- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തിന് വേണ്ടി ചെയ്യുന്ന കുറ്റകൃത്യങ്ങൾ പുണ്യമാവുമോ? ദൃശ്യവും പുതിയ നിയമവും ജേക്കബിന്റെ സ്വർഗ്ഗരാജ്യവും പുനർവായിക്കുമ്പോൾ: ആര്യ കെ എഴുതുന്നു
തിരുക്കുടുംബത്തിന്റെ സുവിശേഷങ്ങൾക്ക് കേരളീയ ജീവിതത്തിൽ കൈവരുന്ന പരിണാമത്തിന്റെ കഥയറിയാൻ മലയാള കുടുംബചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മതി. കേരളീയ മധ്യവർഗകുടുംബങ്ങൾ എങ്ങനെയാണ് എന്നതിൽ കവിഞ്ഞ് അവ എങ്ങനെയായിത്തീരണമെന്നതിന്റെയും എങ്ങനെയാകരുത് എന്നതിന്റെയും ചലച്ചിത്രഭാഷ്യങ്ങളാണവ. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സഹനത്തിന്റെയും പുരുഷാധികാരത്തിന്റെയും പുരുഷകാമനകളുടെയും മാതൃവാത്സല്യത്തിന്റെയും പിതാവിന്റെ 'സ്‌നേഹാധികാരശകാര'ങ്ങളുടെയും, സങ്കീർണതകളില്ലാത്ത തെളിഞ്ഞ രംഗമാണ് കുടുംബമെന്ന് അവ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. മലയാളകുടുംബചിത്രങ്ങൾ ഒരു സ്വതന്ത്രറിപ്പബ്ലിക്കാണ്. സ്വാധികാര പ്രയോഗത്തിന്റെയും സ്വതന്ത്രമാർഗത്തിന്റെയും ഭരണനയം അവ എന്നും ചലച്ചിത്രലോകത്ത് പുലർത്തിവന്നു. മലയാളിമധ്യവർഗകുടുംബസങ്കല്പത്തോട് ഒരിക്കലും കലഹിക്കാതെയും, നിരന്തരം 'സന്തുഷ്ട കുടുംബം' എന്ന ഫോർമുലതന്നെ അവതരിപ്പിച്ചും വളരെപട്ടെന്ന് ബോക്‌സോഫീസിൽ വിജയം കണ്ടെത്താനുള്ള സിനിമാതന്ത്രമെന്ന നിലയിലേക്ക് കുടുംബചിത്രങ്ങൾ മാറിത്തീർന്ന
തിരുക്കുടുംബത്തിന്റെ സുവിശേഷങ്ങൾക്ക് കേരളീയ ജീവിതത്തിൽ കൈവരുന്ന പരിണാമത്തിന്റെ കഥയറിയാൻ മലയാള കുടുംബചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മതി. കേരളീയ മധ്യവർഗകുടുംബങ്ങൾ എങ്ങനെയാണ് എന്നതിൽ കവിഞ്ഞ് അവ എങ്ങനെയായിത്തീരണമെന്നതിന്റെയും എങ്ങനെയാകരുത് എന്നതിന്റെയും ചലച്ചിത്രഭാഷ്യങ്ങളാണവ. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സഹനത്തിന്റെയും പുരുഷാധികാരത്തിന്റെയും പുരുഷകാമനകളുടെയും മാതൃവാത്സല്യത്തിന്റെയും പിതാവിന്റെ 'സ്‌നേഹാധികാരശകാര'ങ്ങളുടെയും, സങ്കീർണതകളില്ലാത്ത തെളിഞ്ഞ രംഗമാണ് കുടുംബമെന്ന് അവ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. മലയാളകുടുംബചിത്രങ്ങൾ ഒരു സ്വതന്ത്രറിപ്പബ്ലിക്കാണ്. സ്വാധികാര പ്രയോഗത്തിന്റെയും സ്വതന്ത്രമാർഗത്തിന്റെയും ഭരണനയം അവ എന്നും ചലച്ചിത്രലോകത്ത് പുലർത്തിവന്നു.
