തിരുവനന്തപുരം: മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരുപേരാണ് മുരളി തുമ്മാരുകുടി. സ്‌നേഹപൂർവം ആളുകൾ അദ്ദേഹത്തെ ദുരന്തേട്ടൻ എന്ന് വിളിക്കുന്നു. എന്നാൽ, ഇനി ആ പേര് മാറ്റി വിളിക്കേണ്ടി വരും എന്നാണ് ആരാധകർ പറയുന്നത്. കാരണം 20 വർഷമായി

ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം അദ്ദേഹം പുതിയ പദവി ഏറ്റെടുക്കുകയാണ്.ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്. പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്.

'2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങൾ തുടങ്ങിവെക്കുന്ന വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യൺ ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ സാധിക്കുന്നതെന്നാണ് കണക്കുകൾ.'-തുമ്മാരുകുടി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

പോസ്റ്റ് വന്നതോടെ ആശംസകളുടെ പ്രവാഹമാണ്. 'പരിതാപകരമായ പരിസ്ഥിതി ഇനിയൊരു ദുരന്തമാവാതെ നോക്കേണ്ടത് ദുരന്തേട്ടൻ...ഭാവുകങ്ങൾ.' 'ട്രോളന്മാർക്ക് ദുരന്തേട്ടൻ എന്ന പേര് മാറ്റേണ്ടി വരും.'-ഇങ്ങനെ പോകുന്നു അഭിനന്ദനങ്ങൾ. കെ-റെയിലിനെ അനുകൂലിക്കുന്ന തുമ്മാരുകുടി ആ നിലപാട് ഇനിയും മാറ്റുമോ എന്നും ചിലർ കുസൃതി ചോദ്യം ചോദിക്കുന്നുണ്ട്.

പുതിയ നിയമനം അറിയിച്ച് കൊണ്ടുള്ള തുമ്മാരുകുടിയുടെ പോസ്റ്റ് വായിക്കാം:

സുഹൃത്തേ,

ഏകദേശം ഇരുപത് വർഷം ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം ഞാൻ അടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്. മാറ്റം സ്ഥലത്തിൽ മാത്രമല്ല തൊഴിലിന്റെ സ്വഭാവത്തിലും ഉണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്.

2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങൾ തുടങ്ങിവെക്കുന്ന വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യൺ ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ സാധിക്കുന്നതെന്നാണ് കണക്കുകൾ.

കാലാവസ്ഥ വ്യതിയാനം തടയുന്നതിലും ദുരന്തങ്ങൾ ഒഴിവാക്കുന്നതിലും സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും ഏറെ പങ്കുണ്ടെന്ന് ലോകം മസ്സിലാക്കി വരുന്ന കാലഘട്ടത്തിലാണ് മനുഷ്യ ചരിത്രത്തിൽ ഇന്ന് വരെ ശ്രമിച്ചിട്ടില്ലാത്തത്രയും വ്യാപ്തിയിലുള്ള ഈ പദ്ധതി വരുന്നത്. അതുകൊണ്ട് തന്നെ അതിന് നേതൃത്വം നല്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. മരുഭൂമിവൽക്കരണം തടയാനായിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കൺവെഷൻ ആസ്ഥാനത്താണ് ഓഫീസ്. ഏപ്രിൽ പതിനൊന്നാം തിയതി പുതിയ സ്ഥാനമേറ്റെടുക്കും.

വെങ്ങോലക്കാരൻ യുഎന്നിൽ എത്തിയത് എങ്ങനെ?

1964 ൽ, വെങ്ങോലയിലാണ് മുരളി തുമ്മാരുകുടി ജനിച്ചത്. കൂടെക്കൂടെ വെങ്ങോലക്കാരുടെ കഥകളും, സവിശേഷതകളും പോസ്റ്റാറുണ്ട്. ഐ ഐ ടി കാണ്പൂരിൽ നിന്നും പി എച് ഡി ബിരുദം. ഇപ്പോൾ ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവൻ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മിക്ക യുദ്ധ, ദുരന്ത സ്ഥലങ്ങളിലും ജോലി ചെയ്തു. കേരളത്തിൽ ആദ്യമായി സുരക്ഷയെപ്പറ്റി ഉള്ള ഒരു പുസ്തകം പബ്ലിഷ് ചെയ്തതും തുമ്മാരുകുടിയാണ്.

മറുനാടൻ മലയാളിക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ തന്റെ കഥ തുമ്മാരുകുടി വിശദമായി പറഞ്ഞു.

