പുനലൂർ: കരവാളൂർ അടുക്കളമൂല ലക്ഷ്മിവിലാസത്തിൽ ഹോട്ടൽ തൊഴിലാളി ഗിരീഷ്‌കുമാറിനെ (42) കുത്തിക്കൊന്ന കേസിൽ തൊളിക്കോട്ട് തിരുവാതിരവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രേമാനന്ദൻ (43), ഭാര്യ രജനി (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാംപ്രതി പ്രേമാനന്ദനെ കരുനാഗപ്പള്ളിയിൽ നിന്നും രണ്ടാംപ്രതി രജനിയെ വട്ടപ്പടയിലുള്ള മാതാവിന്റെ വീട്ടിൽ നിന്നും ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു കൊലപാതകം. ഗിരീഷ് ജോലി ചെയ്തിരുന്ന ഹോട്ടലിന് സമീപം പ്രേമാനന്ദൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. രജനിയും ഗിരീഷ്‌കുമാറും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി വാടകവീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ രജനിയുമായുള്ള അടുപ്പത്തെ ചൊല്ലി പ്രേമാനന്ദനും ഗിരീഷ് കുമാറും വഴക്കിട്ടു.

തുടർന്ന് നടന്ന പിടിവലിക്കിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് ഗിരീഷ് കുമാറിന്റെ നെഞ്ചിൽ പ്രേമാനന്ദൻ കുത്തി. കുത്തേറ്റ് അബോധാവസ്ഥയിൽ കിടന്ന ഗിരീഷിനെ തിരക്കി ബന്ധുക്കൾ എത്തിയെങ്കിലും രജനി വിവരം മറച്ചുവയ്ക്കുകയും ഭർത്താവ് പ്രേമാനന്ദന് രക്ഷപ്പെടാൻ അവസരം ഒരുക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടുത്തദിവസം രാവിലെ സംഭവമറിഞ്ഞ അയൽവാസികളാണ് പുനലൂർ പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി രജനിയെ സംഭവസ്ഥലത്ത് വച്ച് തന്നെ ചോദ്യം ചെയ്തിരുന്നു.