾ നേരിടും എന്ന തലത്തിലായിരുന്നു ആത്മ വിശ്വാസം.
കേരളത്തിലെ പ്രളയദുരന്തത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എന്താണ്?
പരസ്പര സഹായം തന്നെയാണ് കേരളത്തെ വ്യത്യസ്തമാക്കിയത്. പത്ത് ലക്ഷം ആളുകളാണ് ക്യാമ്പിൽ എത്തിച്ചേർന്നതെന്നാണ് പറയുന്നത്. അതിലും കൂടുതൽ ആളുകൾ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചവരുണ്ട്. പത്തൊമ്പതിനായിരം ആളുകളുടെ വീടുകൾ നഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് അവസാനമായി ക്യാമ്പിലുള്ളത് എന്നത് തന്നെ ദുരന്തത്തിൽ വഹിച്ച ഏകോപനത്തിന്റെ തെളിവാണ്. ഇത് ലോകം ശ്രദ്ധിച്ച കാര്യമാണ്.
ലോകം കേരളത്തിലെ പ്രളയത്തെ ശ്രദ്ധിച്ചിട്ടുണ്ടോ?
തീർച്ചായായും ലോകരാജ്യങ്ങൾ ശ്രദ്ധിച്ചു. ആദ്യത്തെ രണ്ടുമൂന്നു ദിവസം ഈ ദുരന്തത്തിന് ഡൽഹിയിൽപോലും വലിയ മാധ്യമ ശ്രദ്ധ കിട്ടിയിരുന്നില്ല. വാജ്‌പേയിയുടെ മരണം ഉൾപ്പെടയുള്ളവ മൂലമാണ് അത് സംഭവിച്ചത് എന്നൊക്കെയാണ് പറയുന്നത്. ദുരന്തമുണ്ടായ ഉടൻ നിരവധി ആളുകൾ എനിക്ക് സന്ദേശങ്ങൾ അയച്ചു. കഴിയും വിധം ആ വാർത്തകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ നമ്മളൊക്കെ ശ്രമിച്ചു. ബിബി.സി വരെ വാർത്ത ഏറ്റെടുത്തിരുന്നു. അതു തന്നെ വലിയ കാര്യമായിരുന്നല്ലോ.
യുവാക്കൾ ഇടപെട്ട രീതിയാണ് ലോകം ശ്രദ്ധിച്ചത്. മറുനാടൻ മലയാളികൾ സാമ്പത്തികമായും എല്ലാ രീതിയിലും സഹായിച്ചിട്ടുണ്ട്. അതുമാത്രമല്ല പിന്നാമ്പുറത്തിരുന്ന് രക്ഷാപ്രവർത്തനം അടക്കമുള്ള പലകാര്യങ്ങളിലും പ്രവാസികൾ നേതൃത്വം കൊടുത്തു. അത് ലോക ശ്രദ്ധ നേടിയിട്ടില്ല. അത് ഒരു കേസ് സ്റ്റഡി നടത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്.
അബുദാബിയിൽ ഞാൻ രണ്ടുദിവസം ചെലവഴിച്ചിട്ടുണ്ട്. അവിടെ നൂറു ആളുകളാണ് ഒരു ഫ്‌ളാറ്റിൽ ഫുൾടൈം ഇരുന്ന് വരുന്ന മെസേജുകളും ഫേൺകോളുകളും നോക്കി ആളുകൾ എവിടെയുണ്ടെന്ന് കണ്ടുപിടിക്കാൻ സഹായിച്ചത്. സോഷ്യൽ മീഡിയയുടെ കാലത്ത് ഒരാൾ ഒരു ഫേസ്‌ബുക്ക് ലൈവ് ചെയ്താൽ അത് ആയിരങ്ങൾ ഷെയർ ചെയ്യും. അതായത് ചിലപ്പോൾ ഒരാളെ രക്ഷിക്കാനാണ് ഈ ആയിരക്കണക്കിന് കോളുകൾ വരുന്നത്. ഇത് കോഡിനേറ്റ് ചെയത് ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കി ഒറ്റ നമ്പറിലേക്ക് കൊടുത്താൽ വലിയ ഉപകാരമാണ്. അത് പ്രവാസി മലയാളികൾ ചെയ്തു. ആ സമയത്ത് കേരളത്തിൽ ഇന്റർനെറ്റിന്റെയും മറ്റും പ്രശ്‌നം ഉണ്ടായിരുന്നു. മാത്രമല്ല മൊത്തത്തിൽ കേരളത്തിൽ ഭീതിദമായ അവസ്ഥയുമായിരുന്നു. ഇതൊന്നുമില്ലാതെ അൽപ്പം ദൂരെയിരുന്ന് ശാന്തമായി കോ-ഓർഡിനേറ്റ് ചെയ്യാൻ പ്രവാസികൾക്ക് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഇത് സത്യത്തിൽ ശ്രദ്ധിച്ചിട്ടില്ല. അന്താരാഷ്ട്ര സ്റ്റാറ്റർജി ഫോർ ഡിസാസ്റ്റർ മൂവ്മെന്റ് എന്ന സംഘടനയുടെ മീറ്റിങ്ങിൽ ഞാൻ ഇത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ടുവർഷം കൂടുമ്പോഴുണ്ടാകുന്ന ഈ യോഗമാണ് ദുരന്തനിവാരണത്തെ കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ യോഗം. കേരളത്തിലെ നല്ല മാതൃകയും ലോകം അറിയണമല്ലോ.
