അഭിമാനത്തിന്റെ നിമിഷം

ന്യൂസിലാണ്ടിലെ പുതിയ മന്ത്രിസഭയിൽ മലയാളിയായ ഒരു വനിതാ മന്ത്രി ഉണ്ടെന്നതും അവർ അവിടെ മലയാളം സംസാരിച്ചു എന്നതും ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. പ്രിയങ്ക രാധാകൃഷ്ണന് എല്ലാ അനുമോദനങ്ങളും.

മലയാളി മാതാപിതാക്കളുടെ മകളായി ചെന്നൈയിൽ ജനിച്ച് സിംഗപ്പൂരിൽ വളർന്ന് സിംഗപ്പൂരിൽ ഉന്നത വിദ്യാഭ്യാസം ചെയ്ത് സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ആണ് പ്രിയങ്ക രാഷ്ട്രീയത്തിലെത്തിയത്. ഇപ്പോൾ നാല്പത്തി ഒന്നാം വയസ്സിൽ അവർ അവിടുത്തെ മന്ത്രിയാവുകയും ചെയ്തു. ആർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്, പ്രത്യേകിച്ചും കുടിയേറിയ നാട്ടുകാരുടെ വോട്ടും അംഗീകാരവും ഒക്കെ ലഭിക്കുമ്പോൾ.
ന്യൂസിലണ്ടിനും അഭിമാനിക്കാൻ ഏറെയുണ്ട്.

എല്ലാത്തരത്തിലുള്ള ഡിവേഴ്‌സിറ്റിയും ഉള്ള മന്ത്രിസഭയാണ് ഇത്തവണ അവിടെ ഉള്ളത്്.. (40% are women, 25% are Maori (two in five of those are women), 15% are Pasifika (two in three are women), and 15% are LGBTQI - one of whom is Deputy Prime Minister Grant Robertson.). അതിൽ തന്നെ വിദേശത്തു ജനിച്ച ഒരു വനിതയെ തന്നെ ഡിവേഴ്‌സിറ്റിയുടെ മന്ത്രിയാക്കി എന്നത് നിസ്സാര കാര്യമല്ല.

പ്രിയങ്കയുടെ നേട്ടത്തിൽ നമുക്ക് ഏറെ സന്തോഷിക്കാമെങ്കിലും നമ്മുടെ അഭിമാനത്തിന്റെ നിമിഷം വരുന്നത് പ്രിയങ്കയെ ആ നാട്ടുകാർ സ്വീകരിച്ച് വോട്ട് ചെയ്ത് മന്ത്രിയാക്കിയത് പോലെ നമ്മൾ ബംഗാളിൽ നിന്നും ഇവിടെ തൊഴിലിനെത്തിയവരിൽ ഒരു വനിതയെ എം എൽ എയും ആഫ്രിക്കയിൽ നിന്നൊക്കെ കേരളത്തിൽ പഠിക്കാൻ വരുന്നവരിൽ (ഇന്ത്യയിൽ പൗരത്വം സ്വീകരിക്കുന്ന) ഒരാളെ മന്ത്രിയും ഒക്കെയാക്കി നമ്മുടെ അസംബ്ലിയിൽ ബംഗാളിയും സ്വാഹിലിയും ഒക്കെ മുഴങ്ങുന്ന കാലത്താണ്.

അന്നാണ് ഇൻക്ലൂഷൻ എന്ന വാക്കിന്റെ അർഥം നമ്മൾ ശരിക്ക് മനസ്സിലാക്കി എന്ന് നമുക്ക് അഭിമാനിക്കാൻ പറ്റുന്നത്. അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി

മുരളി തുമ്മാരുകുടി