കൊച്ചി: പമ്പാ മണപ്പുറത്ത് നടത്താനിരുന്ന ആത്മീയ പ്രഭാഷണത്തിന് ഹൈക്കോടതിയുടെ വിലക്കെത്തുമ്പോൾ ചർച്ചയായി വിഎച്ച് പിയുടെ മനം മാറ്റം. ഈ പരിപാടിക്കെതിരെ ആദ്യം രംഗത്ത് എത്തിയത് വിഎച്ച് പിയായിരുന്നു. പമ്പയുടെ പരിപാവന ഉയർത്തിയായിരുന്നു പ്രതിഷേധം. എന്നാൽ പെട്ടെന്ന് വിഎച്ച് പി നിലപാട് മാറ്റി. പരിപാടിയെ പിന്തുണയ്ക്കുന്നതായി തന്നെ പരസ്യ നിലപാടും എടുത്തു. ഇത് വാർത്താകുറിപ്പായി ഇറക്കുകയും ചെയ്തു. വിഎച്ച് പിയും അനുകൂലമായതോടെയാണ് ഹൈക്കോടതിയിൽ നിന്ന് ആത്മീയ പ്രഭാഷണക്കാർ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചത്. എന്നാൽ പിൽഗ്രിമേജ് ടൂറിസത്തിന്റെ ചതിക്കുഴികൾ ഹൈക്കോടതി തിരിച്ചറിഞ്ഞു. വനം വകുപ്പും എതിർപ്പുമായെത്തി. ഇതോടെ പരിപാടി തന്നെ വേണ്ടെന്നു വച്ചു.

അതിശക്തമായ എതിർപ്പാണ് വിഎച്ച് പി ഈ പരിപാടിക്കിടെ ആദ്യഘട്ടത്തിൽ എടുത്തത്. രാജ്യത്തെ പ്രധാന രാമകഥാ പ്രഭാഷകരിൽ ഒരാളായ മുരാരി ബാപ്പുവിന്റെ പരിവാർ സ്വാധീനം തിരിച്ചറിയാതെയായിരുന്നു ഇത്. ദേവസ്വം ബോർഡിന്റെ ഉത്തരവും ചർച്ചയാക്കി. ഇതോടെ പരിവാർ ദേശീയ നേതൃത്വത്തെ മുരാരി ബാപ്പു സമീപിച്ചു. ഇതിനെ തുടർന്ന് കേരളത്തിൽ മുകളിൽ നിന്ന് നിർദ്ദേശം എത്തി. ഇതോടെ
കൊച്ചി-പമ്പയിൽ ഉത്തരേന്ത്യയിലെ ഒരു ട്രസ്റ്റ് നടത്താൻ പോകുന്ന രാമകഥാ മേളയെ പറ്റി വിശ്വഹിന്ദു പരിഷത്ത് ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറായത് ശുഭകരമെന്ന് വിശ്വഹിന്ദു പരിഷത്ത് മാധ്യമങ്ങളെ അറിയിച്ചു.

ശ്രീരാമ സന്ദേശം പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന നന്ദകിഷോര ബജാരിയ ചാരിറ്റബിൾ ട്രസ്റ്റ് അവരുടെ രാമകഥാ സന്ദേശ പ്രചാരണ പരിപാടിക്ക് വേണ്ട ചിത്രീകരണ ആവശ്യത്തിനു മാത്രമാണ് പമ്പാനദീതടം ഉപയോഗിക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമായിരിക്കും പരിപാടിയെന്നും ബോർഡ് വ്യക്തമാക്കി കഴിഞ്ഞു. കാർണിവൽ സ്വഭാവമില്ലാതെ തീർത്തും സനാതന ധർമ്മ പ്രചാരണ പരിപാടി മാത്രമായി നടത്തുന്ന മേളയെ സംബന്ധിച്ച് ദേവസ്വം ബോർഡ് ഇറക്കിയ അവൃക്ത ഉത്തരവിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് പ്രതികരിച്ചത്. സംശയത്തിനിട നൽകാതെ ബോർഡ് സനാതന ധർമ്മ പ്രചാരണ പരിപാടികൾ നടത്തുകയാണെങ്കിൽ അതിന് വിശ്വ ഹിന്ദു പരിഷത്ത് പൂർണ്ണ പിന്തുണ നൽകും-ഇതായിരുന്നു പ്രഖ്യാപനം.

എന്നാൽ വാണിജ്യ ലക്ഷ്യത്തോടെ ഹൈന്ദവ വിരുദ്ധമായി ബോർഡ് എന്ത് തീരുമാനം എടുത്താലും അതിനെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി എതിർക്കുമെന്നും, എന്ത് വില കൊടുത്തും അതിനെ തടയുമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നിൽ പരിവാർ ദേശീയ നേതൃത്വത്തിന്റെ ഇടപെടലായിരുന്നു. ഇതോടെ പരിപാടിയുമായി ഹൈക്കോടതിയുടെ അനുമതിയോടെ മുമ്പോട്ട് പോകാൻ സംഘാടകർ തീരുമാനിച്ചു. അനുമതി ഉറപ്പിക്കാൻ സംഘടാകർ ഹൈക്കോടതിക്ക് മുന്നിലെത്തി. അപ്പോഴാണ് വനം വകുപ്പ് എതിർപ്പുമായി എത്തിയത്.