മലയാളിമധ്യവർഗകുടുംബസങ്കല്പത്തോട് ഒരിക്കലും കലഹിക്കാതെയും, നിരന്തരം 'സന്തുഷ്ട കുടുംബം' എന്ന ഫോർമുലതന്നെ അവതരിപ്പിച്ചും വളരെപട്ടെന്ന് ബോക്‌സോഫീസിൽ വിജയം കണ്ടെത്താനുള്ള സിനിമാതന്ത്രമെന്ന നിലയിലേക്ക് കുടുംബചിത്രങ്ങൾ മാറിത്തീർന്നു. കുടുംബത്തിനൊപ്പം കണ്ടിരിക്കാവുന്ന സിനിമ എന്നതിൽ കവിഞ്ഞ് കുടുംബം പ്രമേയകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള സിനിമ എന്ന മട്ടിലാണ് കുടുംബചിത്രം എന്ന പദം സിനിമാപോസ്റ്ററുകളിലും പൊതുബോധത്തിലും ജീവിക്കുന്നത്. കുടുംബങ്ങൾക്കുവേണ്ടത് കുടുംബം പ്രമേയമായ സിനിമയും കുട്ടികൾക്ക് വേണ്ടത് കുട്ടികൾ അഭിനയിക്കുന്ന സിനിമയും യുവാക്കൾക്ക് വേണ്ടത് ആക്ഷൻ,
ക്യാംപസ് പ്രണയ സിനിമയുമാണ് എന്നത് പൊതുധാരണയാണ്. കേരളീയമനസ്സുകളിൽ കുടുംബം എന്ന സ്ഥാപനത്തിനുള്ള വിശേഷപദവിപോലെതന്നെ ചലച്ചിത്രലോകത്ത് കുടുംബകേന്ദ്രിതമായ സിനിമകൾക്ക് സ്വതന്ത്രതാല്പര്യങ്ങളും മൂല്യവുമുണ്ട്. അത്രമേൽ കലങ്ങിമറിഞ്ഞ ആഖ്യാനമോ ആവിഷ്‌കാരമോ കഥാതന്തുവോ അവ സ്വീകരിച്ചിരുന്നില്ല എങ്കിലും ഓരോ കാലത്തും കുടുംബത്തെ ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിരുന്ന യുക്തികൾ വ്യത്യസ്തമായിരുന്നു. സമീപകാലത്തിറങ്ങിയ ദൃശ്യം(2013), പുതിയനിയമം(2016), ജേക്കബിന്റെ സ്വർഗരാജ്യം(2016) എന്നീ ചിത്രങ്ങൾ മധ്യവർഗ മലയാളി കുടുംബം എന്ന സ്ഥാപനത്തോടു പുലർത്തുന്ന രതിതുല്യമായ കാമനയുടെ ദൃശ്യപാഠങ്ങളാണ്.
