- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ടാണ് ഒമാനിലെ ചാള മടിയനായ മലയാളിയെ അന്വേഷിച്ച് കേരളത്തിലേക്ക് പറക്കുന്നത്? ഈ വിയർപ്പിന്റെ അസുഖമുള്ള മലയാളി വാസ്തവത്തിൽ ഒരു സംഭവമാണ്; ചത്ത ചാളയെ പറപ്പിക്കുന്ന മന്ത്രികനാണ്: മുരളി തുമ്മാരുകുടി എഴുതുന്നു
ചത്ത ചാളയെ പറപ്പിക്കുന്ന മലയാളി
കുറേ നാളായി എറണാകുളത്തെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റിയുട്ടിന്റെ (Central Marine Fisheries Research Institute (CMFRI)) ഡയറക്ടർ ഗോപാലകൃഷ്ണൻ ആ സ്ഥാപനം കാണാൻ എന്നെ ക്ഷണിച്ചു തുടങ്ങിയിട്ട്. കർമ്മവും കാലവും ഒത്തുവന്നത് കഴിഞ്ഞ മാസമാണ്.
സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ആരംഭിച്ച ഈ സ്ഥാപനം ആദ്യം ചെന്നൈയിലായിരുന്നു Central Institute of Brackishwater Aquaculture എന്ന പേരിൽ. ഇപ്പോൾ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ചിന്റെ (ICAR) മികച്ച ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്. ഏറ്റവും നല്ല റിസേർച്ച് സ്ഥാപനത്തിനുള്ള അവാർഡുകൾ സ്ഥിരമായി വാങ്ങുന്നുമുണ്ട്.
സ്ഥാപനത്തിൽ നടത്തുന്ന ഗവേഷണങ്ങളും സ്ഥാപനം സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളും അദ്ദേഹവും സഹപ്രവർത്തകരും എനിക്ക് വിശദീകരിച്ചു തന്നു. ഓരോ തവണയും കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളിൽ ചെല്ലുമ്പോൾ എനിക്ക് അത്ഭുതമാണ്. എത്രമാത്രം നല്ല ഗവേഷണങ്ങളാണ് അവിടങ്ങളിൽ നടക്കുന്നത്! എത്ര കഴിവുള്ള - പലപ്പോഴും അന്താരാഷ്ട്രീയമായി തന്നെ അംഗീകാരമുള്ള- ഗവേഷകരാണ് അവിടെയുള്ളത്!. പക്ഷെ ഗവേഷണങ്ങൾ ഒന്നും പൊതുജനം അറിയുന്നില്ല. ലാബിലെ ഗവേഷണങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പൊതുവെയുള്ള കാലതാമസവും ഇതിനൊരു കാരണമാണ്. കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾ നാട്ടുകാരോട് പങ്കുവെക്കാനും അവിടുത്തെ ഗവേഷകരെ പരിചയപ്പെടുത്താനും മാത്രമായി തന്നെ ഒരു യുട്യൂബ് ചാനൽ തുടങ്ങേണ്ടതാണ്.
എന്താണെങ്കിലും അവിടുത്തെ പ്രഭാഷണത്തിന് ശേഷം അവസരം കിട്ടിയപ്പോൾ എന്റെ മനസിൽ ഏറെ നാളായുള്ള ഒരു ചോദ്യം ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
എന്റെ ചെറുപ്പകാലത്ത് വെങ്ങോലയിൽ മൽസ്യം കിട്ടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. തലയിൽ ഒരു മീൻകൊട്ടയുമായി വല്ലപ്പോഴും ആലിമാപ്പിള മലയിറങ്ങി വീട്ടിലെത്തും. വല്ലപ്പോഴും സൈക്കിളിൽ മീനും വിളിച്ചുകൊണ്ട് ചിലർ ആ വഴി കടന്നുപോകും. വെങ്ങോല ജംഗ്ഷനിൽ മിക്കവാറും പച്ചമീൻ കിട്ടാറുണ്ട്. പെരുമ്പാവൂർ ചന്തയിൽ രാവിലെ എട്ടുമണിക്ക് മുൻപ് എത്തിയാൽ മീൻ കിട്ടും. എന്നാൽ രാവിലെ പത്തു മണിക്ക് ശേഷമാണ് മീൻ കഴിക്കാൻ ആശ തോന്നുതെങ്കിൽ അത് സാധിക്കാൻ ഭാഗ്യം കൂടെ വേണം.
എന്നാലിപ്പോൾ കാര്യങ്ങൾ മാറി. വെങ്ങോല കവലയിൽ രാവിലെ ആറ് മുതൽ രാത്രി എട്ട് മണി വരെ ഏതു സമയത്തും മീൻ കിട്ടും. പെരുമ്പാവൂരിൽ എത്തുന്നതിനു മുൻപ് തന്നെ അഞ്ച് മൽസ്യക്കടകളെങ്കിലുമുണ്ട്. പെരുമ്പാവൂരിനു ചുറ്റുപാടും രാവിലെ അഞ്ചു മുതൽ രാത്രി പന്ത്രണ്ട് വരെ മീൻ കിട്ടുന്ന രണ്ട് ഡസൻ മൽസ്യക്കടകളെങ്കിലുമുണ്ട്. മീൻ വാങ്ങൽ ഇപ്പോൾ ഒരു ലോട്ടറിയല്ല.