യു.എൻ സഹായം നമ്മൾ ആവശ്യപ്പെട്ടിരുന്നോ?
യു.എൻ സഹായം ആ സമയത്ത് ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ല. പിന്നീട് ആവശ്യപ്പെട്ടതായി അറിവും ഇല്ല. ലോകത്ത് എവിടെ ദുരന്തമുണ്ടായാലും യുഎൻ ശദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. യുഎന്നിന്റെ ഗ്ലോബൽ അലേർട്ട് സിസ്റ്റം പ്രകാരം ലോകത്തുണ്ടാകുന്ന എല്ലാ പ്രകൃതി ദുരന്തങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിദേശ സഹായം വേണ്ടെന്നുള്ളത് രാജ്യത്തിന്റെ പോളിസിയാണ്. അത് ഇന്നത്തെ ഒരു പോളിസിയല്ല. നമ്മുടെ ദുരന്ത നിവാരണ പോളിസി ഉണ്ടാക്കിയ സമയത്തുതന്നെ രൂപപ്പെട്ടതാണിത്. വിദേശ സഹായം മേടിക്കാറില്ല എന്നതാണ് നമ്മുടെ ഔദ്യോഗിക പോളിസി. പൂർണമായും മേടിക്കില്ല എന്നല്ല. ഓഫർ ഉണ്ടെങ്കിൽ കേസ് ബൈ കേസായി പരിശോധിക്കാം എന്ന ബാലൻസിങ്ങ് ഓഫർ കൂടി അതിലുണ്ട്. ഇത് അന്യായമായ ഒരു കാര്യമല്ല. മറ്റുള്ള രാജ്യങ്ങളിൽ സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. അവർ സ്വീകരിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. നിഷേധിച്ച സാഹചര്യവുമുണ്ടായിട്ടുണ്ട്. അത് രാജ്യത്തിന്റെ നയമല്ലേ.
നമുക്ക് ലോക രാജ്യങ്ങളെ വച്ച് താരതമ്യം ചെയ്താൽ റിസോഴ്സിന് പഞ്ഞമില്ല. കേരളത്തിലേക്ക് ഒരു സമയത്തും അരിയോ തുണിയോ ഒന്നും വരേണ്ട കാര്യമില്ല. നമ്മൾ സഹായം സ്വീകരിക്കാൻ ശ്രമിച്ചാൽ അങ്ങനെ വന്നു എന്ന് വരും. എന്നോടുതന്നെ ഓസ്ട്രലിയയിൽ നിന്നുള്ള ആളുക പറഞ്ഞപ്പോൾ ഞാൻ വേണ്ട എന്നാണ് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ മണ്ടത്തരമാണെന്ന് അന്നേ പറഞ്ഞിട്ടുണ്ട്.
യുഎൻ സഹായം എന്നുപറയുന്നത് അരിയോ തുണിയോ അല്ല. അനുഭവങ്ങൾ കൂടിയാണ്. ഈ അനുഭവങ്ങൾ നമ്മൾ എവിടെ നിന്നും സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. ചൈനയും ജപ്പാനും നമ്മളെക്കാൾ എത്രയോ വികസിച്ച രാജ്യങ്ങളാണ്. പക്ഷേ അവർ യു.എൻ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൂനാമിക്കുശേഷം ജപ്പാൻ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ച് യുഎന്നിനോട് അഭിപ്രായം തേടിയിരുന്നു.
വിദേശ സഹായം നിഷേധിച്ചത് വിവാദമായിരുന്നു?
അനാവശ്യമായിരുന്നു ആ വിവാദം. നമുക്ക് ഭക്ഷണമൊന്നും വേണ്ട. തുണിയോ മരുന്നോ ഒന്നുമല്ല നമുക്ക് ആവശ്യം. പക്ഷേ അനുഭവങ്ങളുടെ ബാങ്കായി പ്രവർത്തിക്കുകയാണെങ്കിൽ മറ്റുരാജ്യങ്ങളിൽ സമാനമായ അനുഭവം ഉണ്ടെങ്കിൽ ആ അനുഭവം നമുക്കും ഉൾക്കൊളാം.
യുഎഇയുടെ സഹായം നമുക്കപ്പോൾ സ്വീകരിക്കാൻ കഴിയുമോ?