'ഞാൻ കേരളത്തിൽ നിന്നും 86 ലാണ് എഞ്ചിനീയറിങ് പഠിക്കാൻ പുറത്ത് പോയത്. തുടർന്ന് 95ലാണ് ഇന്ത്യക്ക് വെളിയിലേക്ക് പോവുന്നത്. ഷെൽ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തത്. പഠിക്കുന്ന കാലത്തെന്നും ഞാൻ ദുരന്തങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഞാൻ പോയ രാജ്യങ്ങളിലൊക്കെ ദുരന്തങ്ങൾ ഉണ്ടായി. അങ്ങനെ അത് കൈകാര്യം ചെയ്യേണ്ടിവന്നു. അങ്ങനെ സ്വാഭാവികമായാണ് ഞാൻ ദുരന്ത നിവാരണ രംഗത്ത് എത്തുന്നത്. അല്ലാതെ ഈ മേഖല ആഗ്രഹിച്ച് തെരഞ്ഞെടുത്തതല്ല. 1997ലാണ് സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ കാട്ടുതീയും അതോട് അനുബന്ധിച്ച വായുമലിനീകരണവും അഭിമുഖീകരിച്ചത്. ഇന്തോനേഷ്യയിലാണ് ആ ദുരന്തം. പിന്നീട് ബ്രൂണോയിലും ഇത് സംഭവിച്ചു. അപ്രതീക്ഷിതമായിട്ടാണ് ഞാൻ ഇവിടെയെത്തിയത്. അപ്പോൾ എനിക്ക് ഹാൻഡിൽ ചെയ്യാതെ പറ്റില്ല. ഇങ്ങനെ ദുരന്തങ്ങളിൽ പോയി പെട്ടതോടെയാണ് ദുരന്തനിവാരണത്തിലേക്ക് ഞാനെത്തിയത്. 'ദുരന്തനായി' മാറിയതാണ്്.

അതിന് ശേഷം 2003ൽ ഇറാഖിലെ രണ്ടാം യുദ്ധകാലത്ത് എണ്ണടാങ്കുകൾക്ക് സദ്ദാം തീയിടുമെന്ന സുരക്ഷാ മുന്നറിയിപ്പുവന്നു. അപ്പോഴാണ് ഇതിനെ നേരിടുന്ന വിദഗ്ദ്ധർക്കായി യുഎൻ മുന്നോട്ടു വന്നത്. ഇറാഖിലെ ഒന്നാമത്തെ യുദ്ധകാലത്ത് എണ്ണക്കിണറുകൾക്ക് സദ്ദാം തീവെച്ചിരുന്നു. ഇപ്പോഴും സമാനമായ അവസ്ഥ ഉണ്ടാകുമെന്ന് യുഎൻ മുന്നിൽ കണ്ടു. അപ്പോൾ അതിനെ പ്രതിരോധിക്കാൻ അറിവുള്ള ആളുകളെ ഫാസ്റ്റ് ട്രാക്കായി റിക്രൂട്ട് ചെയ്തപ്പോളാണ് ഞാൻ യുഎൻ ദുരന്തനിവാരണ സമിതിയിലേക്ക് എത്തുന്നത്. ദുരന്ത നിവാരണത്തിലെ പരിശീലനം കൊണ്ടും ഓയിൽ കൺട്രോളിലെ പരിചയം കൊണ്ടുമാണ് എനിക്ക് സമിതിയിൽ കയറാൻ കഴിഞ്ഞത്. ഭാഗ്യവശാൽ അന്ന് സദ്ദാം എണ്ണക്കിണറുകൾക്ക് തീവെച്ചില്ല. കാരണം അത് അദ്ദേഹത്തിന്റെ എണ്ണക്കിണറായിരുന്നു. മറ്റേത് കുവൈത്തിന്റെ എണ്ണക്കിണറായിരുന്നല്ലോ.

അതിനുശേഷം ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങളും യുദ്ധങ്ങളും ലോകത്ത് ഉണ്ടായി. 2005ൽ ഗസ്സയിൽ നിന്നും ഇസ്രയേലിന്റെ പിന്മാറ്റം. 2006ൽ ലബനനിലുണ്ടായ യുദ്ധം, 2007ൽ ചൈനയിലുണ്ടായ കൊടുങ്കാറ്റ്, 2008ൽ മ്യാന്മാറിലുണ്ടായ കൊടുങ്കാറ്റ്, അങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ വന്നുപെട്ടതോടെ, ഈ ലോകത്തുണ്ടാവുന്ന എല്ലാ യുദ്ധങ്ങളിലും ദുരന്തങ്ങളിലും എത്തിപ്പെടുന്ന ഒരു ജോലി എന്ന നിലയിൽ എന്റെ ജോലി മാറുകയായിരുന്നു.'

