- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതൊരു ഇടവഴിയിലും ഒരു 'ഷോ മാൻ' ഉണ്ട്; ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിൽ, ബസുകളിൽ എല്ലാം; സമയവും സാഹചര്യവും കിട്ടിയാൽ ഉടൻ പണി തുടങ്ങാൻ റെഡിയായി; നഗ്നത: പ്രദർശനവും പ്രയോഗവും: മുരളി തുമ്മാരുകുടി എഴുതുന്നു
നഗ്നത: പ്രദർശനവും പ്രയോഗവും
'അധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ച കെ എസ് ആർ ടി സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു' - കോഴിക്കോട് നിന്നുള്ള വാർത്തയാണ്, മാർച്ച് ഏഴാം തിയതി 'യാത്രക്കിടെ ബസിൽ വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു' - മാർച്ച് മുപ്പത്തൊന്നാം തിയതിയിലെ വാർത്തയാണ്.
നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നതാ പ്രദർശനം, യുവ എൻജിനീയർ അറസ്റ്റിൽ - ഏപ്രിൽ രണ്ടാം തിയതിയിലെ യാത്രയാണ്. ഇതൊരു സാമ്പിൾ മാത്രമാണ്. ഏതൊരു മാസം എടുത്താലും ഇത്തരത്തിലുള്ള അനവധി വാർത്തകൾ ഉണ്ടാകും. ഈ വാർത്തകൾ തന്നെ ഇത്തരം സംഭവങ്ങളുടെ ചെറിയൊരു ശതമാനമാണ്.
പൊതു സ്ഥലത്തോ പൊതു ഗതാഗത സംവിധാനത്തിൽ വച്ചോ നഗ്നത പ്രദർശനം ചെയ്യപ്പെടുക, ലൈംഗികമായ ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിക്കപ്പെടുക, ലൈംഗിക ചുവയുള്ള കമന്റുകൾ കേൾക്കുക ഇതൊക്കെ കേരളത്തിൽ എല്ലാ ദിവസവും സംഭവിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഇല്ലാത്ത സ്ത്രീകൾ കേരളത്തിൽ ഇല്ല എന്ന് മാത്രമല്ല കേരളത്തിൽ ജീവിക്കണമെങ്കിൽ ഇത്തരം വൈകൃതങ്ങൾ അവഗണിക്കാൻ പഠിക്കണം എന്നൊരു രീതിയിലാണ് കേരളത്തിൽ പെൺകുട്ടികൾ വളരുന്നതും സ്ത്രീകൾ ജീവിക്കുന്നതും
എന്തൊരു കഷ്ടമാണ്?
ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ് ! സമ്പൂർണ്ണ സാക്ഷരതയാണ് ! എന്നിട്ടും എത്രയോ നാളായി നാം ഇത് കേൾക്കുന്നു. എത്രയോ നാളായി നമ്മുടെ സ്ത്രീകൾ ഇത് അനുഭവിക്കുന്നു. വീടിനു പുറത്തിറങ്ങിയാൽ എപ്പോഴും എവിടെ വച്ചും ലൈംഗികമായി കടന്നുകയറാനുള്ള സാധ്യതയുണ്ടെന്ന പേടിയോടെ ജീവിക്കേണ്ടി വരിക. ഇതിന് കള്ളുഷാപ്പിന്റെ മുന്നിലെന്നോ പള്ളിമുറ്റത്തെന്നോ മാറ്റമില്ല.