ഈ മൂന്നുസിനിമകളുടെയും പ്രമേയഘടനയിൽ അപൂർവ്വമായ സാമ്യതകളുണ്ട്. ടെലിവിഷൻ സീരിയലുകളിലെ കുടുംബങ്ങളിൽ നിന്നും ഭിന്നമായ സന്തുഷ്ടമായിരുന്ന, അതീവ സന്തുഷ്ടമായിരുന്ന മൂന്നു കുടുംബങ്ങളാണ് സിനിമയുടെ സംഭവസ്ഥലം. അവിഹിതബന്ധങ്ങളുടെയും പെണ്ണധികാരവാഴ്ചയുടെയും കലഹഭൂമിയായി ടെലിവിഷൻ കുടുംബങ്ങളെ നിലനിർത്തുന്ന അതേ പ്രേക്ഷകർതന്നെയാണ് കൂടുമ്പോൾ ഇമ്പമുള്ള സിനിമാ കുടുംബങ്ങൾക്ക് ചെലവ്‌കൊടുക്കുന്നതും. പിതൃകേന്ദ്രീകൃതമായ നീതിവ്യവസ്ഥയാണ് മൂന്ന് സിനിമയിലെയും കുടുംബങ്ങളുടെ കെട്ടുറപ്പിന്റെ മൂലകാരണം. പിതാവ് ദൈവമായ ക്രൈസ്തവ തിരുക്കുടുംബത്തിന്റെ കൂദാശകൾതന്നെയാണ് ഇവിടെ ആവർത്തിക്കപ്പെടുന്നത്. മധ്യവയ്‌സ്‌ക്കനായ കുടുംബനാഥന്റെ കർത്തൃപരിണാമങ്ങളെ ജീവിതാനന്ദങ്ങളുടെയും ദുരന്തങ്ങളുടെയും ഇരുകരകളിലേക്ക് സമർത്ഥമായി വലിച്ചടുപ്പിച്ചുകൊണ്ട് മോഹൻലാലും മമ്മുട്ടിയും രഞ്ജിപണിക്കരും സൃഷ്ടിക്കുന്ന ഭാവപ്രകടനങ്ങൾ ഈ സിനിമകൾക്ക് സമർത്ഥമായ ഒരു സൗന്ദര്യതലം സൃഷ്ടിക്കുന്നുണ്ട്.[BLURB#1-H]
ജോർജ്കുട്ടിയും ലൂയിസ്‌പോത്തനും ജേക്കബും കുടുംബത്തെക്കുറിച്ച് പറയുന്ന ഒട്ടേറെ നീതിവാക്യങ്ങൾ ഈ സിനിമകളിലുണ്ട്. ഈ വാക്യങ്ങൾ പലപ്പോഴായി കുടുംബത്തിലെ മറ്റംഗങ്ങൾ ജീവിതപാഠമായി അനുവർത്തിക്കുന്നുണ്ട്. പിതാവിന്റെ ഈ സഭ സൃഷ്ടിക്കുന്നതിനായി കുടുംബത്തിലെ സ്ത്രീകളെ ദുർബലരാക്കുന്നതാണ് ഇത്തരം ആഖ്യാനങ്ങളുടെ പൊതുരീതി. 'ദൃശ്യ'ത്തിൽ ജോർജിന്റെ ഭാര്യ റാണി വലിയ കഥയൊന്നുമില്ലാത്ത സ്ത്രീയാണെങ്കിൽ 'പുതിയനിയമ'ത്തിലെ ലൂയിസ് പോത്തന്റെ ഭാര്യ വാസുകി കഥകളിയിൽ രാവണവേഷം പോലും ആടുന്ന കലാകാരിയും ബുദ്ധിമതിയും ധൈഷണികസൗന്ദര്യവുമുള്ള സ്ത്രീയാണ്. പക്ഷേ അമ്മ മണ്ടിയാണെന്നാണ് മകൾക്ക് തോന്നുന്നത്. കുടുംബത്തിനകത്ത് അച്ഛന്റെ ബുദ്ധിസാമർത്ഥ്യം മകൾക്ക് മനസ്സിലാകുന്നതുപോലെ അമ്മയുടേത് അവൾക്ക് തിരിയുന്നില്ല.