''1970 ൽ കേരളത്തിൽ ഇന്നുള്ളതിന്റെ മൂന്നിൽ രണ്ട് ജനസംഖ്യയാണുണ്ടായിരുന്നത്. എന്നിട്ടും എന്താണ് അന്ന് മീൻ ലഭ്യമല്ലാതിരുന്നത്? ഇപ്പോൾ കേരളത്തിൽ മൽസ്യബന്ധനം കൂടിയോ? കേരളതീരത്ത് കൂടുതൽ മൽസ്യം ലഭിക്കുന്നുണ്ടോ? കേരളത്തിലെ ഉൾനാടൻ മത്സ്യകൃഷി വർദ്ധിച്ചോ?''
''കേരളത്തിൽ മൽസ്യ കൃഷി കൂടി എന്നത് സത്യമാണ്. പക്ഷെ ഈ വർദ്ധനയിൽ ഏറെയും നമ്മൾ പിടിക്കുന്നതോ കൃഷി ചെയ്യുന്നതോ ആയ മീനല്ല. കേരളത്തിന് പുറത്തു നിന്നും ഏറെ മൽസ്യം ഇപ്പോൾ കേരളത്തിൽ വരുന്നുണ്ട്. പോണ്ടിച്ചേരിയിൽ നിന്നും ഗുജറാത്തിൽ നിന്നും മാത്രമല്ല ഒമാനിൽ നിന്ന് പോലും ഇപ്പോൾ കേരളത്തിൽ മൽസ്യം എത്തുന്നുണ്ട്.''
ഇത് നിങ്ങൾക്ക് പുതിയ അറിവായിരിക്കില്ല എന്നെനിക്കറിയാം. ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ഉൾപ്പെടെ കൊറോണക്ക് മുൻപ് വിറ്റിരുന്ന 'നാടൻ കരിമീനിൽ' അധികവും ആന്ധ്രയിൽ നിന്നാണ് വന്നിരുന്നതെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. സത്യമാണോ എന്നറിയില്ല. സ്വിട്‌സര്‌ലാണ്ടിലെ ജനീവ തടാകക്കരയിൽ ലോക്കൽ സ്‌പെഷ്യാലിറ്റി ആയി വിൽക്കുന്ന പെർച്ഛ് മൽസ്യം വരുന്നത് എസ്റ്റോണിയയിൽ നിന്നും പോളണ്ടിൽ നിന്നുമൊക്കെയാണ് എന്നെനിക്കറിയാം. അതുകൊണ്ട് ആലപ്പുഴ കരിമീൻ ആന്ധ്രയിൽ നിന്നും വന്നാൽ അതിലൊരു അതിശയമില്ല.അതിശയമുള്ളത് മറ്റൊന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് മടിയനായ മലയാളികളെ തേടി ഒമാനിൽ നിന്നും ചാള പറന്നുവരുന്നത്? പാവം മലയാളികൾ മീൻ കഴിച്ചു ജീവിച്ചോട്ടെ എന്ന് അവർ കരുതിയിട്ടാണോ?
അല്ല. പിന്നെന്താണ്? പിടയ്ക്കുന്ന മീനിന് പകരം വെക്കാൻ പിടയ്ക്കുന്ന നോട്ടുകൾ ഉള്ളത് മലയാളിയുടെ കൈയിലാണ്. അതുതന്നെ കാരണം. കൃഷിപ്പണി ചെയ്യാത്ത - റോഡ് പണി ചെയ്യാൻ മടിക്കുന്ന - മക്കളെ മീൻ പിടിക്കാൻ കടലിൽ വിടാത്ത മലയാളിയുടെ കൈയിൽ. പരമ്പരാഗത തൊഴിൽ ആത്മാർഥമായി ചെയ്യുന്ന, ഒട്ടും സ്ഥലം തരിശിടാത്ത, ദിവസവും പത്തും പന്ത്രണ്ടും മണിക്കൂർ അച്ഛനും അമ്മയും മക്കളും ചേർന്ന് അത്യദ്ധ്വാനം ചെയ്യുന്ന നാടുകളിലേക്ക് എന്തുകൊണ്ടാണ് ചാള പറക്കാത്തത്? ഇതെന്ത് മറിമായം? ഇതെങ്ങനെ സംഭവിക്കുന്നു?