നന്ദകിഷോര ബജാരിയ ചാരിറ്റബിൾ ട്രസ്റ്റ് പരിവാറുമായി അടുത്തു നിൽക്കുന്ന സംഘടനയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വരെ ട്രസ്റ്റുമായി ബന്ധമുള്ളവരാണ്. മുരാരി ബാപ്പുവുമായും വ്യക്തി ബന്ധമുണ്ട്. ഇതായിരുന്നു വി എച്ച് പിയെ പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. രാമന്റെ പാദം പതിഞ്ഞെന്ന് വിശ്വസിക്കുന്ന പമ്പയിൽ രാമകഥാ പരിപാടി നടക്കട്ടേ എന്നതായിരുന്നു പരിവാർ ദേശീയ നേൃത്വത്തിന്റെ നിലപാട്. എന്നാൽ ഹൈക്കോടതിയുടെ ഇടപെടൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായി.

പെരിയർ ടൈഗർ റിസർവ്വിലാണ് പമ്പ. ഇക്കാര്യം നന്ദകിഷോര ബജാരിയ ചാരിറ്റബിൾ ട്രസ്റ്റ് മനസ്സിലാക്കിയിരുന്നില്ല. ദേവസ്വം ബോർഡും പരിവാറുകാരും അനുകൂലിച്ചാൽ ഹൈക്കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് അവർ കരുതി. അപ്പോഴാണ് വനം വകുപ്പ് എതിർപ്പുമായി എത്തിയത്. മറുനാടൻ വാർത്തയും ചർച്ചയായി. ഇതോടെയാണ് ഈ പരിപാടിയിൽ പതിയിരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചയായത്. കോവിഡിന്റെ പേരിൽ ഭക്തജനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആചാരനുഷ്ടാനങ്ങൾ നടത്താൻ പമ്പയിൽ വിലക്കേർപ്പെടുത്തിയ ദേവസ്വം ബോർഡ് പമ്പാ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുവാദം നൽകിയത് മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്.

സ്വകാര്യ ട്രസ്റ്റിന് പതിനഞ്ച് ലക്ഷം രൂപയ്ക്ക് പത്ത് ദിവസത്തേക്കാണ് സ്ഥലം വാടകയ്ക്ക് കൊടുത്തത്. ഇവിടെ കൂറ്റൻ പന്തലും ഉയർന്നിരുന്നു. വനം വകുപ്പും പത്തനംതിട്ട ജില്ലാ ഭരണകൂടവും എതിർത്തെങ്കിലും ദേവസ്വം ബോർഡ് അനുമതി നൽകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മറുനാടൻ വാർത്ത വന്നതോടെ വിശ്വ ഹിന്ദു പരിഷത്ത് എതിർപ്പുമായി രംഗത്ത് വന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. പമ്പയിൽ ദേവസ്വം ബോർഡിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി 19 മുതൽ 27 വരെ രാമ കഥാ മേള എന്ന പേരിൽ പണം വാങ്ങി പ്രഭാഷണ പരിപാടി നടത്താൻ 2021 ഡിസംബർ 31 നാണ് ദേവസ്വം ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്. ശ്രീ നന്ദകീഷോര ബജാരീയ ചാരിറ്റബിൾ ട്രസ്റ്റിനാണ് പരിപാടി നടത്താൻ അനുമതി നൽകിയതെന്ന് ദേവസ്വം ബോർഡിന്റെ ഉത്തരവിൽ വ്യക്തമാണ്.

ദേവസ്വം ബോർഡിന് പമ്പയിലുള്ള എല്ലാ സംവിധാനവും മുരാരി ബാപ്പുവിന്റെ പരിപാടിക്കായി വിട്ടു നൽകുമെന്നായിരുന്നു ധാരണ. ശബരിമല ഭക്തർക്കായുള്ള അന്നദാന മണ്ഡപവും കൊടുക്കുമായിരുന്നു. പമ്പയിലെ ദേവസ്വം ബോർഡിന്റെ താമസ സ്വകര്യങ്ങളും അവർക്ക് ഉപയോഗിക്കാം. പമ്പയുടെ തീരത്ത് പരിപാടിക്ക് എത്തുന്നവർക്കെല്ലാം താൽകാലിക താമസ സൗകര്യവും ഒരുക്കും. ഇതിനുള്ള ടെന്റുകൾ പണിയുന്നുണ്ട്. ശീതീകരിച്ച ടെന്റുകളിലാകും പരിപാടിക്ക് എത്തുന്നവർക്ക് താമസം. ഇത്രയും വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ഇതെല്ലാം പൊളിച്ചു മാറ്റി കഴിഞ്ഞു.

ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണ് പമ്പയും നദിയുമെല്ലാം. ഇവിടെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടല്ലാത്ത പരിപാടികളൊന്നും ഇതുവരെ ആരും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൂങ്കാവനത്തിലെ സ്വകാര്യ സംഘടനയുടെ പരിപാടി മറുനാടൻ പുറത്ത് വിട്ടത്.