ഇത് കേന്ദ്രഗവൺമെന്റുമായി ബന്ധപ്പെട്ട സാങ്കേതികമായ പ്രശ്‌നമാണ്. അതിന്റെ ഡീറ്റേയിൽ അറിയില്ല. പക്ഷേ ഞാൻ പറയുന്നത്, സാമ്പത്തികമായിട്ടല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ ആശയങ്ങൾ ഷെയർ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല എന്നാണ്. അത് ഇനിയാണെങ്കിലും കഴിയും. ദുരന്തത്തിൽനിന്നുള്ള റിക്കവറിയെന്നത് ഒരു നൂറുമീറ്റർ ഓട്ടമല്ല. അതൊരു മാരത്തോൺ ആണ്. ആ അനുഭവങ്ങൾ ഇനിയാണെങ്കിലും നമുക്ക് സ്വീകരിക്കാം.
ദുരിതാശ്വാസത്തിനുവേണ്ടി വൻ തുക മുടക്കി മന്ത്രിമാർ വിദേശത്തേക്ക് പോകേണ്ട കാര്യമുണ്ടോ?
ദുരന്തമുണ്ടായ സമയത്ത് നിരവധി പ്രവാസികളാണ് സഹായിച്ചത്. പണത്തിന്റെ ഒരു ശേഖരമായി മാത്രം അവരെ കാണാൻ ശ്രമിക്കരുത്. അവർക്ക് സഹായിക്കാൻ മനസുള്ളവരാണ്. അവർ ഇനിയും സഹായിക്കും. പക്ഷേ അവർ നോക്കിയിരിക്കുന്നത് എന്താണ് നമ്മുടെ റിക്കവറി പ്ലാൻ എന്നതാണ്. അത് എങ്ങനെയാണ് നാം ചെയ്യുന്നത്, എത്രമാത്രം സുതാര്യമാണ് അതൊക്കെയാണ് അവർ നോക്കുന്നത്. ഞങ്ങൾ നൂറ് ഡോളർ കൊടുത്താൽ ഇവിടെ ആ നൂറ് ഡോളർ കിട്ടുമോ എന്ന ആശങ്കയാണ് അവർക്കുള്ളത്. പോകുന്ന മന്ത്രിമാർ അടക്കമുള്ളവർ അവരുമായി ആശയവിനമയം നടത്തണം. നവ കേരള ആശയവുമായി അവരിലേക്ക് എത്തുമ്പോൾ നമുക്ക് പല കാര്യങ്ങൾ ചെയ്യാൻ സാധിക്കും ഒന്ന്, അവർക്ക് നന്ദി പറയാം രണ്ട്, അവരുടെ ആശയങ്ങൾ സ്വീകരിക്കാം. നമ്മുടെ എല്ലാ ആശയങ്ങളും പറയാം. പോകുന്ന എല്ലായിടത്തും ഏക ദിന സെമിനാർ നടത്താം. നിങ്ങൾ പണം അയച്ചാൽ അത് എങ്ങനെയാണ് ഇവിടെ വിനിയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്താം.
500ഓളം സ്‌കൂളുകളുകളാണ് പ്രളയത്തിൽ തകർന്നത്. അതിന് സർക്കാർ സഹായം മാത്രം സ്വീകരിക്കേണ്ട ആവശ്യമില്ല. പൂർവവിദ്യാർത്ഥികൾ വഴി ഈ പുനർനിർമ്മാണം സാധ്യമാക്കാൻ സാധിക്കും. അതിന് ഈ പണം മുഴുവൻ സർക്കാർ സംവിധാനത്തിലേക്ക് വരേണ്ട കാര്യമില്ല. ആ പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വഴിയുള്ള ഒരു ഗ്രൂപ്പുവഴി പുനർനിർമ്മാണം നടത്തിയാൽ എത്രയോ വേഗത്തിൽ കാര്യങ്ങൾ മുന്നേറും. ഇത്തരത്തിലുള്ള പ്രോജക്റ്റുകളുമായാണ് നാം പ്രവാസികളുടെ അടുത്ത് പോകേണ്ടത്. അല്ലാതെ നമ്മൾ ഓരോരുത്തരും ചെല്ലുമ്പോൾ പ്രവാസികൾ പണവുമായി കാത്തിരിക്കുമെന്ന ധാരണ ശരിയല്ല.
പുനർ നിർമ്മാണത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ ഏന്തെല്ലാം?
