കോട്ടയം ഏറ്റുമാനൂർ പേരൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. രാത്രി ഭാര്യ ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൂവത്തുംമൂട് സ്വദേശി മേരി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് മാത്യു ദേവസ്യയെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽവച്ച് സംഭവം ഉണ്ടായതോടെ ശബ്ദംകേട്ട് ഉണർന്ന മകളാണ് സംഭവം അറിഞ്ഞത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മേരിയെ ഭർത്താവ് മാത്യു വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശബ്ദം കേട്ടുണർന്ന മകൾ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി. ഉടൻ തന്നെ പൊലീസിലും അറിയിച്ചു.

ഇതോടെ നൈറ്റ് പട്രോളിങ് നടത്തവെ സമീപത്ത് ഉണ്ടായിരുന്ന പൊലീസ് സംഘമെത്തി. പൊലീസ് വാഹനത്തിൽ മേരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. മേരിക്കൊപ്പം കിടന്നുറങ്ങിയിരുന്ന കൊച്ചുമകൾക്കും ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മാത്യു മാനസിക അസ്വാസ്്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ് പൊലീസ്.