'പുതിയനിയമം' പൊതുവേയുള്ള ഭദ്രകുടുംബസങ്കല്പത്തെ മിശ്രവിവാഹത്തിലൂടെയും യുക്തിചിന്തയിലൂടെയും സദാചാര, ലൈംഗിക വിമർശനത്തിലൂടെയും നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ ഊന്നൽ ഈ ഘടകങ്ങളിലല്ല. എന്നാൽ ഈ എതിർനിലയാകാം 'പുതിയനിയമ'ത്തെ ബോക്‌സോഫീസിൽ ഒരു വിജയമാക്കാത്തതും. 'ജേക്കബ്ബിന്റെ സ്വർഗരാജ്യ'ത്തിലെ ഷേർളിയാകട്ടെ ജേക്കബ്ബിന്റെ സാന്നിധ്യത്തിലൊന്നും തന്നെ യാതൊരു മതിപ്പും ഉളവാക്കുന്നില്ല. ജേക്കബ്ബിന്റെ അസാന്നിധ്യത്തിലാവട്ടെ അവരുടെ മിടുക്കും സാമർത്ഥ്യവും കയ്യടിനേടുന്നുണ്ട്. ദൃശ്യത്തിലും പുതിയനിയമത്തിലും ഭർത്താവിന്റെ അസാന്നിധ്യത്തിൽ സ്ത്രീകൾ ബലവതികളാകുന്നുണ്ട്. റാണിക്കും അഞ്ജുവിനും വരുണിനെ കീഴടക്കുവാനും വാസുകിക്ക് തന്റെ പ്രശ്‌നങ്ങൾ സധൈര്യം അറിയിക്കാനും അതിനൊരു പ്രതികാരം ചെയ്യാനും ഭർത്താവിന്റെ അസാന്നിധ്യമാണ് (തോന്നലാണെങ്കിലും വാസുകിയെ സംബന്ധിച്ച് അത് യാഥാർത്ഥ്യമായിരുന്നു) അവൾ സ്വയം തെരഞ്ഞെടുക്കുന്നത്. ഭർത്താവിന്റെ സാന്നിധ്യത്തിൽ ക്രിയാശേഷി നഷ്ടപ്പെടുന്നവരാണ് ഈ സിനിമകളിലെ ഭാര്യമാർ.
[BLURB#2-VL] പിതാവിന്റെ രാജ്യമായ കുടുംബം ഏത് പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് ഈ സിനിമകൾ പ്രഖ്യാപിക്കുന്നുണ്ട്. ഭർത്താവിനെക്കാൾ ഭാര്യയുടെ തീരുമാനങ്ങൾക്ക് മേൽകൈയുള്ള 'ദൃശ്യ'ത്തിലെ ഐ.ജി ഗീതാപ്രഭാകരന്റെ കുടുംബമാകട്ടെ ഉണങ്ങാത്ത മുറിവിന്റെ വേദനയിലമർന്നു പോകുന്നു. ഈ വേദനയിൽ നിന്നും പാഠമുൾക്കൊണ്ട ഗീതപ്രഭാകർ ആകട്ടെ സാരിയുടുത്ത് സ്ത്രീകൾക്ക് അത്രയൊന്നും മാന്യമെന്ന് പൊതുസമൂഹം അനുശാസിക്കാത്ത പൊലീസ് ഓഫീസറുടെ ജോലിരാജിവച്ച് ഭർത്താവിനെ സംസാരിക്കാൻ അനുവദിച്ച് മൗനിയാകുന്നു. അവസാനരംഗത്ത് പ്രഭാകർ അല്ലാതെ ഗീത സംസാരിക്കുന്നതേയില്ല.
ഇതിൽനിന്നൊക്കെ ഭിന്നമായി ഈ സിനിമകളെ കൂട്ടിയിണക്കുന്നതും സമീപകാല കുടുംബചിത്രങ്ങളുടെ ആലോചനായുക്തികളെ നിർണയിക്കുന്നതുമായ ഒരു സങ്കീർണഘടകമുണ്ട് കുറ്റം. നിശ്ചയമായും ഈ ഘടകമാണ് ദൃശ്യത്തെയും പുതിയനിയമത്തെയും ഒരു ത്രില്ലർ നിലയിലേക്ക് കൊണ്ടെത്തിച്ചതും. ഇതര സ്ഥലബന്ധങ്ങളിൽ നിന്നും വിചിത്രമായി കുടുംബത്തിനകത്ത് കുറ്റം പ്രവർത്തിക്കുന്നതെങ്ങനെയാണ്? കുടുംബത്തിനുവേണ്ടിയുള്ള കുറ്റകൃത്യവും അതിന്റെ നീതികരണവുമാണ് ഒരർത്ഥത്തിൽ മൂന്നിലേയും സംഘർഷാനുഭവം. കുറ്റകൃത്യത്തിനുശേഷം അതിന്റെ നിയമാവലികളിൽ നിന്നും രക്ഷപ്പെടുത്തി കുടുംബത്തെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതലയാണ് കുടുംബനാഥന്റേത്.