പുനർനിർമ്മാണം എന്നത് ഒരു വലിയ അവസരമായിട്ടാണ് ഞാൻ കാണുന്നത്. കേരളത്തിലെ തെറ്റായി ചെയ്ത പല വികസന പ്രവർത്തനങ്ങളേയും ശരിയാക്കാനുള്ള അവസരമാണിത്. അവിടെയാണ് നാം പൊളിറ്റിക്കൽ വിൽപവർ ഉപയോഗിക്കേണ്ടത്. ഉദാഹരണമായി പറഞ്ഞാൽ, പുഴയുടെ തീരത്ത് വീടുവെക്കുക എന്നത് നമ്മുടെ അഭിമാനമായി മാറിയിരിക്കയാണ്. ഇത് അടുത്തകാലത്തുണ്ടായ ഒരു അഭിമാനബോധം മാത്രമാണ്. കാരണം സാംസ്കാരികമായി നാം പുഴയുടെ തീരത്ത് താമസിക്കുന്നവരല്ല. തൊഴിൽ സംബന്ധമായിട്ടോ ഒന്നും തന്നെയല്ല നമ്മൾ പുഴയുടെ തീരത്ത് താമസിക്കുന്നത്. കടൽ തീരത്ത് മത്സ്യത്തൊഴിലാളികൾ താമസിക്കുന്നു എന്നതുപോലല്ല ഇത്. ഇപ്പോൾ പുഴയുടെ തീരത്ത് താമസിക്കുന്നവർ പുഴകൊണ്ട് ജീവിക്കുന്നവരല്ല. ഇവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയ സമയമാണിത്.
മല മുകളിൽ വീട് വക്കുമ്പോൾ ഇടനാട്ടിൽ വെക്കുന്ന അതേ വീടുകളാണോ നിർമ്മിക്കേണ്ടത്. ഇടനാട്ടിൽ റോഡു ഉണ്ടാക്കുന്ന അതേ രീതിയിലാണോ മലമുകളിലും റോഡ് ഉണ്ടാക്കേണ്ടത്. ഈ ചോദ്യങ്ങളൊക്കെ ചോദിക്കാൻ പറ്റിയ സമയമാണ് ഇപ്പോൾ. അത്തരം ഒരു പഠനങ്ങളോ സംവിധാങ്ങളോ ഒന്നും നമുക്ക് ഇപ്പോൾ ഇല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഇത് നവകേരളം ആവുകയുള്ളൂ.
ഈ കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടോ?
തീർച്ചയായും. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നവകേരളം എന്നത് പഴയ കേരളത്തിന്റെ പുനർ നിർമ്മാണമല്ല, സുരക്ഷിതമായ പുതിയൊരു കേരളമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിൽ പത്ത് ലക്ഷം വീടുകൾ ഇപ്പോഴും വെറുതെ കിടക്കുന്നു എന്നാണ് കണക്ക്. എത് ഗ്രാമത്തിൽ പോയാലും ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഉണ്ട്. കണക്കുകൾ പ്രകാരം പത്തൊമ്പതിനായിരം വീടുകൾ പ്രളയത്തിൽ തകർന്നെന്ന് പറയുന്നത്. നാളെ തന്നെ ഈ വീടുകൾ മൊത്തം ഉണ്ടാക്കേണ്ട കാര്യമില്ല. പലതരത്തിലുള്ള സാധ്യതകളുമുണ്ട്. വാസ്തവത്തിൽ ഈ പത്തുലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ അവ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണിത്. കൊച്ചിയിൽ തന്നെ നിരവധി ഫ്ളാറ്റുകളാണ് താമസമില്ലാതെ കിടക്കുന്നത്. പ്രളയകാലത്ത് മാത്രമല്ല അല്ലാത്തപ്പോഴും, ഇത്രയും വീടുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ നാം എന്തിനാണ് പുതിയ ഫ്‌ളാറ്റുകൾ വാങ്ങുന്നത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. കൊച്ചി കാക്കനാട്ടുള്ള അപ്പാർട്ടുമെന്റുകളിലൊക്കെ രാത്രി പോയിക്കഴിഞ്ഞാൽ ശരാശരി പത്തുശതമാനത്തിൽ മാത്രമേ വെളിച്ചമുള്ളൂ എന്ന് കാണാം.
ഇത് സർക്കാരിന് ഇതിൽ എന്ത് ചെയ്യാൻ കഴിയും. വാടകക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുമോ?
