തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും തിരുവനന്തപുരത്തെ ശ്രീ കണ്‌ഠേശ്വരം ക്ഷേത്രവുമായി എന്താണ് ബന്ധം? ഇന്റർനെറ്റിലെ പുതിയ വൈറൽ ചിത്രമാണ് ഈ സംശയം ഉണ്ടാക്കിയത്. തിരുവനന്തപുരത്തെ സിപിഎമ്മുകാരുടെ ആവേശമായിരുന്നു വിഷ്ണു. ദേശാഭിമാനിയുടെ ഭാഷയിൽ ആർ.എസ്. ഗുണ്ടകളാൽ കൊല്ലപ്പെട്ട രക്തസാക്ഷി. എന്നിട്ടും വിഷ്ണുവിന്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി സന്തോഷ് ടി. നായർ വി.എസിന്റെ തൊട്ടടുത്ത് എത്തിയത് ഇന്റർനെറ്റ് വൈറലിനെ ഹിറ്റാക്കുകയാണ്.

ചിത്രം വ്യാജമാണെന്നും ബിജെപി പ്രൊഫഷണലുകളുടെ സൃഷ്ടിയാണെന്ന സംശയങ്ങളുമെത്തി. പക്ഷേ അതിലൊന്നും കാര്യമില്ലെന്നാണ് സന്തോഷിന്റെ നിലപാട്. ഫോട്ടോഷോപ്പിൽ പണി ചെയ്ത് എടുത്തതല്ല ആ ചിത്രം. കഷ്ടപ്പെട്ട് വിഎസിനെ പോയികണ്ട് എടുത്തത് തന്നെയെന്ന് സന്തോഷ് വ്യക്തമാക്കുന്നു. ച്ത്രം വ്യാജമാണെന്ന് സംശയമുള്ളവർക്ക് കേസ് നൽക്കാം. ഇക്കാര്യത്തിൽ സത്യം തനിക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫെയ്‌സ് ബുക്കിൽ വൈറൽ ചിത്രത്തിന് പ്രചാരം ഇനിയും കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുകയാണ് സന്തോഷ്.

എല്ലാം ഈശ്വര നിശ്ചയമെന്നാണ് ബിജെപിക്കാരുടേയും പക്ഷം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ആർഎസ്എസ്. സഹകാര്യവാഹ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് തലപ്പാവ് അണിയിച്ചത് സിപിഎമ്മാണ് കണ്ടെത്തിയത്. ശിവൻകുട്ടി എംഎ!ൽഎ അത് ചാനൽ ചർച്ചയാക്കി. എല്ലാം എൻ.എസ്.ജിയെന്ന നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ കുഴപ്പമെന്ന് പറഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൈകഴുകി. അപ്പോഴാണ് വില്ലൻ നായകനായത്. സിപിഎമ്മുകാരുടെ വിപ്ലവ നക്ഷത്രത്തിനൊപ്പം നിന്ന് ചിത്രമെടുക്കാനായ വ്യക്തിയാണ് വിഷ്ണു കേസിലെ പ്രതി.

2008ലാണ് സിപിഐ(എം). നേതാവ് വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്കിലെ പാസ്‌പോർട് ഓഫീസിന് മുന്നിൽ ആളുകൾ നോക്കി നിൽക്കെ രാവിലെ പതിനൊന്ന് മണിക്കായിരുന്നു വിഷ്ണുവിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടികൊന്നത്. തലസ്ഥാനത്ത് രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ പരമ്പരയുണ്ടാക്കിയ കൊലപാതകം. ഒടുവിൽ സമാധാന ചർച്ചകൾ. ആർഎസ്എസ്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ സന്തോഷാണ് മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ കുറ്റപത്രവും നൽകി