മൂന്നു സിനിമകളുടെയും പേരുതന്നെ നായകന്റെ/ഗൃഹനാഥന്റെ മുദ്രയുള്ളതാണ്. തന്റെ കുടുംബം ഇല്ലാതാക്കാൻ ശ്രമിച്ച ഒരുവനെ അപ്രത്യക്ഷനാക്കിയ കഥകൾക്ക് നായകൻ സൃഷ്ടിച്ച തന്ത്രവും കെട്ടുകഥയുമാണ് 'ദൃശ്യം'. ലൂയിസിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയവരോട് അയാൾ നടപ്പിലാക്കിയ നീതിയുടെ വേദാന്തമാണ് പുതിയനിയമം. ജേക്കബ്ബിന്റെ സ്വർഗരാജ്യം എന്താണെന്നതിന് വ്യാഖ്യാനത്തിന്റെ ആവശ്യങ്ങളൊന്നുമില്ല. കുടുംബമാണ് ജീവിതത്തിന്റെയും മനുഷ്യന്റെയും സമ്പത്തെന്ന് ഈ ചിത്രങ്ങളിൽ പലപ്പോഴായി ജോർജുകുട്ടിയും ലൂയിസും ജേക്കബ്ബും ആവർത്തിക്കുന്നുണ്ട്.
ആ സമ്പത്ത് നിലനിർത്താനായി പ്രതികൂലാനുഭവങ്ങളെ ഏതറ്റംവരെ പിന്തുടരാനും ഇവർ തയ്യാറാണ്. ആ മനോഭാവമാണ് കുറ്റങ്ങളിൽ ചെന്നവസാനിക്കുന്നത്. ജോർജുകുട്ടിയുടെ വീട്ടിൽ നടന്നത് ഒരു കൊലപാതകമാണെങ്കിൽ ലൂയിസിന്റെ നേതൃത്വത്തിൽ നടക്കുന്നത് മൂന്ന് കൊലകളാണ്. ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ ജീവിതസംഘർഷമാണ് ജേക്കബിന്റെ വീട്ടിലേത്. പാളിപ്പോയ ബിസിനസ് തന്ത്രത്താൽ കോടിക്കണക്കിന് രൂപ പറ്റിക്കപ്പെട്ട് ബിസിനസിൽ തകർന്ന ജേക്കബ് ഇന്റർപോൾ അന്വേഷിക്കുന്ന കുറ്റവാളിയാണ്.[BLURB#3-H]
ജേക്കബ് മറ്റൊരാളാൽ ചതിക്കപ്പെട്ടതാണെങ്കിലും അയാൾ സംരംഭകർക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ട്. അറിഞ്ഞിട്ടില്ലെങ്കിലും അയാൾ ഒരു കുറ്റവാളിതന്നെ. ജേക്കബിന്റെ നാടുവിടലിനുശേഷം ജേക്കബായി വളരുന്ന ജെറി ജേക്കബാണ് ഈ കുറ്റകൃത്യത്തെ തന്ത്രപൂർവ്വം നേരിടുന്നത്. മൂന്ന് സിനിമകളിലും കുടുംബത്തെ രക്ഷിക്കുന്നതിൽ യാതൊരു റോളും പെൺമക്കൾക്കില്ല. ഈ കുറ്റകൃത്യങ്ങളെയെല്ലാം തന്നെ നിയമപരമായിത്തന്നെയാണ് മൂന്നുകുടുംബങ്ങളും നേരിടുന്നത്. പൊലീസ്, ഇന്റർപോൾ, എന്നീ ഭരണകൂടവ്യവസ്ഥകൾക്ക് ജീവിതത്തിന്റെ വിധി വിട്ടുകൊടുക്കാതെ പുരുഷന്റെ സ്വയംഭരണപ്രദേശമായി കുടുംബത്തെ ഇവ നിലനിർത്തുന്നു.ജോർജും ലൂയിസും ജെറിയും അതിസാമർത്ഥ്യവും ചുറുചുറുക്കും ബുദ്ധിയും ഒരേപോലെ പ്രകടിപ്പിച്ചാണ് ഭരണകൂടത്തിന്റെ പരുക്കൻ നിയമങ്ങളെ നേരിടുന്നത്. ജോർജ്ജുകുട്ടിയുടെയും ലൂയിസിന്റെയും അതിബുദ്ധിയാണ് ദൃശ്യത്തിന്റെയും പുതിയ നിയമത്തിന്റേയും ട്വിസ്റ്റ് തന്നെ.