ഇത്തരം വീടുകൾ സർക്കാർ ഏറ്റെടുത്ത് വാടക കൊടുക്കണം എന്നത് ഒരു സാധ്യതയാണ്. പക്ഷേ എന്റെ ആശയം, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ഒരു സ്‌ക്വയർ ഫീറ്റിന് അഞ്ച്
രൂപയെങ്കിലും നികുതിയായി സർക്കാറിന് നൽകണം എന്നതാണ്. ഇപ്പോൾ തന്നെ നാം മെയിന്റനൻസ് ചാർജായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിനും പണം കൊടുക്കുന്നുണ്ട്. എറാണാകുളത്ത് 1000 സ്‌ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റ് മൂവായിരം രൂപയോളം അസോസിയേഷന് നൽകുന്നുണ്ട്. എന്നാൽ ഒരു മൂവായിരം രൂപ കൂടി സർക്കാരിന് നൽകാൻ കഴിയട്ടേ എന്നതാണ് ഞാൻ ആവശ്യപ്പെടുന്നത്. ആ കിട്ടുന്ന പണം കൊണ്ട് നമുക്ക് പലതും ചെയ്യാൻ പറ്റും. ആ തരത്തിൽ ചെയ്തുകഴിഞ്ഞാൽ ഫ്‌ളാറ്റുകൾ ഒഴിച്ചിടുന്നതും ചെലവേറിയ കാര്യമാവും. അപ്പോൾ വിലയും വാടകയും കുറയും. ഈ സാഹചര്യത്തിൽ ആരും ഇൻവെസ്റ്റ്മെന്റിനായി ഫ്ളാറ്റുകൾ വാങ്ങുന്നത് നിൽക്കും. യഥാർഥത്തിൽ വീട് ആവശ്യമുള്ളവർക്ക് ഉപയോഗിക്കാനും കഴിയും. അങ്ങനെ ഒരു പോളിസി ചട്ടക്കൂട് രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള അസരമായിട്ടും നമുക്ക് ഇതിനെ മാറ്റിയെടുക്കാം.
മുഖ്യമന്ത്രിയുടെ നിലപാട് എന്താണ് പുനർനിർമ്മാണ കാര്യത്തിൽ? മുഖ്യമന്ത്രി മുരളിച്ചേട്ടനെ വിളിച്ചിരുന്നോ?
മുഖ്യമന്ത്രിക്ക് എന്തും കേൾക്കാനുള്ള മനസുണ്ട്. കുട്ടനാട് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ എറ്റവും വലിയ ഗുണം നമ്മൾ പറയുന്നത് ശ്രദ്ധിക്കും എന്നതാണ്. വളരെ ശ്രദ്ധയോടെയാണ് കേൾക്കുക. അദ്ദേഹം ചോദ്യങ്ങൾ ചോദിക്കും. അദ്ദേഹത്തിന് ഒരു കാര്യം ബോധ്യപ്പെട്ടാൽ അത് ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട്. പറഞ്ഞ പലകാര്യങ്ങളും ഫോളോ അപ്പ് ചെയ്യുന്നതിൽ ശ്രദ്ധാലുവാണ് അദ്ദേഹം. അതുകൊണ്ടുതന്നെ പുതിയൊരു ആശയവുമായി അദ്ദേഹത്തിന്റെ അടുത്തുചെല്ലാൻ താൽപ്പര്യവും ഉണ്ട്.
മുഖ്യമന്ത്രി മാത്രമല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്. അതിനുള്ള പൊളിറ്റിക്കൽ സ്‌പേസ് കൂടി ശരിയായാൽ മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പാവൂ. ഉദാഹരണമായി നദിയുടെ തീരത്ത് വീട് വെക്കരുത് എന്നകാര്യം മുഖ്യമന്ത്രിക്ക് മാത്രമായി എടുക്കാൻ കഴിയില്ല. അതിനുള്ള സോഷ്യൽ അറ്റ്മോസ്ഫിയർ കൂടി അനുകൂലമാകണം.
മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള റേറ്റിങ്ങ് എങ്ങനെയാണ്? മുഖ്യമന്ത്രി മിടുക്കനാണ് എന്നാണോ വിശ്വസിക്കുന്നത്.
ഞാൻ ദുരന്തകാലത്തെ നേതൃത്വം എന്ന രീതിയിൽ ലേഖനം എഴുതിയിരുന്നു. വളരെ നന്നായിട്ടാണ് ദുരന്തത്തിനുശേഷമുള്ള സാഹചര്യത്തെ മുഖ്യമന്ത്രി നേരിട്ടത്.
പക്ഷേ അണക്കെട്ട് തുറക്കാൻ വൈകി എന്നതൊക്കെ സർക്കാർ വരുത്തിവെച്ച ദുരന്തമല്ലേ?
ഇതൊരു ലളിതവത്ക്കരണമാണ്. എന്നോട് പലരും ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ അത് വിശദമായി പഠിച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കാൻ വൈകി എന്നൊക്കെ പറയുന്നത് ചിലരുടെ ആശങ്കയാണ്. കേരളത്തിലെ 44 നദികളിലും അണക്കെട്ടുകളില്ല. അണകളില്ലാത്ത നദികളിലും പ്രളയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അണക്കെട്ട് തുറന്നില്ലായിരുന്നെങ്കിൽ അപകടം ഉണ്ടാവില്ല എന്ന് പറയുന്നതിൽ കഥയില്ല. കേരളത്തിൽ 60 ഡാമുകളാണുള്ളത്. ഇതിൽ പലതും ചെറിയ റിസർവോയറുകളാണ്. കേരളത്തിൽ നൂറ് വർഷത്തിൽ വച്ച് ഏറ്റവും മികച്ച മഴയാണ് ലഭിച്ചിരുന്നത്. സെൻട്രൽ വാട്ടർ കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ദിവസം പെയ്തിറങ്ങിയ ജലം പോലും നിലനിർത്താനുള്ള കപ്പാസിറ്റി പല ഡാമുകൾക്കുമില്ല. റിസർവോയർ നൂറുശതമാനം ശൂന്യമാണെങ്കിലും ഇങ്ങനെ സംഭവിക്കുമായിരുന്നു.
