പാറശ്ശാല: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. ചെങ്കൽ വട്ടവിള കീഴ്കൊല്ല പുല്ലുവിള തോമസ് ഭവനിൽ തോമസ് (43) മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ചെങ്കൽ വട്ടവിള കുഴിച്ചാണി അശ്വതി ഭവനിൽ ജോണിയെയാണ് (51) തിങ്കളാഴ്ച റിമാൻഡ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 ഓടെ വട്ടവിള കുഴിച്ചാണി ആർ.സി ചർച്ചിന് സമീപത്തെ റോഡരികിലാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. അപ്പോൾതന്നെ ഇതൊരു കൊലപാതകമാണെന്ന സൂചനകിട്ടി. തുടർന്ന് പാറശ്ശാല പൊലീസ് മേൽനടപടി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ വട്ടവിള ജങ്ഷന് സമീപത്ത് തോമസ് ജോണിയുടെ ഇരുചക്രവാഹനത്തിൽ കയറിപ്പോയതായി കണ്ടെത്തി. തുടർന്ന് തന്ത്രപരമായി ജോണിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. മെത്തക്കച്ചവടത്തിനായി പോകുന്ന തോമസും പ്രതിയായ ജോണിയും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 23ന് വൈകീട്ട് ഇവരുടെ വീടിന് സമീപത്തെ ഒരു ഹോട്ടലിൽ ഇരുവരും തമ്മിൽ വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് രമ്യതയിലാകുകയും ഒറ്റക്ക് താമസിക്കുന്ന ജോണി തോമസിനെ മദ്യപിക്കാനായി വീട്ടിൽ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെവെച്ച് മർദിച്ചു. ശേഷം ഉറങ്ങി. അടുത്തദിവസമാണ് തോമസ് മരിച്ചതായി അറിഞ്ഞതെന്ന് ജോണി പൊലീസിനോട് പറഞ്ഞു.