കുടുംബത്തിനു വേണ്ടി കുറ്റവാളിയാകുന്ന പുരുഷനോട് മലയാൽൾക്കുള്ള ആഭിമുഖ്യവും അനുഭാവവുമാണ് ദൃശ്യത്തിന്റെ സ്വീകാര്യതയ്ക്കു പിറകിൽ പ്രവർത്തിച്ചത്. സൂര്യനെല്ലി മുതൽ ഏതു വിഷയമെടുത്താലും ഇരകളോട് ഏതുവിധേനയും ഐക്യപ്പെടുന്ന മനോഭാവമല്ല മലയാളികൾക്കുള്ളത്. പക്ഷേ ഇതിൽ നിന്ന് ഭിന്നമായ ഒരു ഉദാഹരണുണ്ട്. 2006 മെയ് മാസത്തിൽ മഞ്ചേരി ശങ്കരനാരായണൻ, തന്റെ മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്തയാളെ കൊല്ലുകയുണ്ടായി. കേരളത്തിന്റെ സാമൂഹികമനഃസാക്ഷി ഒന്നടങ്കം അന്ന് ശങ്കരനാരായണനെ അനുകൂലിച്ചു. ദൃശ്യത്തിലെ ജോർജുകുട്ടിക്ക് നമ്മുടെ കാഴ്ചശീലങ്ങൾ അനുവദിച്ചു നൽകിയ സ്വീകാര്യതയ്ക്കുപിറകിൽ മഞ്ചേരി ശങ്കരനാരായണനോട് പുലർത്തിയ അനുഭാവത്തിന്റെ തുടർച്ചയുണ്ട്. ഇരയോടെന്നതിനേക്കാൾ ഇരയെ സംരക്ഷിക്കുന്ന പുരുഷനോടുള്ള താല്പര്യവും സ്വീകാര്യതയും.
[BLURB#4-VR] ജേക്കബിന്റെ സ്വർഗരാജ്യത്തിനും കേരളത്തിൽ സമീപകാലത്ത് ഏറെ ചർച്ചച്ചെയ്യപ്പെട്ട ഒരു സംഭവവുമായുള്ള അബോധബന്ധം ശ്രദ്ധേയമാണ്. ആയിരത്തിതൊള്ളായിരത്തി എൺപതുകൾ മുതൽ ഗൾഫിൽ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത അറ്റ്‌ലസ് രാമചന്ദ്രൻ, 1000 കോടി വായ്പയെടുത്ത് രണ്ട് ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് 2015 നവംബർ 11ന് നിയമപരമായി മൂന്നുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങൽായി നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പിന്റെയും ക്രമക്കേടിന്റെയും ഇരകൾ എത്രതന്നെയുണ്ടെങ്കിലും രാമചന്ദ്രന്റെ ജീവിതം മാത്രം ഇവിടെ പരസ്യമായി ചർച്ചചെയ്യപ്പെട്ടു. സോഷ്യൽമീഡിയയിൽ രാമചന്ദ്രനോട് അനുഭാവം മാത്രം പ്രകടിപ്പിച്ച മലയാളി ജീവിതത്തിന്റെ ഉള്ളാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ സാമൂഹ്യാബോധം. ഈ അബോധത്തിനുമേൽ മലയാളിയുടെ കുടുംബസങ്കല്പം കൂടി ചേരുമ്പോൾ സിനിമയുടെ ആഖ്യാനയുക്തി കുറേക്കൂടി യുക്തി ഭദ്രമായിത്തീരുന്നു.