എന്തിന് സ്വന്തം വീടിനോ ഹോസ്ടലിനോ പുറത്തിറങ്ങിയില്ലെങ്കിൽ പോലും നഗ്നതാ പ്രദർശനങ്ങൾ കാണേണ്ടി വരിക. ഇത് ചെയ്യുന്നവർ സമൂഹത്തിന്റെ ഏത് തലത്തിൽ നിന്നുമാകാം, വിദ്യാഭ്യാസം ഇല്ലത്തരവരോ എഞ്ചിനീയർമാരോ ഡോക്ടർമാരോ ആരുമാകാം. ഇരയാകുന്നവരാകട്ടെ കൊച്ചു കുട്ടികളെന്നോ അമ്മൂമ്മയെന്നോ മാറ്റമില്ല, വീട്ടമ്മയെന്നോ പൊലീസ് ഉദ്യോഗസ്ഥയെന്നോ മാറ്റമില്ല. ഇത്തരത്തിലുള്ള അതിക്രമങ്ങൾ എത്രയോ വ്യാപകമാണോ ഏതാണ്ട് അത്രയും തന്നെ വ്യാപകമാണ് ഈ വിഷയത്തിന്റെ വ്യാപ്തിയെപ്പറ്റിയും അത് സ്ത്രീകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയും പൊതുവെ പുരുഷന്മാരിലും ആൺകുട്ടികളിലും ഉള്ള അജ്ഞത.
വല്ലപ്പോഴുമൊരിക്കൽ പത്രവാർത്ത കാണുന്നിടത്ത് മാത്രം സംഭവിക്കുന്ന ഒന്ന്. അല്ലെങ്കിൽ മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്ന്, സ്വന്തം വീട്ടിലുള്ളവർ അറിയാത്തതും അനുഭവിക്കാത്തതും എന്നൊക്കെയാണ് പൊതുവെ പലരും ഇതിനെ പറ്റി ചിന്തിക്കുന്നത്. പിന്നെ പതിവ് പോലെ 'വൈകിയ നേരം ആയതുകൊണ്ടല്ലേ, ഇറുകിയ വസ്ത്രം ആയതുകൊണ്ടല്ലേ, രണ്ടു കൊടുക്കുമായിരുന്നില്ലേ' എന്നു തുടങ്ങിയ വാദങ്ങളും ആദ്യമായി, ഇത് കേരളത്തിൽ സർവ്വ വ്യാപിയാണ്. ഏതൊരു ഇടവഴിയിലും ഒരു 'ഷോ മാൻ' ഉണ്ട്. ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിൽ ഇവരുടെ കൂട്ടം തന്നെയുണ്ട്. ഏതൊരു ബസിലും ഒരു പൊട്ടൻഷ്യൽ പീഡകൻ ഉണ്ട്. സമയവും സാഹചര്യവും കിട്ടിയാൽ ഉടൻ പണി തുടങ്ങാൻ റെഡിയായി.
അതായത് മാസത്തിൽ മൂന്നു തവണയല്ല ദിവസം നൂറു തവണയെങ്കിലും ഇത് കേരളത്തിൽ നടക്കുന്നുണ്ട്. നൂറ് പോലും ഒരു ഗ്രോസ് അണ്ടർ എസ്റ്റിമേറ്റ് ആകാനാണ് വഴി. ഇതിനെതിരെ നിയമങ്ങൾ ഉണ്ടോ ?, ഉണ്ടാകണം. പക്ഷെ ഒരു വർഷത്തിൽ എത്ര ആളുകളെ ഈ വിഷയത്തിൽ അറസ്റ്റ് ചെയ്യുന്നുണ്ട് ?, ആരെയെങ്കിലും കോടതി വഴി ശിക്ഷിക്കുന്നുണ്ടോ ?. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നുണ്ടാകും.