അതുകൊണ്ട് തന്നെ കൈതമുക്കിലെ ആർഎസ്എസ് നേതാവായ സന്തോഷ് സിപിഎമ്മിന്റെ കണ്ണിലെ കരടുമായി. പതിയിരുന്നുള്ള ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ കരുതലോടെയാണ്രേത സന്തോഷിന്റെ നടപ്പും. പ്രത്യേകിച്ച് സിപിഐ(എം). കേന്ദ്രങ്ങളിൽ അസമയത്ത് പോകാറില്ല. പോവുകയാണെങ്കിൽ തന്നെ അത് എപ്പോഴായാലും ഒറ്റയ്ക്കായിരിക്കുകയുമില്ല. ഇങ്ങനെ സംഘപരിവാർ ശ്രദ്ധയോടെ കൊണ്ട് നടക്കുന്ന വ്യക്തിയാണ് സന്തോഷ്. എന്നിട്ടും സിപിഎമ്മുകാരുടെ പുലി മടയിൽ സന്തോഷ് എത്തി. കേരളത്തിലെ ഇന്നുള്ള വിപ്ലവ നക്ഷത്രങ്ങളിൽ തിളക്കം കൂടിയ വി.എസിനെ കണ്ടു. കൊടുക്കേണ്ടതുകൊടുത്തു. പിന്നെ ഒരു ഫോട്ടോ. ഇതിനെയാണ് ബിജെ.പിക്കാർ ഈശ്വര നിശ്ചയമെന്ന് പറയുന്നത്.

രാജ്‌നാഥിനെ തലപ്പാവ് അണിയിച്ചത് സന്തോഷാണെന്ന് അറിഞ്ഞതു മുതൽ ഇരിപ്പില്ലാതായത് ബിജെപിയിലെ ഒരു വിഭാഗത്തിനാണ്. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറ്റിയ വലിയ കൈപ്പിഴയാണിതെന്ന് മറുവിഭാഗം ഉറക്കെ പറഞ്ഞു. ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കും രാജ്‌നാഥ് സിംഗിനും കത്തുമയച്ചു. മുരളീധരനും കൂട്ടരും പെട്ടിരിക്കുമ്പോഴാണ് ഇന്റർനെറ്റിൽ പുതിയ വൈറലെത്തയിത്. രാജ്‌നാഥിന്റെ തലപ്പാവ് വിവാദം അതോടെ ബി.ജി.പിയുടെ ഔദ്യോഗിക പക്ഷത്തിന്റെ സ്വന്തമായി. ദൈവാനുഗ്രഹം തന്നെയാണ് ഇതെന്ന് മുരളീധര പക്ഷത്തെ ആരും പറയും. മറുവിഭാഗം ഇപ്പോൾ കരുതലിലുമാണ്.

ഇശ്വരനും വി.എസും സന്തോഷും തമ്മിലെ ബന്ധമറിയണമെങ്കിൽ വൈറൽ ഫോട്ടോയിലെ മൂന്നാമനെ അറിയണം. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രധാന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇപ്പോൾ സ്വന്തം നാടായ ചെങ്ങന്നൂരിലെ ദേവസ്വത്തിലാണ് ജോലി. കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. ഡിസംബറിലെ ഉൽസവത്തിന്റെ മുഖ്യ നടത്തിപ്പുകാരനും. ഈ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ കർമ്മം കൊണ്ട് വിശ്വാസിയും ജന്മം കൊണ്ട് കമ്മ്യൂണിസ്റ്റുമാണ്. വി എസ്. അച്യുതാനന്ദനോടാണ് കൂടുതൽ അടുപ്പവും സ്‌നേഹവും.

 

ചെങ്ങന്നൂരുകാരിലെ വി എസ്. പക്ഷ നേതാവിന്റെ വിശ്വസ്തനുമാണ് ഈ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ. ചെങ്ങന്നൂരിലെ ഈ നേതാവ് വഴി വി.എസിന്റെ ഓഫീസിൽ ചില ബന്ധങ്ങളുണ്ട്. വി.എസിനെ അറിയുകയും ചെയ്യാം. അങ്ങനെയുള്ള ദേവസ്വം ഉദ്യോഗസ്ഥൻ കഴിഞ്ഞ വർഷം നവംബറിൽ ഒരു തീരുമാനമെടുത്തു. ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഒരു നോട്ടീസ് വി.എസിന് നൽകണം. പരിപാടിക്ക് ക്ഷണിക്കുകയും വേണം. ക്ഷേത്ര ഉപദേശക സമിതിയുടെ പ്രധാന ഭാരവാഹിയെ ആഗ്രഹം അറിയിച്ചു. അദ്ദേഹത്തിനും ആശയം പിടിച്ചു. അങ്ങനെ രണ്ടു പേരും കൂടി കൺറ്റോൺമെന്റ് ഹൗസെന്ന പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തി.

