- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരൻ; കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ച് കയറി കൃത്യം നിർവഹിച്ചെന്ന് കോടതി; ശിക്ഷാ വിധി നാളെ
മഞ്ചേരി: വളാഞ്ചേരി കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ്(42) കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കൽ മരക്കാരിന്റെ മകൾ ഉമ്മുസൽമ (26), മകൻ ദിൽഷാദ് (7) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, ഗർഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിചാരണ പൂർത്തിയാക്കിയത്. 2017 മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഉമ്മുസൽമ ഭർത്താവും വീട്ടുകാരുമായി തെറ്റിപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി ഉമ്മുസൽമയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തിൽ ഉമ്മുസൽമ ഗർഭിണിയായി. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആശുപത്രിയിൽ തന്നോടൊപ്പം നിൽക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ ഭാര്യവീട്ടിൽ പ്രശ്നമുണ്ടാക്കുമെന്നും ഉമ്മുസൽമ ശരീഫിനോട് പറഞ്ഞു.
ക്ഷുഭിതനായ ശരീഫ് ഉമ്മുസൽമയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകം കണ്ട ഉമ്മുസൽമയുടെ മകൻ ദിൽഷാദിനെയും ഷാൾ കഴുത്തിൽ മുറുക്കി കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരുടെയും കൈ ഞരമ്പുകൾ മുറിച്ചു. തുടർന്ന് വാതിൽ പൂട്ടി ചാവി വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
യുവതിയും മകനും ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രിയമായ അന്വേഷണ റിപ്പോർട്ടുമാണ് വഴിത്തിരിവായത്. 53 സാക്ഷികളെ കോടതി വിസ്തരിച്ചു. 57 രേഖകളും 14 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
മറുനാടന് മലയാളി ബ്യൂറോ