ഈ പറഞ്ഞ ആശങ്ക നിലനിൽക്കുന്നത് പെരിയാറിന്റെ കാര്യത്തിൽ മാത്രമാണ്. അവിടെ നമ്മൾ തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്. ആ റിസർവേയാർ മാനേജ്‌മെന്റിൽ കൂടുതൽ ശ്രദ്ധവേണമായിരുന്നു. അത് ഈ ഒരു ഗവൺമെന്റിന്റെ മാത്രം പ്രശ്‌നമല്ല. ഇടുക്കി അണക്കെട്ടിന്റെ തൊട്ടുതാഴെയായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് തീർച്ചയായും ശരിയായ കാര്യമല്ലല്ലോ. ഇനി അവിടെ ഒന്നും നടത്താൻ അനുവദിക്കരുത്. ഇടുക്കി അണക്കെട്ടിന് തൊട്ടുതാഴെ നദി ഒഴുകുന്നത് 25 വർഷത്തേക്ക് നിന്നു. അപ്പോൾ അവിടുത്തെ ഒരാളെ സംബന്ധിച്ച് ഈ സ്ഥലം വെറുതെ കിടക്കയാണ്. നദിയുടെ നടുക്കുതന്നെയാണ് അവിടെ പല കൃഷികളും ഉണ്ടായിരുന്നത്. ഇതൊക്കെ സർക്കാരിന് ഇടപെട്ട് മാറ്റാൻ സാധിക്കും.
ഒരുപാട് യാത്രചെയ്ത വ്യക്തിയാണ്. ഒരുപാട് ദുരന്തങ്ങൾ കണ്ടു. ഇതിൽനിന്ന് ഇവിടെ പെട്ടെന്ന് നടപ്പിലാക്കേണ്ട ആശയങ്ങളുണ്ടോ?
പോസ്റ്റ് ഡിസാസ്റ്റർ റിക്കവറി എന്നത് ഒരു സമയദൈർഘ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ടത്. ജപ്പാനിൽ ചൈനയിലും മൂന്ന് വർഷങ്ങൾക്ക് മുകളിലെടുത്തു ഇത് നടപ്പിലാക്കാൻ. നമ്മുടേക്കാൾ എത്രയോ വലിയ ദുരന്തമാണ് അവിടെ ഉണ്ടായത്. നിലവിലുള്ള സംവിധാനത്തിലൂടെ കടത്തിവിടാതെ പുതുതായി ഒരു ഏജൻസി പുനർ നിർമ്മാണത്തിനായി ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം. അതിനായി മറ്റൊരു മന്ത്രിയല്ല വേണ്ടത്. കൊച്ചി മെട്രോ പോലെ സിയാൽ പോലെ വളരെ വേഗത്തിൽ തീരുമാനം എടുക്കാനും നടപ്പിലാക്കാനും കഴിയുന്ന ഒരു ഏജൻസി ഇത് ഫലപ്രദമായി നടപ്പിലേക്കണ്ടതാണ്. അപ്പോൾ അവർക്ക് സമയബന്ധിതമായി ഇത് ചെയ്യാനും കഴിയും. വ്യക്തിപരമായ ഒരു ചിന്തയല്ല. ഇത് ലോകത്തിന്റെ പല ഭാഗത്തും കണ്ടിട്ടുള്ളതാണ്.
നൂറിലേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടല്ലോ അവിടുത്തെ മലയാളി കൂട്ടായ്മയിൽ കണ്ടിട്ടുള്ള വ്യത്യസ്തതകൾ എന്തെല്ലാമായിരുന്നു?
നവമാധ്യമങ്ങൾ വലിയമാറ്റമാണ് ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെ നമുക്ക് വ്യാപകമായി ബന്ധങ്ങൾ കിട്ടുകയാണ്. എന്റെ വായനക്കാരിൽ കൂടുതലും 25നും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. ഇത്തരം ആശയങ്ങളോട വലിയ പ്രതികരണമാണ് അവർ നടത്താണ്. പല വിദേശരാജ്യങ്ങളിലും പോവുമ്പോൾ മലയാളികൾ പങ്കുവെക്കുന്ന ആശയം അമ്പരിപ്പിക്കുന്നതാണ്. പുതിയ തലമുറ വളരെ ബോൾഡാണ്. അവർക്ക് എല്ലാത്തിനേയും ഒരുപേലെ ഉൾക്കൊള്ളാൻ സാധിക്കും.