റോഡരുകിൽ നഗ്നത പ്രദർശനത്തിന് വിധേയമാക്കുമ്പോൾ അല്ലെങ്കിൽ പൊതു സ്ഥലത്തോ വാഹനങ്ങളിലോ ഒക്കെ ലൈംഗികമായി സ്പർശിക്കപ്പെടുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പല തരത്തിലാണ്. ഒന്നാമതായി അതുണ്ടാക്കുന്ന അറപ്പും ഷോക്കും. ഒരു വ്യക്തി എന്നതിന് ഉപരി ഒരു ലൈംഗിക വസ്തു എന്ന തലത്തിൽ ഉപയോഗിക്കപ്പെടുക എന്നത് ആത്മാഭിമാനത്തെ മുറിപ്പെടുത്തും. മാസങ്ങൾ എടുക്കും അത് ഒന്ന് കുറയാൻ, എന്നാലും പിന്നീട് അത് തികട്ടി വരും. പിൽക്കാല വിവാഹ ജീവിതത്തിൽ ഉൾപ്പടെ ഇത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി അനുഭവസ്ഥരും മനോരോഗ വിദഗ്ധരും പറഞ്ഞിട്ടുണ്ട്
രണ്ടാമതായി ഭയം - ഒരിക്കൽ ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ആ വഴി അല്ലെങ്കിൽ ആ സമയത്ത്, ആ വാഹനത്തിൽ ഒക്കെ പോകാൻ മടിയും പേടിയും ആകും. പഠിക്കാനോ, തൊഴിലിനോ, വ്യായാമത്തിനോ എന്തിനാണ് യാത്ര ചെയ്യുന്നത് എന്ന് വച്ചാൽ അതിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടി വരുന്നു. ജോലി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ, എൻട്രൻസിന് പോകാൻ പറ്റാതെ വരുന്ന സാഹചര്യങ്ങൾ ഒക്കെ ഉണ്ടാകുന്നു. പൊതു ഗതാഗതം ഉപയോഗിക്കാൻ പേടിക്കുന്നു, സാധിക്കുന്നവർ ഒരു സ്കൂട്ടർ എങ്കിലും വാങ്ങി അത്രയും ഉപദ്രവം എങ്കിലും ഒഴിവാക്കുന്നു.
മൂന്നാമത് ഇത്തരം സാഹചര്യം ഉണ്ടായാൽ അതിനെതിരെ പ്രതികരിക്കണം എന്നാണ് എല്ലാ സ്ത്രീകളുടേയും ആഗ്രഹം. പക്ഷെ ഒറ്റക്കാണെങ്കിൽ പ്രതികരിക്കാൻ ഭയം തന്നെ കാണും, കൂട്ടത്തിലാണെങ്കിലോ പലപ്പോഴും ആരും പിന്തുണക്കില്ലെന്ന അനുഭവം ഉണ്ടാകും എന്ന് മാത്രമല്ല ചുറ്റുമുള്ളവരിൽ നിന്നും വീട്ടുകാരിൽ നിന്നും കുറ്റപ്പെടുത്തലുകളും ഉണ്ടാകും. അഥവാ പ്രതികരിച്ചാലോ അപ്പോൾ ആളെ പരമാവധി അറസ്റ്റ് ചെയ്യും പിന്നെ 'മോളേ ഇതിന്റെ പുറകിൽ ഒക്കെ പോയാൽ കോടതി കയറി സമയം കളയും' എന്ന ഉപദേശം ആണ് പൊലീസിൽ നിന്ന് പോലും ലഭിക്കുക.
അപ്പോൾ പ്രതികരിക്കുന്നതുകൊണ്ട് അപ്പോഴത്തെ അക്രമം ഒഴിവാക്കാം എന്നതിൽ അപ്പുറം ഒരു ഗുണവും ഉണ്ടാവില്ല എന്ന അറിവും ഉണ്ട്. പക്ഷെ ഇതൊക്കെ ആണെങ്കിലും പ്രതികരിക്കാൻ സാധിക്കാതിരിക്കുന്നത് ആത്മാഭിമാനത്തെ കാർന്നു തിന്നുകയും ചെയ്യും.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ കേരളത്തിൽ നില്ക്കാൻ ആഗ്രഹിക്കാത്തത് എന്നൊരു ചോദ്യം ഞാൻ ഒരിക്കൽ ചോദിച്ചിരുന്നല്ലോ. സ്ത്രീകളുടെ കാര്യത്തിലെങ്കിലും കേരളത്തിൽ അവർ ദൈനം ദിനം അനുഭവിക്കുന്ന ഇത്തരത്തിലുള്ള ലൈംഗികമായ കടന്നു കയറ്റങ്ങൾ ഇതിനൊരു പ്രധാന കാരണമാണ്.
