മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവ് ക്രൂരകൃത്യങ്ങളിലൂടെ ആ മരണം ഇരന്നു വാങ്ങുകയായിരുന്നു. ഉറ്റവർക്ക് ഒടുവിൽ പശ്ചാത്തപവും മാനസാന്തരവും വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഒന്നര വയസുള്ള പെൺകുഞ്ഞിന്റെ രക്ഷിതാക്കൾ ജയിലിലുമായി. കുഞ്ഞിന്റെ മുത്തശ്ശിയും കേസിൽ പ്രതിയായേക്കും എന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ദുരന്തങ്ങൾക്ക് മൂക സാക്ഷിയായി ഒരാൾ മാത്രം. മകൻ നഷ്ടപ്പെട്ട വേദനയും മകളും മരുമകനും ജയിലിലായതിന്റെ വ്യസനവും പറക്കമുറ്റാത്ത പേരക്കുട്ടിയെ ഓർത്തുള്ള ഉത്കണ്ഠയുമായി കഴിയുന്ന വയോധികനായ സുരേന്ദ്രൻ എന്ന ഹൃദ്‌രോഗി. ഇദ്ദേഹം മാത്രമാണ് ആ വീട്ടിൽ നിരപരാധിയായി അവശേഷിക്കുന്നത്.

കരുനാഗപ്പള്ളി കുലശേഖരപുരം വവ്വാക്കാവ് കുറുങ്ങപ്പള്ളിയിൽ സുൽഫി മൻസിലിൽ (ദേവകി സദനം)വാടകയ്ക്ക് താമസിക്കുകയായിരുന്നു സുരേന്ദ്രന്റെ കൊച്ചു കുടംബം. അമ്മയായ പുഷ്പകുമാരിയെയും (60), സഹോദരി ദേവുവിനെയും (28) ഉപദ്രവിക്കുന്നത് ഷൈൻ മോന്റെ(25) ശീലമായിരുന്നു. കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ കൊടും ക്രൂരതയാണ് അമ്മയോടും സഹോദരിയോടും കാട്ടിയിരുന്നത്. ആക്രമണം. ദേവുവിന്റെ ഭർത്താവ് ഓച്ചിറ കുറിപ്പള്ളി കാർത്തികയിൽ രഞ്ജിത്തിന് (29) അതൊന്നും സഹിക്കാനായില്ല. സ്‌നേഹത്തോടെ അളിയനെ ഉപദേശിച്ചെങ്കിലും വിഫലമായി.

ഷൈൻ മോൻ നന്നാവുമെന്ന പ്രതീക്ഷയോടെ ഗൾഫിലയക്കാൻ രഞ്ജിത്ത് അരലക്ഷം രൂപ മുടക്കി. വിസ വന്നപ്പോഴേക്കും അളിയൻ വാക്ക് മാറി. യാത്ര നടന്നില്ലെന്ന് മാത്രമല്ല പണവും നഷ്ടമായി.കാര്യങ്ങൾ ഇനി നേരെയാവില്ലെന്ന് ഉറപ്പായതോടെ രഞ്ജിത്ത് സുഹൃത്ത് ഓച്ചിറ കൊറ്റൻപള്ളി തറയിൽ വീട്ടിൽ കണ്ണൻ എന്ന ഗോപകുമാറിന്(43) ഷൈന്മോനെ ഇല്ലാതാക്കാൻ ക്വട്ടേഷൻ നൽകി. അതിനായി 50000 രൂപ ഓഫർ ചെയ്തു. പറ്റിയ അവസരം കാത്തിരിക്കുകയായിരുന്നു ഗോപകുമാർ.

കർക്കടക വാവ് ദിവസം ഷൈൻ മോൻ വീട്ടിൽ അക്രമാസക്തനായി. പണം നൽകാത്തതിന് അമ്മയെ തല്ലി. സഹോദരിയും മർദ്ദനത്തിന് ഇരയായി. ഒടുവിൽ 1500 രൂപ കൊടുത്ത് സഹോദരി കൊടുംമർദ്ദനത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇനി അമാന്തിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ രഞ്ജിത്തും ഭാര്യയും ഗോപകുമാറിനെ ബന്ധപ്പെട്ട് ഓപ്പറേഷൻ അന്ന് തന്നെ പ്ലാൻ ചെയ്തു. മദ്യപിക്കാനായി ഷൈന്മോനെ ഗോപകുമാർ അന്ന് രാത്രി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.അവിടെ മറ്റാരും ഇല്ലായിരുന്നു. പണം നൽകിയതോടെ മൂന്ന് കുപ്പി മദ്യവും വാങ്ങി ഷൈന്മോൻ ഗോപകുമാറിന്റ വീട്ടിലെത്തി. അമിതമായി മദ്യം കഴിച്ച ഷൈന്മോന്റെ ബോധം നഷ്ടമായി. തുടർന്ന് ഷൈന്മോന്റെ ഉടുമുണ്ട് കൊണ്ടുതന്നെ ഗോപകുമാർ അയാളുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു.