ഇന്ത്യയിൽ വർക്ക് ചെയ്യുന്നതും വിദേശത്ത് വർക്ക് ചെയ്യുന്നതും ഇവർക്ക് ഏതാണ്ട് ഒരുപോലെയാണ്. ഇവർക്ക് കേരളത്തേക്കുറിച്ചുള്ള താൽപര്യം എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്. പക്ഷേ ഇത്രമാത്രം ആശയങ്ങൾ ഉള്ള ആളുകൾ ആയിട്ടും അവർക്ക് കേരളത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല. നമ്മുടെ സംവിധാനങ്ങളുമായി അത് കണക്റ്റ് ചെയ്യാൻ പറ്റുന്നില്ല. അവരുടെ ആഗ്രഹങ്ങളുമായും ചിന്തകളുമായും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഒരു ബന്ധവുമില്ല. ഇതാണ് ഒരു പ്രധാന പ്രശ്‌നം. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും കേരളം ഒരു ചെറിയ സംസ്ഥാനമാണെന്നും നമ്മൾ ഒരു താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പാണെന്നും കരുതുന്നു. അങ്ങനെയല്ല. കേരളം എന്നു പറയുന്നത് വളരെ സാധ്യതകളുള്ള സ്ഥലമാണ് എന്ന് എനിക്കറിയാം. ചിന്തിക്കുന്ന ഈ ചെറുപ്പക്കാർക്കും അറിയാം. അതിനുവേണ്ടിയുള്ള ആശയങ്ങൾ തരാനും അവർ തയാറാണ്. അതിനെ എങ്ങനെയാണ് നമ്മുടെ ലീഡർഷിപ്പുമായി കണക്റ്റ് ചെയ്യുക എന്നതാണ് എന്റെ ചിന്ത. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ശബരിമല യുവതി പ്രവേശന വിഷയത്തിലെ അഭിപ്രായം എന്താണ്?
എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണിത്. ശബരിമലയിൽ സുപ്രീംകോടതി നടത്തിയ വിധി പുരോഗമനപരമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ശബരിമലയിൽ മത്രമല്ല മറ്റ് ഏത് സ്ഥലങ്ങളിലാണെങ്കിലും പ്രായത്തിന്റെയോ, വർണ്ണത്തിന്റെയോ, ലിംഗത്തിന്റെയോ പേരിൽ വിവേചനം വരുന്നതിനോട് യാതൊരു യോജിപ്പുമില്ല. അതേസമയം ഞാൻ എന്റെ ചുറ്റുമുള്ളവരോട് സംസാരിക്കുമ്പോൾ, പത്തറുപത് വയസ്സ് പ്രായമുള്ള അമ്പലത്തിൽ പോകുന്നവർ മാത്രമല്ല പി.എച്ച്.ഡി യോഗ്യതയുള്ളവരും ചെറുപ്പക്കാരും പോലും ഇതിന് എതിരാണ്. വളരെ പുരോഗമനപരമായ ഒരു കാര്യത്തിന് ഇവർ എന്തിന് എതിരുനിൽക്കുന്നുവെന്നത് എന്നെ ശരിക്കും കുഴയ്ക്കുന്നുണ്ട്.
പക്ഷേ ചെറുപ്പക്കാരികളുടെ നിലപാടാണ് എന്നെ ശരിക്കും ആശങ്കപ്പെടുത്തുന്നത്. ജാഥ ഒക്കെ നടക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുന്ന കാര്യം യുവതികളുടെ സാന്നിധ്യമാണ്. അത്ര വലിയ ശതമാനം ഇല്ലെങ്കിലും അവരും അതിൽ ഉണ്ട്. ഏത് ചിന്താപദ്ധതിയിലൂടെ കടന്നുപോയാണ് ശബരിമലയിലെ വിധിയെ അവർ എതിർക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. അവരുടെ ചിന്ത തെറ്റാണെന്നുതന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. പക്ഷേ എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത് അതല്ല. ഈ നവകേരളം എന്ന നാം പറയുന്നു. 21ാം നൂറ്റാണ്ടിലെ കേരളം എന്ന് പറയുന്നു. അഭിമാനത്തോടെ ലോകത്തിന്റെ പല ഭാഗത്തുംപോയി ഞാൻ കേരളത്തെകുറിച്ച് പറയുന്നു. ഇങ്ങനെ പറയുന്ന സമയത്തുതന്നെയാണ് ബിബിസിയിൽ വാർത്ത വരുന്നത്.
