- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷബീറിനെ പട്ടാപ്പകൽ നാട്ടുകാരുടെ മുമ്പിൽ വച്ച് തല്ലിക്കൊന്ന പ്രതി പിടിയിൽ; ആനയുടെ വാലിൽ പിടിച്ചതിൽ തുടങ്ങിയ വൈരാഗ്യം അവസാനിച്ചത് ഉത്തരേന്ത്യയെയും നാണിപ്പിച്ച കൊലപാതകത്തിൽ; അടികൊണ്ടു പരിക്കേറ്റ ബാലു ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ബൈക്കിലെത്തിയ യുവാക്കളിൽ ഒരാളെ നാലംഗ സംഘം റോഡിൽ തടഞ്ഞുനിറുത്തി കാറ്റാടിക്കഴയും കുറുവടികളുമുപയോഗിച്ച് പട്ടാപ്പകൽ അടിച്ചുകൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യം തന്നെ. ആറ്റിങ്ങൽ വക്കം മണക്കാട് വീട്ടിൽ ഷബീറിന്റെ (27) കൊലപാതകികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷബീറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മാ മന്ദിരത്തിൽ
തിരുവനന്തപുരം: ബൈക്കിലെത്തിയ യുവാക്കളിൽ ഒരാളെ നാലംഗ സംഘം റോഡിൽ തടഞ്ഞുനിറുത്തി കാറ്റാടിക്കഴയും കുറുവടികളുമുപയോഗിച്ച് പട്ടാപ്പകൽ അടിച്ചുകൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യം തന്നെ. ആറ്റിങ്ങൽ വക്കം മണക്കാട് വീട്ടിൽ ഷബീറിന്റെ (27) കൊലപാതകികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷബീറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മാ മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ (ബാലു -23) അടിയേറ്റ് അതീവഗുരുതരാവസ്ഥയിൽ മെഡിക്കൽകോളേജ് ആശുപത്രിയിലാണ്. സംഭവത്തിൽ ഒരാൾ പിടിയിലായി. വക്കം സ്വദേശി വിനായക് ആണ് പൊലീസ് പിടിയിലായത്.
ഒരു വർഷം മുൻപ് വക്കത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ വാലിൽ പിടിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി ഷബീറും ഉണ്ണിക്കൃഷ്ണനും മറ്റ് രണ്ട് സുഹൃത്തുക്കളും വഴക്കിട്ടിരുന്നു. അന്ന് പൊലീസ് കേസെടുക്കുകയും ഇരു സംഘങ്ങളെയും രമ്യതയിലാക്കുകയും ചെയ്തു. എന്നാൽ അതിനുശേഷവും പലപ്പോഴും ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. രണ്ടു ദിവസം മുൻപ് അക്രമിസംഘത്തിലെ ഒരാളുടെ വീട്ടിൽ ഷബീറും സംഘവും കല്ലെറിയുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നും ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വക്കം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. ആക്രമണ ദൃശ്യങ്ങൾ നാട്ടുകാരിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിൽ ആക്രമണ രംഗങ്ങൾ എത്തിയതോടെയാണ് കൊലപാകത്തിന്റെ ക്രൂരത ചർച്ചയായത്. ദൃശ്യങ്ങളിൽനിന്ന് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വക്കം, കടയ്ക്കാവൂർ സ്വദേശികളായ സന്തോഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ഇവരിൽ മൂന്നുപേർ കൂലിപ്പണിക്കാരും ഒരാൾ വർക്ക്ഷോപ്പ് ജീവനക്കാരനുമാണ്. പ്രതികളെ പിടികൂടാൻ ആറ്റിങ്ങൽ ഡിവൈ.എസ്പി പ്രതാപൻനായരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം തെരച്ചിൽ ആരംഭിച്ചതായി റൂറൽ എസ്പി ഷെഫീൻ അഹമ്മദ് പറഞ്ഞു.
നിലയ്ക്കാമുക്കിൽ നിന്ന് വക്കത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഷബീറിനെയും ഉണ്ണിക്കൃഷ്ണനെയും അക്രമിസംഘം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിനടുത്ത് തടഞ്ഞുനിറുത്തി. ഉണ്ണിക്കൃഷ്ണനെ അടിച്ചുവീഴ്ത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷബീറിനെ പിടികൂടി തൊട്ടടുത്ത പെട്ടിക്കടയുടെ തട്ട് താങ്ങിനിറുത്തിയിരുന്ന കാറ്റാടിക്കഴയെടുത്ത് അക്രമികളിലൊരാൾ തലയ്ക്ക് അടിച്ചു. റോഡിൽ വീണ ഷബീറിന്റെ ഇരുകാലുകളും ഒരാൾ പിടിച്ചുവച്ചു. മറ്റൊരാൾ തുരുതുരെ അടിച്ചൊടിച്ചു. ബോധരഹിതനായ ഷബീറിനെ അടിച്ചും ചവിട്ടിയും ഇടിച്ചും മിനിട്ടുകളോളം മൃഗീയമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഉണ്ണിക്കൃഷ്ണനെയും ക്രൂരമായി മർദ്ദിച്ചു.
ഈ സമയത്ത് ലെവൽക്രോസിൽ നിറുത്തിയിട്ട ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരിൽ ചിലർ അക്രമം കണ്ട് ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. മൃതപ്രായരായ ഇരുവരെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ ഷബീർ മരിച്ചു.
ആലംകോട്ടെ മത്സ്യമൊത്തക്കച്ചവട കേന്ദ്രത്തിൽ കമ്മിഷൻ ഏജന്റാണ് മരിച്ച ഷബീർ. സക്കീർ ഹുസൈൻ പിതാവും നസീമ മാതാവുമാണ്. ഷെമീർ, ഷജീർ എന്നിവർ സഹോദരങ്ങൾ. ഷബീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.