ഫിറോസാബാദ് (യുപി): കടം വാങ്ങിയ അൻപതു രൂപ മടക്കിനൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കൊല നടത്തിയ ബ്രഹ്മാനന്ദ് എന്ന യുവാവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

വിജയ്പാൽ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിജയ്പാലും ബ്രഹ്മാനന്ദും അയൽവാസികളും സുഹൃത്തുക്കളുമാണ്. ഇരുവരും ഒരുമിച്ചാണ് നിർമ്മാണ ജോലി ചെയ്യുന്നതും.

വിജയ്പാൽ ബ്രഹ്മാനന്ദിന്റെ പക്കൽനിന്ന് അൻപതു രൂപ കടം വാങ്ങിയിരുന്നു. ഫെബ്രുവരി 22ന് ഇരുവരും ജോലിയെല്ലാം കഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ ഇക്കാര്യം ചർച്ചയായി. ഇതുപിന്നെ തർക്കത്തിലേക്കു വളരുകയായിരുന്നു.

തർക്കത്തിനൊടുവിൽ താൻ വിജയ്പാലിനെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്ന് ബ്രഹ്മാനന്ദ് പൊലീസിനോടു സമ്മതിച്ചു. മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.