മരണം ഉറപ്പാക്കിയശേഷം രഞ്ജിത്തിനെ വിളിച്ചു. രഞ്ജിത്തിന്റെ മാരുതി കാറിൽ സീറ്റുകൾക്കിടയിലായി മൃതദേഹം തിരുകി വെച്ചു .പുറത്ത് നിന്നും നോക്കിയാൽ ഒരാൾ ഉറങ്ങുന്നതായി മാത്രം തോന്നുന്ന നിലയിലായിരുന്നു മൃതദേഹം വെച്ചത്. രാത്രി 12 മണിയോടെ കാറിൽ ഇരുവരും മൃതദേഹം തള്ളാൻ പറ്റിയ സ്ഥലം നോക്കി ഇറങ്ങി. വാഹന പരിശോധനയ്ക്ക് പൊലീസ് റോഡിൽ കാണുമെന്ന സംശയത്തിൽ കുഴപ്പം ഉണ്ടാകാതിരിക്കാൻ ദേവുവിനെ കാറിന്റെ മുൻ സീറ്റിലിരുത്തി. ഒരു സ്ത്രീ വണ്ടിയിൽ ഉണ്ടെങ്കിൽ ഫാമിലി എന്ന പരിഗണനയിൽ പരിശോധന ഉണ്ടാകില്ലെന്ന ബുദ്ധി ഗോപകുമാറിന്റേതായിരുന്നു. ഒരു കൈക്കുഞ്ഞു കൂടി ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷിതമെന്ന് കരുതി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒന്നര വയസുകാരിയെയും എടുത്തു മടിയിലിരുത്തി. ആദ്യം ശൂരനാട് ഭാഗത്തേക്ക് പോയ കാർ തിരികെ ഹൈവേയിലക്ക് വിട്ടു.രാത്രി പലയിടത്തും കറങ്ങി. പല ജലാശയങ്ങൾക്ക് സമീപം എത്തിയപ്പോഴും അവിടെ ആൾ സാമീപ്യം ഉണ്ടായിരുന്നു. ഒടുവിൽ ഇത്തിക്കരയിലെത്തി. ഓയൂർ റൂട്ടിൽ ചെറിയ പാലത്തിന് സമീപം എത്തിയപ്പോൾ ഒരു വണ്ടി വന്നു. അതോടെ മുന്നോട്ടു നീങ്ങി. ഇനി കൊണ്ടു നടക്കുന്നത് ബുദ്ധിയല്ലെന്ന് കണ്ട് കുറ്റിക്കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു.കഴുത്ത് മുറുക്കാൻ ഉപയോഗിച്ച മുണ്ട് ആറ്റിലേക്ക് എറിഞ്ഞെങ്കിലും പാലത്തിന്റെ കൈവരിയിൽ കുരുങ്ങി അവിടെ തന്നെ കിടന്നു.

രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തുമ്പോൾ മുത്തുമണി പോലുള്ള ഒരു ഫാൻസി മാലയുടെ ഒരു തുണ്ട് സമീപത്തുനിന്ന് കിട്ടി. മൃതദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ മദ്യം വാങ്ങിയ ബില്ലിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു. കുറച്ച് അപ്പുറത്ത് ഒന്നര പവനോളം വരുന്ന ബ്രേസ്‌ലെറ്റും. ഒരു പരിസരവാസി ഒരു മാരുതി കാർ വന്നു പോയതായി പറഞ്ഞു. ഫാൻസി മാലയുടെ കഷ്ണവും ബ്രെയ്‌സ്‌ലെറ്റും ബില്ലിന്റെ ഒരു ഭാഗവും മാത്രമായിരുന്നു പൊലീസിന് ആദ്യം കിട്ടിയ തെളിവുകൾ. അജ്ഞാത മൃതദേഹത്തിന്റെ ഫോട്ടോ പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു.