കേരളത്തിലെ അനവധി സ്ത്രീകൾ തെരുവിലിറങ്ങിയിരിക്കുന്നു. എന്താണ് അവരുടെ പ്രശ്‌നമെന്ന് ഒരു വിദേശിക്ക് ഞാൻ എങ്ങനെ വിശദീകരിച്ച് കൊടുക്കും. ഇങ്ങനെയൊരു ക്ഷേത്രമുണ്ടെന്നും വിവേചനമുണ്ടെന്നുമൊക്കെ പറഞ്ഞുകൊടുക്കുമ്പോൾ ഇത് ഏത് നവകേരളമാണെന്ന ചോദ്യമാണ് ഉയരുക. 21ാം നൂറ്റാണ്ടിലെ കേരളത്തിൽ നമ്മൾ സംവദിക്കേണ്ട വിഷയം തന്നെയാണോ ഇത്.
ഇക്കാലത്തെ നമ്മുടെ യുവാക്കളുടെ പ്രശ്‌നങ്ങൾ ലിസ്റ്റ് ചെയ്താൽ
അതിൽ ആദ്യത്തെ നൂറിൽപോലും ശബരിമലയൊന്നും പെടില്ല. എന്നാൽ പോലും അതിനുവേണ്ടിയാണ് അവർ തെരുവിൽ ഇറങ്ങുന്നത്. ഞാൻ എത്രയോ കാലമായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പറയുന്നു. നാളെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നമുക്ക് ഒരു ജാഥ നടത്താം എന്ന് പറഞ്ഞാൽ ഈ യുവാക്കളിൽ എത്ര പേരെ കിട്ടും. ഒരാളുപോലും ഉണ്ടാവില്ല.
ഞാൻ ഒരിക്കൽ ജനീവയിൽ ഒരു പത്തു പതിനായിരം സ്ത്രീകൾ അവിടെ പ്ലക്കാർഡുമായി സംഘടിച്ചത് കണ്ടു. സാധാരണ ജനീവയിൽ അത്ര വലിയ പ്രകടനങ്ങൾ ഒന്നും ഉണ്ടാവാറില്ല. പ്രകടനക്കാരിൽ കൂടതലും യുവതികളായിരുന്നു. അവർ ഫ്രഞ്ചിൽ പ്ലക്കാർഡുകളിൽ എന്തൊക്കെയോ എഴുതിയിട്ടുമുണ്ട്. ഞാൻ അവിടെ ലഘുലേഖ വിതരണംചെയ്യുന്ന ഒരു യുവതിയുടെ അടുത്തെത്തി എന്താണ് അവിടെ നടക്കുന്നതതെന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ആർത്തവ സമയത്തുള്ള അതിവേദനക്ക് പരിഹാരം തേടിയാണ് അവർ എത്തിയതെന്നാണ്. ഇതിനുള്ള ചികിൽസ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇതിന് സ്‌പെഷ്യലിസ്റ്റുകളുമുണ്ട്. പക്ഷേ ജനീവയിൽ അത്തരം ഡോക്ടർമാർ രണ്ടോ മൂന്നോ മാത്രമേയുള്ളൂ. ഈ വിഷയത്തിൽ കൂടുതൽ ഡോക്ടർമാരെ പരിശീലിപ്പിക്കണം. ഇതിനായി സമൂഹത്തിൽ കൂടുതൽ ബോധവത്ക്കരണം നടത്തണം. ആ വിഷയത്തിൽ ഗവേഷണം നടത്താൻ സർക്കാർ കൂടുതൽ ഫണ്ട് കണ്ടെത്തണം. ഇതിനുവേണ്ടിയാണ് അവർ തെരുവിലിറങ്ങിയത്. അവിടെയുള്ള സ്ത്രീകൾക്കുള്ള അതേ വിഷമം കേരളത്തിലുള്ള സ്ത്രീകൾക്കും ഉണ്ടാവേണ്ടതാണ്. ക്ഷേത്രവും ആർത്തവും എന്ന വിഷയത്തിലൊക്കെ നമുക്ക് ആളെ കിട്ടും. അതേസമയം യഥാർഥത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനുവേണ്ടി പുറത്തിറങ്ങാൻ നമുക്ക് ആളുകൾ ഉണ്ടാവില്ല. ഈ തരത്തിൽ ആണെല്ലോ നമ്മുടെ മുൻഗണനകൾ കിടക്കുന്നത് എന്നുള്ളതും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
ശബരിമല യിൽ സ്ത്രീകൾ കയറണമോ വേണ്ടയോ?
തീർച്ചയായും കയറണം. ക്ഷേത്രത്തിൽ മാത്രമല്ല കള്ള് ഷാപ്പിലാണെങ്കിലും യുവതികൾ കയറണം എന്നുള്ളതാണ് എന്റെ അഭിപ്രായം. ആ നിലപാടിലൊന്നും എനിക്ക് യാതൊരു കൺഫ്യൂഷനുമില്ല.
( അവസാനിച്ചു)