കാസർഗോഡ്: കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കാസർഗോഡ് നിലനിന്നിരുന്ന സമാധാനത്തിന് ഭംഗം സൃഷ്ടിച്ച് ഇന്നലെ അർദ്ധരാത്രിയോടെ ഒരു കൊലപാതകം അരങ്ങേറി. കാസർഗോഡ് പഴയ ച്യൂരി മുഹിയുദ്ദീൻ ജമുഅത്ത് പള്ളിക്ക് കീഴിലെ മദ്രസ്സ അദ്ധ്യാപകൻ കുടക് കോട്ടമുടി സ്വദേശി റിയാസ് മുസല്യാറാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

പള്ളിയോടു ചേർന്നുള്ള മുറിയിലാണ് മുപ്പതുകാരനായ റിയാസ് ഉറങ്ങാറുള്ളത്. അടുത്ത മുറിയിൽ പള്ളി ഖത്തീബ് അസ്സീസ് മുസലിയാരും താമസിക്കുന്നുണ്ട്. അർദ്ധരാത്രി റിയാസിന്റെ കരച്ചിൽ കേട്ട് മുറി തുറന്നു നോക്കിയപ്പോൾ തുടരെ തുടരേ കല്ലേറുണ്ടായി. തുടർന്ന് മുറി അടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. സമീപവാസികൾ എത്തിയപ്പോൾ മുറിക്കകത്ത് കഴുത്തറുക്കപ്പെട്ട നിലയിൽ റിയാസ് ചോരയിൽ കുളിച്ചുകമിഴ്ന്ന് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ തന്നെ സംഭവിച്ചിരുന്നു.

പ്രകോപനങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാതിരിക്കെ, മദ്രസാ അദ്ധ്യാപകനായ യുവാവിന്റെ കൊലയിൽ ഞെട്ടിത്തരിച്ചിരിക്കയാണ് കാസർഗോഡ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് ആഹ്വാന പ്രകാരം ഹർത്താൽ ആചരിച്ചുവരികയാണ്. കൊലയാളികൾക്കു വേണ്ടി അതിർത്തി അടച്ചുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അക്രമികൾ ആരായാലും ജില്ല വിട്ടുപോകാതിരിക്കാനുള്ള സംവിധാനമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സംഭവം അറിഞ്ഞ ഉടൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം അറിയിച്ചിരിക്കയാണ്. വാഹനങ്ങൾ ഓരോന്നും അരിച്ചു പെറുക്കി പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ എട്ടുവർഷമായി മദ്രസയിൽ ജോലി ചെയ്തു വരികയായിരുന്നു കുടക് കോട്ടമുടിയിലെ റിയാസ് മുസലിയാർ. സൗമ്യനായി പെരുമാറുന്ന റിയാസിന് ശത്രുക്കളാരും ഉണ്ടാകാൻ തരമില്ല. മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയുള്ള കൊലപാതകമാണിതെന്ന് സംശയമുയർന്നിട്ടുണ്ട്. ഉത്തര മേഖലാ എ.ഡി.ജി.പി. രാജേഷ് ദിവാൻ, ഐ.ജി. മഹിപാൽ, എന്നിവർ കാസർഗോട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പൊലീസിനെ വിവിധ സംഘങ്ങളാക്കി വിഭജിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

കൊലയാളി സംഘത്തിൽ രണ്ടിൽ കൂടുതൽ പേരുള്ളതായാണ് പൊലീസിന്റെ ആദ്യ നിഗമനം. ബൈക്കിലാണ് ഇവർ സഞ്ചരിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. സിസി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സൈബർ സെല്ലും പ്രവർത്തന സജ്ജമായിട്ടുണ്ട്. കൊല്ലപ്പെട്ട റിയാസ് മുസലിയാരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.