മാത്രമല്ല കേരളത്തിന് പുറത്ത് പോയി ജീവിച്ചിട്ടുള്ള സ്ത്രീകൾ നാട്ടിലേക്ക് വരാൻ മടിക്കുന്നതും അവരുടെ പെൺകുട്ടികൾ ഒരു കാരണവശാലും കേരളത്തിൽ വളരരുത് എന്ന് ആഗ്രഹിക്കുന്നതും ഇതുകൊണ്ടാണ്. ഇതൊക്കെ കേരള സമൂഹം ശ്രദ്ധിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ പതിറ്റാണ്ടുകളായി ഈ വിഷയം നിലനിൽക്കില്ലല്ലോ. ശരിയായ ഒരു അക്കാദമിക് പഠനം ഈ വിഷയത്തിൽ കണ്ടിട്ടില്ല. നിയമ സഭയിൽ ഇത്തരത്തിൽ ഒരു ചർച്ചയും ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല. ഇതിനെ പറ്റി ഒരു ടെലിവിഷൻ ചർച്ചയും കേട്ടിട്ടില്ല. ഇതിനെതിരെ ഒരു രാഷ്ട്രീയ പാർട്ടിയും ഒരു കാമ്പയിനും നടത്തി കണ്ടിട്ടില്ല.
വല്ലപ്പോഴും മറ്റുള്ളവർക്ക് സംഭവിക്കുന്ന ഒന്നെന്ന മട്ടിൽ ആണ് മണ്ണിൽ തല പൂഴ്ത്തി നമ്മൾ ഇരിക്കുകയാണ്. നമ്മുടെ സ്ത്രീകളും പെൺകുട്ടികളും കേരളത്തിൽ ഗ്രാമ നഗര വ്യത്യാസങ്ങൾ ഇല്ലാതെ ഇത്തരം കടന്നു കയറ്റങ്ങൾ അനുഭവിക്കുന്നു. മറ്റൊരു മാർഗ്ഗമില്ലാതെ അത് ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു. സാധിക്കുന്നവർ ഒക്കെ കാലുകൊണ്ട് വോട്ട് ചെയ്തു നാട് കടക്കുന്നു.
ഈ വിഷയത്തിൽ നമ്മുടെ സമൂഹം ശ്രദ്ധ ചെലുത്തേണ്ട സമയം കഴിഞ്ഞു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, സമ്പൂർണ്ണ സാക്ഷരത ഉള്ള ഒരു സമൂഹത്തിൽ, സ്ത്രീകൾ മന്ത്രിമാരും, ഐ ജി മാരും ഒക്കെയുള്ള, പതിനാലിൽ പത്തു ജില്ലകളിലും സ്ത്രീകൾ കലക്ടർമാരായിട്ടുള്ള ഒരു സംസ്ഥാനത്തിന് ഇത് അപമാനമാണ്.
പക്ഷെ ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല, സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യേണ്ടതോ മുൻകൈ എടുക്കേണ്ടതോ ആയ പ്രശ്നമല്ല. സ്ത്രീകളുടെ നേരെ ദർശനം കൊണ്ടോ സ്പർശനം കൊണ്ടോ ലൈംഗികമായ കടന്നു കയറ്റം ഉണ്ടാകുന്നതിനെപ്പറ്റി നമുക്ക് സീറോ ടോളറൻസ് ഉണ്ടാകണം. ഇതൊരു ചർച്ചാ വിഷയം ആകണം. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം, ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ ഡാറ്റാബേസ് ഉണ്ടാക്കണം, ഇതിന് ശ്രമിക്കുന്നവർക്ക് ഇതിനൊരു പ്രത്യാഘാതം ഉണ്ടാകുമെന്ന് ബോധ്യം വരണം. നമ്മുടെ പൊതു സ്ഥലങ്ങൾ എല്ലാവർക്കും എപ്പോഴും ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വൃത്തിയാക്കപ്പെടണം. അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
മുരളി തുമ്മാരുകുടി
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.