ഇതുവരെ ചെയ്ത ജോലി

'രണ്ടുതരം ജോലികളുണ്ട്. എറ്റവും വേഗത്തിൽ ദുരന്തമുണ്ടായ രാജ്യത്ത് എത്തിപ്പറ്റി ആ ദുരന്തത്തിന്റെ സ്‌കെയിൽ ലോകത്തെ അറിയിക്കുക. നമ്മൾ ഒരു ഗ്രാമത്തിൽ ഇരിക്കുമ്പോൾ നമുക്കത് വലിയ ദുരന്തമായി തോന്നും. പക്ഷേ ലോകത്തെ സംബന്ധിച്ച് അങ്ങനെ ആകണമെന്നില്ല. എത്ര വലിയ ദുരന്തമാണെന്ന് ലോകം അറിഞ്ഞാൽ മാത്രമേ ലോകത്തിൽ നിന്ന് സഹായം ആ രാജ്യങ്ങളിലേക്ക് എത്തുകയുള്ളൂ. യു.എൻ സംഘം അവിടെയെത്തിയ ശേഷമാണ് ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നത്. രാജ്യങ്ങൾ അഭ്യർത്ഥന നടത്തുന്നതനുസരിച്ചാണ് ദുരന്ത സ്ഥലത്തേക്ക് എത്തുന്നത്. സർക്കാർ ക്ഷണിക്കണമെന്നത് യുഎൻ സഹായത്തിന്റെ പ്രത്യേകതയാണ്. കേന്ദ്രഗവൺമെന്റ് ക്ഷണിച്ചാലേ യുഎന്നിന് അവിടെ പോകാനുള്ള അധികാരം ഉള്ളൂ. അങ്ങനെ ചെയ്തുകഴിഞ്ഞാൽ അത് നൂറുശതമാനം സൗജന്യമാണ്.

ജനീവ ആസ്ഥാനമായി ഇതിന് സംഘമുണ്ട്. പക്ഷേ ഇവരെല്ലാം ജനീവയിലല്ല ജോലിചെയ്യുന്നത്. ലോകത്തിന്റെ പല സ്ഥലങ്ങളിൽ പല ജോലി ചെയ്യുന്ന ആളുകളാണ് ഇതിലുള്ളത്. ഒരു ദുരന്തുണ്ടായിക്കഴിഞ്ഞാൽ ആറു മണിക്കൂറിനകം പുറപ്പെടാനായി റിപ്പോർട്ട് ചെയ്യേണ്ടി വരും. ഇപ്പോൾ തിരുവനന്തപുരത്താണ് ഞാൻ നിൽക്കുന്നതെങ്കിൽ ആറു മണിക്കൂറിനുള്ളിൽ അവിടെയത്താനുള്ള സംവിധാനം ഒരുക്കിത്തരും. ഇപ്പോൾ ചിലിയിൽ ഒരു ദുരന്തമുണ്ടായി എന്നുവെക്കുക. അഞ്ചുമിനുട്ടുകൊണ്ടുതന്നെ ഞാൻ അവിടേക്ക് പോകാൻ തയ്യാറാണെന്ന് ജനീവയെ അറിയിക്കുന്നു. പിന്നെ അവരാണ് കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്. യുഎൻ പാസ്പോർട്ട് ഉള്ളതുകൊണ്ട് വിസ ഒരു പ്രശ്നമല്ലാതെ ലോകത്ത് എവിടെയും പോകാം.'

ജോലിയുടെ സ്വഭാവം മാറുന്നു

പ്രളയം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും എല്ലാം മുന്നറിയിപ്പുകളും, നിർദ്ദേശങ്ങളുമായി ബ്ലോഗുകളിലും, ലേഖനങ്ങളിലും പോസ്റ്റുകളിലും നിറഞ്ഞ തുമ്മാരുകുടിയുടെ ജോലിയുടെ സ്വഭാവം ഇനി മാറുകയാണ്. പരിസ്ഥിതി വിഷയത്തിലെ പോസ്റ്റുകൾ ആവും ഇനി കൂടുതൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കാം.

നാഴികക്കല്ലുകൾ

1964 ജനനം

1986 കോതമംഗലം എം .എ . കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം

1988 ഐ. ഐ. ടി. കാൺപൂരിൽ നിന്നും എൻവിറോൺമെന്റൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം .

1988 - 89 നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാഗ്പൂരിൽ ഗവേഷകനായി സേവനം.

1993 ഐ. ഐ. ടി. കാൺപൂരിൽ നിന്നും പി എച്ച് ഡി.

1993 ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസേർച്ച് സേവനം .

1995 ബ്രൂണെ ഷെൽ പെട്രോളിയം കമ്പനിയിൽ എൻവിറോൺമെന്റൽ സ്റ്റഡീസിന്റെ തലവനായി സേവനം.

1999 പെട്രോളിയം ഡവലപ്‌മെന്റ് ഒമാനിൽ കോർപറേറ്റ് എൻവിറോൺമെന്റൽ അഡൈ്വസർ ആയി സേവനം .

2003 ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ചേർന്നു.

2009 ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആയി നിയമിക്കപ്പെട്ടു.

2022-ജി-20 പരിസ്ഥിതി പുനഃസ്ഥാപന-സംരക്ഷണ പദ്ധതി ഏകോപന ഓഫീസ് ഡയറക്ടർ