ഏതർത്ഥത്തിലും കുടുംബത്തിനകത്തെ കുറ്റകൃത്യങ്ങൾ സാധൂകരിക്കേണ്ടതാണ് എന്നുതന്നെയാണ് ഈ മൂന്നുസിനിമകളും പറഞ്ഞുവയ്ക്കുന്നത്. കുടുംബം എന്ന സ്ഥാപനത്തിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കുകയില്ല എന്ന് മൂന്ന് സിനിമകളും പ്രഖ്യാപിക്കുന്നുണ്ട്. കേരളീയ പൊതുബോധത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ് സന്തുഷ്ട കുടുംബം. ഈ ആഗ്രഹലോകങ്ങളുടെ ഒത്തമധ്യത്തിലാണ് ഈ സിനിമകളുടെ ആഖ്യാനം നടക്കുന്നത്. പൊതുബോധത്തിന്റെ പരിലാളനകളേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മറ്റുചില ചിന്തകളും ഈ സിനിമകളിൽ ഒരുപോലെ പ്രവർത്തിക്കുന്നുണ്ട്.
[BLURB#5-H]ദൃശ്യത്തിലും പുതിയനിയമത്തിലും ലൈംഗികാക്രമണം നടത്തുന്നത് കഞ്ചാവിനും ലഹരിക്കും അടിപ്പെട്ട ഇരുപത് ഇരുപത്തിയഞ്ച് പ്രായത്തിൽ വരുന്ന കുട്ടികളാണ്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ അമ്മയെക്കുറിച്ച് ലൈംഗികപരാമർശം നടത്തുന്ന സുഹൃത്ത് ഒരു കഞ്ചാവടിക്കാരന്റെ മട്ടുള്ള ഇരുപത്‌വയസ്മാത്രം പ്രായമുള്ള ഒരു കുട്ടിയാണ്. കുടുംബത്തിന് മെരുക്കാനാവാത്ത ന്യൂ ജെൻ കുട്ടികൾ കുടുംബത്തിനും സമൂഹത്തിനും ഭീഷണിയാണെന്ന് തന്നെയാണ് ഈ ചിത്രങ്ങൾ അടിവരയിടുന്നത്. ആഘോഷകരമായ ഉപഭോഗസ്സക്തികൾ, അടഞ്ഞ ലൈംഗികമൂല്യങ്ങൾ, കഠിനമായ സദാചാരതത്വങ്ങൾ, മുഴുവൻ കുറ്റകൃത്യങ്ങളോടുമുള്ള വിട്ടുവീഴ്ചകൾ, ഭക്തിക്കും കാമത്തിനുമിടയിലെ ഊഞ്ഞാലാട്ടങ്ങൾ.... മധ്യവർഗ്ഗ മലയാളിയുടെ സാംസ്‌കാരിക ജീവിതം കുറ്റങ്ങളോടും കുറ്റവാളികളോടും പുലർത്തുന്ന സന്ദിഗ്ധമായ നിലപാടുകളുടെ ജനപ്രിയപാഠങ്ങളാണ് ഈ മൂന്ന് സിനിമകളും.