കടുത്ത വി എസ്. പക്ഷക്കാരനോടൊപ്പം വിഷ്ണു കൊലക്കേസിലെ പ്രതി വന്നാലും സിപിഎമ്മുകാരോ പ്രതിപക്ഷ നേതാവന്റെ ഓഫീസിലെ സ്റ്റാഫോ തിരിച്ചറിയില്ല. ഗേറ്റിലെ പൊലീസിനും മനസ്സിലായില്ല. അങ്ങനെ ഒച്ചപ്പാടും ബഹളവുമില്ലാതെ ശ്രീകണ്‌ഠേശ്വരം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയും വിഷ്ണു കൊലക്കേസിലെ ഒന്നാം പ്രതിയുമായ സന്തോഷ്, ദേവസം ബോർഡിലെ ഉദ്യോഗസ്ഥനൊപ്പം വി.എസിന് അടുത്ത് എത്തി. ഉൽസവ നോട്ടീസ് നൽകി. അദ്ദേഹത്തെ ക്ഷണിച്ചു. അവിശ്വാസിയായതിനാൽ ക്ഷേത്രത്തിലേക്ക് എത്തില്ലെന്ന് വി എസ്. വ്യക്തമാക്കിയതായാണ് സൂചന. എന്നാൽ ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന വിഷ്ണു കൊലക്കേസ് പ്രതിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് മാത്രം ഒരു ഫോട്ടോ വൈറലായി.

വിഷ്ണുവിനെ കൊന്നത് സന്തോഷാണെന്ന് ആർഎസ്എസുകാരാരും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ജാമ്യത്തിലിറങ്ങയ സന്തോഷിന് സ്ഥാനമാനങ്ങൾ ഒരുപാട് കിട്ടി. ആർഎസ്എസ് നേതൃത്വത്തിൽ മാത്രമല്ല കൈതമുക്ക്, ശ്രീകണ്‌ഠേശ്വരം, ഫോർട്ട് ഭാഗത്തെ അമ്പലക്കമ്മറ്റികളുടെ തലപ്പത്തും സന്തോഷുണ്ട്. അവിടെ എത്തുന്ന രാഷ്ട്രീയക്കാരേയും മന്ത്രിമാരേയുമെല്ലാം സന്തോഷ് സ്വീകരിക്കാനെത്തും. സ്പീക്കർ ജി.കാർത്തികേയൻ, ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ എന്നിവരുടെ തൊട്ടടുത്ത് നിന്നും ഫോട്ടോ എടുത്തിട്ടുണ്ട്. സിനിമാ പ്രവർത്തകർക്ക് ഉപഹാരവും നൽകി. അവയെല്ലാം ഫെയ്‌സ് ബുക്കിലുമുണ്ട്. അന്നൊന്നും വാർത്തയും വിവാദവും ആയിട്ടുമില്ല.

കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാകട്ടെ സ്വന്തം നേതാവ്. വി.എസിനൊപ്പം നിന്ന് ഫോട്ടോയെടുത്തവന് പക്ഷേ സ്വന്തം നേതാവിന് തലപ്പാവ് അണിയിക്കാൻ കഴിയില്ലെന്ന സിപിഐ(എം). വാദം സന്തോഷ് അംഗീകരിക്കില്ല. ബിജെപി. ഔദ്യോഗിക നേതൃത്വവും സംഘപരിവാറും സന്തോഷിന് പൂർണ്ണ പിന്തുണയും നൽകുന്നു. ഇതിനിടയിൽ അവർ പോലും അടക്കം പറയുന്നത് ഇങ്ങനെയാണ്‌വി എസ് ഇല്ലായിരുന്നെങ്കിൽ പണികിട്ടയേനേ... എല്ലാം ദൈവകൃപ. എന്നാൽ വി.എസും സന്തോഷുമായുള്ള വൈറൽ ഒർജിനലെന്നത് വെട്ടിലാക്കുന്നത് തലപ്പാവ് വിവാദമുയർത്തിയ സിപിഎമ്മിനെ മാത്രമാണ്.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)