ആളെ അറിയാമെന്ന് നാട്ടിലെ ജനപ്രതിനിധികൾ ചാത്തന്നൂർ പൊലീസിനെ അറിയിച്ചു. തിരിച്ചറിയാനായി അവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി. രഞ്ജിത്തും അവരോടൊപ്പം ചെന്ന് ആളെ തിരിച്ചറിഞ്ഞു. ഈ സമയം ചാത്തന്നൂർ പൊലീസ് ഷൈൻകുമാറിന്റെ വീട്ടിലെത്തി. അവിടെ പോർച്ചിൽ മാരുതി കാർ കണ്ടു. ഈ കാറായിരിക്കും അവിടെ കണ്ടത് എന്ന് സംശയം തോന്നിയില്ല. എങ്കിലും കാർ വെറുതെ ഒന്നു പരിശോധിച്ചു. മദ്യം വാങ്ങിയ ബില്ലിന്റെ ബാക്കി കാറിനകത്ത് കണ്ടു. മൃതദേഹത്തിന് സമീപത്ത് നിന്നും കിട്ടിയ ഫാൻസി മാലയുടെ ബാക്കി കാറിന്റെ മുന്നിൽ അലങ്കാരത്തിനായി തൂക്കിയിട്ടിരിക്കുന്നു. മൃതദേഹം പുറത്തേക്ക് എടുത്തപ്പോൾ അതിലുടക്കിയതാണ് തറയിൽ വീണു കിടന്നത്.

കാർ ഇന്നലെ പുറത്ത് പോയിരുന്നോ എന്ന ചോദ്യത്തിന് ദേവുവും രഞ്ജിത്തും പുഷ്പകുമാരിയും വ്യതസ്ത മൊഴികളാണ് നൽകിയത്. ക്ഷേത്ര ദർശനത്തിന് പോയ കഥ മൂന്നു പേരും പറഞ്ഞെങ്കിലും സമയത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടായി. ഇതോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങി. സംഭവത്തിന് ശേഷം രഞ്ജിത്ത് ,ദേവു, ഗോപകുമാർ എന്നിവരുടെ മൊബൈൽ ഫോണുകൾ രാവിലെ വരെ ഓഫായി കിടന്നതും സംശയം കൂടാൻ കാരണമായി. രാവിലെ ആറരയ്ക്ക് ഗോപകുമാർ രഞ്ജിത്തിനെ വിളിച്ചതിന്റെ കാരണം പൊലീസ് തിരക്കി. മൃതദേഹം കാറിൽ നിന്നും മാറ്റിയപ്പോൾ അബദ്ധത്തിൽ ഊർന്നു പോയ തന്റെ ബ്രേസ്‌ലെറ്റ് വാഹനത്തിലെങ്ങാനും ഉണ്ടോ എന്നറിയാനായിരുന്നു ആ ഫോൺ കോൾ.

പ്രതികളെ കൊലപാതകം നടന്ന് 48 മണക്കൂറിനകം കണ്ടെത്തിയ അന്വേഷണ സംഘത്തെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എസ്.അജീത ബീഗം അഭിനന്ദിച്ചു. ഇവരെ ഗുഡ് സർവീസ് എൻട്രിക്കും ബാഡ്ജ് ഓഫ് ഓണറിനും ശുപാർശ ചെയ്യുമെന്ന് കമ്മിഷണർ പറഞ്ഞു.

ചാത്തന്നൂർ എ. സി പി ജവഹർ ജനാർദ്ദ്, കൊട്ടിയം സി. ഐ ജി.അജയനാഥ്, ചാത്തന്നൂർ എസ് .ഐ എ നിസാർ, ടീം അംഗങ്ങളായ അശോക് കുമാർ,ഹരിലാൽ, ബിനോയ്,സുനിൽകുമാർ, ഷാജി, സന്തോഷ്, വനിത സി. പി. ഒ സുജ എന്നിവരാണ് അന്വേഷണം നടത്തിയത്. സിറ്റി ഷാഡോ ടീമും കരുനാഗപ്പള്ളി സി.ഐയും ഓച്ചിറ എസ്.ഐയും അന്വേഷണ സംഘത്തെ സഹായിച്ചു.