കാരണം, ശാരീരികമായ അദ്ധ്വാനത്തിന് താരതമ്യേന മൂല്യം കുറവാണ്. ഒരേ ജോലി തന്നെ ശാരീരിക അദ്ധ്വാനം കൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ വേതനം കിട്ടും, യന്ത്രം ഉപയോഗിച്ച് ചെയ്താൽ. അരിവാൾ കൊണ്ട് പുല്ലരിയുന്ന ആൾക്ക് ദിവസം അറുനൂറ് രൂപയാണ് കിട്ടുന്നതെങ്കിൽ യന്ത്രമുപയോഗിച്ച് പുല്ലരിയുന്ന ആൾക്ക് ദിവസം രണ്ടായിരം രൂപയാണ് കൂലി. യന്ത്രം കൊണ്ട് പുല്ലരിയുന്ന ജോലി തന്നെ സാമ്പത്തിക നിലയിൽ മുന്നിൽ നിൽക്കുന്ന രാജ്യത്ത് ചെയ്താൽ അതിലും കൂടുതൽ പണം കിട്ടും.
ഇതൊക്കെയാണ് വിയർക്കാൻ മടിക്കുന്ന മലയാളി ഇപ്പോൾ ചെയ്യുന്നത്.
വിയർപ്പിന്റെ അസുഖമുള്ളതുകൊണ്ട് ശാരീരിക അദ്ധ്വാനം കുറഞ്ഞതും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചെയ്യേണ്ടതുമായ ജോലികൾ എത്തിപ്പിടിക്കാൻ അവർ കൂടിയ വിദ്യാഭ്യാസം നേടുന്നു. ശാരീരികാദ്ധ്വാനം കുറക്കാൻ യന്ത്രങ്ങളുപയോഗിച്ച് ജോലി ചെയ്യുന്നു. ഒരേ ജോലിക്ക് ലോകത്ത് മറ്റെവിടെയെങ്കിലും കൂടുതൽ പ്രതിഫലം കിട്ടുമെന്ന് കണ്ടാൽ കടല് കടന്ന് അവർ അവിടെയെത്തുന്നു. അത് നമ്മുടെ പരാജയമൊന്നുമല്ല.
നാട്ടിലെ സ്ഥലമൊക്കെ തരിശിട്ടിട്ട് പണിയൊന്നും ചെയ്യാതെ പഞ്ചാബിലെ അരിവാങ്ങി കഴിക്കാൻ നമുക്ക് സാധിക്കുന്നുവെങ്കിൽ അതൊരു പരാജയമല്ല, നമ്മുടെ വികസനത്തിന്റെ വിജയമാണ്.
നമ്മുടെ അച്ഛനപ്പൂപ്പന്മാർ ചെയ്തിരുന്ന ജോലി അത് കൃഷി, കച്ചവടം, കൈത്തൊഴിൽ, മൽസ്യബന്ധനം എന്താണെങ്കിലും അതാണ് പാരമ്പര്യം എന്നും പറഞ്ഞ് അതേപോലെതന്നെ പിന്തുടർന്ന് ചെയ്തു കൊണ്ടിരിക്കുക എന്നത് അത്ര പുണ്യ പ്രവർത്തിയൊന്നുമല്ല. 1970 കളിൽ എട്ടു ലക്ഷം ഹെക്ടർ നെൽകൃഷി ഉണ്ടായിരുന്നത് 2010 ആയപ്പോഴേക്കും രണ്ടു ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞു എന്ന് നാം ചിലപ്പോൾ വിഷമിക്കാറുണ്ടല്ലോ. ഒരു വർഷം എത്ര ലക്ഷം ലിറ്റർ കീട നാശിനിയാണ് നമ്മുടെ പാടങ്ങളിൽ ഉപയോഗിച്ചിരുന്നത്, ഇപ്പോൾ ഉപയോഗിക്കപ്പെടാത്തത് എന്നൊക്കെ ഫൈസി ഒന്ന് ആലോചിച്ചു നോക്കണം.
ഇതൊക്കെയാണ് ശരിയായ ബുദ്ധിയുള്ള മനുഷ്യൻ ചെയ്യേണ്ടുന്ന കാര്യവും. ഇതുകൊണ്ടാണ് ഒമാനിലെ ചാള മടിയനായ മലയാളിയെ അന്വേഷിച്ച് കേരളത്തിലേക്ക് പറക്കുന്നത്. അല്ലാതെ, ''പണ്ടൊക്കെ എന്തുവാരുന്നു'' എന്നും പറഞ്ഞ് പാരമ്പര്യ തൊഴിലും കെട്ടിപ്പിടിച്ചിരുന്നാൽ, അല്ലെങ്കിൽ പാരമ്പര്യ രീതികളിൽ തന്നെ തൊഴിൽ ചെയ്തുകൊണ്ടിരുന്നാൽ നാട്ടിലെ ചാള തന്നെ ട്രക്ക് കയറി മറ്റു സംസ്ഥാനങ്ങളിൽ പോകും, അല്ലെങ്കിൽ വിമാനം കയറി യൂറോപ്പിലേക്ക് പോകും.
ഈ വിയർപ്പിന്റെ അസുഖമുള്ള മലയാളി വാസ്തവത്തിൽ ഒരു സംഭവമാണ്. ചത്ത ചാളയെ പറപ്പിക്കുന്ന മന്ത്രികനാണ്.